ശുചിത്വ കേരളം ദൂരെയല്ല; ഇൻഡോർ പറഞ്ഞുതരുന്ന വൃത്തിയുടെ പാഠങ്ങൾ

Indore-waste-disposal-2
ഇൻഡോറിൽ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനെത്തുന്ന വാഹനം
SHARE

രാജ്യത്തെ വൃത്തിയുടെ പെരുമപ്പട്ടികയിൽ സംസ്ഥാനത്തെ ഒരു നഗരവും ആദ്യ ഇരുനൂറിൽ പോലുമില്ലെന്ന യാഥാർഥ്യത്തിനു മുന്നിൽനിന്നുവേണം നാം ശുചിത്വകേരളത്തിലേക്കുള്ള വഴി തിരയാൻ. ആരോഗ്യ, സാമൂഹിക സൂചികകളിൽ ഏറെ മുന്നിലുള്ള നമ്മൾ എന്തുകൊണ്ടാണു മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ ഇങ്ങനെ പിന്നാക്കം പോകുന്നത്? കേരളത്തിലെ ഏതു നഗരത്തെയുംകാൾ ജനസംഖ്യയുള്ള, വിസ്തൃതി കൂടിയ, മാലിന്യത്തോതേറിയ ഇൻഡോർ ഉൾപ്പെടെയുള്ള നഗരങ്ങൾ കാണിച്ചുതരുന്ന വൃത്തിയുടെ നല്ല പാഠങ്ങൾ മുന്നിലുള്ളപ്പോൾ ഈ ചോദ്യത്തിന്റെ പ്രസക്തി ഏറെയാണ്.

ജനങ്ങളും അധികൃതരും ഒരുമിച്ചു മനസ്സുവച്ചാൽ നാട് സുന്ദരമാകുമെന്ന കൃത്യമായ സന്ദേശമാണു മധ്യപ്രദേശിലെ ഇൻഡോർ നഗരം പറഞ്ഞുതരുന്നത്. കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ 5 വർഷമായി ഇൻഡോർ ഒന്നാം സ്ഥാനത്തു തുടരുന്നതു വൃത്തി ആ നാട്ടിലെ ജനങ്ങളുടെ ശീലവും മനോഭാവവുമായി മാറിയതുകൊണ്ടാണ്. ‘കണ്ടാൽ കൊതിക്കും വൃത്തി, കണ്ടു പഠിക്കുമോ നമ്മൾ’ എന്ന മലയാള മനോരമ പരമ്പര, കേരളത്തിൽ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത് ഇൻഡോറിന്റെ നേർക്കാഴ്ചകളോടെയാണ്.

ഈ പരമ്പരയ്ക്കു തുടർച്ചയായി മനോരമ സംഘടിപ്പിച്ച വെബിനാറിൽ ഉയർന്ന പ്രഖ്യാപനങ്ങളും നിർദേശങ്ങളും നവകേരളത്തിനു പ്രതീക്ഷകൾ നൽകുന്നു. സംസ്‌ഥാനം മുഴുവൻ മാതൃകാപരമായ ശുചിത്വസംസ്‌കാരത്തിലേക്കു നീങ്ങാൻ ആദ്യം വേണ്ടതു സർക്കാരിന്റെ കൈത്താങ്ങു തന്നെയാണെന്നതിൽ സംശയമില്ല. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ നഗരങ്ങളുമുണ്ടാകുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ പറയുകയുണ്ടായി. ഇനി വേണ്ടത്, ഈ ലക്ഷ്യത്തിലേക്കുള്ള വൃത്തിവഴി തേടുകയാണ്.

സംസ്ഥാനത്തെ എല്ലാ വാർഡിലും ഹരിതകർമ സേനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽനിന്നാണു പ്രതീക്ഷയുടെ പുതുവഴിയൊരുക്കം തുടങ്ങേണ്ടത്. മാലിന്യ ശേഖരണത്തിന് ഏകീകൃത രൂപമുണ്ടാകേണ്ടതു പ്രധാനമാണ്. സംഭരണ കേന്ദ്രങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന ലക്ഷക്കണക്കിനു ടൺ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനും മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുമുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഒരുങ്ങുകയാണ്. ജനകീയ പങ്കാളിത്തത്തിലൂടെ മാലിന്യത്തിന്റെ വികേന്ദ്രീകൃത സംസ്കരണത്തിനും ഊന്നൽ നൽകണമെന്നു വെബിനാർ നിർദേശിക്കുന്നു.

ലോകബാങ്ക് സഹായത്തോടെയുള്ള ‘കേരള മാലിന്യ സംസ്കരണ പദ്ധതി’ ഈ വർഷം ആരംഭിക്കും. കോർപറേഷനുകളിലും നഗരസഭകളിലും മാലിന്യ സംസ്കരണ ചുമതല മാത്രം വഹിക്കുന്ന എൻജിനീയർകൂടി പദ്ധതിയുടെ ഭാഗമാവുകയാണ്. മാലിന്യ സംസ്കരണത്തിനുവേണ്ടി നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങൾക്കു ജനസംഖ്യാനുപാതികമായി പണം ലഭ്യമാകുകയും ചെയ്യും. സുവിജ് (ശുചിമുറി മാലിന്യം) സംസ്കരണത്തിൽ സംസ്ഥാനം ഏറെ പിന്നിലാണ്. അമൃത് പദ്ധതി പ്രകാരം വിഭാവനം ചെയ്ത 18 സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ (എസ്ടിപി) 12 എണ്ണവും ഇതുവരെ തുടങ്ങിയിട്ടില്ല. സ്മാർട് സിറ്റി പദ്ധതി പ്രകാരം ഫോർട്ട് കൊച്ചിയിൽ നടപ്പാക്കാനിരുന്ന 166 കോടി രൂപയുടെ എസ്ടിപി പദ്ധതി പ്രാദേശിക പ്രതിഷേധത്തെ തുടർന്നാണ് ഉപേക്ഷിച്ചത്. പ്രാദേശിക പ്രതിഷേധങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സർക്കാർ, രാഷ്ട്രീയതലങ്ങളിൽ ഇടപെടലുണ്ടാകണം.

ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങൾ ഒഴിച്ചുനിർത്തിയാൽ നമ്മുടെ ഭൂരിഭാഗം കോർപറേഷനുകളും നഗരസഭകളും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ പരാജയപ്പെടുന്നതു കേരളത്തിനു മുന്നിലുണ്ട്. വയനാട്ടിലെ ബത്തേരി നഗരസഭയുടേതുപോലുള്ള നല്ല മാതൃകകൾ മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കുകൂടി പിന്തുടരാനുള്ളതാണ്. ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാലിന്യ സംസ്കരണ പദ്ധതികൾ കാലത്തിന്റെ ആവശ്യമാണ്. എന്നാൽ, അതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനാകില്ല. മാലിന്യ സംസ്കരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ നമുക്കു കഴിയണം. സന്നദ്ധ സംഘടനകളും യുവജന കൂട്ടായ്മകളും വിദ്യാർഥികളുമൊക്കെ ഈ ദൗത്യത്തിൽ ഒന്നിച്ചണിനിരക്കുകയും വേണം.

Content Highlights: Editorial, Waste Management, Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA