തലമുറ, പലമുറ; ‘കോൺഗ്രസ് തലപ്പത്തെ പ്രശ്നം ജനറേഷൻ ഗ്യാപ്’

INDIA-POLITICS-ANNIVERSARY-GANDHI
പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
SHARE

കോൺഗ്രസിലെ ചെറുപ്പക്കാരെ കേട്ടിരിക്കാനാണ് രാഹുലിനു പ്രിയം. തങ്ങളുടെ ആവശ്യങ്ങളും പരിഭവങ്ങളും സോണിയയ്ക്കു മുന്നിൽ അവതരിപ്പിക്കാനാണ് മുതിർന്നവർക്കു താൽപര്യം. രാഹുലുമായി അടുപ്പമുണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മുതിർന്ന നേതാക്കൾ പറയുന്നു, ജനറേഷൻ ഗ്യാപ് ആണ് തലപ്പത്തെ പ്രശ്നമെന്ന്. രാഹുലും ഒരുപരിധി വരെ പ്രിയങ്കയും നേതാക്കൾക്ക് അപ്രാപ്യരായെന്നും നാമനിർദേശ സംസ്കാരം കോൺഗ്രസിൽ പിടിമുറുക്കിയെന്നുമാണ് ജി 23 നേതാക്കളുടെ ആരോപണം.

കോൺഗ്രസിൽ ഒരു നേതാവിനെ പദവിയിൽനിന്നു മാറ്റാൻ ആലോചിക്കുമ്പോൾ വിമതർ പറയുന്ന സ്ഥിരം വാചകമുണ്ട്: ‘അദ്ദേഹത്തിന്റെ പ്രവർത്തനരീതി ശരിയല്ല’. അതിനു പല അർഥങ്ങളുണ്ടാവാം: സാധാരണക്കാർക്ക് അദ്ദേഹം അപ്രാപ്യനായിരിക്കുന്നു; അദ്ദേഹം ഉപജാപകവൃന്ദത്തിലകപ്പെട്ടിരിക്കുന്നു; പാർട്ടി പ്രത്യയശാസ്ത്രത്തിൽനിന്നു വഴിമാറി നടക്കുന്നു; അഴിമതിക്കു കൂട്ടുനിൽക്കുന്നു. തൊണ്ണൂറുകളിൽ‌ നരസിംഹറാവുവിനെതിരെ സോണിയ ഗാന്ധിയുടെ വിശ്വസ്തരായ അർജുൻ സിങ്, എൻ.ഡി. തിവാരി എന്നിവരുടെ നേതൃത്വത്തിൽ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് സമാന ആരോപണങ്ങളുമായി ജി 23 നേതാക്കൾ രംഗത്തുവന്നിരിക്കുന്നു. രാഹുലും ഒരുപരിധി വരെ പ്രിയങ്ക ഗാന്ധിയും നേതാക്കൾക്ക് അപ്രാപ്യരായി മാറിയെന്നും ഉൾപാർട്ടി ജനാധിപത്യത്തിനു പകരം നാമനിർദേശ സംസ്കാരം കോൺഗ്രസിൽ പിടിമുറുക്കിയെന്നും ജി 23 അംഗങ്ങളായ ഗുലാം നബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി എന്നിവർ ആരോപിക്കുന്നു. 

സോണിയ, രാഹുൽ, പ്രിയങ്ക ഗ്രൂപ്പ്

ബിജെപിയിൽ നരേന്ദ്ര മോദി എടുക്കാൻ പോകുന്ന തീരുമാനങ്ങൾ പ്രവചിക്കുക പാർട്ടി നേതാക്കൾക്ക് എളുപ്പമല്ല. കോൺ‌ഗ്രസിൽ ഗാന്ധി കുടുംബത്തിന്റെ നീക്കങ്ങളും തീരുമാനങ്ങളും സമാനമാണ്. ചർച്ചകൾ നടത്താറുണ്ടെങ്കിലും കോൺഗ്രസിൽ അന്തിമ തീരുമാനങ്ങളെടുക്കുന്നത് വളരെ കുറച്ചുപേർ മാത്രമുൾപ്പെട്ട സംഘങ്ങളാണ്. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരിലാരെങ്കിലുമായി അടുപ്പം സൂക്ഷിക്കുന്ന സംഘങ്ങളാണിവ. ഇവർക്കെല്ലാം മുകളിലായി മറ്റൊരു ഗ്രൂപ്പ് കോൺഗ്രസിലുണ്ട് – സോണിയയും മക്കളും മാത്രമുൾപ്പെട്ട ഗ്രൂപ്പ്. 2004ൽ സോണിയ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത് ഈ ഗ്രൂപ്പാണ്. 

ക്ഷമാശീലയായ സോണിയ; രാജീവിന്റെ വഴിയേ മക്കൾ

രാഷ്ട്രീയ നീക്കങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുന്നയാളാണു സോണിയ. മറുവശത്തു രാഹുലും പ്രിയങ്കയും ചിലപ്പോഴെങ്കിലും വികാരത്തിന്റെ പുറത്ത് എടുത്തുചാടി തീരുമാനങ്ങളെടുക്കും; അച്ഛൻ രാജീവ് ഗാന്ധിയിൽനിന്നു ലഭിച്ച ശീലം. ആഭ്യന്തര ചർച്ചകളിൽ സംസാരിക്കുന്നതിനെക്കാൾ കൂടുതൽ കേൾക്കുന്നതാണു സോണിയയുടെ രീതി. അത്തരം ചർച്ചകളിൽ നേരിയ മുഖഭാവത്തിലൂടെ പോലും സോണിയ തന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കില്ല. മറുവശത്ത്, മക്കൾ മനസ്സിലുള്ളതു വെട്ടിത്തുറന്നു പറയും. പാർട്ടിയിലെ ഏറ്റവും വിരസനായ നേതാവിന്റെ വാക്കുകളും സോണിയ ക്ഷമയോടെ കേട്ടിരിക്കും. അത്തരക്കാർ മുന്നിലെത്തിയാൽ സംസാരം ആരംഭിച്ചു നിമിഷങ്ങൾക്കുള്ളിൽ രാഹുലും പ്രിയങ്കയും പറയും: ‘നിങ്ങൾ വിഷയത്തിലേക്കു വരൂ’. 

rahul-gandhi-sonia-gandhi-and-priyanka-gandhi
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി

കോൺഗ്രസിലെ ചെറുപ്പക്കാരെ കേട്ടിരിക്കാനാണു രാഹുലിനു പ്രിയം. തങ്ങളുടെ ആവശ്യങ്ങളും പരിഭവങ്ങളും സോണിയയ്ക്കു മുന്നിൽ അവതരിപ്പിക്കാനാണു മുതിർന്നവർക്കു താൽപര്യം. രാഹുലുമായി അടുപ്പമുണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മുതിർന്ന നേതാക്കളിൽ ചിലർ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘രാഹുലിനു ഞങ്ങളെ മനസ്സിലാക്കാൻ കഴിയുന്നില്ല. ജനറേഷൻ ഗ്യാപ് ആണു പ്രശ്നം’. 

രാത്രി വൈകിയും സന്ദർശകരെ കാണുമായിരുന്ന രാജീവിനു സൂക്ഷ്മമായ ഓർമശക്തിയുണ്ടായിരുന്നു. തന്നെ കാണാനെത്തുന്നവർ പറയുന്നതു കുറിച്ചെടുക്കുന്നതാണു സോണിയയുടെ രീതി. സന്ദർശകർ ആവശ്യങ്ങളടങ്ങിയ കുറിപ്പു നൽകിയാൽ സന്തോഷം. അത് അഹമ്മദ് പട്ടേലിനോ അംബിക സോണിക്കോ അവർ കൈമാറുമായിരുന്നു. സന്ദർശകർ പറയുന്നതു കംപ്യൂട്ടറിൽ രേഖപ്പെടുത്താൻ സെക്രട്ടറിയെയും ഒപ്പം ഇരുത്തുന്നതാണു രാഹുലിന്റെ രീതി. അച്ഛനെയും മുത്തശ്ശിയെയും പോലെയാണു പ്രിയങ്ക; സന്ദർശകർക്കു പറയാനുള്ളതു സൂക്ഷ്മമായി കേട്ടിരിക്കും. 

ജഗൻമോഹൻ ഒന്നും മറന്നിട്ടില്ല

മുതിർന്നവരെ മനഃപൂർവം അകറ്റിനിർത്താൻ രാഹുൽ ശ്രമിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയും. പക്ഷേ, രാഹുലിന്റെ പെരുമാറ്റരീതികൾ സഹിക്കാൻ ചിലർക്കെങ്കിലുമാവില്ല. അതിനുദാഹരണമാണ് 2009ൽ ആന്ധ്രയിൽനിന്ന് വൈ.എസ്.രാജശേഖര റെഡ്ഡി, മകൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി എന്നിവർ ഡൽഹിയിലേക്കു നടത്തിയ സന്ദർശനം. ആന്ധ്ര നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ തൂത്തുവാരിയ ശേഷം ഡൽഹിയിൽ സോണിയയുടെ വസതിയിലേക്കെത്തിയതായിരുന്നു (10 ജൻപഥ്) അവർ. ആന്ധ്രയിൽ നിന്നുള്ള സീറ്റുകളുടെകൂടി ബലത്തിൽ യുപിഎ 200 സീറ്റിലധികം നേടിയ തിരഞ്ഞെടുപ്പായിരുന്നു അത്. 

Jaganmohan-Reddy

യുപിയിൽ കോൺഗ്രസിനെ നയിച്ച് 21 സീറ്റ് നേടിയ രാഹുലും തിളങ്ങിനിൽക്കുന്ന കാലം. അവിടേക്കെത്തിയ രാഹുലിനെ കാണാൻ വസതിക്കുപുറത്ത് റെഡ്ഡി അടക്കമുള്ള നേതാക്കൾ കാത്തുനിന്നു. റെഡ്ഡിക്ക് അൽപനേരം സംസാരിക്കണമെന്ന സന്ദേശം രാഹുലിനെ അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ആന്ധ്രയിലേക്കു മടങ്ങാനുള്ള വിമാനത്തിനു സമയമാകുന്നുവെന്നറിയിച്ചു വീണ്ടും സന്ദേശം നൽകിയപ്പോൾ, അൽപംകൂടി കാത്തിരിക്കാനും മറ്റു നേതാക്കൾക്കൊപ്പം താൻ തിരക്കിലാണെന്നുമുള്ള മറുപടിയാണു ലഭിച്ചത്. ഇതിൽ ക്ഷുഭിതനായ ജഗൻ കൂടിക്കാഴ്ച ഒഴിവാക്കി മടങ്ങാൻ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും ക്ഷമയോടെ കാത്തിരിക്കാമെന്നു പറഞ്ഞ് അദ്ദേഹം അനുനയിപ്പിച്ചു. 

രാഹുലിന്റെ രീതികളിലുള്ള ജഗന്റെ അനിഷ്ടം അന്നു തുടങ്ങിയതാണ്. പിന്നീട് അച്ഛൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ പിൻഗാമിയായി മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിച്ച ജഗൻ, ഗാന്ധി കുടുംബവുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും സന്ദർശനാനുമതി ലഭിച്ചില്ല. തുടർന്നു ജഗൻ കോൺഗ്രസിൽ നിന്നകന്നു; പുതിയ പാർട്ടി രൂപീകരിച്ചു. അദ്ദേഹം രൂപം നൽകിയ വൈഎസ്ആർ കോൺഗ്രസ് 2019ൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ തൂത്തുവാരി. ജഗനെ കൈവിട്ട കോൺഗ്രസിന് ഇപ്പോൾ ആന്ധ്രയിൽ മേൽവിലാസമില്ല. 

ഹിമന്തയ്ക്കും പറയാനുണ്ട്

അസമിലെ മുൻ കോൺഗ്രസ് നേതാവും പിന്നീടു ബിജെപിയിൽ ചേർന്ന് ഇപ്പോൾ അവിടത്തെ മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വശർമയ്ക്കുമുണ്ടു രാഹുലിനെക്കുറിച്ചു ശുഭകരമല്ലാത്ത ഓർമ: കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയ്ക്കെതിരെ മുൻപു പരാതിപറയാൻ പോയ തന്നെ രാഹുൽ കേട്ടതു വളർത്തുനായയ്ക്കു തീറ്റ കൊടുത്തുകൊണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. 

അതേസമയം, ബുദ്ധിമുട്ടനുഭവിക്കുന്നവരോടു സഹാനുഭൂതിയുള്ളവരാണു രാഹുലും പ്രിയങ്കയുമെന്ന് അവരുടെ അനുയായികൾ വാദിക്കുന്നു. പീഡനങ്ങൾ നേരിട്ടവരെ കാണാൻ നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിക്കുന്നതും കർഷകർക്കും അതിഥിത്തൊഴിലാളികൾക്കുമൊപ്പം തെരുവിൽ നടന്നതുമെല്ലാം ഈ സഹാനുഭൂതിയുടെ ഉദാഹരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നു. സഹാനുഭൂതിയിൽ മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ പിന്തുടർച്ചക്കാരായാണു പാർട്ടി നേതാക്കൾ ഇരുവരെയും കാണുന്നത്. 

പാർലമെന്ററി ബോർ‍ഡ്, ഒരോർമ

തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 3 പദവികളാണു കെ. കരുണാകരനു സംതൃപ്തി നൽകിയിരുന്നത്: കേരളത്തിന്റെ മുഖ്യമന്ത്രിപദം, കേന്ദ്ര മന്ത്രിസ്ഥാനം, ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള പത്തംഗ കോൺഗ്രസ് പാർലമെന്ററി ബോർഡ് അംഗത്വം. കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ കരുത്തനാക്കിയതു പാർലമെന്ററി ബോർഡ് അംഗത്വമാണ്. പാർട്ടിയുടെ നിർണായക സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ, പാർലമെന്റിലെ തന്ത്രരൂപീകരണം എന്നിവയെല്ലാം തീരുമാനിച്ചിരുന്നതു ബോർഡ് ആയിരുന്നു. 

1991ൽ രാജീവ് ഗാന്ധിയുടെ മരണശേഷം പ്രധാനമന്ത്രിയാകാൻ ലഭിച്ച അവസരം വേണ്ടെന്നുവച്ച് പി.വി. നരസിംഹ റാവുവിനെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ച് കരുണാകരൻ പിന്നീടു പറഞ്ഞിരുന്നു. പ്രധാനമന്ത്രിയും പാർട്ടി പ്രസിഡന്റുമായ റാവു കോൺഗ്രസിൽ തന്റെ അധികാരമുറപ്പിക്കാനുള്ള നീക്കങ്ങൾ പിന്നാലെ നടത്തി. 1993ൽ പാർലമെന്ററി ബോർഡ് രൂപീകരിക്കാൻ വിസമ്മതിച്ച അദ്ദേഹം, ബോർഡിന്റെ അധികാരങ്ങൾ സ്വയം ഏറ്റെടുത്തു. പാർട്ടി പ്രസിഡന്റ് പദവിയിൽ റാവുവിന്റെ പിൻഗാമികളായ സീതാറാം കേസരി, സോണിയ, രാഹുൽ എന്നിവരും ബോർഡ് രൂപീകരിച്ചില്ല. മൻമോഹൻ സിങ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, അംബിക സോണി തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട കോർ കമ്മിറ്റിക്കു സോണിയ രൂപം നൽകിയിരുന്നു. നേതൃത്വത്തിന്റെ പ്രവർത്തനരീതിക്കെതിരെ ഇപ്പോൾ രംഗത്തുള്ള ജി 23 അംഗങ്ങളുടെ ആവശ്യങ്ങളിലൊന്നു പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിക്കണമെന്നതാണ്. 

ഒരു സോണിയ, പല കാലം

കോൺഗ്രസിൽ സോണിയയുടെ നേതൃകാലത്തിനു 3 ഘട്ടങ്ങളുണ്ട്. മൂന്നിലും വ്യത്യസ്ത പ്രവർത്തന രീതിയായിരുന്നു അവരുടേത്. 

ആദ്യഘട്ടം 1998– 2004: ഒരേസമയം ദേശീയ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കുകയും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്ത കാലം. എഐസിസി ഭാരവാഹികളായി അഹമ്മദ് പട്ടേൽ, ഓസ്കർ ഫെർണാണ്ടസ്, സൽമാൻ ഖുർഷിദ്, ജയറാം രമേശ്, അർജുൻ സിങ്, രമേശ് ചെന്നിത്തല തുടങ്ങിയവരുൾപ്പെടെ രാജീവ് ഗാന്ധിയുടെ വിശ്വസ്തരെ സോണിയ ഒപ്പം നിർത്തി. തന്റെ മുൻഗാമികളായ നരസിംഹ റാവു, സീതാറാം കേസരി എന്നിവരുടെ അനുയായികളെ പാർട്ടിയുടെ നിർണായകപദവികളിൽനിന്നു ക്രമേണ ഒഴിവാക്കി. 1998 – 2000 കാലയളവിലെ നിയമസഭാ വിജയങ്ങൾക്കു പിന്നാലെ കരുത്തുറ്റ നേതാക്കളായ ഷീലാ ദീക്ഷിത് (ഡൽഹി), ദിഗ്‍വിജയ് സിങ് (മധ്യപ്രദേശ്), എസ്.എം.കൃഷ്ണ (കർണാടക), വിലാസ്റാവു ദേശ്മുഖ് (മഹാരാഷ്ട്ര) എന്നിവരെ മുഖ്യമന്ത്രിമാരാക്കി. 

sonia-gandhi-and-rahul-gandhi

കടലാസ് നോക്കാതെ പ്രസംഗിക്കാനറിയാത്ത സോണിയയെ ‘റീഡർ’ എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി പരിഹസിച്ച കാലമായിരുന്നു അത്. പാർലമെന്റിൽ ബിജെപിയെ നേരിടാൻ ഡോ.മൻമോഹൻ സിങ്, മാധവറാവു സിന്ധ്യ, പ്രണബ് മുഖർജി, ഗുലാം നബി ആസാദ്, ശിവരാജ് പാട്ടിൽ എന്നിവരെ സോണിയ അണിനിരത്തി. മറ്റു പാർട്ടികളിലെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ നേതാക്കളുമായും സോണിയ ഇക്കാലത്തു ബന്ധം വളർത്തി. ഹർകിഷൻ സിങ് സുർജിത്, സീതാറാം യച്ചൂരി (സിപിഎം), എ.ബി. ബർദൻ, ഡി.രാജ (സിപിഐ) എന്നിവരുമായി അടുത്തബന്ധം സ്ഥാപിച്ചു. 

അധികാരകാലം

2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎയെ അധികാരത്തിലേക്കു നയിച്ചതിൽ തുടങ്ങുന്നു സോണിയയുടെ നേതൃത്വത്തിന്റെ രണ്ടാംഘട്ടം. ഇടതുപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണയുറപ്പാക്കി, സഖ്യ സർക്കാരിനു സോണിയ രൂപം നൽകി. കയ്യിലേക്കു വന്ന പ്രധാനമന്ത്രിപദം വേണ്ടെന്നുവച്ച് മൻമോഹനെ ആ പദവിയിൽ പ്രതിഷ്ഠിച്ചു. സർക്കാരിന്റെ നയങ്ങൾ രൂപീകരിക്കുന്നതിൽ സോണിയ നിർണായകപങ്കു വഹിച്ചു. തന്റെ പ്രിയപ്പെട്ട സാമ്പത്തിക, സാമൂഹിക പ്രവർത്തകരെയുൾപ്പെടുത്തി ദേശീയ ഉപദേശക കൗൺസിലിനു രൂപം നൽകി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണൻ, പുലോക് ചാറ്റർജി, എസ്പിജി മേധാവി ആർ.എൻ. വാൻചൂ എന്നിവർ ഉദ്യോഗസ്ഥ വൃന്ദത്തിനുമേൽ സോണിയയുടെ കണ്ണും കാതുമായി. കോൺഗ്രസ് മന്ത്രിമാരെ സോണിയ നേരിട്ടു നിയന്ത്രിച്ചു. ഒന്നിനു പുറകേ ഒന്നായി കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പുകൾ ജയിച്ചു. അഹമ്മദ് പട്ടേൽ യുപിഎയുടെ അപ്രഖ്യാപിത കൺവീനറായി വളർന്നു. സർക്കാർ, പാർട്ടി നിയമനങ്ങളിലെ നിർണായക സ്വാധീനശക്തിയായും ‘എപി’ മാറി. 

പിന്നാലെ, യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പിന്നീട് പാർട്ടി വൈസ് പ്രസിഡന്റായുമുള്ള രാഹുലിന്റെ വരവ് കോൺഗ്രസിനുള്ളിലെ അധികാര കേന്ദ്രങ്ങളിൽ ചില മാറ്റങ്ങൾക്കു തുടക്കമിട്ടു. പാർട്ടി ചുമതലകളുടെ ഒരു ഭാഗം ക്രമേണ സോണിയ രാഹുലിനെ ഏൽപിച്ചു. സോണിയയുടെ ഓഫിസിനു ചുക്കാൻ പിടിച്ചിരുന്നത് അഹമ്മദ് പട്ടേലിനെപ്പോലെ അനുഭവസമ്പത്തുള്ള കോൺഗ്രസുകാരായിരുന്നെങ്കിൽ, യുവനേതാക്കളെയും എംബിഎ ബിരുദധാരികളെയും രാഹുൽ തന്റെ ഓഫിസിന്റെ നടത്തിപ്പുകാരാക്കി.

യുവ എംപി ജിതേന്ദ്ര സിങ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.രാജു, എംബിഎ ബിരുദധാരി കൗശൽ വിദ്യാർഥി എന്നിവരുൾപ്പെടെയുള്ളവർ രാഹുലിന്റെ ഓഫിസിന്റെ നിയന്ത്രണം ഏറ്റെടുത്തു. സോണിയയുടെ ടീമിനുണ്ടായിരുന്ന കാര്യക്ഷമത ഇവർക്കില്ലായിരുന്നു. 

കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ജി 23 നേതാക്കൾ ഇപ്പോൾ കുറ്റപ്പെടുത്തുമ്പോൾ ഒരുകാര്യം മറന്നുകൂടാ: കോൺഗ്രസിലെ പോഷക സംഘടനകളിൽ ജനാധിപത്യപരമായി തിരഞ്ഞെടുപ്പുകൾ നടത്താൻ നടപടിയെടുത്തതു രാഹുലാണ്; 2010ൽ. 

ദുഷ്കരകാലം

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെത്തുടർന്നു കോൺഗ്രസ് പ്രസിഡന്റ് പദത്തിൽനിന്നു രാഹുൽ പടിയിറങ്ങിയപ്പോൾ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതാണു സോണിയയുടെ നേതൃത്വത്തിന്റെ മൂന്നാംഘട്ടം. ഈ കാലയളവിൽ ഇടക്കാല പ്രസി‍ഡന്റ് പദവിയിൽ സോണിയ ഉണ്ടെങ്കിലും സമാന്തര അധികാരകേന്ദ്രമായി അണിയറയിൽ രാഹുലിന്റെ സജീവ ഇടപെടലുണ്ട്. പാർട്ടിക്കുള്ളിലെ മൂന്നാം ശക്തികേന്ദ്രമായി പ്രിയങ്കയുമെത്തി. 

നിലവിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പദവിയിലിരിക്കെയാണു രാഹുലിന്റെ വിശ്വസ്തവലയത്തിലെത്തുന്നത്. 

ഏൽപിച്ച ദൗത്യങ്ങൾ വിശ്വസ്തതയോടെ നടപ്പാക്കിയ വേണുഗോപാലിലുള്ള രാഹുലിന്റെ വിശ്വാസം ക്രമേണ ദൃഢമായി. മുഖ്യമന്ത്രിയാവാൻ രാജസ്ഥാനിലേക്കു പോയ അശോക് ഗെലോട്ടിന്റെ പിൻഗാമിയായി 2019ന്റെ തുടക്കത്തിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി പദവിയിൽ വേണുഗോപാലിനെ രാഹുൽ പ്രതിഷ്ഠിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ രാഹുൽ പടിയിറങ്ങിയെങ്കിലും വേണുഗോപാൽ തുടർന്നു. 

സോണിയയുമായി നിരന്തര സമ്പർക്കം തുടരുമ്പോഴും കോൺഗ്രസ് നേതാക്കളിൽ വേണുഗോപാൽ കൂടുതൽ സമയം ചെലവഴിക്കുന്നതു രാഹുലിനൊപ്പമാണ്. മുൻ സംഘടനാകാര്യ ജനറൽ സെക്രട്ടറിമാരായ ഓസ്കർ ഫെർണാണ്ടസ്, ജനാർദൻ ദ്വിവേദി, ഗെലോട്ട് എന്നിവർ ഹൈക്കമാൻഡിന്റെ പ്രവർത്തനങ്ങളുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന മുതിർന്ന നേതാക്കളായിരുന്നുവെങ്കിൽ, ദേശീയ നേതൃനിരയിൽ സ്വന്തം വ്യക്തിത്വം ഊട്ടിയുറപ്പിക്കാനുള്ള പാതയിലാണു വേണുഗോപാൽ. 

priyanka-gandhi-1

ടീം പ്രിയങ്ക

ടീം രാഹുലിൽ നിന്നുള്ള ഏതാനും പേരെയാണു പ്രിയങ്ക ഒപ്പം നിർത്തിയിരിക്കുന്നത്. പ്രിയങ്കയുടെ ഓഫിസിലെ നിർണായക സാന്നിധ്യമാണു സന്ദീപ് സിങ്; ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ്. കോൺഗ്രസിന്റെ ദേശീയ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയുടെ എതിരാളിയായ ഇടത് അനുകൂല ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനിലെ (ഐസ) മുൻ നേതാവ്. പ്രസംഗമെഴുത്തുകാരനായി 2017ൽ രാഹുലിനൊപ്പമാണു സന്ദീപിനെ കോൺഗ്രസ് ക്യാംപിൽ ആദ്യം കാണുന്നത്. സന്ദീപിനെ ടീം രാഹുലിന്റെ ഭാഗമായി കണ്ട എൻഎസ്‌യുക്കാർ ഞെട്ടി. 2005ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ജെഎൻയു സന്ദർശിച്ചപ്പോൾ കരിങ്കൊടി കാട്ടിയ അതേ സന്ദീപ് സിങ്! അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് എൻഎസ്‌യു രാഹുലിനു കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. രാഹുലിൽനിന്ന് ഇപ്പോൾ പ്രിയങ്കയുടെ വിശ്വസ്തവലയത്തിലേക്കും അദ്ദേഹമെത്തിയിരിക്കുന്നു. യുപി തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 40% സീറ്റുകൾ സംവരണം ചെയ്യാനുള്ള ആശയം സന്ദീപിന്റേതായിരുന്നുവെന്നാണു സൂചന. ഫലം വന്നപ്പോൾ, യുപിയിൽ കോൺഗ്രസിന്റെ പൊടിപോലുമില്ല ! സ്വന്തം പാർട്ടിയിൽ നിന്നുള്ളവരെയെങ്കിലും രാഹുലും പ്രിയങ്കയും ഒപ്പം നിർത്തണമെന്ന ആവശ്യത്തിന് ഇപ്പോഴും ഉത്തരമില്ല. 

Content highlights: Election debacle, Congress, Rahul gandhi, Sonia Gandhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS