ADVERTISEMENT

തുടർച്ചയായ ഭരണമെന്ന അഭിലാഷത്തിനൊപ്പം അതിലേക്കു നയിക്കുന്ന 25 വർഷത്തെ കേരള വികസനരേഖയും മുന്നോട്ടുവച്ചാണ് സിപിഎം സംസ്ഥാനസമ്മേളനം സമാപിച്ചത്. ഇത്രത്തോളം മുന്നോട്ടുചിന്തിക്കാൻ പാർട്ടി തയാറായതു സ്വാഗതാർഹമാണ്. ‘പുതിയ കാലം പുതിയ നയം’ എന്ന മുദ്രാവാക്യത്തോടെ 25 വർഷത്തേക്കുള്ള കേരള വികസനത്തിന്റെ കാഴ്ചപ്പാടാണു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചത്. 

തികച്ചും ‘യു ടേൺ’ എന്നു പറയാവുന്ന നയതീരുമാനങ്ങളും സംസ്ഥാനസമ്മേളനം മുന്നോട്ടുവയ്ക്കുന്നു. ഇതല്ലേ തങ്ങൾ പണ്ടേ പറഞ്ഞതെന്ന് എതിരാളികൾ ചോദിച്ചേക്കാമെങ്കിലും മാറാനുള്ള മനസ്സ് കാണാതിരിക്കേണ്ടതില്ല. അടിസ്ഥാനസൗകര്യ വികസനമേഖലയിലടക്കം വിദേശ നിക്ഷേപം സ്വീകരിക്കാൻ സമ്മേളനം ഭരണനേതൃത്വത്തിനു പച്ചക്കൊടി കാട്ടി. എഡിബി വായ്പ ഉൾപ്പെടെയുള്ള വിദേശ ധനസഹായത്തോട് ഇതുവരെ പുലർത്തിപ്പോന്ന നിലപാടിൽനിന്നു സിപിഎം വെട്ടിത്തിരിയുന്നു. സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കടക്കം വിദേശനിക്ഷേപം സ്വീകരിക്കുന്നതിനു താത്വിക പ്രതിബന്ധം വേണ്ടെന്നും തീരുമാനിച്ചിരിക്കുന്നു. 

പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ വൻകിട ഉന്നതവിദ്യാഭ്യാസ– ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങാനുള്ള നയരേഖയിലെ നിർദേശവും ചർച്ചയായി. വിദ്യാഭ്യാസമേഖലയിൽ സ്വകാര്യ പങ്കാളിത്തം വേണമെന്നു മുഖ്യമന്ത്രിയും അതു നിയന്ത്രിക്കണമെന്നു പാർട്ടി രേഖയും പറയുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ നയവ്യക്തത ആവശ്യമല്ലേയെന്നു ചോദ്യമുയരുന്നു. വിദ്യാഭ്യാസരംഗത്തെ സ്വകാര്യമേഖലയുടെ കടന്നുവരവിനെതിരെ നടത്തിയ സമരങ്ങൾക്കും കൂത്തുപറമ്പിലേതടക്കമുള്ള രക്തസാക്ഷിത്വങ്ങൾക്കും പാർട്ടി ഇനി എന്തു വിശദീകരണം നൽകുമെന്നും അറിയേണ്ടതുണ്ട്. 

വ്യവസായം വളരാൻ തൊഴിലാളി സംഘടനകൾ തെറ്റുതിരുത്തണമെന്നു സമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ദരിദ്രരുടെയും അസംഘടിത തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും പ്രശ്നങ്ങൾക്ക് ഒപ്പംനിൽക്കാൻ പാർട്ടിക്കു മുൻപെന്നത്തേക്കാളേറെ ഇന്നു ബാധ്യതയുണ്ട്. സ്വകാര്യ മൂലധനവും പൊതു– സ്വകാര്യ പങ്കാളിത്തവും സ്വാഗതം ചെയ്യുന്ന വികസനരേഖയിൽ അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്നങ്ങളും പുറമ്പോക്കുവാസികളുടെ പട്ടയപ്രശ്നവും ഉൾപ്പെടുത്തണമെന്നും പാർട്ടിയിൽ സ്ത്രീസുരക്ഷ ഉറപ്പു വരുത്തണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ പ്രതിനിധികൾക്ക് ഉന്നയിക്കേണ്ടിവന്നതു സിപിഎമ്മിന്റെ മുൻഗണന മാറുന്നതുകൊണ്ടാണോ എന്നും ആലോചിക്കണം. 

ഭരണകൂടത്തെ നയിക്കുന്ന പതിവുവിട്ട് ഭരണത്തെ തുണയ്ക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള സംഘടനാപരമായ ചുമതലയിലേക്കു പാർട്ടി ചുരുങ്ങുന്നുവെന്നു പറയുന്നവരുണ്ട്. സമ്മേളനത്തിൽ പൊലീസ് നയത്തിനെതിരെയും ട്രേഡ് യൂണിയൻ സമീപനത്തിനെതിരെയും വിമർശനങ്ങളുണ്ടായെങ്കിലും കഴിഞ്ഞ സർക്കാർ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട അഴിമതി ആരോപണങ്ങളും വിവാദ ഇടപാടുകളും സംബന്ധിച്ചു ചർച്ചയുണ്ടായതായി സൂചനയില്ല. സ്വർണക്കടത്തു വിവാദം, സർവകലാശാലകളിലെ നിയമനവിവാദം, സ്പ്രിൻക്ലർ ഇടപാട്, കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണബാങ്ക് ക്രമക്കേടുകൾ, മെഡിക്കൽ സർവീസസ് കോർപറേഷനിലെ അഴിമതി തുടങ്ങിയവ അവയിൽ ചിലതുമാത്രം. സ്വതന്ത്രചിന്തയുടെ കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമം ആത്മാർഥമാണെങ്കിൽ ഈ ആരോപണങ്ങൾ കൂടി ഭയരഹിതമായി ചർച്ച ചെയ്യാൻ കഴിയേണ്ടതായിരുന്നു. 

തുറന്ന ജനാധിപത്യസമൂഹത്തിൽ എല്ലാ ഇടങ്ങളും പാർട്ടിക്കളത്തിലേക്ക് ഒതുങ്ങാതിരിക്കാനുള്ള കരുതൽ മുഖ്യ ഭരണകക്ഷിയെന്ന നിലയിൽ സിപിഎമ്മിനുണ്ടാകുമെന്നു പ്രതീക്ഷിക്കാം. ജനങ്ങളെയും നാടിനെയും പാർട്ടി പരിഗണനയ്ക്കപ്പുറം കാണാനുള്ള മനസ്സ് കാലം ആവശ്യപ്പെടുന്നുണ്ട്. ഫാഷിസത്തോടുള്ള എതിർപ്പ് പറച്ചിലിൽ ഒതുങ്ങാനുള്ളതല്ല. നിയമസഭയും കോടതിയും മാധ്യമങ്ങളും ഉൾപ്പെടെയുള്ള ജനാധിപത്യത്തിന്റെ നെടുംതൂണുകളെ വിശ്വാസത്തിലെടുക്കണം. വിരുദ്ധാഭിപ്രായം പറയുന്നവരെ തെരുവിൽ നേരിടുകയുമല്ല വേണ്ടത്. വോട്ടിലെ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അവകാശമാണെന്നു ഭരണകൂടങ്ങൾ കരുതുന്നതിന്റെ കെടുതികൾ ലോകവും രാജ്യവും കണ്ടുകൊണ്ടിരിക്കുകയാണ്. നയവും പരിപാടികളും മാത്രമല്ല, സഹിഷ്ണുതയും ജനാധിപത്യത്തിൽ പ്രധാനമാണെന്നു തുടർച്ചയായ ഭരണം ലക്ഷ്യമിടുന്നതിനിടെ സിപിഎം ഓർക്കുമെന്നു കരുതാം.

English Summary: CPM state committee changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com