കോവിഡിനോട് പൊരുതാൻ വേണം പ്രാദേശിക തന്ത്രം

omicron
SHARE

കോവിഡ് പ്രതിരോധത്തിൽ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോൾ ഇന്ത്യ; ഒമിക്രോൺ വകഭേദം കടുക്കാനുള്ളസാധ്യതയും കുറവ്. പക്ഷേ, ഓരോയിടത്തും വ്യാപനരീതി വ്യത്യ‌സ്തമായതിനാൽ പ്രാദേശിക സാഹചര്യങ്ങളിൽ ഊന്നി, ഘട്ടംഘട്ടമായുള്ള തീരുമാനങ്ങളാണു വേണ്ടത്

കോവിഡ് മഹാമാരി ഭീഷണിയായതിൽ‍പ്പിന്നെ ഇന്ത്യ ഏറ്റവും മികച്ച തയാറെടുപ്പോടെ കോവിഡിനെ നേരിടുന്ന ഘട്ടമാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽപേരുടെ ജീവനെടുത്ത രണ്ടാം കോവിഡ് തരംഗത്തിൽ സ്ഥിതി അതായിരുന്നില്ല. കോവിഡ് ചികിത്സാരംഗത്ത് നാം ഏറെ മുന്നേറിക്കഴിഞ്ഞു. ഓക്സിജൻ ഉൾപ്പെടെ അവശ്യവസ്തുക്കൾ ഇക്കുറി പര്യാപ്തമായ അളവിൽ ലഭിക്കുമെന്നു കരുതപ്പെടുന്നു. വാക്സീൻ കുത്തിവയ്പും മെച്ചപ്പെട്ട നിലയിൽ മുന്നോട്ടുപോകുന്നു. ഇതിനെല്ലാം പുറമേ, ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ്ബാധ കടുക്കാനുള്ള സാധ്യതയും വളരെ കുറവാണ്. 

നിലവിലെ ‘ലക്ഷണം’

ഒരു കാര്യം വ്യക്തം. പെട്ടെന്നുണ്ടായ ഈ കോവിഡ് വ്യാപനം രാജ്യത്തെല്ലായിടത്തും ഒരുപോലെയല്ല. ഒരു സംസ്ഥാനമെടുത്താൽ അവിടെപ്പോലും ഒരുപോലെയല്ല വൈറസ് വ്യാപനത്തിന്റെ രീതി. മാസ്ക്, സാമൂഹിക അകലം, ശുചിത്വം എന്നീ കോവിഡ് ജാഗ്രതാതത്വങ്ങൾ പല നഗരങ്ങളിലും ഏറിയും കുറ‍ഞ്ഞുമായിരുന്നുവെന്നതിനെ ഇതിനോടു ചേർത്തുവായിക്കണം. ശരിയാണ്, ഒമിക്രോൺ തന്നെയാണ് ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനു വഴിവച്ച പ്രധാന കാരണം. അതിന്റെ വ്യാപനം അതിവേഗത്തിലാണ്. മുൻ തരംഗങ്ങളിലേതിനെക്കാൾ പല മടങ്ങ് വൈറസ് ബാധിതർ ഉണ്ടാകുമ്പോൾ ആനുപാതികമായി ആശുപത്രി ചികിത്സ, ഓക്സിജൻ, തീവ്രപരിചരണം എന്നിവ ആവശ്യമായവരുടെ എണ്ണവും കൂടുന്ന സ്ഥിതിയുണ്ടാകാം. തൽക്കാലം അതില്ല. 

covid

പ്രവചനം സാധ്യമല്ല

വൈറസ് വ്യാപനം എപ്പോൾ ശക്തമാകുമെന്ന കാര്യത്തിൽ കൃത്യതയാർന്ന പ്രവചനം സാധ്യമാണെന്നു കരുതുന്നില്ല. വിശേഷിച്ചും, വാക്സീൻ പ്രതിരോധ കുത്തിവയ്പ് ഓരോയിടത്തും ഏറിയും കുറഞ്ഞുമിരിക്കുമ്പോൾ. വാക്സിനേഷൻ തന്നെയായിരിക്കും ഈ കോവിഡ് വ്യാപനത്തിന്റെ തീവ്രതയും സാമൂഹിക വ്യാപന സാധ്യതയും ഉൾപ്പെടെ തീരുമാനിക്കുക. ദക്ഷിണാഫ്രിക്കയുടെ അനുഭവംവച്ചു നോക്കിയാൽ, ഏതാനും ആഴ്ചകൾകൂടി വൈറസ് വ്യാപനം ശക്തമായി നിലനിൽക്കാനാണു സാധ്യത.

മറക്കരുത് പ്രതിരോധം

വൈറസ് വ്യാപനം പരമാവധി ഒഴിവാക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തിൽ ചെയ്യാവുന്നത്. ദൗർഭാഗ്യവശാൽ അതിനുള്ള പരിഹാരക്രിയകൾക്കു നമ്മുടെ നാട്ടിൽ പരിമിതിയുണ്ട്. സാമൂഹിക അകലവും മാസ്ക് ഉപയോഗവും പങ്കാളിത്ത സ്വഭാവത്തോടെ ഒരു സംസ്കാരമായി നമുക്കിടയിൽ മാറിയില്ലെന്നതാണ് അടിസ്ഥാന കാരണം. ഉയർന്ന ഫലപ്രാപ്തി നൽകുന്ന മാസ്ക്കിന്റെ ഉപയോഗം വ്യാപകമാക്കാനുള്ള ശ്രമം ഇപ്പോഴും ഉണ്ടായിട്ടില്ല. പുനരുപയോഗിക്കാൻ കഴിയുന്ന ഇത്തരം മാസ്ക് ലഭ്യമാക്കിയാൽ അത് ഉപയോഗിക്കുന്നത് ആളുകൾ ശീലമാക്കും. ചെലവു കൊണ്ടും അസൗകര്യം കൊണ്ടും മാസ്ക് ഒരു ബാധ്യതയാണെന്നു തോന്നുന്നിടത്താണു പ്രശ്നം. ഏതു വൈറസ് വകഭേദത്തിനെതിരെയും മാസ്ക് അടിസ്ഥാന ആയുധമാണ്.

sathyajith
ഡോ. സത്യജിത് റാഥ്

ഇന്ത്യ പര്യാപ്തമോ?

ആവശ്യമുള്ളതിനെക്കാൾ കുറഞ്ഞ തോതിലാണ് ഇന്ത്യയിൽ ജനിതക ശ്രേണീകരണം നടക്കുന്നത്. ഒമിക്രോണിന്റെ കാര്യത്തിൽ മാത്രമല്ല ഇത്. ഒമിക്രോൺ സാന്നിധ്യം ഇന്ത്യയിൽ വലിയ തോതിൽ കണ്ടെത്തിയിട്ടും നഗരകേന്ദ്രീകൃതമായി കേസുകൾ ഉയർന്നിട്ടും ജനിതക ശ്രേണീകരണം വേണ്ടതോതിലില്ല. 

ഒമിക്രോൺ വഴി സ്ഥിരീകരിച്ച കോവിഡ് കേസുകൾ എത്ര എന്ന കാര്യം ഇനിയും പറയുന്നതിൽ അർഥമുണ്ടെന്നു തോന്നുന്നില്ല. കാരണം,  ഒമിക്രോൺ വഴിയുള്ള കോവിഡ് വ്യാപനത്തിനാണു നാം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നു ജനിതക ശ്രേണീകരണ സംവിധാനങ്ങളുടെ പിന്തുണയില്ലാതെ തന്നെ വ്യക്തമായതാണ്.  അപ്പോഴും, വലിയൊരു ശതമാനം ആളുകളിൽ വ്യാപിക്കുന്നതിനിടെ വൈറസിനു സംഭവിക്കാവുന്ന ചടുലമാറ്റങ്ങൾ പരിഗണിച്ച്  ജനിതക ശ്രേണീകരണം വർധിപ്പിക്കേണ്ടതും പ്രധാനമാണ്. ഇക്കാര്യത്തിൽ ഇതുവരെയും നാം പിന്നിൽത്തന്നെയാണ്. വരുംദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നും കരുതാൻ വയ്യ.

കേരളമെങ്ങനെ ?

കോവിഡ് സ്ഥിതിയെക്കുറിച്ചു പറയുമ്പോൾ എത്ര പരിശോധന നടത്തി, രോഗികളെത്ര, ആശുപത്രിയിലെത്ര പേരുണ്ട്, മരണം എത്ര തുടങ്ങിയ കാര്യങ്ങളാണ് ആദ്യം പറയുക. ഓരോ സംസ്ഥാനത്തും ഈ കണക്കുകളിൽ വലിയ വ്യത്യാസമുണ്ടാകും. ഇതു വച്ചുള്ള താരതമ്യത്തിനു പ്രസക്തി കുറവാണ്. ഇതുവരെയുള്ള സ്ഥിതി പരിഗണിച്ചാൽ തുടർച്ചയായ കോവിഡ് തരംഗങ്ങളെ കേരളം താരതമ്യേന മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തു. തുടർന്നും അങ്ങനെ തന്നെയാകുമെന്നു  കരുതാം.

covid-mask

ലോക്ഡൗൺ വേണോ?

രാജ്യത്തെ മൊത്തമായിക്കണ്ടുള്ള നയപരിപാടികളും പ്രതികരണങ്ങളും കോവിഡ് പോലൊരു മഹാമാരിയുടെ കാര്യത്തിൽ ഗുണം ചെയ്യില്ല. വിശേഷിച്ചും പൊതുജനാരോഗ്യപ്രശ്നങ്ങൾ ക്രമസമാധാന പ്രശ്നങ്ങളായി മാറാൻ ഇടയുള്ള തരം പ്രതിരോധ പരിപാടികളുടെ കാര്യത്തിൽ. അവ താഴേത്തട്ടിലുള്ളവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും കാര്യം കൂടുതൽ ക്ലേശകരമാക്കും. പല സംസ്ഥാനങ്ങളും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമാണു മുന്നിലുള്ളതെന്നു നമ്മെ ബോധ്യപ്പെടുത്താൻ മാത്രമേ ഈ രാത്രി കർഫ്യൂ സഹായിക്കൂ. ഒരു പ്രതീകാത്മക പ്രതിരോധം മാത്രമാണത്. ആളെണ്ണം പകുതിയായി കുറയ്ക്കുന്ന നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളിലുമുണ്ട്. ആൾക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്ന ശ്രമവും ഭാഗികഫലമാണു നൽകുക. കഴിഞ്ഞ രണ്ടു വർഷത്തെ പാഠങ്ങൾ ഒരുപരിധിവരെ ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുമ്പോൾ പ്രാദേശിക സാഹചര്യങ്ങളിലൂന്നി, ഘട്ടം ഘട്ടമായുള്ള തീരുമാനങ്ങളാണ് വേണ്ടത്.

(പ്രമുഖ ഇമ്യൂണോളജിസ്റ്റും പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഓണററി പ്രഫസറുമാണ് ലേഖകൻ)

English Summary: Covid third wave and local restrictions 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS