ADVERTISEMENT

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുരംഗമാണ് ഇപ്പോൾ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. എന്നാൽ, നാലു വൻ നഗരങ്ങളിൽ ഈ വേനൽക്കാലത്തുതന്നെ നടക്കുന്ന കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ പോരാട്ടത്തിനും പാർട്ടികൾ‌ ഒരുക്കം തുടങ്ങി. നഗരങ്ങളിലെ വോട്ടർമാരുടെ വികാരം പൊതുതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും എന്നതിനാൽ കരുതലോടെയാണു നീക്കങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വാശിയേറിയ പോരാട്ടങ്ങളും നേതാക്കളുടെ കൂറുമാറ്റങ്ങളുമാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. എങ്കിലും, ബിജെപിയടക്കമുള്ള കക്ഷികൾ രാജ്യത്തെ നാലു വൻനഗരങ്ങളിലെ തങ്ങൾക്കുള്ള വോട്ടുശേഖരം നിലനിർത്തുകയോ വർധിപ്പിക്കുകയോ ചെയ്യാനുള്ള ഭഗീരഥ പ്രയത്നത്തിലും കൂടിയാണ്. ഈ വേനൽക്കാലത്തുതന്നെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നീ മുനിസിപ്പൽ കോർപറേഷനുകളിൽ തിരഞ്ഞെടുപ്പു നടക്കും. ഇവയിലെല്ലാം കൂടി 20 ലോക്സഭാ മണ്ഡലങ്ങൾ മാത്രമേ വരുന്നുള്ളൂ. പക്ഷേ, നഗരങ്ങളിലെ വോട്ടർമാരുടെ വികാരം സംസ്ഥാനതലത്തിൽ മാത്രമല്ല, ദേശീയതലത്തിലും പൊതുതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഈ നഗരങ്ങളിൽ ചിലതിൽ വേഗത്തിൽ മാറിമറിഞ്ഞ രാഷ്ട്രീയസമവാക്യങ്ങൾ ഈ പ്രത്യേക താൽപര്യത്തിന് ആക്കം കൂട്ടുന്നു. 

ഡൽഹിയിലെ മൂന്നു പ്രധാന കോർപറേഷനുകളും നിലവിൽ ബിജെപിയുടെ നിയന്ത്രണത്തിലാണ്. മുംബൈ ദീർഘകാലമായി ശിവസേന ഭരിക്കുന്നു. ചെന്നൈ, ബെംഗളൂരു കോർപറേഷനുകളാകട്ടെ അതതു സംസ്ഥാന സർക്കാരുകൾ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാരാണു ഭരിക്കുന്നത്.മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പുകൾക്കു പ്രാദേശിക സ്വഭാവമാണുള്ളത്. പക്ഷേ, അഞ്ചു വർഷം മുൻപു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച ആം ആദ്മി പാർട്ടിയുടെ സ്വാധീനം ചെറുക്കാൻ ഡൽഹിയിലെ മൂന്നു കോർപറേഷനുകളിൽ പ്രചാരണത്തിന് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാ നേരിട്ടിറങ്ങുകയുണ്ടായി. 

ഹൈദരാബാദ് കോർപറേഷൻ തിര‍ഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി, കോൺഗ്രസ് എന്നീ കക്ഷികളുടെ മേധാവിത്വം തകർക്കാനായി ബിജെപിയുടെ ഒട്ടേറെ ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തി. ബിജെപി സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ഹൈദരാബാദിലെത്തിയാണു പ്രചാരണത്തിനു മേൽനോട്ടം വഹിച്ചത്. ടിആർഎസിനെ തോൽപിക്കാനായില്ലെങ്കിലും ബിജെപി ഹൈദരാബാദിൽ മുഖ്യ പ്രതിപക്ഷമായി.

പൊതു തിരഞ്ഞെടുപ്പുകൾക്കു ബിജെപി സ്വീകരിക്കുന്ന അതേ തയാറെടുപ്പുകൾ തന്നെ മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾക്കും വേണമെന്നത് അമിത് ഷായുടെ പ്രത്യേക നിർദേശമായിരുന്നു. നഗരങ്ങളിലെ സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ബിജെപി പ്രത്യേക സെല്ലുകൾക്കു രൂപം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലും ഡൽഹിയിലും ഭരണം നിലനിർത്താനാണു ബിജെപിയുടെ പോരാട്ടം. മുംബൈയിലാകട്ടെ ശിവസേനയെ വെല്ലുവിളിക്കാനും. ചെന്നൈയിൽ ഭരണകക്ഷിയായ ഡിഎംകെയുടെ മേധാവിത്വത്തിനു മുൻപിൽ പാർട്ടിക്കു കാര്യമായ പ്രതീക്ഷകളില്ല.

തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ ബിജെപിയെപ്പോലെ കേന്ദ്രീകൃത ശൈലിയല്ല കോൺഗ്രസ് പിന്തുടരുന്നത്. ഈ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ഹൈക്കമാൻഡ് ഇടപെടാറില്ല. പകരം സംസ്ഥാന, പ്രാദേശിക ഘടകങ്ങൾക്കു പൂർണ സ്വാതന്ത്ര്യം നൽകുന്നു. മുംബൈയിൽ ശിവസേനയുടെയും ചെന്നൈയിൽ ഡിഎംകെയുടെയും സഖ്യകക്ഷിയാകാൻ ഒരുങ്ങുന്ന കോൺഗ്രസിന്, ബെംഗളൂരു കനത്ത വെല്ലുവിളി ഉയർത്തുന്നു. ഡൽഹിയിലാകട്ടെ ബിജെപിയെ താഴെയിറക്കി ആം ആദ്മി പാർട്ടി അധികാരം പിടിക്കാനൊരുങ്ങുമ്പോൾ കോൺഗ്രസ് നിഴൽ മാത്രമാണ്. 

കഴിഞ്ഞ മാസം ചണ്ഡിഗഡ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി രണ്ടാം സ്ഥാനത്തെത്തിയതോടെ പാർട്ടി മേധാവി അരവിന്ദ് കേജ്‌രിവാൾ തന്റെ ഡൽഹി ടീമിനോടു രാജ്യതലസ്ഥാനത്തെ മൂന്നു കോർപറേഷനുകളിലും ശക്തമായ പോരാട്ടത്തിനുള്ള തയാറെടുപ്പുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ മൂന്നു കോർപറേഷനുകൾക്കുംകൂടി ആകെ 12,000 കോടി രൂപയുടെ ബജറ്റാണുള്ളത്. ഇവയെല്ലാം കൂടി നഗര സേവനങ്ങളുടെയും പൊതു വസ്തുവകകളുടെയും വലിയൊരു പങ്ക് സ്വന്തമാക്കി വച്ചിരിക്കുന്നു. എന്നാൽ, ന്യൂഡൽഹിയും കന്റോൺമെന്റും അടക്കം സുപ്രധാനമേഖലകൾ കേന്ദ്ര സർക്കാരിനു കീഴിലാണ്.

election

മുംബൈയിൽ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, വിപണികൾ എന്നിവയുടെ നിയന്ത്രണം കോർപറേഷനാണ്. ആകെ വാർഷിക ബജറ്റ് 39,000 കോടി രൂപ. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്താണ് ഏറ്റവും ഉയർന്ന വസ്തുനികുതി പിരിവും നടക്കുന്നത്. 236 അംഗ കോർപറേഷനിൽ 2017ലെ തിരഞ്ഞെടുപ്പിൽ 97 സീറ്റുകൾ ശിവസേനയും 82 സീറ്റുകൾ‍ ബിജെപിയും നേടിയെങ്കിലും 2019ൽ ഇരുകക്ഷികളും വേർപിരിഞ്ഞു. കോൺഗ്രസും (31) എൻസിപിയും (9) നൽകുന്ന പിന്തുണയോടെയാണു ശിവസേന ഭരണം തുടരുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര വികാസ് അഗാഡി എന്ന ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യത്തിനെതിരെ മുംബൈയിൽ ആദ്യമായി ബിജെപി ഒറ്റയ്ക്കാണു മത്സരിക്കുക. തനിച്ചു മത്സരിക്കണമെന്ന നിർദേശം ചില സേനാ നേതാക്കളും ഉയർത്തിയിട്ടുണ്ട്.

198 അംഗ ബെംഗളൂരു കോർപറേഷനിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണു നടക്കുക. ജനതാദൾ സെക്കുലർ ഏതാനും കേന്ദ്രങ്ങളിൽ സ്വാധീനശക്തിയാണ്. ഇന്ത്യയിലെ മറ്റു രണ്ടു വൻനഗരങ്ങളായ കൊൽക്കത്തയിലും അഹമ്മദാബാദിലും കഴിഞ്ഞ വർഷമാണു തദ്ദേശ തിരഞ്ഞെടുപ്പു നടന്നത്. കൊൽക്കത്തയിൽ തൃണമൂലും അഹമ്മദാബാദിൽ ബിജെപിയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.

Content highlighs: Municipal Corporation Election-2022, Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com