നിയമലംഘനത്തിന്റെ തിരുവാതിരക്കളി

HIGHLIGHTS
  • കോവിഡ് നിയന്ത്രണശ്രമങ്ങളെ കൊഞ്ഞനം കുത്തുന്നു
trivandrum-mega-thiruvathira
SHARE

നമ്മുടെ ജാഗ്രതാനില പരമാവധി ഉയർത്തണമെന്ന മുന്നറിയിപ്പുനൽകി കോവിഡ് വ്യാപനം കേരളത്തിലും കൈവിട്ടുയരുകയാണ്. തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ ഭീഷണിയും കടുത്തുവരുന്നു.  കോവിഡ് ക്ലസ്റ്ററുകൾ കൂടിവരുന്നതു സംസ്ഥാനത്തെ വീണ്ടും അപായമുനമ്പിലെത്തിച്ചിരിക്കുകയാണ്. വ്യക്തിപരവും സാമൂഹികവുമായ ജാഗ്രത കൊണ്ടാണു നാം ഈ സങ്കീർണ സാഹചര്യത്തെ നേരിടേണ്ടതെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. എന്നാൽ, നിയമലംഘനങ്ങൾ തിരുവാതിര കളിക്കുമ്പോൾ ജനങ്ങൾക്കൊരു നിയമവും പാർട്ടിക്കു വേറൊന്നും എന്ന മട്ടിലാണു കാര്യങ്ങളുടെ പോക്ക്.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളി ഇതിനകം വിവിധ തലങ്ങളിൽ കടുത്ത വിമർശനത്തിനു കാരണമായിക്കഴിഞ്ഞു. ആവേശപൂർവം നടത്തിയ തിരുവാതിരക്കളിയിലൂടെ കോവിഡ് ജാഗ്രതാനിയന്ത്രണങ്ങളെ സിപിഎം തൃണവൽഗണിച്ചുവെന്നു മാത്രമല്ല, മികച്ച പൗരബോധത്തോടെയും സാമൂഹിക ബോധത്തോടെയും നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ജനങ്ങളെ അവഹേളിക്കുകകൂടി ചെയ്തിരിക്കുകയാണ്. 

സംസ്ഥാനത്ത് കോവിഡ് വേഗത്തിൽ പടരുന്ന പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, അവിടെ തിരുവാതിര കളിച്ചത് 502 വനിതകളാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാഹം, സംസ്കാരം പോലുള്ള ചടങ്ങുകളിൽ 50 പേരും രാഷ്ട്രീയ സമ്മേളനങ്ങളിൽ 150 പേരും മാത്രമേ പരമാവധി പങ്കെടുക്കാവൂ എന്നാണു വ്യവസ്ഥ. ഈ വ്യവസ്ഥയാണു നാടറിയുംവിധം ആഘോഷത്തോടെ തലസ്ഥാന ജില്ലയിൽ ലംഘിക്കപ്പെട്ടത്. മെഗാ തിരുവാതിരയുടെ പശ്ചാത്തലത്തിൽ 550 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ, അതിൽ തീരുന്നതല്ല ഈ കടുത്ത ലംഘനത്തിന്റെ വ്യാപ്തി. കാരണം, പാർട്ടിയിലെ പല മുൻനിര നേതാക്കളുടെയും സാന്നിധ്യത്തിലും പൊലീസ് അടക്കമുള്ള സർക്കാർസംവിധാനങ്ങളുടെ അകമഴിഞ്ഞ പിന്തുണയിലുമാണ് ആ തിരുവാതിര കളിയാടിയത്. 

ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുമായി അവിടെനിന്നു കണ്ണൂർ തളിപ്പറമ്പിലേക്കുള്ള വിലാപയാത്ര നടക്കുമ്പോഴുള്ള ഈ തിരുവാതിര അനുചിതമായെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാർട്ടിയിലുള്ളവർ തന്നെ പരസ്യമായി വിമർശിക്കുന്നുണ്ട്. അതേസമയം, അതിലുണ്ടായ ‘മെഗാ’ കോവിഡ് നിയന്ത്രണ ലംഘനം പലരും കാണാതെപോകുന്നു. തന്നെയുമല്ല, അകലം ഉറപ്പാക്കി, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആ തിരുവാതിര എന്നു ന്യായീകരിക്കാനും ചിലർ മടിക്കുന്നില്ല. 

അതിതീവ്രമായി കോവിഡ് വ്യാപിക്കുന്ന തിരുവനന്തപുരം ജില്ലയിൽ, നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി, ഇങ്ങനെയൊരു വലിയ പരിപാടി സംഘടിപ്പിച്ചവരുടെ സാമൂഹികബോധമാണിപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. പാർട്ടി പരിപാടിയെന്നു കേട്ടാൽ വൈറസ് പേടിച്ചുപോകുമെന്ന് അവർ വിചാരിച്ചോ? അതോ, സാധാരണ ജനങ്ങൾക്കില്ലാത്ത പ്രത്യേകതരം രോഗപ്രതിരോധം പാർട്ടിക്കാർക്ക് ഉണ്ടെന്നാണോ ? 

കല്യാണ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ്. രാഷ്ട്രീയ പരിപാടികളടക്കം അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണമെന്നു നിർദേശിച്ചിട്ടുമുണ്ട്. നേരിട്ടു നടത്തുമ്പോൾ അകലം ഉറപ്പാക്കണമെന്നും പൊതുയോഗം പരമാവധി ഒഴിവാക്കണമെന്നുമാണു നിബന്ധന. എന്നാൽ, ജില്ലാ സമ്മേളനങ്ങളൊന്നും ഓൺലൈനായി നടത്താൻ സിപിഎം തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്കു മാത്രം കൂടുതൽപേരെ പങ്കെടുപ്പിക്കാൻ ഇളവു നൽകിയതു സിപിഎം സമ്മേളനങ്ങൾ നടക്കുന്നതിനാലാണെന്നും വിമർശനമുയർന്നുകഴിഞ്ഞു.

സംസ്ഥാന ആരോഗ്യവകുപ്പ് ദൈനംദിനം പുറത്തിറക്കിക്കൊണ്ടിരിക്കുന്ന കോവിഡ് ജാഗ്രതാ മുന്നറിയിപ്പുകൾക്കു പുല്ലുവില കൽപിച്ചുള്ള ഈ നടപടികൾ ആരോഗ്യകേരളത്തെയും സാംസ്കാരിക കേരളത്തെയും ലജ്ജിപ്പിക്കുകയാണ്.

English Summary: Covid protocols and CPM Thiruvathira 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS