ആരുടെയും ഔദാര്യമല്ല അവരുടെ അവകാശം

stude
പ്രതീകാത്മക ചിത്രം
SHARE

പഠനവെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ പഠന–പരീക്ഷാനുകൂല്യ സാക്ഷ്യപത്രങ്ങൾക്കായി എത്തുന്ന മാതാപിതാക്കൾ വലിയ പരിഗണന അർഹിക്കുന്നു. നമ്മുടെ സർക്കാർ ആശുപത്രികളിൽനിന്ന് അവർക്ക് ഏറ്റവും ഫലപ്രദമായ വിശകലനത്തിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ അവ ലഭ്യമാകണം. അതിന് സംവിധാനം ശക്തമാക്കണം.

ആഴ്ചകൾക്കു മുൻപാണ്, മിത്ര സതീഷും സിൻസി അനിലും തങ്ങളുടെ ദുഃഖാനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. രണ്ടുപേരും ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർ. എറണാകുളം ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ നേരിട്ട ദുരനുഭവം അവർ തുറന്നു പറഞ്ഞു– പരീക്ഷാനുകൂല്യത്തിനുള്ള സാക്ഷ്യപത്രത്തിന് (ഇന്റലിജൻസ് കോഷ്യന്റ് സർട്ടിഫിക്കറ്റ്) മക്കളുമായി പല മാതാപിതാക്കളെയുംപോലെ (കൂടുതലും അമ്മമാർ) എത്തിയതായിരുന്നു അവർ. 9 മണിക്കെത്താനാണു പറഞ്ഞതെങ്കിലും അതിനു മുൻപേയെത്തി. 

പരിശോധനയ്ക്കു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എത്തണം. കാത്തിരിപ്പു നീണ്ടു. 10 മണി കഴിഞ്ഞു. കുട്ടികൾ അസ്വസ്ഥരായി. അവരെ നിയന്ത്രിക്കുന്ന അമ്മമാർക്ക് അസ്വസ്ഥതയുണ്ടാകില്ല. കാരണം കുട്ടികളുടെ ജന്മം മുതൽ ജീവിതം അവരുടെ പരിപാലനത്തിനു സമർപ്പിച്ചവരാണവർ. ജീവിതത്തിൽ ഏറ്റവും ക്ഷമ കാണിക്കുന്ന മഹദ് മാതൃത്വത്തിന്റെ ഉദാഹരണങ്ങൾ.

പത്തരയോടെ സൈക്കോളജിസ്റ്റ് എത്തി. ബസ് കിട്ടാൻ താമസിച്ചെന്നതാണു വൈകിയതിനു കാരണമായി പറഞ്ഞത്. സർക്കാർ ആശുപത്രിയായിട്ടും പരിശോധനയ്ക്കായി ഈടാക്കിയത് 1000 രൂപ. തുക കയ്യിലില്ലാതിരുന്നതിനാൽ ഗൂഗിൾ പേ വഴി അയച്ചുകൊടുത്തു. രസീത് ഇല്ല. 

student-1

സിൻസി അനിലിന്റെ കുറിപ്പ് ഇങ്ങനെ – ‘‘രസീത് ഇല്ലാതെ ആരാണ് ഈ തുക നിശ്ചയിക്കുന്നത്? ഈ പകൽകൊള്ള. അതും ഏറ്റവും പരിഗണന ലഭിക്കേണ്ട ഈ വിഭാഗം കുട്ടികളോടു കാണിക്കുന്ന നെറികേട് ആരോഗ്യവകുപ്പോ സർക്കാരോ അറിയുന്നുണ്ടോ?’’മന്ത്രി വീണാ ജോർജ് അന്നുതന്നെ അന്വേഷണത്തിനു നിർദേശിച്ചു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസറും ബന്ധപ്പെട്ട നഗരസഭയും അടിയന്തര റിപ്പോർട്ട് തേടി. തെളിവെടുപ്പു നടന്നതായാണു വിവരം. പക്ഷേ, നടപടി എന്ത് എന്നതിനെക്കുറിച്ച് അധികൃതർക്കു  മൗനം.  

ഒറ്റപ്പെട്ടതാണോ ഈ സംഭവം? സർക്കാർ ആശുപത്രികളിൽ ബുദ്ധിപരിശോധന നടത്താനും പഠനവെല്ലുവിളിയുടെ തോത് വിലയിരുത്താനും ഇത്രയും വലിയ തുക ആവശ്യമാണോ? വേണ്ട. സൗജന്യമായി ചെയ്തുനൽകേണ്ട സേവനം. അതിനു പണം ചോദിച്ചുവാങ്ങി. ഒരാളോടല്ല, പലരോട്. അപ്പോൾ തകരാറുള്ളതും ചികിത്സ വേണ്ടതും സംവിധാനത്തിനു തന്നെയല്ലേ!

പരീക്ഷക്കാലം അടുത്തപ്പോൾ തിരക്ക്

മാർച്ച് അടുത്തതോടെ, പഠനവെല്ലുവിളി, ബുദ്ധിപരമായ ഭിന്നശേഷി തുടങ്ങിയവ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾക്കായി മെഡിക്കൽ കോളജ്, ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ തിരക്കു തുടങ്ങി. പഠനവെല്ലുവിളി നേരിടുന്ന കുട്ടികളും ഭിന്നശേഷി വിഭാഗത്തിലെ കുഞ്ഞുങ്ങളുമെല്ലാം ഈ സമൂഹത്തിന്റെ ഭാഗമാണ്. അവരെക്കൂടി ഉൾപ്പെടുത്തിയുള്ളതാണു സമഗ്രവിദ്യാഭ്യാസ സംവിധാനം. ഇതു നിയമങ്ങളിലും സർക്കാർ മാർഗരേഖകളിലും വ്യക്തമായിത്തന്നെ പറയുന്നുണ്ട്. പരീക്ഷാനുകൂല്യങ്ങൾ വേണ്ടവർ പല വിഭാഗങ്ങളിലായി വിവിധ തരത്തിലുണ്ട്. 

എഴുതാൻ സഹായിയെ (സ്ക്രൈബ്) നൽകുകയോ ചോദ്യം വിശദീകരിച്ചു നൽകുന്നയാളെ (ഇന്റർപ്രട്ടർ) അനുവദിക്കുകയോ ആണു പഠനവെല്ലുവിളി നേരിടുന്നവർക്കു ലഭിക്കുന്ന പരീക്ഷാ ആനുകൂല്യങ്ങൾ. ചോദ്യക്കടലാസ് ലഭിച്ച ശേഷം ചോദ്യങ്ങൾ വായിച്ചു വിദ്യാർഥി പറയുന്ന ഉത്തരങ്ങൾ എഴുതുകയാണു സ്ക്രൈബ് ചെയ്യുന്നത്. ഇന്റർപ്രട്ടറെയാണ് അനുവദിച്ചിട്ടുള്ളതെങ്കിൽ ആ വ്യക്തി ചോദ്യം വിശദമാക്കിക്കഴിഞ്ഞാൽ വിദ്യാർഥിതന്നെ ഉത്തരമെഴുതണം. ഇവർക്കു മറ്റുള്ളവരെക്കാൾ സമയം അനുവദിക്കും. 

സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരിലേറെയും ഇത്തവണ എസ്എസ്എൽസി അടക്കമുള്ള പൊതുപരീക്ഷ എഴുതുന്നവരാണ്. പല താലൂക്ക് ആശുപത്രികളിലും ഇപ്പോഴും പഠനവെല്ലുവിളി വിലയിരുത്തൽ സംവിധാനമില്ല. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ലഭ്യതക്കുറവാണു സർക്കാർ ആശുപത്രികൾ നേരിടുന്ന പ്രധാനപ്രശ്നം. താൽക്കാലികമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ നിയമിക്കുന്ന താലൂക്ക് ആശുപത്രികൾ ഒട്ടേറെയുണ്ട്. എന്നാൽ, അതിന് ആശുപത്രി അധികൃതർക്കു താൽപര്യമുണ്ടാകണം. ‘ഇവിടെയില്ല, ജില്ലാ ആശുപത്രിയിലോ മറ്റോ പൊയ്ക്കോ’ എന്നു പറഞ്ഞു കയ്യൊഴിയുന്നതല്ലേ അതിലുമെളുപ്പം? പക്ഷേ, ആ മറുപടി കേട്ടു വേദനയോടെ നടന്നുനീങ്ങുന്നതു ഭിന്നശേഷിക്കാരായ മക്കളുടെ മാതാപിതാക്കളാണെന്ന് ഓർക്കണം.

student-2

സാക്ഷ്യപ്പെടുത്തേണ്ടത് മെഡിക്കൽ ബോർഡ്

സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ മെഡിക്കൽ സൂപ്രണ്ടിന്റെ അധ്യക്ഷതയിലുള്ള മെഡിക്കൽ ബോർഡാണു പഠനവെല്ലുവിളി നേരിടുന്നവർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ലഭ്യതയനുസരിച്ച് ശിശുരോഗവിദഗ്ധൻ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് (18 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക്), സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, ഫിസിഷ്യൻ, സ്പെഷൽ എജ്യുക്കേറ്റർ തുടങ്ങിയവർ അടങ്ങുന്നതാണു മെഡിക്കൽ ബോർഡിന്റെ ഘടന. 40% പ്രശ്നം ഉണ്ടെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ ആ വിദ്യാർഥിക്കു പരീക്ഷാനുകൂല്യം അനുവദിക്കാം. സ്ക്രൈബിനെയാണോ ഇന്റർപ്രട്ടറെയാണോ വേണ്ടതെന്നതു സ്കൂൾതലത്തിൽനിന്നുള്ള വിലയിരുത്തലനുസരിച്ചു വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിശ്ചയിച്ചുനൽകും. 

വിലയേറിയ സാക്ഷ്യപത്രം

സൈക്കോളജിസ്റ്റുകൾ വിദ്യാർഥികളുടെ ഐക്യു (ഇന്റലിജൻസ് കോഷ്യന്റ്) നിലവാരം വിലയിരുത്തി നൽകുന്ന സർട്ടിഫിക്കറ്റാണു മെഡിക്കൽ ബോർഡ് അന്തിമ സാക്ഷ്യപത്രം നൽകാൻ ആധാരമാക്കുന്നത്. അതിനാൽ ഐക്യു റിപ്പോർട്ടിന് ഏറെ പ്രസക്തിയുണ്ട്.   

എന്നാൽ, ഐക്യു സർട്ടിഫിക്കറ്റ് ആധാരമാക്കിയല്ല, മെഡിക്കൽ ബോർഡ് 40% പ്രശ്നമുണ്ടെന്നു വിലയിരുത്തി നൽകുന്ന സാക്ഷ്യപത്രം ആധാരമാക്കിയാണു സ്ക്രൈബിനെയോ ഇന്റർപ്രട്ടറെയോ അനുവദിക്കുകയെന്നാണു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിപിഐ) ഓഫിസ് കഴിഞ്ഞ ദിവസം വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലുള്ളത്. വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച് (ആർപിഡബ്ല്യുഡി) 2016ലെ ബിൽ നിയമമായശേഷം 2018 മുതൽ ഐക്യു സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നും ഡിപിഐ പറയുന്നു.

എന്നാൽ, മെഡിക്കൽ ബോർ‍ഡിനു പഠനവെല്ലുവിളി നേരിടുന്നവരെ വിലയിരുത്താൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബുദ്ധിനിലവാരം പരിശോധിച്ചു നൽകുന്ന ഐക്യു സർട്ടിഫിക്കറ്റ് കൂടിയേതീരൂ.  ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ലഭ്യതക്കുറവാണ് ഒരർഥത്തിൽ എറണാകുളം ജില്ലയിലെ താലൂക്ക് ആശുപത്രിയിലുണ്ടായ പ്രശ്നത്തിന് ഒരു പരോക്ഷ കാരണം.  ആവശ്യത്തിനു ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ ലഭ്യമാക്കാനും അവർക്കു പ്രതിഫലം നൽകാനുമുള്ള ഉത്തരവാദിത്തം സർക്കാരിനില്ലേ?

പഠനവെല്ലുവിളി എന്നാലെന്ത് ?

2016ലെ ആർപിഡബ്ല്യുഡി ആക്ടിനെ പിന്തുടർന്നു കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് 2018ൽ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പഠനവെല്ലുവിളി കൃത്യമായി നിർവചിക്കുകയും നൽകേണ്ട പഠനാനുകൂല്യങ്ങൾ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. ഭാഷ സ്വായത്തമാക്കുന്നതിലും സംസാരിക്കുന്നതിലും എഴുതുന്നതിലും വിവരിക്കുന്നതിലും അക്ഷരങ്ങൾ കൃത്യമായി പറയുകയോ എഴുതുകയോ ചെയ്യുന്നതിലും കണക്കുകൂട്ടുന്നതിലുമെല്ലാം ഉണ്ടാകുന്ന പിന്നാക്കാവസ്ഥയാണു പഠനവെല്ലുവിളി. (നിർവചനങ്ങൾ പല പഠനങ്ങളുടെയും അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും).

ഇങ്ങനെ ചെയ്യരുത്, ഈ മക്കളോട്

പഠനവെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അവർക്കനുസൃതമായ പാഠ്യവിഷയങ്ങൾ ക്രമീകരിച്ചുനൽകുന്നതാണു പുതിയ ദേശീയനിയമമായ ആർപിഡബ്ല്യുഡിയിലെ വലിയൊരു സവിശേഷത. വളരെ മിടുക്കനായ സാധാരണ വിദ്യാർഥി ഗണിതത്തിലെ ചോദ്യങ്ങൾക്കു വളരെ വേഗം ഉത്തരമെഴുതി പരീക്ഷ പൂർത്തിയാക്കും. പഠനപ്രശ്നമുള്ള കുട്ടികൾക്ക് അതേ നിലവാരത്തിലും വേഗത്തിലും അതുചെയ്യാൻ സാധിക്കില്ല. ഗണിതം വളരെ പ്രയാസമേറിയ കുട്ടികളും തീരെ ചെയ്യാനാകാത്തവരും ഇക്കൂട്ടത്തിലുണ്ട്. പഠിക്കാൻ സാധിക്കുന്നില്ലെന്നതാണല്ലോ അവരുടെ യഥാർഥപ്രശ്നം. അവിടെയാണ് അവർക്കു ബദൽ സംവിധാനമെന്ന നിലയിൽ ഉചിതമായ വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാൻ കഴിയുന്നതിന്റെ പ്രയോജനം.

പിന്നെ പഠനവെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾ ആ യാഥാർഥ്യം ഉൾക്കൊള്ളുന്നതാണു പ്രധാനം. ഈ കുട്ടികളെല്ലാം ജീവിതത്തിൽ തോറ്റുപോകുന്നവരൊന്നുമല്ല. ഒരു വഴിയില്ലെങ്കിൽ മറ്റൊന്ന് ഉറപ്പായും തുറക്കപ്പെടും. 

ഡോ.ബിനോ തോമസ് (അസോഷ്യേറ്റ് പ്രഫസർ, നിംഹാൻസ്, ബെംഗളൂരു)

English Summary: Intelligence quotient certificate for exam concession

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA