ADVERTISEMENT

സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വർഷത്തിലേക്കുള്ള അഭിമാനയാത്രയിലാണിപ്പോൾ ഭാരതം. ‘ഇതാ, സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഇന്ത്യ’ എന്നു ലോകത്തോടു വിളംബരം ചെയ്യാനുള്ള ആത്മവിശ്വാസം ഇതിനകം നാം നേടിക്കഴിഞ്ഞു. നമുക്കു കൈവന്ന സ്വാതന്ത്ര്യം അധികാരക്കൈമാറ്റം മാത്രമായിരുന്നില്ല; രാജ്യത്തിനുവേണ്ടി നമ്മുടെ മുൻമുറക്കാരും സ്വാതന്ത്ര്യസമരസേനാനികളും കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. സ്വാതന്ത്ര്യം എന്ന മഹനീയത സാധ്യമാക്കിയ ദീപ്തതാരങ്ങളിലൊരാളെ പ്രണാമങ്ങളോടെ ഓർമിക്കേണ്ട വേളയാണിത്; നാളെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125– ാം ജന്മവാർഷികം. രാജ്യസ്നേഹത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സമർപ്പിതമായ ലക്ഷ്യബോധത്തിന്റെയും പ്രതീകമാണു നേതാജിയുടെ ജീവിതം.  

പല വഴികളിലൊഴുകുന്ന നദികൾ ഒരുമിച്ചു മഹാസാഗരം തീർക്കുന്നതുപോലെയായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം; എത്രയോപേർ പലതരത്തിലും  അതിൽ പങ്കുചേർന്നു. മഹാത്മാ ഗാന്ധി പരീക്ഷിച്ചു വിജയിപ്പിച്ച സത്യഗ്രഹം, അസമത്വത്തിനും വിവേചനത്തിനും പാരതന്ത്യ്രത്തിനുമെതിരെ ലോകം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സഫലമായ സമരമാർഗമായി മാറിയതു ചരിത്രമാണ്. സ്വാതന്ത്ര്യത്തിനായി നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി ആവിഷ്കരിച്ചപ്പോൾ  നേതാജിയെപ്പോലുള്ളവർ പോരാട്ടവഴിയായിരുന്നു ലക്ഷ്യത്തിലെത്താൻ തിരഞ്ഞെടുത്തത്. 

ഗാന്ധിജിയുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷപദം വരെ രാജിവച്ചിട്ടുണ്ട് അദ്ദേഹം. ഫോർവേഡ്‌ബ്ലോക്ക് രൂപീകരിക്കുകയും ചെയ്തു. ആശയസംഘർഷമുണ്ടായിരുന്നെങ്കിലും ഗാന്ധിജിയെ എന്നും ആദരവോടെയാണ് അദ്ദേഹം കണ്ടത്. മഹാത്മാഗാന്ധിയെ ‘രാഷ്ട്രപിതാവ് ’ എന്ന് ആദ്യമായി വിളിച്ചതു നേതാജിയാണ്.  

subas-chandrabose
സുഭാഷ് ചന്ദ്രബോസ്

ഇന്ത്യൻ മണ്ണിൽനിന്നു ബ്രിട്ടിഷുകാരെ തുരത്താൻ ആയുധശക്‌തിതന്നെ പ്രയോഗിക്കണമെന്നും, ആ ശക്‌തി ഇന്ത്യയ്‌ക്കു വെളിയിലേ സംഘടിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സായുധശക്‌തികൊണ്ടു ബ്രിട്ടിഷ് സാമ്രാജ്യശക്‌തിയെ അദ്ദേഹത്തിനു വിറപ്പിക്കാനുമായി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിയെടുക്കാൻ വിദേശരാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം കരുതിയിരുന്നു. ഇന്ത്യയുടെ മോചനത്തിനുവേണ്ടി സിംഗപ്പൂരിൽ ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ, ആസാദ് ഹിന്ദ് ഫൗജ്) രൂപീകരിച്ചാണു നേതാജി പോരാട്ടത്തിനിറങ്ങിയത്. ബോസിന്റെ താൽക്കാലിക സർക്കാരിന്റെ (ആസാദ് ഹിന്ദിന്റെ) സൈന്യമായിരുന്നു ഐഎൻഎ. പിന്നെ, ബ്രിട്ടിഷ് സേനയ്ക്കെതിരായ പടപൊരുതലിന്റെ കാലം. അന്തിമവിജയം നേടാൻ പക്ഷേ നേതാജിക്കു കഴിഞ്ഞില്ല. 

അദ്ദേഹം ജീവിതത്തിൽ ആർക്കും പിടികൊടുത്തില്ല; മരണത്തിലും. നേതാജിയുടെ അന്ത്യം ഇന്നും ദുരൂഹമായി തുടരുന്നു. വിമാനാപകടത്തിൽ ബോസ് മരിച്ചില്ലെന്നും വേഷപ്രച്ഛന്നനായി പിന്നെയും ദീർഘകാലം ജീവിച്ചിരുന്നുവെന്നും വിശ്വസിക്കുന്ന എത്രയോപേരുണ്ട്. 

‘എനിക്കു രക്തം തരൂ, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം തരാം’ എന്നു പറഞ്ഞ് സ്വാതന്ത്ര്യകാംക്ഷികളുടെ സിരകൾക്ക് ആവേശം പകർന്ന നേതാജിയുടെ ജീവിതം ഈ സ്മൃതിവേളയിൽ കൂടുതൽ പ്രകാശമാനമാകുന്നു. സുഭാഷ് ചന്ദ്രബോസിന്റെ 125– ാം ജന്മവാർഷികാഘോഷത്തിനു കഴിഞ്ഞ ജന്മദിനത്തിലാണു സർക്കാർ തുടക്കമിട്ടത്. പ്രതിസന്ധികളെ ധൈര്യപൂർവം നേരിടാൻ ജനത്തെ പ്രചോദിപ്പിക്കാനും ദേശസ്നേഹം വളർത്താനുമുദ്ദേശിച്ചു നേതാജിയുടെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, സ്ത്രീശാക്തീകരണം എന്നീ തത്വങ്ങളിലായിരുന്നു ആ മഹനീയ ജീവിതത്തിന്റെ ആധാരശില. 

അഗ്നിപരീക്ഷണങ്ങളിലൂടെ സ്‌ഫുടംചെയ്‌ത ദേശസ്‌നേഹത്തിന്റെ പ്രതീകമാണു സുഭാഷ് ചന്ദ്രബോസ്. കാലാതീതമായ ആവേശജ്യോതിസ്സായി നേതാജിയുടെ ഓർമ എന്നും നമുക്കൊപ്പമുണ്ടാകട്ടെ.

അനീതിയുമായും അധർമവുമായും പൊരുത്തപ്പെടുന്നതാണ് ഏറ്റവും വലിയ പാതകം- സുഭാഷ് ചന്ദ്രബോസ് 

Content highlights: Netaji Subhas Chandra Bose 125th Birth Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com