ADVERTISEMENT

ഈ റിപ്പബ്ലിക് ദിനത്തിന്റെ അഭിമാനവേളയിൽ കേരളത്തിന്റെ ഒരു സുവർണമുഹൂർത്തം കൂടി ചേർത്തുവയ്ക്കുകയാണ് നാം – ഇടുക്കി ജില്ലയ്ക്ക് ഇന്ന് അൻപതു വയസ്സു തികയുന്നു. ഇപ്പോഴും പിടിമുറുക്കുന്ന പരിമിതികളെ തോൽപിച്ച്, സമഗ്രവികസനത്തിന്റെ മുന്നേറ്റം എത്രയും വേഗം സാധ്യമാക്കുക എന്നതുതന്നെയാണ് ഇടുക്കിയുടെ സുവർണ ജൂബിലി സ്വപ്നം.

കേരളത്തിനു വേണ്ട വൈദ്യുതിയിൽ പകുതിയിലേറെയും ഉൽപാദിപ്പിക്കുന്ന ഇടുക്കി സംസ്ഥാനത്തെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ്. മൂന്നാറും തേക്കടിയും വിനോദസഞ്ചാര മേഖലയിൽ ചാർത്തുന്ന കയ്യെ‍ാപ്പിന്റെ അഴക് അനന്യമാകുന്നു. തേയില, ഏലം, കുരുമുളക് എന്നിവയുടെ ഉൽപാദനത്തിലൂടെ ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന ജില്ലകൂടിയാണ് ഇടുക്കി. അതേസമയം, അടിസ്ഥാന വികസന പ്രശ്നങ്ങൾ പിറവിയുടെ അൻപതാം വർഷത്തിലും ഇടുക്കിയെ സങ്കടപ്പെടുത്തുന്നു.

കർഷകരുടെ നിലനിൽപ് ഇടുക്കി നേരിടുന്ന പ്രധാന ആശങ്കയാണ്. ഉൽപന്നങ്ങളുടെ വിലത്തകർച്ചയും വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും മൂലം പൊറുതിമുട്ടുകയാണ് ഈ മലയോര ജില്ലയിലെ കർഷകർ. ഏലത്തിന്റെ വിലയിടിവു പരിഹരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളും സ്പൈസസ് ബോർഡും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മറ്റു കാർഷികോൽപന്നങ്ങൾക്കും വിലയിടിയുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാഭരിതമാണ്. കാട്ടാനയും കാട്ടുപന്നിയും മറ്റു വന്യമൃഗങ്ങളും ഇടുക്കിക്കാരുടെ പേടിസ്വപ്നമായി തുടരുന്നു. ഗാഡ്ഗിൽ–കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിൽ ഇടുക്കിക്കാർക്കുള്ള ആശങ്കയും പരിഹരിക്കപ്പെടേണ്ടതുണ്ട്.

നരിയമ്പാറ മലമുകളിൽ ദേവസ്വം ബോർഡ് കോളജ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് ഇന്ന് അവശേഷിക്കുന്ന ഭിത്തികൾ.
നരിയമ്പാറ മലമുകളിൽ ദേവസ്വം ബോർഡ് കോളജ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് ഇന്ന് അവശേഷിക്കുന്ന ഭിത്തികൾ.

പ്രാഥമിക സൗകര്യങ്ങൾപോലും ഇല്ലാത്ത ആദിവാസി കോളനികൾ ഇപ്പോഴും ഇടുക്കിയിലുണ്ടെന്നതു കേരളത്തിന്റെ ഗൗരവശ്രദ്ധയിലെത്തേണ്ടതല്ലേ? ഇവർക്കായി വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഇനിയും വൈകിക്കൂടാ. പെ‍ാതുജനാരോഗ്യ മേഖലയുടെ പരിമിതികളും വീർപ്പുമുട്ടിക്കുന്നുണ്ട്. ഇടുക്കി പൈനാവിൽ സർക്കാർ മെഡിക്കൽ കോളജുണ്ടെങ്കിലും വിദൂരമേഖലകളിൽനിന്നു രോഗികൾക്ക് ഇവിടെ എത്തിച്ചേരാൻ മണിക്കൂറുകൾ വേണ്ടിവരുന്നതു ഗൗരവമുള്ള കാര്യമാണ്. ജില്ലയുടെ വിവിധ മേഖലകളിൽ അവശ്യ ചികിത്സകൾക്കുതകുന്ന ആശുപത്രികൾ സജ്ജീകരിക്കണം.

ഭൂപ്രശ്നങ്ങൾ ജില്ലയെ വലയ്ക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഭൂപതിവു ചട്ട ഭേദഗതിയും പട്ടയ വിതരണത്തിന്റെ പൂർത്തീകരണവുമെല്ലാം ജില്ലയുടെ കാലങ്ങളായുള്ള ആവശ്യങ്ങളാണ്. ട്രെയിനിന്റെ ചൂളംവിളി ജില്ലയിൽ മുഴങ്ങുമോ എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരമായിട്ടില്ല. വിദ്യാഭ്യാസ മേഖലയിൽ ഇടുക്കി ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത ഒട്ടേറെ മേഖലകൾ ജില്ലയിൽ ഇപ്പോഴും ബാക്കിയുണ്ടെന്നത് ഓൺലൈൻ ക്ലാസുകളെ ബാധിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളുടെ ആഘാതത്തിൽനിന്ന് ഇനിയും കരകയറാൻ സാധിക്കാത്ത ജില്ലയാണ് ഇടുക്കി. ദുരന്ത മുന്നറിയിപ്പു സംവിധാനങ്ങളും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുള്ള സ്ഥിരംസജ്ജീകരണവും ഇവിടെ ഉണ്ടാകേണ്ടതുണ്ട്. വിനോദസഞ്ചാര ഭൂപടത്തിൽ ഇടുക്കിക്കു പ്രമുഖ സ്ഥാനമാണെങ്കിലും ഇതനുസരിച്ച് ഇടുക്കിയുടെ റോഡുകൾ വികസിച്ചിട്ടുമില്ല.

ഇടുക്കി ഡാം (ഫയൽ ചിത്രം)
ഇടുക്കി ഡാം (ഫയൽ ചിത്രം)

ജില്ലയുടെ രൂപീകരണം മുതൽ വികസനത്തിന്റെ പടവുകളിലൊക്കെയും ഇടുക്കിക്കു കൂട്ടായിനിൽക്കാൻ മലയാള മനോരമ ശ്രമിച്ചിട്ടുണ്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിക്കുവേണ്ടി വർഷങ്ങൾക്കുമുൻപേ ശബ്‌ദമുയർത്തുകയും പദ്ധതി യാഥാർഥ്യമാക്കാൻ നിരന്തരം പൊരുതുകയും ചെയ്തത് മനോരമയുടെ അഭിമാന സ്മൃതിയാണ്. ഇടുക്കിയുടെ ആവശ്യങ്ങൾക്കൊപ്പം എന്നും ഉണ്ടാവുമെന്ന ഉറപ്പ് ഈ സന്തോഷവേളയിൽ ഹൃദയപൂർവം ആവർത്തിക്കട്ടെ.

കേരളത്തിന്റെ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു വലിയ കൈത്താങ്ങു നൽകുന്ന ജില്ലയാണെങ്കിലും അത്യന്തം ദുഷ്‌കര സാഹചര്യങ്ങളെ ഇടുക്കിക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത് സംസ്ഥാനത്തിന്റെ മുഴുവൻ ആകുലതയാകേണ്ടതുണ്ട്. ഈ ജില്ലയുടെ വികസനത്തിനായി ബജറ്റുകളിൽ പെയ്യുന്ന പാക്കേജ് മഴ എത്രത്തോളം നടപ്പാകുന്നുവെന്നു ഭരണാധികാരികൾ ആലോചിക്കാറില്ലെങ്കിലും ഇടുക്കിക്കാർക്ക് അതിന്റെ വിഫലത ഇതിനകം പരിചിതമായിക്കഴിഞ്ഞു. പെ‍ാള്ളയായ വാഗ്ദാനങ്ങൾക്കും തുടർനടപടികളില്ലാത്ത പാക്കേജുകൾക്കുമപ്പുറത്ത്, സമഗ്രവികസനത്തിനായി കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ സജീവ ഇടപെടലാണ് ഇടുക്കി ആഗ്രഹിക്കുന്നത്.

idukki3

English Summary: Idukki Celebrates 50th birth Anniversary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com