ADVERTISEMENT

കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കുന്നതിനു മുൻപ്, കാലിക്കറ്റ് സർവകലാശാല ഒരു അഖിലേന്ത്യാ കിരീടം സ്വന്തം ഷോക്കേസിലെത്തിച്ചിരുന്നു: അന്തർ സർവകലാശാല ഫുട്‍ബോൾ ജേതാക്കൾക്കുള്ള സർ അശുതോഷ് മുഖർജി ഷീൽഡ്. 1971ലെ ആ ചരിത്രനേട്ടത്തിന്റെ സുവർണ ജൂബിലി വേളയിൽ കാലിക്കറ്റ് വീണ്ടുമൊരു ഗംഭീരവിജയം കൈവരിച്ചിരിക്കുകയാണ്. കോതമംഗലം എംഎ കോളജിൽ സമാപിച്ച അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‍ബോളിലെ ഈ കിരീടധാരണവും ചരിത്രമാകുന്നു. കാലിക്കറ്റ് സർവകലാശാല ഇതിനകം ആവേശത്തോടെ കേൾപ്പിച്ച ഫുട്ബോൾ വിജയാരവങ്ങളുടെ സഫലമായ തുടർച്ചതന്നെയാണിത്.  

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ഈ ഷീൽഡ് നേടിയതിന്റെ പെരുമയും ഇനി കാലിക്കറ്റിനു സ്വന്തമാകുന്നു. പ്രഥമ കിരീടമുൾപ്പെടെ ഇതു പതിനൊന്നാമത്തെ ജയമാണ്. 1973, 75, 78, 83, 91, 94, 2013, 17, 18 വർഷങ്ങളിലായിരുന്നു  മറ്റു വിജയങ്ങൾ. കായികമേഖലയിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് ഇതു കൊയ്ത്തുകാലമാണ്. മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം പുരുഷ വോളിബോൾ കിരീടം നേടിയതു കഴിഞ്ഞ ദിവസമാണ്. അഖിലേന്ത്യാതലത്തിൽ വനിതാ ബേസ് ബോളിൽ കന്നി കിരീടവും നേടി. പുരുഷവിഭാഗത്തിലെ പ്രധാന ടൂർണമെന്റായ വോളിയിലും ഫുട്ബോളിലും ഒരേ വർഷം ഒരു സർവകലാശാല കിരീടം നേടുന്നത് അപൂർവമാണ്. 

കോതമംഗലത്തെ കിരീടനേട്ടത്തിൽ പോരാട്ടവീര്യത്തിന്റെ മുദ്ര പതിഞ്ഞുകിടക്കുന്നതു കാണാം. ദക്ഷിണ മേഖലാ ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തോടെയാണു കാലിക്കറ്റ് ഫൈനലിന് അർഹത നേടിയത്. എന്നാൽ, ഫൈനൽ റൗണ്ടിൽ കാലിക്കറ്റ് കളിപ്പെരുമയുടെ വിശ്വരൂപം പുറത്തെടുത്തു. ഒരു ഗോൾ പോലും വഴങ്ങാതെയാണ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സഫ്നീദിന്റെ നേതൃത്വത്തിലുള്ള ടീം കപ്പുയർത്തിയത്. സതീവൻ ബാലൻ എന്ന പരിശീലകന്റെ മികവിന്റെ കയ്യൊപ്പുകൂടി കിരീടത്തിൽ ചാർത്തപ്പെട്ടിട്ടുണ്ട്. കളിനിലവാരം മാത്രം അടിസ്ഥാനമാക്കിയുള്ള ടീം തിരഞ്ഞെടുപ്പ്, പരിശീലകനു നൽകിയ സമ്പൂർണ സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം കാലിക്കറ്റിനു തുണയായി. 

കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച നിക്ഷേപമാണു കാലിക്കറ്റ് നടത്തിയത്. രണ്ടു ഫുട്ബോൾ മൈതാനങ്ങൾ, മികച്ച ജിംനേഷ്യം, സ്വിമ്മിങ് പൂൾ, ഒന്നാന്തരം അ‌ത്‌ലറ്റിക് ട്രാക്ക് എന്നിവയെല്ലാം സ്വന്തമായുണ്ട്. ദേശീയ തലത്തിലുള്ള അത്‌ലറ്റിക് മീറ്റും ഫുട്ബോൾ ടൂർണമെന്റും സുഗമമായി നടത്താനുള്ള സജ്ജീകരണങ്ങളാണ്  ഇവിടെയുള്ളത്. ഡയറക്ടർ വി.പി.സക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള കായികവിഭാഗം തീർച്ചയായും കയ്യടി അർഹിക്കുന്നു. വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജും സിൻഡിക്കറ്റും ഈ കായികവിപ്ലവത്തിനു പൂർണപിന്തുണ നൽകുന്നുണ്ട്. അടിസ്ഥാനസൗകര്യത്തിന്റെ വിത്തെറിഞ്ഞ്, കായികമേഖലയിൽ എങ്ങനെ നേട്ടങ്ങളുടെ വിളവെടുപ്പു നടത്താമെന്നതിൽ സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങൾക്കു കാലിക്കറ്റ് സർവകലാശാലയെ മാതൃകയാക്കാവുന്നതാണ്. 

നേട്ടങ്ങളുടെ നെറുകയിൽ പരിമിതികളും കാണാതെവയ്യ. സർവകലാശാലാ ചട്ടത്തിലെ സാങ്കേതികപ്രശ്നങ്ങൾ കാരണം സ്ഥിരം പരിശീലകരെ നിയമിക്കുന്നതിനു തടസ്സമുണ്ട്. ഇതു പരിഹരിക്കാനുള്ള അഭ്യർഥന സർക്കാരിന്റെ പരിഗണനയിലാണ്. രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം എന്ന ദീർഘകാല സ്വപ്നത്തിനൊപ്പം  സ്പോർട്സ് പവിലിയൻ, ഹോക്കി ടർഫ്, സ്കേറ്റിങ് ട്രാക്ക് തുടങ്ങിയ ഹ്രസ്വകാല പദ്ധതികളും മുന്നിലുണ്ട്. 

നിശ്ചയദാർഢ്യവും അടങ്ങാത്ത വിജയദാഹവുംകൊണ്ടു കീരിടത്തിലേക്കുള്ള വഴിയൊരുക്കാമെന്നു കാലിക്കറ്റ് സർവകലാശാല വീണ്ടും പറഞ്ഞുതരുന്നു. ഇപ്പോൾ നേടിയ ഈ വലിയ വിജയം കേരളത്തിലെ ഫുട്ബോൾ മൈതാനങ്ങൾക്ക് ആവേശം പകരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com