ADVERTISEMENT

ഭാവന ചെയ്യാനാവാത്ത ഭാവികാലത്തിനുവേണ്ടി അതിവേഗ തീവണ്ടിയോടിക്കാൻ ഒരുങ്ങുന്ന സർക്കാരും സാമ്പത്തികപ്രതിസന്ധി മൂലം ജീവനൊടുക്കുന്നതിനു മുൻപ് ഭാര്യയെയും മകനെയും കൊന്ന ഗൃഹനാഥനും ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരിൽ വിദ്യാർഥിയെ കൊലപ്പെടുത്തിയ ആളും  ചെയ്യുന്നത് ഒരേ ഹിംസ

ഈയിടെ കണ്ട ‘കോന്തല’ എന്ന ലഘുചലച്ചിത്രത്തിൽ വീട്ടാനുള്ള കടമോർത്ത് മരണപ്പായയിൽനിന്ന് എണീറ്റിരിക്കുന്ന ഒരു മലയാളിയുണ്ട്. ജീവിച്ചിരുന്നപ്പോൾ താനായി തനിക്കായി ഒരു നയാപൈസ കടം വാങ്ങിയ ആളല്ല. വ്യക്തിപരമായി താനുത്തരവാദിയല്ലെങ്കിലും ഒരു വലിയ തുക - കെ റെയിലിനു മുൻപായിരുന്നതിനാൽ അത്ര വലിയ തുകയല്ല- കടമാക്കി അഭിമാനിയായ താനെങ്ങനെ മരണാനന്തരം സ്വസ്ഥമായി ജീവിക്കും എന്നതാണയാളെ അലട്ടുന്നത്. തനിക്കുത്തരവാദിത്തമില്ലാത്ത, ഉതകിയിട്ടില്ലാത്ത, ആരോ എന്തിനോവേണ്ടി, പലപ്പോഴും തനിക്കെതിരായിപ്പോലും ചെലവിട്ട ഒരു വലിയ കടം വീട്ടാൻ ഓരോ മലയാളിയും നിയുക്തമായ ഒരവസ്ഥയെയാണ് ഈ ചലച്ചിത്രം ആവിഷ്കരിക്കുന്നത്. നന്നായി ചിത്രീകരിച്ചിരുന്നെങ്കിൽ, അലസനിദ്രയിലായ ഓരോ മലയാളിയെയും ഞെട്ടിച്ചുണർത്തുമായിരുന്നു ഈ ചലച്ചിത്രം.

കാസർകോട്ടുകാരനായ ഒരു പരാതിക്കാരനു തിരുവനന്തപുരത്തെ മേലധികാരിയെ നേരിൽ കാണാൻ മാത്രമല്ല, കേൾക്കാനും പറയാനും പരിഹാരം ചെയ്യാൻ ആവശ്യമായ സമ്മർദങ്ങൾ ചെലുത്താനും വീടുവിട്ടിറങ്ങാതെ കഴിയുന്ന ഒരു കാലത്ത്– അതിനായി കെ ഫോണും തയാറെടുത്തു കൊണ്ടിരിക്കുമ്പോൾ– എന്തിനാണ് ഒരതിവേഗവണ്ടി ? പണ്ടായിരുന്നെങ്കിൽ ഒരതിവേഗ പരാതിവണ്ടി ഒരാവശ്യമായിരുന്നു. അതുകൊണ്ടു സാധിക്കാവുന്നതൊക്കെ അതുകൂടാതെ സാധിക്കുന്ന ഒരു ലോകത്ത്, നിരർഥകമായി ഒരവികസിത കാലത്തിന്റെ സ്വപ്നമായിരുന്ന ഒരു തീവണ്ടി ആളില്ലാതെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്നതായി സങ്കൽപിച്ചു നോക്കൂ. മൈക്കേൽ ഫുക്കോ കാട്ടിത്തന്ന, ഭ്രാന്തന്മാരെയുംകൊണ്ടു കരയിലടുക്കാതെ കടലിൽത്തന്നെ ചുറ്റിത്തിരിയുന്ന കപ്പലിന്റെ പുനരവതാരമാവും അത്. 

