ADVERTISEMENT

ഒരിക്കൽ വായ് വിട്ട വാക്കുകൾ തിരികെയെത്തി അണ്ണാക്കിൽ കുടുങ്ങി തുപ്പാനും ഇറക്കാനും വയ്യാത്ത പരുവത്തിലാണ് ഇപ്പോൾ ചില മുന്തിയ സഖാക്കൾ. ഓർമയില്ലേ അന്നു വാളയാറിൽ കുടുങ്ങി അങ്ങോട്ടും ഇങ്ങോട്ടുമില്ലാത്ത പരുവത്തിലായവർക്കു രണ്ടു കുല പഴവും ഇത്തിരി വെള്ളവുമായി പോയ എംപിമാരടക്കമുള്ള കോൺഗ്രസുകാരെ സഖാക്കൾ വിളിച്ചത് എന്തായിരുന്നു, മരണത്തിന്റെ  വ്യാപാരികൾ എന്ന്. അതിനു മുൻപ് ഒരു ഉസ്മാനെ ഓടിച്ചിട്ടു പിടിച്ച് ആകെ ഗുലുമാലാക്കിയില്ലേ? ഇപ്പോൾ അതിനെല്ലാം സഖാക്കൾ പ്രായശ്ചിത്തം ചെയ്യുന്ന കാലമാണ്. 

തിരുവനന്തപുരത്തെ ആ മെഗാ തിരുവാതിരക്കളി ആകെ കുളമാക്കി. ലോകമെങ്ങും കമ്യൂണിസം നിലനിൽക്കുന്നതിനു കാരണഭൂതൻ പിണറായി സഖാവുതന്നെ എന്നൊക്കെ പാടിപ്പുകഴ്ത്തി ആകെപ്പാടെ ജോറാക്കിയതായിരുന്നു. പക്ഷേ ദേ, കിടക്കുന്നു മന്ത്രി ശിവൻകുട്ടി അണ്ണനും കടകംപള്ളി അണ്ണൻ അടക്കം മറ്റു മൂന്ന് എംഎൽഎമാരും പിന്നെ ജില്ലാ സമ്മേളന പ്രതിനിധികൾ ഏറെപ്പേരും. കോവിഡിനു  കീഴടങ്ങിയ ശേഷം അവരാരും ഇനിയും തലപൊക്കിയിട്ടില്ല. ഇപ്പോൾ കോൺഗ്രസുകാരുടെ ഊഴമാണ്. അവരുടെ ചോദ്യം പൊളിറ്റിക്കലി കറക്ടും ആണ്. ആരാണ് മരണത്തിന്റെ വ്യാപാരികൾ? തിരുവനന്തപുരത്തെ തിരുവാതിരയും കോവിഡ് വ്യാപാരവും കഴിഞ്ഞാണു കാസർകോട്ടും തൃശൂരും ബാക്കി സമ്മേളനക്കളിക്ക്  ഇറങ്ങിയത്. അപ്പോൾ ദാ വരുന്നു, ഹൈക്കോടതിയുടെ ഇണ്ടാസ്. 

രാമർ പിള്ള ആരെന്നു ചോദിച്ചാൽ പുതുതലമുറയിലെ എല്ലാവരും അറിയണമെന്നില്ല. പച്ചിലയിൽനിന്നു പെട്രോൾ വികസിപ്പിച്ച പിള്ളയെന്നു കേട്ടാൽ സർവ പിള്ളാരും ചാടി എണീൽക്കും. അതൊരു അദ്ഭുത മാന്ത്രിക വിശേഷമായിരുന്നല്ലോ. മുറ്റത്തു നിൽക്കുന്ന പച്ചില പിഴിഞ്ഞെടുത്തു വണ്ടിയിൽ ഒഴിച്ചു നിലംതൊടാതെ ഓടുന്നതായിരുന്നു രാമറിന്റെ ഭാവിയിലേക്കുള്ള ഗ്രാമർ. സംഗതി പൊട്ടിപ്പൊളിഞ്ഞു പാളീസായെങ്കിലും രാമറിന്റെ പേരു കേൾക്കുമ്പോൾ ഇന്നും ഉൾപ്പുളകം അനുഭവിക്കുന്നവരുണ്ട്.

പിള്ളയെപ്പോലൊരു സംഗതി വികസിപ്പിച്ചെടുക്കാൻ സിപിഎമ്മും തീരുമാനിച്ചതായിരുന്നു. വൻമതിലിനുള്ളിൽനിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണയ്ക്കൊരു പുതിയ വകഭേദം കണ്ടെത്തണം. ചൈനാസ്നേഹം മൈക്കിൽ മാത്രം ഒതുങ്ങരുത്. അതിനൊരു ശക്തമായ അടയാളം വേണം. സൈപ്രസിൽ ഡെൽറ്റയും ഒമിക്രോണും ഒട്ടിച്ചേർന്ന് ഡെൽറ്റാക്രോൺ വകഭേദം ഉണ്ടായെന്നു ശ്രുതിയുണ്ട്. അതുപോലൊരെണ്ണം കേരളത്തിനും സ്വന്തമായി കണ്ടെത്തിയാലോ? കൊറോണയ്ക്കൊരു നന്ദിയുമാകാം, സ്വന്തമായൊരു വകഭേദവുമാകാം. ആശയം തട്ടുപൊളിപ്പൻ. രണ്ടാം തരംഗത്തിൽ ഡെൽറ്റ ചുഴലിയായപ്പോൾ രണ്ടാം പിണറായി സർക്കാർ ഭൂജാതമായി. ഡെൽറ്റ അതിനു കാരണഭൂതമായെന്നും ഐതിഹ്യമുണ്ടല്ലോ.  

തിരുവനന്തപുരം സമ്മേളനത്തിൽ വകഭേദം കണ്ടെത്താനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടു. പിബിയിലെ ബേബിയായ പ്രാക്കുളം ചെ ഗവാരയായിരുന്നു കാർമികൻ. തിരുവാതിരക്കളിയിലൂടെ പുതിയ വകഭേദത്തെ സൃഷ്ടിച്ചു. പേരും ഗംഭീരമായി– തിരുക്രോൺ. തിരുവിതാംകൂറിനെയും തിരുവാതിരക്കളിയെയും ഒരുപോലെ ഓർമിപ്പിക്കുന്ന നാമം. സമ്മേളനസ്ഥലം ഒമിക്രോൺ ക്ലസ്റ്ററായി മാറി. 

trivandrum-mega-thiruvathira
തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിര

ജില്ലാ സമ്മേളനങ്ങൾ ആൾക്കൂട്ടം സൃഷ്ടിക്കുന്നെന്നു പരാതികൾ ഉയർന്നെങ്കിലും നേതാക്കളുണ്ടോ ചലിക്കാൻ? എടുത്ത തീരുമാനവും ചെയ്ത ശപഥവും പിൻവലിക്കുന്നവരല്ല സിപിഎമ്മുകാർ. അവർ കാസർകോട്ടേക്കും തൃശൂരേക്കും കണ്ണുവച്ചു. ഒരു മാധ്യമപ്രവർത്തകൻ സിപിഎം നേതാവിനോടു ചോദിച്ചു: ഒമിക്രോൺ ഓടിച്ചാടിക്കളിക്കുമ്പോൾ അതിനിടയിൽ സമ്മേളനം നടത്തിയേ അടുങ്ങൂവെന്ന വാശിയെന്തിന്?. എറണാകുളത്തെ സംസ്ഥാന സമ്മേളനത്തെയും കണ്ണൂരിലെ പാർട്ടി കോൺഗ്രസിനെയും ബാധിക്കില്ലേ? അതും ഇത്തിരി നീട്ടിവച്ചാലോ? സംശയത്തിനു സഖാവിന്റെ  മറുപടി കേമമായി! അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു വരികയല്ലേ? സമ്മേളനം നീട്ടിയാൽ അവിടങ്ങളിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണം വെള്ളത്തിലാകില്ലേ? യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ, പഞ്ചാബ് എന്നിവിടങ്ങളിൽ പാർട്ടിയുടെ വേരു പാതാളത്തോളം വളഞ്ഞു പുളഞ്ഞു കിടക്കുകയും ശിഖരങ്ങൾ ബഹിരാകാശത്തോളം ഉയർന്നു നിൽക്കുകയുമല്ലേ !

തള്ളിനോക്കി; പിന്നെ സ്വയം തള്ളിക്കളഞ്ഞു

മതങ്ങളിലേക്കു ചുരുങ്ങിയാൽ ചൊറിയുകയും മനുഷ്യരിലേക്കു പടർന്നാൽ മധുരിക്കുകയും ചെയ്യുന്നതാണു കമ്യൂണിസ്റ്റ് നയത്തിന്റെ കാതലെന്നു ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് ചൊറിയൻ ചേമ്പും മധുരക്കിഴങ്ങും സമാസമം ചേർന്ന കോക്ടെയ്ൽ. വർഗീയത പണ്ടേ പടിക്കും പാഠത്തിനും പുറത്താണ്. പക്ഷേ, വേണ്ട സമയത്ത് ഇതെല്ലാം എടുത്ത് ഉപയോഗിക്കും. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ ബ്രാഹ്മിൻ ബോയ്സ് പാർട്ടിയെന്ന് അംബേദ്കർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ചരിത്രം ചികഞ്ഞ് ചിലർ പറയും. അതൊന്നും പക്ഷേ, പാർട്ടിയെ ബാധിക്കുന്നേയില്ല. ഉന്നതകുല ജാതരെ ഉയരങ്ങളിൽ ഇരുത്തി താഴെത്തട്ടിലുള്ളവരെ നവീകരിക്കുക; താഴെത്തട്ടിലുള്ളവർ കൊടിപിടിച്ചും ഇടി വാങ്ങിയും വലിച്ചു മരിക്കുക. സമീപനം എത്ര ലളിതം. 

വർഗീയത തരംപോലെ പ്രയോഗിക്കുന്നതിൽ കോടിയേരി സഖാവിനെ കണ്ടു പഠിക്കണം. എന്തിന്, വർഗീയ സംഘടനകൾക്കു വരെ ആ തിരുമുഖത്തുനിന്നു പകർത്തിയെടുക്കാൻ പലതുമുണ്ട്. കോടിയേരി സഖാവ് ഒരു മെഗാഫോൺ ആണെന്നും പറയാം. പാർട്ടി തീരുമാനം സഖാവ് ഭംഗിയായി പുറത്തു വിളമ്പുന്നു. പകർത്തിവയ്ക്കുകയല്ല. സഖാവിന്റേതായ ചില രസ,രസികത്വങ്ങൾ കൂടി ചേർക്കും. 

Kodiyeri-Balakrishnan-1248-16
കോടിയേരി ബാലകൃഷ്ണൻ

ഇനി വർഗീയതയ്ക്കാണു വിൽപനസാധ്യതയെന്ന് അടുത്തകാലത്ത് ആദ്യം കണ്ടെത്തിയതു പിണറായി സഖാവാണെന്ന് എതിരാളികൾ പറയും. കോൺഗ്രസിനെ ലീഗ് നേതൃത്വത്തിന് അടിയറ വച്ചിരിക്കുന്നുവെന്നു വല്യസഖാവ്  ആശങ്കപ്പെട്ടത് ഉള്ളിൽ തട്ടിയായിരുന്നല്ലോ. പിന്നാലെയാണു കുഞ്ഞൂഞ്ഞൂം കുഞ്ഞുമാണിയും കുഞ്ഞാപ്പയും മാത്രമുള്ള യുഡിഎഫ് എന്നു കോടിയേരി തള്ളിമറിച്ചത്. അന്നൊക്കെ കോൺഗ്രസിൽനിന്നു പ്രത്യേകിച്ചു പ്രതിരോധങ്ങൾ ഉണ്ടായില്ല. തമ്മിലടിച്ചു തീർന്നിട്ടു വേണ്ടേ പുറത്തുനിന്നുള്ള ആക്രമണങ്ങൾക്കു മറുപടി പറയാൻ? അന്നൊക്കെ അടിച്ചതു വിറ്റുപോയതിന്റെ ചങ്കൂറ്റത്തിലാണ് കോടിയേരി സഖാവ് പുതിയൊരു കണ്ടെത്തലുമായി ഇറങ്ങിയത്. സംഗതി പക്ഷേ ചീറ്റിയെന്നു മാത്രമല്ല, ഏറെക്കുറെ തിരിച്ചടിക്കുകയും ചെയ്തു. 

കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളിൽ നിന്ന് ആളില്ലാത്തതാണു കോടിയേരിയെ ഇത്തവണ വിഷമിപ്പിച്ചത്. കോൺഗ്രസിലെ വിവരമുള്ളവരാകെ തിരിച്ചടിച്ചു കോടിയേരിയെ കൈകാര്യം ചെയ്തു. സിപിഎം ആകെ ഭരിച്ചിട്ടുള്ള മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ ഒരാൾ പോലുമില്ല ന്യൂനപക്ഷത്തുനിന്നുള്ളവർ. പാർട്ടി സെക്രട്ടറിമാരുടെ സ്ഥിതിയും അതു തന്നെ. കോൺഗ്രസിലാകട്ടെ ഉയരങ്ങളിലെത്തിയ ന്യൂനപക്ഷ നേതാക്കൾ ഒട്ടേറെ. സാധാരണ കുതിര കയറുന്നതുപോലെയെന്നു ധരിച്ച കോടിയേരി കോൺഗ്രസുകാരുടെ വീര്യം കണ്ടു. ഒടുവിൽ മുരളീധരന്റെ കമന്റിലാണു സഖാവ് ആകെ അന്ധാളിച്ചത്. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ പിണറായിക്കു വേണ്ടിയുള്ള കോടിയേരിക്കളികൾ!. മുരളിയുടെ കുത്തിന്റെ ആഴം വർഗീയതയുടെ പശ്ചാത്തല ഭംഗിയിൽ പലർക്കും ബോധ്യപ്പെട്ടു. 

ഭൂരിപക്ഷത്തിന്റെ വോട്ടു കൊണ്ടു മുന്നോട്ടുപോകുന്ന പാർട്ടിക്ക് ഈ ആരോപണം താങ്ങാനാകുമോ? ബോധമുള്ള നേതാക്കൾ കോടിയേരിയെ തള്ളി. അതിനു മുൻപേ കോടിയേരി സ്വന്തം തള്ളിനെ തള്ളിക്കളഞ്ഞു കൂട്ടിൽ കയറിക്കഴിഞ്ഞുവെന്നു വിമർശനപടുക്കൾ. 

സ്റ്റോപ് പ്രസ്

കെ റെയിലിനെതിരെ കവിതയെഴുതിയ 

റഫീക്ക് അഹമ്മദിനെതിരെ 

സൈബർ ആക്രമണം.

എഴുതുന്നെങ്കിൽ തിരുവാതിരപ്പാട്ടെഴുതണം.

Content highlights: CPM Mega-Thiruvathira Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com