അന്നം മുട്ടിക്കുന്ന സാങ്കേതിക വീഴ്ച

HIGHLIGHTS
  • റേഷൻവിതരണ പ്രതിസന്ധി കേരളത്തിനു നാണക്കേട്
alappuzha-ration card
SHARE

വികസനത്തിന്റെ രാജപാതയിലൂടെ കുതിക്കുകയാണു കേരളമെന്നാണു നാം പെരുമ കൊള്ളുന്നത്. സാങ്കേതിക മുന്നേറ്റത്തിന്റെ ഗുണഫലങ്ങൾ സംസ്ഥാനത്തെ ജനങ്ങൾക്കു ലഭിക്കുന്നുണ്ടെന്നു സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും, ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷൻ പോലും  ദിവസങ്ങളായി മുടങ്ങുമ്പോൾ അതു നാടിനുതന്നെ നാണക്കേടായി മാറുന്നു. 

റേഷൻ കടകളിലെ ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) സംവിധാനം അഞ്ചു ദിവസമായി തകരാറിലായതു സംസ്ഥാനത്തെ 91,81,378 റേഷൻ കാർഡ് ഉടമകളിൽ ഒട്ടേറെപ്പേരുടെ അന്നം മുട്ടിച്ചിരിക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളുടെ നട്ടെല്ലായ ട്രഷറി ശൃംഖലയിലെ ആറു വർഷമായുള്ള നിരന്തര തകരാറുകൾ  വിവിധ തലങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനോടൊപ്പം റേഷൻ സംവിധാനം പതിവായി പ്രതിസന്ധിയിലാകുന്നതും കേരളത്തിന്റെ ക്ഷമ പരീക്ഷിക്കുന്നു. 

ഇ പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്തി റേഷൻ വിതരണം നടത്താൻ ഒരു തരത്തിലും കഴിയാതെവന്നതോടെ, വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം  ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം റേഷൻ കടകൾ അടച്ചിടുകയുണ്ടായി. മുൻഗണനേതര കാർഡ് ഉടമകൾക്കു കൂടുതൽ അരിയും എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും അധികമായി മണ്ണെണ്ണയും നൽകുന്നതിനാൽ ഈ മാസം കടകളിൽ തിരക്കു കൂടുതലാണ്. ഇപ്പോഴുണ്ടായ സെർവർ പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി, വരുന്ന ചൊവ്വാഴ്ചവരെ വിവിധ ജില്ലകളിൽ റേഷൻവിതരണത്തിനു പുതിയ സമയക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ദിവസം നാലു ലക്ഷത്തിലേറെപ്പേർ വരെ റേഷൻ വാങ്ങുന്ന ഇ പോസ് സംവിധാനത്തിലാണു തകരാറുണ്ടായത്.  

നാലു വർഷം മുൻപാണ് സംസ്ഥാനത്തെ റേഷൻ കടകളിൽ ഇ പോസ് യന്ത്രങ്ങൾ സ്ഥാപിച്ചത്. വിരലടയാളം പതിപ്പിച്ച്, ഗുണഭോക്താവിനെ തിരിച്ചറിഞ്ഞുമാത്രം വിതരണം നടത്തുന്നതാണ് ഈ സംവിധാനം. കോവിഡ് കാലത്ത് ഇ പോസ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ദൈനംദിന ഇടപാടുകൾ കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലും സെപ്റ്റംബറിലും പല തവണ തകരാറുണ്ടായെങ്കിലും ഇത്രയും ദിവസം തുടർച്ചയായി റേഷൻ വിതരണം മുടങ്ങുന്നത് ആദ്യമാണ്. 

കാർഡ് ഉടമകളുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന, കഴക്കൂട്ടം ടെക്നോപാർക്കിലെ ഡേറ്റ സെന്ററിലാണു തകരാർ. റേഷൻ കാർഡ് ഉടമ വിരൽ പതിക്കുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തായി സ്ഥിതി ചെയ്യുന്ന സെർവറുകൾ വഴിയാണ് ഉപയോക്താവിനെ തിരിച്ചറിയുന്നത്. മിക്ക സംസ്ഥാനങ്ങളുടെയും റേഷൻ സംവിധാനം പരിപാലിക്കുന്ന ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) സെർവറും ഇതിനുപുറമേ പ്രവർത്തിക്കുന്നു. എൻഐസി കൺട്രോൾ റൂം 2021 നവംബർ പതിനഞ്ചോടെ തിരുവനന്തപുരത്ത് പ്രവർത്തനസജ്ജമാകുമെന്നും ഇ പോസ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് എന്തു തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടാലും അതോടെ ഉടൻ പരിഹാരമുണ്ടാകുമെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ നൽകിയ ഉറപ്പ് എവിടെയോ മാഞ്ഞുപോയി.

ട്രഷറി ഓൺലൈൻ ശൃംഖലയിൽ തുടരുന്ന തകരാർ കേരളത്തിന്റെ ശാപമാണെന്നു പറയാം. ട്രഷറിയെ ആശ്രയിച്ച് ഇടപാടു നടത്തുന്ന എല്ലാ വകുപ്പുകളും ഇതുമൂലം പ്രതിസന്ധിയിലാണ്. ട്രഷറിയിലെ ഇപ്പോഴത്തെ സോഫ്റ്റ്‌വെയർ, ഡേറ്റ ബേസ് തകരാറുകൾ പരിഹരിച്ചെന്നാണു ധനവകുപ്പ് പറയുന്നതെങ്കിലും റജിസ്ട്രേഷൻ, റവന്യു, മോട്ടർ വാഹന വകുപ്പുകളുടെ പല ഓൺലൈൻ ഇടപാടുകളും മുടങ്ങുന്നതായി പരാതിയുണ്ട്. ഡേറ്റ ബേസ് അടിക്കടി പുനഃക്രമീകരിക്കാത്തതും പഴഞ്ചൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുമാണ് പ്രധാന പ്രശ്നമെന്നു പറയുന്നു. 

റേഷനും ശമ്പളം– പെൻഷൻ വിതരണവുമടക്കമുള്ള അടിസ്ഥാന കാര്യങ്ങൾ നിരന്തരം സ്തംഭിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. സാങ്കേതികത്തകരാർ മൂലം  ജനജീവിതത്തിന്റെ  താളം തെറ്റുന്ന അവസ്ഥ പുതിയ കാലത്തെ അഭിമുഖീകരിക്കുന്ന സർക്കാരിനു വലിയ കളങ്കം തന്നെയാവുന്നു.

English Summary: Ration distribution Kerala disrupted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA