ADVERTISEMENT

∙ അഞ്ജലി മേനോൻ: സിനിമാ മേഖലയിലെ സാങ്കേതികമായ മാറ്റങ്ങൾ സ്വാഭാവികമായി എല്ലാവരും സ്വീകരിക്കുന്നു. എന്നാൽ സ്ത്രീകളുടെ അവകാശം സംബന്ധിച്ച് പറയുമ്പോൾ ആർക്കും ചെവിയും കേൾക്കില്ല കണ്ണും കാണില്ല. പ്രശ്‌നത്തിൽ ഒരാൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ എത്രമാത്രം കൂടെയുണ്ടെന്നു തിരിച്ചറിയുന്നത് അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നുകൂടി പരിശോധിച്ചാണ്. 

∙ എം.എൻ. കാരശ്ശേരി: നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാർ മതം കളിക്കുക, മതക്കാർ രാഷ്ട്രീയം കളിക്കുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. രാഷ്ട്രീയവും മതവും കച്ചവടവും ഒന്നായിരിക്കുകയാണ്. ഇവയെ വേർതിരിച്ചറിയുക ബുദ്ധിമുട്ടാണ്.

∙ സച്ചിദാനന്ദൻ: വല്ലപ്പോഴും നല്ല കവിതകൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. വിമർശനങ്ങളുടെ അഭാവമാണ് അവിടെയുള്ള പ്രശ്നം. സുഹൃത്തുക്കൾ കാണുകയും ‘ലൈക്’  ചെയ്യുകയുമാണു പതിവ്. അതുകണ്ട് തങ്ങൾ എഴുതുന്നതു നല്ല കവിതയാണെന്നു ധരിക്കുന്നവരാണു ഭൂരിപക്ഷം. 

പ്രായംവച്ച് ഒരാളെ പറഞ്ഞുവിടുന്നതിനെ ഏജിസം എന്നു വിളിക്കുമ്പോൾ അതിനെ റേസിസത്തിന്റെ കുഞ്ഞനുജനായിട്ടാണ് ജനാധിപത്യ സമൂഹങ്ങൾ കാണുന്നത്. പക്ഷേ സിപിഎമ്മിൽ പ്രായം ഒരു സൗകര്യമായിത്തീർന്നിരിക്കുന്നു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പ്രായമോ ആരോഗ്യാവസ്ഥയോ ബാധകമല്ലാതാവുകയും അനഭിമതർക്ക് പ്രായം വലിയ പ്രശ്നമാവുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയിൽ വിരമിക്കൽ പ്രായത്തെക്കുറിച്ച് ഒരു ഖണ്ഡികയുമില്ല എന്നതാണു യാഥാർഥ്യം.

∙ ഡോ. എം.എ. ഉമ്മൻ: ആതൻസ് നഗരത്തെ ചുറ്റിപ്പറ്റിയ വൈജ്ഞാനിക വളർച്ചയോ ജർമനിയുടെ ഗവേഷണ വൈഭവമോ കേരളത്തിന് അവകാശപ്പെടാനില്ലെങ്കിലും ലോകോത്തര നിലവാരത്തിലേക്കു വളരാനുള്ള ഒരുപാടു ഘടകങ്ങൾ നമുക്കുണ്ട്. ഭാവി രാഷ്ട്രീയ നേതാക്കളെ വളർത്താനുള്ള വളക്കൂറുള്ള മണ്ണായി മാത്രം ഉന്നത വിദ്യാഭ്യാസ മേഖല നിലനിൽക്കുന്നുവെങ്കിൽ കേരളം ആത്മപരിശോധന നടത്തണം.

∙ ഡോ. എസ്.എസ്. ലാൽ: കേരളത്തിൽ നടക്കുന്നത് വെറുമൊരു എസ്എഫ്ഐ - കെഎസ്‌യു പ്രശ്നമായി കാണരുത്. ഒരു നാട്ടിലെ ചെറുപ്പക്കാർ സർക്കാർ ലൈസൻസുള്ള അക്രമികളായി മാറുന്ന വലിയൊരു തകർച്ചയായി ഇതിനെ കാണണം. എസ്എഫ്ഐ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണം. 

∙ പ്രഫ. യൂജിൻ പണ്ടാല: വീടുവയ്ക്കുമ്പോൾ ഫാഷനും വലുപ്പവും മാത്രമല്ല, കാലാവസ്ഥയും സൗകര്യങ്ങളും കൂടി നോക്കണമെന്ന് അടിവരയിട്ട രണ്ടു സംഭവങ്ങളാണ് പ്രളയവും കോവിഡും. എല്ലായിടങ്ങളും വീടുപണിയാനുള്ളതല്ല. വെള്ളത്തിന് ഒഴുകാനും പൂക്കൾക്ക് വിരിയാനും കിളികൾക്ക് കൂടുകൂട്ടാനും മരങ്ങൾക്ക് വേരുകൾ കൊണ്ടു പുണരാനുമൊക്കെ ഭൂമിയും ആകാശവും ബാക്കിവയ്ക്കണം.

കേരളത്തിലെ സാധാരണ മനുഷ്യരിൽ പോലും അതിശക്തമായ ഇടതു കപടാവബോധമുണ്ട്. മാർക്സിന്റെ അനുയായികൾ ആണെന്നു പറഞ്ഞാലും അഭ്യസ്തവിദ്യരുടെ ആലോചനകളിൽ പോലും വസ്തുനിഷ്ഠതയോ ലോജിക്കോ ഒന്നുമില്ല. ആദ്യകാല കമ്യൂണിസ്റ്റുകൾക്ക് ഉണ്ടായിരുന്ന പ്രത്യയശാസ്ത്ര ബോധ്യമല്ല, പകരം നേതാവിന് സമർപ്പിച്ച ഒരുതരം തീവ്രമതബോധമാണിപ്പോഴുള്ളത്. പൊതുപണമുപയോഗിച്ച് നീതിന്യായവ്യവസ്ഥ മുതൽ സാംസ്കാരികനായകർ വരെ സർവ സേവനദാതാക്കൾക്കും കൃത്യമായി ഭൗതിക ഉത്തേജനം നൽകാൻ സിപിഎം ശ്രദ്ധാലുക്കളാണ്.

∙ ജോയ് മാത്യു: കേരള സർവകലാശാലയുടെ സെന്റർ ഫോർ ലാറ്റിനമേരിക്കൻ സ്റ്റഡീസിന് 2 കോടി രൂപ അനുവദിക്കുമെന്നാണു പ്രഖ്യാപനം. ലാറ്റിനമേരിക്കയുടെ കൃഷിയും സംസ്കാരവും തമ്മിലുള്ള താരതമ്യ പഠനത്തിനാണു തുക അനുവദിച്ചിട്ടുള്ളത്. ലാറ്റിനമേരിക്കയിൽനിന്നു കേരളത്തിന് എന്താണു പഠിക്കാനുള്ളത്? അവിടെനിന്നു പഠിക്കാനുള്ളത് സായുധ സമരമാണ്. അതിനുള്ള സാധ്യത ഇവിടെ ഇല്ല. നേരത്തെ മാർക്കേസിന്റെ നോവലൊക്കെയുണ്ടായിരുന്നു. അതിലെ മാജിക്കൽ റിയലിസമൊക്കെ അടിച്ചുമാറ്റാനും ഇവിടെ ആളുണ്ടായി.

∙ നവ്യ നായർ: മലയാള സിനിമയിൽ ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്ത് അവരും സിനിമാ മേഖല ഭരിച്ചിരുന്നു. നായകന്മാരെക്കാൾ അവരുടെ പേരുകൾ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരും.

 

Content highlights: Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com