ADVERTISEMENT

∙ യേശുദാസ്: ‘യാത്രയ്‌ക്കിടെ സീറ്റിൽ കിടന്ന ‘ഈറ്റ് റൈറ്റ് ഫോർ യുവർ ടൈപ്പ്’ എന്ന പുസ്‌തകം കണ്ണിലുടക്കി. ഓരോരുത്തരുടെയും രക്തഗ്രൂപ്പുകൾക്കനുസരിച്ച് അവർ കഴിക്കേണ്ടതും വർജിക്കേണ്ടതുമായ ഭക്ഷണരീതികളായിരുന്നു അതിലെ പ്രതിപാദ്യം. തുടർന്ന് അതിൽ പറയുന്ന പ്രകാരത്തിലേക്കു ഞാൻ ഭക്ഷണം ക്രമീകരിച്ചു. അദ്ഭുതമാണു പിന്നീടു സംഭവിച്ചത്. അന്നുമുതൽ സ്വരാരോഹണത്തിൽ ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. സത്യത്തിൽ അതിനു ശേഷമാണ് പ്രയാസമേറിയതും വലിയ ഹിറ്റുകളുമായ ഗാനങ്ങൾ പിറവിയെടുത്തത്.

∙ കെ.കെ.രമ: സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ചു പഠിക്കാൻ നിയമിച്ചതാണു ജസ്റ്റിസ് ഹേമ കമ്മിഷൻ. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ടു വർഷമായിട്ടും പുറത്തുവിടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ആരെയാണു സർക്കാരിനു സംരക്ഷിക്കാനുള്ളത് ? നികുതിപ്പണം ചെലവഴിച്ചു പ്രവർത്തിച്ച കമ്മിഷന്റെ കണ്ടെത്തലുകൾ അറിയാൻ പൊതുസമൂഹത്തിന് അവകാശമില്ലേ?

∙ എം.മുകുന്ദൻ: നമ്മൾ നമ്മുടെ പല എഴുത്തുകാരെയും വിശ്വസാഹിത്യകാരന്മാർ എന്നു വിളിക്കാറുണ്ട്. എന്നാൽ വിശ്വസാഹിത്യത്തിന്റെ ഭൂപടത്തിൽ ഒരിടത്തും നമ്മളില്ല എന്നതാണു സത്യം. അമേരിക്കയിലെ ഏറ്റവും വലിയ പുസ്തകശാലയായ ബാൺസ് ആൻഡ് നോബിളിൽ ചെന്നപ്പോൾ അവിടെ ബഷീറിനെയോ ഒ.വി.വിജയനെയോ എംടിയെയോ കണ്ടില്ല. മലയാള സാഹിത്യത്തെ ലോകനിലവാരത്തിലെത്തിക്കാൻ നമുക്ക് ഒരുപാട് അധ്വാനിക്കേണ്ടതുണ്ട്.

∙ സേതു: എന്റെ കോളജ് ജീവിതത്തെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ ചെറിയൊരു നഷ്ടബോധം എന്നെ കീഴടക്കാറുണ്ട്. ചെറിയ പ്രായത്തിൽ തുടങ്ങി ചെറിയ പ്രായത്തിൽ തന്നെ തീർന്ന ഒരു ജീവിതം. നന്നായൊന്നു സെറ്റുകൂടാനോ പ്രേമിക്കാനോ ഏതെങ്കിലും വേദിയിൽ കയറി മിന്നാനോ ചെറുതായൊന്നു വഴക്കടിക്കാനോ ഒന്നും കഴിയാതെ നോക്കിനിൽക്കെ എരിഞ്ഞുതീർന്ന കലാലയ ജീവിതം.

∙ സക്കറിയ: കഥയ്ക്കു മാത്രമല്ല, എനിക്കും ഒരു പേരു വേണമായിരുന്നു. എം.പി.സ്കറിയ എന്ന എന്റെ പേര് എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. ബൈബിളിലെ ഒരധ്യായത്തിന്റെ പേര് ‘സക്കറിയ’ എന്നാണ്. സ്കറിയയുടെ ഹീബ്രു രൂപം. അതു ഞാൻ എന്റെ പേരായി സ്വീകരിച്ചു.

∙ കെ.ഇ.എൻ.കുഞ്ഞഹമ്മദ്: ഞാൻ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല. ഒന്നുകിൽ അതിൽ സ്ത്രീധനം കാണും, അല്ലെങ്കിൽ ആഭരണം, മതപരമായ ചടങ്ങുകൾ കാണും. പൗരോഹിത്യ സാന്നിധ്യം ഉണ്ടാവും. അല്ലെങ്കിൽ അവരെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്നുണ്ടാവും. ധൂർത്ത് ഉണ്ടാവും.

∙ ഋഷിരാജ് സിങ്: സൂര്യനു കീഴിലുള്ള എന്തും പഠിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ജീവിതവിജയത്തിന് ആവശ്യമായ ഘടകങ്ങൾകൂടി സിലബസിൽ ഉൾക്കൊള്ളിച്ചേ മതിയാവൂ. ചെറിയ ക്ലാസിൽതന്നെ ഫിസിക്സും കെമിസ്ട്രിയും സോഷ്യൽ സയൻസുമൊക്കെ പഠിക്കുന്നതു മാനസിക പിരിമുറുക്കം വർധിപ്പിക്കാനല്ലാതെ സ്വഭാവ രൂപീകരണത്തിന് ഇടയാക്കില്ല.

∙ വസന്തകുമാർ സാംബശിവൻ: തിരഞ്ഞെടുപ്പുകാലത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്ന ചിത്രം പത്രത്തിന്റെ മുൻപേജിൽ അച്ചടിച്ചുവന്നു. കൂടെ ഷർട്ടില്ലാതെ കെ.കരുണാകരനും. അന്നു രാത്രി വേദിയിൽ സാംബശിവൻ ഇന്ദിരാഗാന്ധിയുടെ പ്രാർഥന അവതരിപ്പിച്ചു- ഭഗവാനേ, തിരഞ്ഞെടുപ്പല്ലേ എന്നെ രക്ഷിക്കണേ, കൂടെ ഉടുപ്പില്ലാത്ത ഇവനേം. ആരോ ഈ ഭാഗം റെക്കോർഡ് ചെയ്ത് കെ. കരുണാകരനെ കേൾപ്പിച്ചു. അദ്ദേഹം കൈകൊട്ടി പൊട്ടിച്ചിരിച്ചു.

∙ ഡോ.ബി.അശോക്: 10 വർഷത്തിനപ്പുറം ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും 33,000 രൂപ കടബാധ്യത ഏൽപിക്കുന്ന പദ്ധതിയാണു സിൽവർ ലൈനെന്നു ചിലർ പരാതിപ്പെടുന്നുണ്ട്. അതിവേഗപാതയില്ലെങ്കിൽ 200 കിലോമീറ്റർ താണ്ടാൻതന്നെ ആ ഭാവിശിശുവിനു ശരാശരി 10 മണിക്കൂർ വേണ്ടിവരും. ടൂറിസവും വ്യവസായവും തൊഴിൽ ലഭ്യതയും കുറഞ്ഞ, 33,000 രൂപ പ്രതിശീർഷം ചെലവഴിച്ചാലും പരിഹരിക്കാൻ കഴിയാത്ത വിചിത്രമായ രാവണൻകോട്ടയിലായിരിക്കും ആ ശിശു പെട്ടുപോകുക.

∙ ഹരിശ്രീ അശോകൻ: സിനിമയിൽ പണ്ടത്തേതിൽനിന്ന് ഒരുപാടു വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. പണ്ട് ഡയലോഗൊക്കെ കാണാതെ പഠിച്ച് അണുവിട തെറ്റാതെ പറയണം. ഇപ്പോൾ അഭിനയിക്കുമ്പോൾ, പഠിച്ച ഡയലോഗിന്റെ അക്ഷരങ്ങളോ വാക്കുകളോ അങ്ങോട്ടുമിങ്ങോട്ടും മാറുന്നതിൽ കുഴപ്പമില്ല; അതിന്റെ ആശയം കിട്ടിയാൽ മതി. അതുകൊണ്ടുതന്നെ നമുക്ക് വളരെ ഫ്രീ ആയി അഭിനയിക്കാൻ കഴിയും.

Content Highlights: KJ Yesudas, KK Rema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com