പ്രത്യയശാസ്ത്ര ശാഠ്യമില്ല; ഇനി വികസനക്കൊടി

HIGHLIGHTS
  • സിപിഎമ്മിലെ മാറ്റത്തിന്റെ വിളംബരമായി മുഖ്യമന്ത്രിയുടെ നയരേഖ
  • പാർട്ടിയിൽ എതിർപ്പുകളടങ്ങിയത് കാര്യങ്ങൾ എളുപ്പമാക്കി
pinarayi-vijayan
കൊച്ചിയിൽ സിപിഎം സംസ്ഥാന സമ്മേളനത്തിലെ യോഗത്തിനുശേഷം പുറത്തേയ്ക്കു വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ
SHARE

പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ മാറ്റിവച്ച് വികസനത്തിനു മുൻതൂക്കം നൽകുന്ന പ്രായോഗിക രാഷ്ട്രീയ സമീപനത്തിലേക്കു സിപിഎം സ്വയം മാറുന്നതിന്റെ പ്രഖ്യാപനമായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ. തൊഴിലാളി വർഗത്തിന്റെ കാഴ്ചപ്പാടിൽ സമൂലമാറ്റം വരണമെന്ന നിർദേശവും നിക്ഷേപം സംബന്ധിച്ചുള്ള കടുംപിടിത്തം ഉപേക്ഷിക്കുന്നതുമാണ് പ്രധാന ചുവടുമാറ്റം.

മാറുന്ന സമൂഹത്തിനു പ്രചോദനമായി മുന്നിൽ നടക്കേണ്ടിയിരുന്ന പാർട്ടി 10 വർഷമെങ്കിലും പിറകിലാണെന്ന വിമർശനം വൈകിയാണെങ്കിലും ഉൾക്കൊള്ളുന്നതായി നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്.

സമരം യാന്ത്രികമായി ചെയ്യേണ്ടതല്ലെന്ന യാഥാർഥ്യവും ഉൾക്കൊണ്ടു. കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ കഴിയാതിരിക്കുന്നതിനു തൊഴിൽ സമരങ്ങൾ കാരണമായിട്ടുണ്ടെന്ന തിരിച്ചറിവും കൈവന്നു. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കേരള വികസനത്തിനു നയം രൂപീകരിക്കാനായി 2 രേഖകൾ സംസ്ഥാന സമിതിയിൽ കൊണ്ടുവന്നിരുന്നു. അതു നടപ്പാക്കുന്നതിൽ വിഎസ് താൽപര്യം കാണിച്ചില്ലെന്നു മാത്രമല്ല, അതെല്ലാം മാറ്റിവയ്ക്കുകയും ചെയ്തു. വിഎസ് ഇല്ലാത്ത സമ്മേളനത്തിലാണ് പുതിയ കാഴ്ചപ്പാട് അംഗീകരിക്കപ്പെടുന്നത് എന്നതു ശ്രദ്ധേയമാണ്. പാർട്ടിയും ഭരണവും പിണറായിയുടെ നിയന്ത്രണത്തിലായതോടെ വികസനത്തിനായി പ്രത്യയശാസ്ത്ര ഭാരം ഇറക്കിവയ്ക്കുന്നതിൽ തെറ്റില്ലെന്ന ചിന്തയിലേക്ക് പാർട്ടിയാകെ മാറി. അച്യുതാനന്ദന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും ശക്തി ചോർന്നതോടെ കാര്യങ്ങൾ എളുപ്പമായി.

ഏതു വികസനത്തെയും കണ്ണടച്ച് എതിർക്കുകയെന്നതായിരുന്നു സിപിഎമ്മിന്റെ പഴയ രീതി. നയവ്യതിയാനമുണ്ടായപ്പോഴെല്ലാം തിരുത്തൽ ശക്തിയെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം പാർട്ടിയിൽ ഉണ്ടായിരുന്നു. അതാണ് പിണറായി വിജയന്റെ നിലപാടുകൾ ഇതിനു മുൻപ് അംഗീകരിക്കപ്പെടാതെ പോയതിനു കാരണം.

സ്വകാര്യ മൂലധനത്തെയോ വിദേശ മൂലധന നിക്ഷേപത്തെയോ കണ്ണടച്ച് എതിർക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരുന്നെങ്കിലും എന്തിനും ഏതിനും തടസ്സവാദങ്ങൾ ഉയർത്തിയുള്ള എതിർപ്പ് പാർട്ടിയിൽനിന്നു തന്നെ ഉയർന്നിരുന്നു. സംസ്ഥാന താൽപര്യങ്ങളെ ഹനിക്കുന്ന നിക്ഷേപങ്ങൾ പാടില്ലെന്ന നയമാണ് സിപിഎമ്മിന്. എന്നാൽ എല്ലാ നിക്ഷേപങ്ങൾക്കു പിന്നിലും ചരടുകളുണ്ടെന്ന എതിർവാദം പാർട്ടിക്കകത്തു തന്നെ ഉയർന്നിരുന്നു. ഇതാണ് സിപിഎമ്മിന്റെ മനംമാറ്റം വൈകിപ്പിച്ചത്.

യന്ത്രവൽക്കരണം, കംപ്യൂട്ടർവൽക്കരണം, സ്വാശ്രയ വിദ്യാഭ്യാസം, പൊതു–സ്വകാര്യ പങ്കാളിത്തം, എക്സ്പ്രസ് ഹൈവേ എന്നുവേണ്ട സകലതിനെയും എതിർക്കുന്നതായിരുന്നു ഒരുകാലത്ത് സിപിഎം രീതി.

ശാസ്ത്ര–വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റാൻ പൊതുതാൽപര്യം ഹനിക്കാത്ത ഏതു മൂലധനവും ആവാമെന്ന നിലപാടാണ് ഇപ്പോൾ അംഗീകരിക്കപ്പെടുന്നത്. അടിസ്ഥാന വർഗത്തിന് പരിഗണന നൽകുന്നതോടൊപ്പം ആധുനിക സമൂഹത്തെ തൃപ്തിപ്പെടുത്തുന്ന സമീപനം കൂടിയില്ലെങ്കിൽ തുടർച്ചയായ ഭരണമെന്ന ആഗ്രഹം നടക്കില്ലെന്നാണു വിലയിരുത്തൽ.

പാർട്ടിയിൽ, നയവ്യതിയാനം ചൂണ്ടിക്കാട്ടി എതിർപ്പുകൾ ഉയർത്തിയിരുന്നവരുടെ ചിറകരിയപ്പെട്ടതോടെ കൂടുതൽ കാറ്റും വെളിച്ചവും കടക്കുന്ന തരത്തിലേക്ക് സിപിഎം പരിവർത്തനപ്പെടുകയാണ്. അനാവശ്യ സമരങ്ങളുണ്ടാക്കാത്ത, തൊഴിൽ പ്രശ്നങ്ങളുയർത്താത്ത, പാർട്ടി നിലപാടിനൊത്തു സഞ്ചരിക്കുന്ന പുതിയ സിഐടിയുവിനെയാണ് നവകേരളത്തിനായി പിണറായി യുഗത്തിൽ സിപിഎം ആഗ്രഹിക്കുന്നത്.

ചില നേതാക്കൾ കടമ നിർവഹിക്കുന്നില്ലെന്ന് ആക്ഷേപം

സിപിഎം സമ്മേളന ചർച്ചയിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനം കനത്തു. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലർ കടമ നിർവഹിക്കുന്നില്ലെന്നു സെക്രട്ടറി തന്നെ ചൂണ്ടിക്കാട്ടിയതു ഗുരുതരമാണ്. എളമരം കരീമും കെ.രാധാകൃഷ്ണനും കെ.കെ.ശൈലജയും എന്തുകൊണ്ടാണ് അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗങ്ങളിൽനിന്നു പലപ്പോഴും വിട്ടുനിൽക്കുന്നതെന്ന് കാസർകോട്ടുനിന്നുള്ള കെ.വി.കു‍ഞ്ഞിരാമൻ ചോദിച്ചു.

ആലപ്പുഴയിലും പാലക്കാടും വിഭാഗീയത രൂക്ഷമാണെന്നു റിപ്പോർട്ടിൽ സമ്മതിച്ച സ്ഥിതിക്ക് അതു തടയാൻ സംസ്ഥാന സെന്റർ എന്തു ചെയ്തെന്ന ചോദ്യം ഉയർന്നു. സഹകരണ വകുപ്പിന്റെ പാർട്ടി സബ്കമ്മിറ്റി കാര്യക്ഷമമല്ലെന്നായിരുന്നു മറ്റൊരു വിമർശനം.

മുഖ്യമന്ത്രിക്ക് സ്തുതി

മുഖ്യമന്ത്രി സ്തുതികളും ചർച്ചയിൽ ഉയർന്നു. കോവിഡ് രൂക്ഷമായത് എല്ലാവരെയും അങ്കലാപ്പിലാക്കിയപ്പോൾ മുഖ്യമന്ത്രി ആരംഭിച്ച പത്രസമ്മേളനങ്ങളാണു ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്. മുഖ്യമന്ത്രി ഇറങ്ങിയതോടെയാണ് ശങ്കിച്ചുനിന്ന പാർട്ടി കൂടെ ഇറങ്ങിയതെന്ന് ഒരു പ്രതിനിധി വിലയിരുത്തി.

English Summary: State conference: CPM to more practical on developments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS