ADVERTISEMENT

തോൽവിയിൽനിന്നു പാഠമുൾക്കൊണ്ടു മുന്നേറുമെന്നാണ് ഓരോ തിരഞ്ഞെടുപ്പിനു ശേഷവും കോൺഗ്രസ് നേതൃത്വം പറയാറുള്ളത്. പക്ഷേ, ഈ വാചകത്തിനപ്പുറം ഒന്നും പഠിക്കുന്നില്ല. തോൽവികളെക്കുറിച്ചുള്ള പഠനങ്ങളുടെ റിപ്പോർട്ടുകളിൽ പലതും ദേശീയ നേതാക്കൾ പോലും കണ്ടിട്ടുമില്ല. പക്ഷേ, കോൺഗ്രസ് അപ്രസക്തമായി എന്നു പറയാനാവില്ല. തിരിച്ചുവരവിന്റെ പാഠങ്ങൾ ശരിക്കു പഠിച്ചാൽ മുന്നിൽ ഇനിയും സാധ്യതകളുണ്ട്. ചിന്തൻ ശിബിരം അതിനു വഴിതെളിക്കുമോ?  

പാഠം ഉൾക്കൊള്ളും’; കോൺഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം മുഴങ്ങിക്കേൾക്കുന്ന വാചകമാണിത്. ഓരോ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷവും നേതൃത്വം പറയും – ‘തോൽവിയിൽനിന്നു പാഠം ഉൾക്കൊണ്ട് ഞങ്ങൾ മുന്നോട്ടുപോകും’. തോൽവികൾ തുടർക്കഥയാകുമ്പോൾ ഒരു കാര്യം വ്യക്തം; വാചകത്തിനപ്പുറം കോൺഗ്രസ് ഒന്നും പഠിക്കുന്നില്ല. 

കോൺഗ്രസ് ആസ്ഥാനത്തുള്ള പുൽമൈതാനത്തെ ചെറിയൊരു കൂന ചൂണ്ടിക്കാട്ടി നേതാക്കളിലൊരാൾ ഒരിക്കൽ പറഞ്ഞു; ‘‘അതു കണ്ടില്ലേ; തിരഞ്ഞെടുപ്പു തോൽവികളെക്കുറിച്ചുള്ള കാരണങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട വിവിധ സമിതികൾ പാർട്ടിക്കു കൈമാറിയ റിപ്പോർട്ടുകൾ കുഴിച്ചുമൂടിയ സ്ഥലമാണ്! ’’. പറഞ്ഞതു തമാശയാണെങ്കിലും ഒരർഥത്തിൽ അതിൽ കാര്യമുണ്ട്. തിരഞ്ഞെടുപ്പു തോൽവികളെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകളിൽ പലതും പാർട്ടിയിലെ ദേശീയ നേതാക്കൾ പോലും കണ്ടിട്ടില്ല. 

കഴിഞ്ഞ വർഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചു പഠിക്കാൻ അശോക് ചവാൻ സമിതിയെയാണ് ഏറ്റവുമൊടുവിൽ നിയോഗിച്ചത്. സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തൽ നടപടികൾ ഹൈക്കമാൻഡ് ഇനിയുമെടുത്തിട്ടില്ല. യുപി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽകൂടി പരാജയപ്പെട്ടതോടെ, അതെക്കുറിച്ചു പഠിക്കാനുള്ള പുതിയ സമിതിയുടെ രൂപീകരണവും വൈകാതെ പ്രതീക്ഷിക്കാം.  

മറുകണ്ടം ചാടി ടീം രാഹുൽ

ദേശീയ പ്രതിഛായയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള നേതാക്കളും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനവും അണിയറയിൽ കരുത്തായുള്ള ആർഎസ്എസുമെല്ലാം ചേർന്നതാണു ബിജെപിയുടെ വിജയക്കൂട്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് ഏറെ പിന്നിലാണ്. ആർഎസ്എസിനു ബദലായി കോൺഗ്രസിന്റെ അണിയറ ശക്തിയായി സേവാദളിനെ മാറ്റാൻ മുൻപു പദ്ധതിയിട്ടിരുന്നെങ്കിലും പാതിവഴിയിൽ മുടങ്ങി. 

1248-rahul-gandhi

പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പുകൾ തോൽക്കുമ്പോൾ പ്രതിഛായയുള്ള നേതാക്കളെ ഒപ്പം നിർത്താനും കോൺഗ്രസ് ബുദ്ധിമുട്ടുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർ.പി.എൻ.സിങ്, സുഷ്മിത ദേവ് എന്നിവരുൾപ്പെടെ കോൺഗ്രസിനെ ഭാവിയിലേക്കു നയിക്കാൻ ടീം രാഹുലിന്റെ ഭാഗമായി രംഗത്തുവന്നവർ ഇന്നു മറ്റു പാർട്ടികളിലാണ്. നല്ലകാലത്ത് അധികാരത്തിന്റെ ആനുകൂല്യംപറ്റി നിന്നവർ ആപത്തുകാലത്തു പദവി തേടി മറ്റു പാർട്ടികളിലേക്കു ചേക്കേറുന്നതു രാഷ്ട്രീയ മര്യാദയല്ലെന്ന് ഇവരെ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം പറയുന്നു. കോൺഗ്രസ് കൈവിട്ട 3 പേർ ഇന്ന് 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരാണ് – മമത ബാനർജി (ബംഗാൾ), ഹിമന്ത ബിശ്വ ശർമ (അസം), വൈ.എസ്. ജഗൻമോഹൻ റെഡ്ഡി (ആന്ധ്ര). 

പാഠം 1: സംസ്ഥാനത്ത് വളരണം

സംസ്ഥാനങ്ങളിൽ കരുത്തു നേടിയാൽ മാത്രമേ ദേശീയതലത്തിൽ കോൺഗ്രസിനു തിരിച്ചുവരവു സാധ്യമാകൂ എന്നു രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഏതാനും സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടിട്ടു പതിറ്റാണ്ടുകളായി – തമിഴ്നാട് (1967 മുതൽ ഭരണത്തിലില്ല), ബംഗാൾ (1977), ബിഹാർ, യുപി (1990), ഗുജറാത്ത് (1995), ഒഡീഷ (2000). 

യുപി, തമിഴ്നാട്, ആന്ധ്ര, ബംഗാൾ, ബിഹാർ, ഒഡീഷ, ഡൽഹി എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ സംഘടനാസംവിധാനം തീർത്തും ദുർബലമാണ്. ഈ സംസ്ഥാനങ്ങളിലായി ആകെ 254 ലോക്സഭാ സീറ്റുകളുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടം നടന്ന 191 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചത് 16 ഇടത്തു മാത്രം. 

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തി പ്രതിപക്ഷ സഖ്യത്തിനു സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ചുരുങ്ങിയത് 110 –130 സീറ്റ് നേടേണ്ടി വരും. നിലവിൽ, പാർട്ടിക്കു ഭേദപ്പെട്ട സംഘടനാ സംവിധാനമുള്ള കേരളം, കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്, ഹിമാചൽ, മഹാരാഷ്ട്ര, ഹരിയാന, അസം, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നു പരമാവധി സീറ്റുകൾ പിടിച്ചാൽ മാത്രമേ മൂന്നക്കം കടക്കാൻ സാധിക്കൂ. എങ്കിൽ മാത്രമേ തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യനീക്കങ്ങളിൽ പ്രതിപക്ഷനിരയുടെ നേതൃത്വമേറ്റെടുക്കാൻ കോൺഗ്രസിനു കഴിയൂ.

തിരഞ്ഞെടുപ്പിനു മുൻപു പ്രതിപക്ഷ കക്ഷികൾ സഖ്യസാധ്യതകൾ തേടുമെങ്കിലും ഫലം വരുമ്പോഴുള്ള സീറ്റുകളുടെ എണ്ണമാണ് ഓരോ പാർട്ടിയുടെയും പ്രസക്തി നിശ്ചയിക്കുക. 2019ൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തെ കോർത്തിണക്കാൻ മുന്നിട്ടിറങ്ങിയ എൻ.ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ നേടിയതു വെറും 3 സീറ്റ്. അതോടെ, പ്രതിപക്ഷ നിരയിൽ നായിഡു അപ്രസക്തനായി. 

ഉത്തരം തേടി കോൺഗ്രസ്

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പ് ഓഗസ്റ്റിൽ നടക്കാനിരിക്കെ, ഏതാനും ചോദ്യങ്ങൾ കോൺഗ്രസ് ക്യാംപിലുയരുന്നു – രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമോ ?, രാഹുലിനെതിരെ മറ്റാരെങ്കിലും മത്സരിക്കുമോ? ഗാന്ധികുടുംബം മത്സരത്തിൽനിന്നു വിട്ടുനിന്നാൽ അവരുടെ പ്രതിനിധി ആരാകും? വരും മാസങ്ങളിൽ ഇതിനുള്ള ഉത്തരം ലഭിക്കും.

രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്നു സോണിയ ഗാന്ധി ആഗ്രഹിക്കുന്നു. എന്നാൽ, പ്രസിഡന്റ് പദവി വീണ്ടും ഏറ്റെടുക്കാൻ താനില്ലെന്ന നിലപാടിലാണു രാഹുൽ. മനസ്സുമാറി രാഹുൽ മത്സരിക്കുകയും എതിർപാളയത്തിലുള്ള ജി 23 സംഘം സ്വന്തം സ്ഥാനാർഥിയെ രംഗത്തിറക്കുകയും ചെയ്താൽ പാർട്ടിയിൽ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിനു കളമൊരുങ്ങും. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, മുകുൾ വാസ്നിക് എന്നിവരാണു സംഘത്തിലെ പ്രമുഖർ. മത്സരത്തിൽനിന്നു ഗാന്ധികുടുംബം വിട്ടുനിന്നാൽ, വിശ്വസ്തരായ അശോക് ഗെലോട്ട്, കമൽനാഥ്, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരിലൊരാളെ അവർ രംഗത്തിറക്കിയേക്കും. 

congress-cwc-3-image-845-440

ഈ വർഷം ശ്രദ്ധേയമായ മറ്റു ചില തിരഞ്ഞെടുപ്പുകൾകൂടി രാജ്യത്തു നടക്കും – രാഷ്ട്രപതി തിരഞ്ഞെടുപ്പു ജൂലൈയിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റിലും. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ രംഗത്തിറക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കുമോയെന്നു കാത്തിരുന്നു കാണണം. പൊതുസ്ഥാനാർഥിയെ ഇറക്കിയാലും തൃണമൂൽ, ആം ആദ്മി പാർട്ടി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നിവയുടെ പിന്തുണ ഉറപ്പാക്കുക കോൺഗ്രസിന് എളുപ്പമാവില്ല. ഇരു തിരഞ്ഞെടുപ്പുകളിലും ബിജെപിക്കാവും മേൽക്കൈ. 

തിരിച്ചുവരവിന്റെ പാഠങ്ങൾ

മധ്യപ്രദേശിൽ 15 വർഷം പ്രതിപക്ഷത്തിരുന്നശേഷം 2018ൽ അധികാരം പിടിച്ച സ്വന്തം അനുഭവവും 1977 – 89 കാലയളവിൽ അണ്ണാ ഡിഎംകെയോട് 3 തിരഞ്ഞെടുപ്പുകൾ തോറ്റശേഷം അധികാരത്തിലെത്തിയ ഡിഎംകെയുടെ തിരിച്ചുവരവും പാഠങ്ങളായി കോൺഗ്രസിനു മുന്നിലുണ്ട്. 

പാർട്ടിയെ അടിമുടി മാറ്റി നഷ്ടപ്രതാപം വീണ്ടെടുത്ത വിദേശപാഠങ്ങളുമുണ്ട്; 1981 – 1997 കാലഘട്ടത്തിൽ ബ്രിട്ടനിൽ 4 തിരഞ്ഞെടുപ്പുകൾ ലേബർ പാർട്ടി തോറ്റു. തകർച്ചയുടെ നാളുകളിൽ പാർട്ടിയുടെ പ്രകടനപത്രികയെ ‘ചരിത്രത്തിലെ ഏറ്റവും നീളമേറിയ ആത്മഹത്യക്കുറിപ്പ്’ എന്നു വരെ ജനം ആക്ഷേപിച്ചു. ആ പതനത്തിൽ നിന്നു ലേബർ പാർട്ടിയെ പുനരുജ്ജീവിപ്പിച്ച ടോണി ബ്ലെയർ തുടർച്ചയായി 3 തവണ അധികാരം പിടിച്ചു. തിരിച്ചുവരവിന്റെ അനുഭവപാഠങ്ങൾ ഒട്ടേറെയുണ്ടു കോൺഗ്രസിന്റെ മുന്നിൽ. പാഠം ഉൾക്കൊള്ളുമെന്ന വെറുംവാക്കിൽ  കാര്യമില്ലെന്നും ചിട്ടയായ പഠനവും പ്രവർത്തനവും നടത്തിയാലേ രക്ഷപ്പെടാനാകൂ എന്നും കരുതുന്നവരിൽ അണികൾ മാത്രമല്ല; ഒരുവിഭാഗം നേതാക്കൾ കൂടിയുണ്ട്. 

കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്

ചരിത്രത്തിലെ ഏറ്റവും വലിയ പതനം നേരിടുമ്പോഴും രാജ്യത്തു കോൺഗ്രസ് അപ്രസക്തമായി എന്നു വിധിയെഴുതുന്നത് അപക്വമാണെന്നു വിലയിരുത്തുന്ന രാഷ്ട്രീയനിരീക്ഷകരേറെയുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളോടെ കോൺഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം യാഥാർഥ്യമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാർട്ടിയെന്ന നിലയിൽ തിരിച്ചുവരവിനുള്ള വഴി കോൺഗ്രസിനു മുന്നിൽ പൂർണമായി അടഞ്ഞിട്ടില്ലെന്നവർ കരുതുന്നു.

congress
സച്ചിൻ പൈലറ്റ്, ഡി.കെ. ശിവകുമാർ, ഭൂപേഷ് ബാഗേൽ (ഇടത്), ബി.വി.ശ്രീനിവാസ്, ഹാർദിക് പട്ടേൽ, നാന പടോളെ (വലത് മുകളിലെ നിര), രേവന്ത് റെഡ്ഡി, ദീപേന്ദ്ര സിങ് ഹൂഡ, കനയ്യ കുമാർ (വലത് താഴത്തെെ നിര)

കോൺഗ്രസിനെ ഭാവിയിലേക്കു നയിക്കാൻ ദേശീയതലത്തിൽ ശ്രദ്ധേയരായ നേതാക്കളുണ്ട്. സച്ചിൻ പൈലറ്റ് (രാജസ്ഥാൻ), ഡി.കെ. ശിവകുമാർ (കർണാടക), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ് മുഖ്യമന്ത്രി), ദീപേന്ദ്ര സിങ് ഹൂഡ (ഹരിയാന), രേവന്ത് റെഡ്ഡി (തെലങ്കാന പിസിസി പ്രസിഡന്റ്), കനയ്യ കുമാർ(ബിഹാർ), ഹാർദിക് പട്ടേൽ (ഗുജറാത്ത്), നാന പടോളെ (മഹാരാഷ്ട്ര പിസിസി പ്രസിഡന്റ്), ബി.വി. ശ്രീനിവാസ് (യൂത്ത് കോൺഗ്രസ് പ്രസിഡന്റ്) എന്നിവർ കോൺഗ്രസിനു പ്രതീക്ഷയർപ്പിക്കാവുന്ന ഭാവിമുഖങ്ങളാണ്. പാർട്ടി നേതൃത്വം പദവികളും ചുമതലകളും നൽകിയാൽ ദേശീയതലത്തിൽ ശോഭിക്കാൻ കെൽപുള്ള സംഘമാണിത്. 

കേരളത്തിന്റെ കാര്യത്തിൽ ഭാവിയിലേക്കു നോക്കുമ്പോൾ േശീയതലത്തിലും പ്രവർത്തനപരിചയമുള്ള പ്രമുഖർ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, ശശി തരൂർ എന്നിവരാണ്. 

പുതുജീവൻ നൽകുമോ ശിബിരം?

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ചിന്തൻ ശിബിരം നടത്താനാണു നേതൃത്വത്തിന്റെ തീരുമാനം. അതിൽ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യം ഗാന്ധികുടുംബം നേതൃത്വം നൽകുന്ന ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നൂറിലധികം ആശയങ്ങൾ ഇതിനോടകം സോണിയയ്ക്കു ലഭിച്ചിട്ടുണ്ട്. ശിബിരം ഏപ്രിലിൽ രാജസ്ഥാനിൽ നടക്കാനാണു സാധ്യത. 

സോണിയയ്ക്കു കീഴിൽ ഇതുവരെ 3 ശിബിരങ്ങളാണു നടന്നിട്ടുള്ളത്. 1998ൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ മധ്യപ്രദേശിലെ പച്ച്മാഡിയിൽ സോണിയ ശിബിരം വിളിച്ചുചേർത്തു. ബിജെപിയുടെ ‘ഇന്ത്യ തിളങ്ങുന്നു’ പ്രചാരണത്തെ നേരിടാനുള്ള വഴികൾ തേടി 2003ൽ ഷിംലയിൽ നടന്ന ശിബിരത്തിലെ ആശയങ്ങൾ വിജയകരമായി നടപ്പാക്കിയ കോൺഗ്രസ്, അടുത്ത വർഷം അധികാരം പിടിച്ചു. 2013ൽ ജയ്പുരിലാണ് ഏറ്റവുമൊടുവിൽ ശിബിരം നടന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ശിബിരത്തിൽ കോൺഗ്രസ് ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഇവയായിരിക്കും: പാർട്ടി പ്രത്യയശാസ്ത്രം, നിർധനരെയും മധ്യ വിഭാഗത്തെയും ഒപ്പം നിർത്താനുള്ള വഴികൾ, ഈ വർഷമുള്ള ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മുഖ്യമന്ത്രി സ്ഥാനാർഥികൾ, ആം ആദ്മി ഉയർത്തുന്ന വെല്ലുവിളികൾ. 

പരിഹരിക്കാൻ പ്രശ്നങ്ങൾ ഒട്ടേറെയുണ്ടു കോൺഗ്രസിന്. തലപുകച്ചു നേതാക്കൾ ചിന്തിക്കുന്ന ശിബിരത്തിനു കോൺഗ്രസിനെ രക്ഷിക്കാനുള്ള വഴിതെളിക്കാനാകുമോ എന്ന ആകാംക്ഷയിലാണു പാർട്ടിയും നേതാക്കളും പ്രവർത്തകരും. 

Content highlights: Election debacle, Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com