ADVERTISEMENT

രക്താർബുദം ബാധിച്ചു ദിവസങ്ങളെണ്ണിക്കഴിയുന്ന മകനോട് അമ്മ ചോദിച്ചു: നിനക്കു വലുതാകുമ്പോൾ ആരാകാനാണാഗ്രഹം? എനിക്കൊരു ഫയർമാനാകണം. അപകടത്തിൽപെടുന്നവരെ, യൂണിഫോം ധരിച്ച് ചുവന്നവണ്ടിയിൽനിന്നു ചാടിയിറങ്ങി രക്ഷിക്കണം. അമ്മ അന്നുതന്നെ ഫയർ സ്റ്റേഷനിലെത്തി തന്റെ മകന്റെ അവസ്ഥ വിവരിച്ചിട്ടു ചോദിച്ചു: കുറച്ചുനേരം അവനെ ഫയർ എൻജിനിലിരുത്തി യാത്ര ചെയ്യിക്കാമോ. പിറ്റേന്നുതന്നെ അവർ ആ കുട്ടിയെ യൂണിഫോം ധരിപ്പിച്ച് ഫയർ എൻജിന്റെ മുന്നിലിരുത്തി പട്ടണത്തിലൂടെ പാഞ്ഞു. അന്നു നടന്ന രക്ഷാപ്രവർത്തനങ്ങൾക്ക് അവനും ഉണ്ടായിരുന്നു. തിരിച്ചു വീട്ടിലെത്തിയ അവൻ ഇറങ്ങുന്നതിന് മുൻപ്  ഓഫിസറോടു ചോദിച്ചു: സാർ ഞാനിപ്പോൾ ശരിക്കും ഫയർമാനായോ? അയാൾ പറഞ്ഞു: നീയിപ്പോൾ ശരിക്കും ഒരു പോരാളിയായി.

 

ദുരിതങ്ങളിൽ ഒപ്പം നിൽക്കുന്നതിനെക്കാൾ പതിന്മടങ്ങ് ആർജവവും ഇച്ഛാശക്തിയും വേണം പ്രത്യാശയുടെയും സ്വപ്നങ്ങളുടെയും ഭാഗമാകാൻ. സങ്കടങ്ങൾ ശമിപ്പിക്കാൻ സഹജബോധവും സഹാനുഭൂതിയും മതി. സ്വപ്നങ്ങൾ പരിപോഷിപ്പിക്കാൻ ദിശാബോധവും നിർമാണ വൈദഗ്ധ്യവും വേണം. അനുകമ്പയുള്ളവരോടു വിഷാദങ്ങൾ പങ്കുവച്ചാൽ കാര്യമുണ്ടായേക്കാം. സ്വപ്നങ്ങൾ പങ്കുവച്ചിട്ട് ഒരു പ്രയോജനവുമില്ല. രണ്ടിനും ലഭിക്കേണ്ട പ്രതികരണം രണ്ടാണ്. ഒരിടത്തു പരിഗണന മാത്രം മതിയാകും. മറുവശത്തു പ്രേരണയും മാർഗദർശനവും ലഭിക്കണം. തളർന്നു കിടക്കുമ്പോൾ ആശ്വാസവചനങ്ങൾ മാത്രമാണു ലഭിക്കുന്നതെങ്കിൽ കിടപ്പിന്റെ ദൈർഘ്യം കൂടുമെന്നു മാത്രമേയുള്ളൂ. ആത്മവിശ്വാസം പകരുന്ന വാക്കുകൾ ഉയർത്തെഴുന്നേൽപുപോലും സാധ്യമാക്കും. ഒരാളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കണമെങ്കിൽ അയാളുടെ അഭിനിവേശത്തിന്റെ ആഴവും ആ ആഗ്രഹങ്ങളിലേക്കുള്ള വഴിയും ദൂരവും അറിയണം. ആ സ്വപ്നം സ്വന്തം സ്വപ്നമായി രൂപാന്തരം പ്രാപിക്കണം. എന്നിട്ട് അയാൾക്കുമുന്നേ അതേവഴിയിലൂടെ സഞ്ചരിക്കണം. വെറുതേ സഹതപിക്കുന്നവരെയല്ല, സഹായിയായും സാഹസികനായും സഹയാത്രികരാകുന്നവരെയാണു നിരാലംബർക്കാവശ്യം.

 

ഒരാൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം അയാൾക്കു സമ്മാനിക്കുന്ന അനുഭവങ്ങളാണ്. എന്തെങ്കിലും അനുഭവങ്ങൾ തന്നിട്ടുള്ളവരെ മാത്രമേ എല്ലാവരും ഹൃദയത്തിൽ സൂക്ഷിക്കൂ. ദുരനുഭവങ്ങൾ നൽകിയവർ മുറിവായും പ്രത്യാശാനുഭവങ്ങൾ നൽകിയവർ ഹൃദയമിടിപ്പായും നിലകൊള്ളും.

 

English Summary: Subhadinam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com