സാമൂഹികചിന്തകനായ ദാമോദർ പ്രസാദ് പറയുമ്പോലെ, അതിസാവകാശത്തിൽ സഞ്ചരിക്കുന്ന, അധികസൗകര്യങ്ങളുള്ള, വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചുള്ള തീവണ്ടികൾക്കേ ഒരുപക്ഷേ അന്നു പ്രസക്തിയുണ്ടാവൂ. വർത്തമാനകാലത്തിരുന്നല്ല, വിദൂരഭൂതകാലത്തിരുന്നാണ് നാമീ ഒരു കരയിലുമടുക്കാത്ത കെ റെയിൽ സങ്കൽപിക്കുന്നത്.

poet-kalpetta-narayanan-malayalam-profile-image
കൽപറ്റ നാരായണൻ

വീണ്ടും ഒരു കുടുംബനാഥൻ ഭാര്യയെയും മകനെയും കൊന്നശേഷം തന്നെയും കൊന്നിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണു കാരണമെന്നു പത്രം പറയുന്നു, ആവാം. തന്റെ കുഞ്ഞിന്റെയും ഭാര്യയുടെയും ഉടമ താനാണെന്നും താൻ കൊല്ലുമ്പോൾ നേരിട്ടതിനെക്കാൾ ഭീകരമായ അവസ്ഥയെയായിരിക്കും തന്റെ അഭാവത്തിൽ ഭാവിയിൽ അവർ അഭിമുഖീകരിക്കേണ്ടിവരികയെന്നും കരുതാൻ അയാൾക്ക് എന്തു ന്യായമാണുള്ളത്?. അതോ തനിക്കുവേണ്ടാത്ത ജീവിതം അവർക്കും വേണ്ട എന്നു വിചാരിച്ചോ? കുഞ്ഞിനെയും ഭാര്യയെയും വിശ്വസിച്ചേൽപിക്കാവുന്ന ഒരു സമൂഹം കേരളത്തിൽ ഇല്ലെന്നയാൾ അനുമാനിച്ചുവോ? അയാളില്ലാതാക്കിയത് എന്തെല്ലാമാണെന്ന് അയാളറിഞ്ഞുവോ? വരുംകാലത്തെ കഴുത്തറുത്ത് ഇല്ലായ്മ ചെയ്യാനുള്ള അധികാരം ആരയാൾക്കു നൽകി. 

നമുക്കേതുമധികാരമില്ലാത്ത, ഭാവന ചെയ്യാനാവാത്ത ഭാവികാലത്തിന്റെ സാധ്യതകളെ  കണക്കിലെടുക്കാത്ത പദ്ധതികളിലൂടെ ഭരണകൂടം ചെയ്യുന്നതും ഹിംസ തന്നെയല്ലേ?

ഈ മുഖം ചേരില്ല

കോൺഗ്രസിന്റെ പുതിയമുഖം ഇതാണെങ്കിൽ എത്രയും പെട്ടെന്ന് അതഴിച്ചുവയ്ക്കുന്നതാണ് അവർക്കു നല്ലത്. സുഭാഷ് ചന്ദ്രബോസിന്റെയോ ഭഗത് സിങ്ങിന്റെയോ തോക്കെടുത്ത രക്തസാക്ഷിത്വമല്ല, ഗാന്ധിയുടെ തോക്കെടുക്കാത്ത രക്തസാക്ഷിത്വമാണു കോൺഗ്രസിന്റെ പാരമ്പര്യം. 

എതിരാളികൾക്ക് ആയുധമെടുക്കാതെ കടന്നുചെല്ലാനാവാത്ത അവസ്ഥ ഏതെങ്കിലും ക്യാംപസിലുണ്ടെങ്കിൽ ആയുധത്തിനതീതമായ വഴി സ്വീകരിക്കുകയാണവിടെ ഉചിതം. നിരന്തരമായി അടിച്ചമർത്തപ്പെടുന്നുണ്ടെങ്കിൽ അടിച്ചമർത്തപ്പെടുത്താനാവാത്ത പ്രവർത്തനങ്ങൾകൊണ്ടാണ് അതിനെ നേരിടേണ്ടത്. അതേ നാണയത്തിൽ തിരിച്ചടിക്കുന്ന ലോകത്തിൽ വിനിമയത്തിനൊരു നാണയമേയുള്ളൂ. അതേ നാണയത്തിൽ തിരിച്ചടിച്ചാൽ ആ നാണയം ആരുടേതോ അവരേ ജയിക്കൂ എന്ന തിരിച്ചറിവിലാണു മറ്റൊരു നാണയത്തിൽ തിരിച്ചടിച്ച് ഇതേ കോൺഗ്രസ് ബ്രിട്ടിഷുകാരെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് തൽക്ഷണം ചെയ്യേണ്ടിയിരുന്നതു കേരള ജനതയോടു മാപ്പുപറയുകയും കൊല നടന്നതറിഞ്ഞ നിമിഷം, കൊലയാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ പാർട്ടിയിൽനിന്നു പുറത്താക്കുകയുമായിരുന്നു. എന്നിട്ട് പത്രസമ്മേളനത്തിലോ ചാനൽ ചർച്ചയിലോ വന്നിരുന്ന് ഞങ്ങളുടെ ഒരു പ്രവർത്തകനു തെറ്റുപറ്റി, ഏതു സമ്മർദാവസ്ഥയിലും സംഭവിക്കരുതാത്തതായിരുന്നു അത്, പക്ഷേ ഞങ്ങളയാളുടെ ഭാഗംപിടിക്കില്ല, അയാളുടെ ബന്ധുക്കളെ സഹായിക്കില്ല, കേസും നടത്തില്ല, ഇതു കോൺഗ്രസാണ് എന്നു പറയണമായിരുന്നു. 

ഏതു പാർട്ടിക്കാരനാവണമെന്നത് ഒരു ചോയ്സാണ്. അത് ആത്യന്തികമായ ഒരു സത്യമല്ല. ഇരുപത്തിമൂന്നിലെ വിപ്ലവകാരിക്ക് ഇരുപത്തിനാലിൽ സന്യാസിയാവാം. കാലാനുസൃതമായി, പ്രതിഭാനുസൃതമായി, സ്വന്തം ചിന്താശക്തി ഉപയോഗിച്ചു പ്രവർത്തിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം പാർട്ടികളിലില്ല. ഒരു വിദ്യാർഥിയെ അയാളുടെ പലതായ നന്മകളെ (identity) കാണാതെ ഒരു സംഘടനാ പ്രവർത്തകൻമാത്രമായിക്കണ്ട് അയാളെ അവസാനിപ്പിച്ചു എന്ന് അഹങ്കരിക്കുന്ന എതിരാളിയോ, മരിച്ചില്ല, മരിച്ചില്ലാ എന്നു മുദ്രാവാക്യം മുഴക്കുന്ന അനുകൂലിയോ അയാളോടു ചെയ്യുന്ന ക്രൂരത ചെറുതല്ല. അയാൾ നാളെ എന്തായിത്തീരുമെന്നു നമുക്കറിയില്ല, ഇന്നു തന്നെ എന്തെല്ലാമായിരുന്നെന്ന് ഉറ്റവർക്കുപോലുമറിയില്ല. 

പിൻവെളിച്ചം

ഭാവിയെ വർത്തമാനകാലം തടങ്കലിലിടരുത്. അത് അതിന്റെ ജീവിതം ജീവിക്കട്ടെ.

English Summary: Murders in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com