കേര കർഷകരെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില ഇടിയുന്നതു കേരളത്തിന്റെയാകെ ആശങ്കയാവുകയാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച താങ്ങുവിലയ്ക്കു താഴെയാണു സംസ്ഥാനത്തു കൊപ്രയുടെയും പച്ചത്തേങ്ങയുടെയും വില. കോവിഡ് സ്തംഭനം മറികടന്ന് വിപണി സജീവമായിവരുമ്പോൾ വില താഴേക്കു പതിക്കുന്നതു നമ്മുടെ കർഷകരെ കൂടുതൽ കടക്കെണിയിലാക്കുന്നു.
പാലക്കാട് കമ്പോളത്തിൽ പച്ചത്തേങ്ങയ്ക്കു ശനിയാഴ്ച കിലോയ്ക്ക് 28 രൂപയായിരുന്നു മൊത്തവില; ചില്ലറ വില 30 രൂപയും. വടകര കമ്പോളത്തിൽ ശനിയാഴ്ച മിൽ കൊപ്ര കിലോയ്ക്ക് 97 രൂപയായിരുന്നു വില. കേന്ദ്ര സർക്കാർ കൊപ്രയ്ക്കു കഴിഞ്ഞ മാസം പുതുക്കി നിശ്ചയിച്ച താങ്ങുവില കിലോയ്ക്ക് 105.90 രൂപയാണ്; സംസ്ഥാന സർക്കാർ പച്ചത്തേങ്ങയ്ക്കു നിശ്ചയിച്ചിരിക്കുന്ന താങ്ങുവില കിലോയ്ക്ക് 32 രൂപയും. സർക്കാർ നിശ്ചയിച്ച താങ്ങുവിലയിൽ താഴെ വിലയെത്തിയാൽ സംഭരണം ആരംഭിക്കണമെന്നാണു നിർദേശം.
പച്ചത്തേങ്ങയുടെ വില താങ്ങുവിലയിലും താഴെയെത്തിയതോടെ കൃഷി വകുപ്പ് ഇടപെടുകയും ഈ മാസം 5 മുതൽ കേരഫെഡ് മുഖേന സംസ്ഥാനത്തു പച്ചത്തേങ്ങ സംഭരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, കൊപ്രയ്ക്കു കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവിലയിലും താഴെയെത്തി ഒരു മാസം കഴിഞ്ഞിട്ടും കൊപ്ര സംഭരണം ആരംഭിക്കാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ സംഭരണ ഏജൻസിയായ നാഷനൽ അഗ്രികൾചറൽ കോ–ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) മുഖേനയാണു സംസ്ഥാനത്തു കൊപ്ര സംഭരിക്കേണ്ടത്. ഇക്കാരണത്താൽ കേരളത്തിലെ നാളികേര കർഷകർ വൻ പ്രതിസന്ധിയിലാണ്. കേന്ദ്ര നിർദേശം ലഭിച്ചാൽ മാത്രമേ സംസ്ഥാനത്തു കൊപ്ര സംഭരണം ആരംഭിക്കാൻ നാഫെഡിനു കഴിയൂ.

കൊപ്ര സംഭരണം അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സർക്കാരിനു രണ്ടാഴ്ച മുൻപു കത്തെഴുതിയിരുന്നു. ഒരാഴ്ച മുൻപു സംസ്ഥാന കൃഷി സെക്രട്ടറി കേന്ദ്രത്തിനു വിശദമായ ശുപാർശ നൽകിയിട്ടും കൊപ്ര സംഭരണത്തിന് അനുമതി നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം തുടരുമ്പോൾ കൊപ്ര സംഭരണം കീറാമുട്ടിയാകുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ, കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന്റെ തോതു തിട്ടപ്പെടുത്തി, ആ തുകകൂടി സംഭരണ തുകയോടൊപ്പം അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ പ്രത്യേകം അഭ്യർഥിച്ചിട്ടുണ്ട്. ഇതിനും കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല.
ഒന്നര മാസം മുൻപ് ക്വിന്റലിനു 14,000 രൂപ ഉണ്ടായിരുന്ന മിൽ കൊപ്രയുടെ വില ഇപ്പോൾ ക്വിന്റലിന് 9700 രൂപയായി കുറഞ്ഞു. ഇതനുസരിച്ചു മറ്റു കൊപ്ര ഉൽപന്നങ്ങൾക്കും വില ഇടിഞ്ഞിട്ടുണ്ട്. ഉണ്ട കൊപ്രയുടെയും കൊട്ടത്തേങ്ങയുടെയും വിലയും താഴേക്കാണ്.
കേരളത്തിൽ ഇത്തവണ ഉൽപാദനം വൻതോതിൽ കൂടിയതാണു പച്ചത്തേങ്ങവില ഇടിയാൻ കാരണമെന്നു കർഷകർ പറയുന്നു. കൊപ്രയുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ഇൗ സ്ഥിതി തുടർന്നാൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണു കർഷകരുടെ ആശങ്ക. കൊപ്ര കച്ചവടക്കാർക്കു പിടിച്ചുനിൽക്കാൻതന്നെ പ്രയാസമായ സാഹചര്യമാണുള്ളത്.

പച്ചത്തേങ്ങ സംഭരിക്കുന്നതിനു കേരഫെഡ് നിശ്ചയിച്ച മാനദണ്ഡങ്ങൾ കർഷകർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്. റവന്യു–കൃഷി ഓഫിസുകളിൽനിന്നു രേഖകളും മറ്റും സംഘടിപ്പിക്കാൻ കാലതാമസമുണ്ടാകുന്നതായും കർഷകർ പരാതിപ്പെടുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തു പച്ചത്തേങ്ങ സംഭരണം ഇതുവരെ പൂർണതോതിലായിട്ടില്ല.
സംസ്ഥാനത്തു സഹകരണ സംഘങ്ങൾ വഴിയുള്ള കൊപ്ര സംഭരണം സ്ഥിരം സംവിധാനമാക്കുമെന്നുള്ള കൃഷി വകുപ്പിന്റെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. ഇതിനായുള്ള തുടർനടപടികൾ സംസ്ഥാന കൃഷി വകുപ്പിൽനിന്നുണ്ടാകണം. നാഫെഡ് മുഖേന കേരളത്തിലെ കർഷകരിൽനിന്നു കൊപ്ര സംഭരിക്കുന്നതിനു കേന്ദ്ര സർക്കാർ ഇനിയും മടിച്ചുനിൽക്കരുത്. സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കുകയും വേണം. സങ്കീർണമായ ഈ പ്രതിസന്ധിയിൽ കേര കർഷകർക്കു കൈത്താങ്ങാകാനുള്ള നടപടികൾ കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽനിന്ന് അടിയന്തരമായി ഉണ്ടായേതീരൂ.
English Summary: The Central Government should take immediate action for copra procurement