ADVERTISEMENT

ഇക്കഴിഞ്ഞ ഒരാഴ്ചക്കാലത്ത് നമ്മുടെ സർവകലാശാലകളുടെ പരിസരത്തുകൂടി പോകാനിടയായവർ ചില ശബ്ദങ്ങൾ കേട്ടിട്ടുണ്ടാവും.

കരച്ചിൽ.

പല്ലുകടി. 

നിലവിളി.

അലറിക്കരയൽ.

ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്ന യന്ത്രങ്ങൾ രാപകൽ പ്രവർത്തിക്കുന്നതിന്റെ ശബ്ദമാണെന്നു ചിലർ കരുതി. വലിയൊരു ഞെട്ടലിൽ സർവകലാശാലാ പരിസരങ്ങൾ വിറകൊള്ളുന്നതു മറ്റുചിലർ തിരിച്ചറിഞ്ഞു. സർവകലാശാലാ കേന്ദ്രങ്ങളിൽ നേരിയതോതിൽ ഭൂചലനമുണ്ടായി എന്നാണു ദിനപത്രങ്ങളുടെ പ്രാദേശിക പേജിൽ വാർത്ത വന്നത്. 

മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച പൊട്ടിച്ച ബോംബിന്റെ തുടർചലനങ്ങളാണിതെല്ലാമെന്നു ഗവേഷകർപോലും മനസ്സിലാക്കിവരുന്നതേയുള്ളൂ. ക്രമക്കേടുകൾ നടത്തി മദ്രാസ് സർവകലാശാലയ്ക്കു കളങ്കം ചാർത്തുന്ന ഉദ്യോഗസ്ഥർക്കു വധശിക്ഷ നൽകണമെന്നാണു കോടതി പറഞ്ഞുകളഞ്ഞത്. 

മദ്രാസ് ഹൈക്കോടതിയുടെ ‘വധശിക്ഷ’ തമിഴ്നാടിന്റെ അതിർത്തികടന്നു കേരളത്തിലേക്കു വന്നാൽ എന്തുചെയ്യും എന്നത് ഇപ്പോൾ വെറുമൊരു അക്കാദമിക ചർച്ചയല്ല. അയലത്തെ ഹൈക്കോടതിയുടെ വാക്കുകൾ കേരളത്തിലെ സർവകലാശാലാ നിയമനങ്ങൾക്കും ക്രമക്കേടുകൾക്കും ബാധകമാകുമോ എന്നു നമ്മുടെ നിയമോപദേഷ്ടാക്കൾ പരിശോധന തുടങ്ങിയിട്ടുണ്ടെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം.

മദ്രാസ് ഹൈക്കോടതി പറഞ്ഞതിൽ കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞ് കേരള ഹൈക്കോടതിയും അതേ പാത സ്വീകരിച്ചുകളയുമോ എന്നു ഭയമുള്ളവർ ഒരാഴ്ചയായി ഉറങ്ങിയിട്ടില്ല. 

ഒരു കാലത്ത് മദ്രാസ് സർവകലാശാലയിൽനിന്നാണു ബിരുദമെന്നു പറഞ്ഞാൽ അതൊരു അന്തസ്സുറ്റ മേൽവിലാസമായിരുന്നുവെന്നും സർവകലാശാലയ്ക്ക് ഇപ്പോൾ ആ യശസ്സും മൂല്യവുമുണ്ടോ എന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 

മദ്രാസ് സർവകലാശാല സ്ഥാപിച്ചത് 1857ൽ ആണ്; 165 വർഷം മുൻപ്. അപ്പുക്കുട്ടൻ കേരള സർവകലാശാലയുടെ ചരിത്രമെടുത്തുനോക്കി. തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യം പേര്. തുടക്കം 1937.

പിന്നെപ്പിന്നെ കേരളത്തിൽമാത്രം സർവകലാശാലകൾ പലതുണ്ടായി. പഴക്കം കുറഞ്ഞ സർവകലാശാലകളിലെ ക്രമക്കേടുകൾക്കു വധശിക്ഷ ഒഴിവാകുമോ, ജീവപര്യന്തത്തിലോ അതിനെക്കാൾ കുറഞ്ഞ ശിക്ഷയിലോ നിൽക്കുമോ, എന്നൊക്കെയുള്ള പരിശോധനകൾ രഹസ്യമായി നടക്കുകയാണിപ്പോൾ. 

  ചാൻസലർ എന്ന തലപോലും സ്വന്തമായില്ലാത്ത നമ്മുടെ സർവകലാശാലകൾക്കു കോടതിയുത്തരവുകളും നിർദേശങ്ങളും ബാധകമാവില്ല എന്നാണ് ഒരു സർവകലാശാലയ്ക്കു നിയമോപദേശം ലഭിച്ചിരിക്കുന്നതത്രെ. ഈ തലയില്ലായ്മ വരുത്തിവച്ചവർക്കായി സർവകലാശാലാ സിൻഡിക്കറ്റ് ചേർന്നു നന്ദിപ്രമേയം പാസ്സാക്കുന്നത് ഉചിതമായിരിക്കുമെന്നും നിയമോപദേശത്തിലുണ്ട്. 

ഒടുവിൽ കിട്ടിയത്: കാര്യങ്ങൾ വധശിക്ഷയിലേക്കു നീങ്ങുന്ന ഘട്ടം വന്നാൽ ആരാച്ചാർമാരുടെ ഒരുപാടു തസ്തികകൾ ഒഴിവുവരുമെന്നതിനാൽ അതിനുള്ള രാഷ്ട്രീയ ചരടുവലികൾ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com