ADVERTISEMENT

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ലിംഗ വ്യക്തിത്വത്തിലടക്കം മാറ്റം വരുത്താൻ നിർബന്ധിതമായി കൺവേർഷൻ തെറപ്പികൾ (പരിവർത്തന ചികിത്സ) നടത്തുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശമുണ്ടായത് മൂന്നുമാസം മുൻപാണ്. സർക്കാർ ഇതു സംബന്ധിച്ചു മാർഗരേഖയുണ്ടാക്കി അഞ്ചുമാസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തിത്വമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പലതവണ വാർത്തകളായെങ്കിലും അതു പരിഹരിക്കാനുള്ള ആത്മാർഥശ്രമങ്ങളുണ്ടാകുന്നില്ല. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള പോളിസിക്കു രൂപം നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. എന്നിട്ടും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഇവിടെ സർക്കാർ സംവിധാനങ്ങളില്ല. ശസ്ത്രക്രിയയ്ക്കായി മറ്റു സംസ്ഥാനങ്ങളിലേക്കു ‘പലായനം’ ചെയ്യുന്നവർക്കു പറയാനുള്ളതു തട്ടിപ്പിന്റെയും ചൂഷണത്തിന്റെയും കഥകൾ

ട്രാൻസ്ജെൻഡർ അനന്യ ജീവനൊടുക്കിയിട്ട് എട്ടുമാസം പിന്നിട്ടിരിക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ വിജയിച്ചില്ലെന്നും താൻ ചതിക്കപ്പെടുകയായിരുന്നെന്നും ലോകത്തോടു വിളിച്ചുപറഞ്ഞ്, ചങ്കുപൊട്ടിക്കരഞ്ഞ് സ്വയം മരണത്തിലേക്കു നടക്കുകയായിരുന്നു അവർ. ആ മരണത്തിനുശേഷം ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ പുറത്തുവന്നു.

ആദ്യ ശസ്ത്രക്രിയ പരാജയം

കോയമ്പത്തൂരിലായിരുന്നു ആരതിയുടെ (ശരിയായ പേരല്ല) ശസ്ത്രക്രിയ. അതു വിജയിച്ചെന്ന ആത്മവിശ്വാസത്തോടെയാണു നാട്ടിലേക്കു മടങ്ങിയത്. എന്നാൽ, ഒന്നരമാസം കഴിഞ്ഞപ്പോഴേക്കും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി. വീണ്ടും ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഒന്നര ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ശസ്ത്രക്രിയ പരാജയമായെന്നു തിരിച്ചറിഞ്ഞതോടെ ആരതി മാനസികമായും തളർന്നു. അടുത്ത ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ മാർഗമില്ല. ഒടുവിൽ ചില എൻജിഒകളുടെ സഹായത്തോടെയാണു വീണ്ടും ശസ്ത്രക്രിയകൾ ചെയ്തത്. അതിനും വേണ്ടിവന്നു, രണ്ടു ലക്ഷത്തോളം രൂപ!

പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി

ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ തമിഴ്നാട്ടിലേക്കു പോയ തിരുവനന്തപുരം സ്വദേശിയെ, അവരെ ഏറ്റെടുത്ത ട്രാൻസ് കമ്യൂണിറ്റി ചൂഷണം ചെയ്തത് 3 വർഷമാണ്. കടകൾക്കു മുൻപിൽ കൈനീട്ടിയും ട്രാഫിക് സിഗ്നലുകൾക്കരികെനിന്നു ഭിക്ഷയെടുത്തും അവരുണ്ടാക്കിയ പണം മുഴുവൻ സംഘം തട്ടിയെടുത്തു. ഒടുവിലാണു ശസ്ത്രക്രിയ നടത്താൻ കുറച്ചുപണം നൽകിയത്. 

ശസ്ത്രക്രിയയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങാമെന്നും സർക്കാർ സഹായം ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, ശസ്ത്രക്രിയാ രേഖകളും മറ്റും ഇതുവരെ ലഭിച്ചിട്ടില്ല. ആശുപത്രി അധികൃതർ നൽകാത്തതാണോ കൂടെയുള്ളവർ തടഞ്ഞുവച്ചിരിക്കുന്നതാണോ എന്നറിഞ്ഞുകൂടാ. നടന്നു നടന്നു മടുത്തപ്പോൾ തിരികെ നാട്ടിലെത്തി. പക്ഷേ, ജീവിക്കാൻ ഇനിയെന്തു ചെയ്യും എന്ന ആശങ്കയിലാണ് ഈ ഇരുപത്തിരണ്ടുകാരി.

transgender

പണം പോയി; ആരോഗ്യവും

രണ്ടു വർഷം മുൻപാണു നന്ദന തമിഴ്നാട്ടിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്; ഒരുപാട് സ്വപ്നങ്ങളോടെ. എന്നാൽ, ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണ് – മൂത്രമൊഴിക്കാൻ കഠിനവേദന അനുഭവിക്കണം. അധികനേരം ഇരിക്കാനാവില്ല. നടുവേദനയും വയറു വീർത്തുകെട്ടലും.

‘കൊല്ലം പുനലൂരിൽ ആദിവാസി വിഭാഗത്തിലാണു ഞാൻ ജനിച്ചത്. ഞാനും അമ്മാവന്റെ മകനും ട്രാൻസ്ജെൻഡറുകളാണ്. പക്ഷേ, 10 വർഷം മുൻപ് അതെന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു. ജീവിക്കാനായി പുറത്തുകടന്നപ്പോഴാണു ട്രാൻസ് കമ്യൂണിറ്റിയെക്കുറിച്ചറിഞ്ഞത്. നാട്ടിൽ നിൽക്കാൻ കഴിയാതായതോടെ ബെംഗളൂരുവിലേക്കു പോയി; അവിടെനിന്നു തമിഴ്നാട്ടിലേക്കും. 

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. ഒടുവിൽ ആവശ്യമുള്ള പണം സ്വരൂപിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നവർതന്നെ അതു കവർന്നു. പിന്നെയും കഷ്ടപ്പെട്ട് 1.8 ലക്ഷം രൂപയുണ്ടാക്കി. മധുരയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. പക്ഷേ, പണവും പോയി, ആരോഗ്യവും നഷ്ടമായി. കുറച്ചു പരിശോധനകൾ നടത്തി ഒന്നര മണിക്കൂറിനുള്ളിലായിരുന്നു ശസ്ത്രക്രിയ. കൗൺസലിങ്ങോ മറ്റു തെറപ്പികളോ നൽകിയില്ല. എനിക്കതിനെക്കുറിച്ച് അറിവും ഇല്ലായിരുന്നു. ജീവിതത്തിലേക്കു മടങ്ങാൻ ഇനി വീണ്ടും ശസ്ത്രക്രിയകൾ ചെയ്യേണ്ട അവസ്ഥയാണ്’ – നന്ദന പറയുന്നു.

മലയാളിസമൂഹം ഏറെയൊന്നും ചർച്ച ചെയ്യാതെ പോകുന്ന ‘പലായനത്തിലാണ്’ ട്രാൻസ്ജെൻഡറുകൾ. സ്വത്വം അംഗീകരിക്കപ്പെടാത്തതിന്റെ തീരാനൊമ്പരവുമായി, മനസ്സിനൊപ്പം ശരീരത്തെയും മാറ്റിയെടുക്കാനുള്ള ആഗ്രഹത്തോടെ തുടരുന്ന നെട്ടോട്ടം. പണം കണ്ടെത്താനുള്ള പെടാപ്പാട്... ഒടുവിൽ, ശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കുമായി സമീപിക്കുമ്പോൾ ചതിയുടെ വലയൊരുക്കി കാത്തിരിക്കുന്ന ചില ക്ലിനിക്കുകളും ഏജൻസികളും... നിസ്സഹായതയോടെ ട്രാൻസ്ജെൻഡർ സമൂഹം സർക്കാരിനെ നോക്കുകയാണ്.

ശസ്ത്രക്രിയകൾക്കു പണം കണ്ടെത്താൻ മറ്റു സംസ്ഥാനങ്ങളിലേക്കു ചേക്കേറുന്നവരേറെ. ഇവിടെ ചികിത്സച്ചെലവ് കൂടുതലായതിനാൽ മറ്റു സംസ്ഥാനങ്ങളിലെ ചെറു ക്ലിനിക്കുകളെ ആശ്രയിക്കുന്നവരും കുറവല്ല. 2000ൽ തുടങ്ങിയ ഈ ‘കുടിയേറ്റം’ 2008 മുതൽ വൻതോതിൽ വർധിച്ചു.

ദായമ്മകൈ

സ്വന്തം വ്യക്തിത്വം തിരിച്ചറിയാനാകാതെ, നാടും വീടും വിട്ട് പുതിയൊരിടത്ത് എത്തുമ്പോൾ ഒറ്റയ്ക്കുള്ള ജീവിതം അരക്ഷിതാവസ്ഥ നിറഞ്ഞതാകും. അവർ പെട്ടെന്ന് ഏതെങ്കിലും ട്രാൻസ് കമ്യൂണിറ്റിയുടെ ഭാഗമാകും. അവിടെയും അവർ ചൂഷണങ്ങൾക്ക് ഇരയായേക്കാം. മുൻപ്  ‘ദായമ്മകൈ’ എന്ന പ്രാകൃത ലിംഗഛേദന രീതി ഇത്തരം ചില കമ്യൂണിറ്റികളിൽ നിലനിന്നിരുന്നു. പുതുതായി എത്തുന്നവരെ ഏറ്റെടുക്കുന്ന വ്യക്തി അമ്മ (ദായമ്മ) എന്നാണറിയപ്പെടുന്നത്. ദായമ്മകൈ എന്ന പേരുവന്നത് അങ്ങനെ. ദായമ്മകൈ നടത്തുക ആളൊഴിഞ്ഞ പറമ്പുകളിലോ കാടുകളിലോ ആയിരിക്കും. ചടങ്ങുകൾ തുടങ്ങുന്നതിനു മുൻപ് ആറടി നീളമുള്ള കുഴിയെടുക്കും; മരിച്ചാൽ സംസ്കരിക്കാൻ വേണ്ടി! ഇങ്ങനെ മരിച്ചവരുടെ എണ്ണം കുറവല്ല. 

വേണം ശരിയായ ചികിത്സ

ലൈംഗിക ന്യൂനപക്ഷങ്ങളിൽപ്പെടുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നു ശരിയായ ചികിത്സ കിട്ടുന്നില്ലെന്നതാണ്. ആശുപത്രിയിലെത്തിയാൽ ഡോക്ടർമാരടക്കം അദ്ഭുതത്തോടെ നോക്കുന്ന സാഹചര്യം!ഈയിടെ മൂത്രാശയ അണുബാധയെത്തുടർന്ന് ആശുപത്രിയിലെത്തിയ തന്നെക്കണ്ട് എന്തു മരുന്നാണു നൽകേണ്ടത്, എന്തു ചികിത്സയാണു നൽകേണ്ടതെന്നു ചോദിച്ച ഡോക്ടറുണ്ടെന്ന് ആയുർവേദ ഡോക്ടറും   ട്രാൻസ്ജെൻഡറുമായ വി.എസ്.പ്രിയ പറയുന്നു. 

ജെൻഡർ ന്യൂട്രൽ ചികിത്സ എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചു രാജ്യാന്തര സംഘടനയായ ഡബ്ല്യു–പാക്ട് തയാറാക്കിയ രൂപരേഖയുണ്ട്. എന്നാൽ, നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇപ്പോഴും ഇത്തരം മാറ്റങ്ങൾ വന്നിട്ടില്ല.

ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അപകീർത്തികരമായ പരാമർശങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിൽനിന്നു നീക്കണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംഎസി) നിർദേശം നൽകിയിരുന്നു. പാഠ്യപദ്ധതിയിലും ചികിത്സാ മാർഗരേഖയിലും മാറ്റം വരുത്താൻ കേരള ആരോഗ്യ സർവകലാശാലയും നടപടി തുടങ്ങിയതു സ്വാഗതാർഹമാണ്. കോടതികളുടെ ഇടപെടലിനെത്തുടർന്നാണ് ഈ മാറ്റങ്ങൾ.

150 

2017നു ശേഷം സംസ്ഥാനത്തു പ്രതിവർഷം ഏകദേശം 150 ലിംഗമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നുവെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ.

0

സങ്കീർണമായ ശസ്ത്രക്രിയ നടത്താൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗകര്യമില്ല.

5

സ്വകാര്യമേഖലയിലുള്ളത് അഞ്ചിൽ താഴെ ആശുപത്രികൾ.

2

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കായി തിരുവനന്തപുരത്തും എറണാകുളത്തുമായി സർക്കാരിന്റെ 2 ഷെൽറ്റർ ഹോമുകൾ മാത്രം.

4500

2014ലെ സർവേ പ്രകാരം സംസ്ഥാനത്തുള്ളത് 4500 ട്രാൻസ്ജെൻഡറുകൾ. എന്നാൽ, ട്രാൻസ്ജെൻഡർ വ്യക്തിത്വം വെളിപ്പെടുത്താത്തവരടക്കം അരലക്ഷം പേരോളം സംസ്ഥാനത്തുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ പറയുന്നു. പുതിയ സർവേ നടക്കുന്നു. 

പ്രധാനപ്പെട്ടത്  2 ശസ്ത്രക്രിയകൾ

ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെസ്റ്റ് (ടോപ്) സർജറിയും ജനറ്റൽ (ബോട്ടം) സർജറിയും. ആദ്യത്തേതിന് ഏകദേശം ഒന്നരലക്ഷം രൂപ വരെയും രണ്ടാമത്തേതിനു രണ്ടര ലക്ഷം രൂപ വരെയുമാകാം. മരുന്നുകൾക്കും തുടർചികിത്സയ്ക്കുമായി 7 ലക്ഷം രൂപ വരെ കണക്കാക്കുന്നു. 

ട്രാൻസ്മെൻ ശസ്ത്രക്രിയയ്ക്കായി 5 ലക്ഷം രൂപയും ട്രാൻസ്‌വിമെൻ ശസ്ത്രക്രിയയ്ക്കായി രണ്ടര ലക്ഷം രൂപയുമാണു സർക്കാർ സഹായം. കൂടാതെ, ഒരു വർഷത്തേക്കു പ്രതിമാസം 3000 രൂപയും നൽകും. എന്നാൽ, ശസ്ത്രക്രിയയ്ക്കു ശേഷമേ സഹായം ലഭിക്കൂ. തുടക്കത്തിൽ പണം സ്വന്തം നിലയ്ക്കു കണ്ടെത്തണം.

seethal
ശീതൾ ശ്യാം, റോയ് ഡേവിഡ്, പി.കെ.പ്രിജിത്ത്

മറ്റു ശസ്ത്രക്രിയകൾ

∙ ഫേഷ്യൽ റീകൺസ്ട്രക്ടീവ് സർജറി: നിലവിലുള്ളതിൽ കൂടുതൽ സ്ത്രൈണതയോ പൗരുഷമോ മുഖത്തു വരുത്താനുള്ളത്.

∙ ഹോർമോൺ തെറപ്പി – പുരുഷ/ സ്ത്രീ ഗുണങ്ങൾ കൂടുതലാകാനുള്ളത്.

∙ വോയ്സ് തെറപ്പി: ശബ്ദമാറ്റത്തിനു വേണ്ടിയുള്ളത്.

∙ കവിൾ, താടി, മൂക്ക് തുടങ്ങി ഓരോ ഭാഗത്തിനും വേണ്ടി പ്രത്യേകം ശസ്ത്രക്രിയകൾ ചെയ്യുന്നവരുണ്ട്.

സംരക്ഷിക്കേണ്ടവർ തന്നെ ഉപദ്രവിക്കാനെത്തുന്ന കാഴ്ച പതിവാണ്. കാഴ്ചപ്പാടുകൾ മാറണം. ഞങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നു മനസ്സിലാക്കണം. തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിനൊപ്പം, ജീവിതസാഹചര്യങ്ങൾ കൂടി സൃഷ്ടിക്കണം. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എത്തിക്കൽ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തലത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. അതു വേഗത്തിലാക്കണം.

ഉപജീവനത്തിനും ശസ്ത്രക്രിയയ്ക്കും പണം കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവർ ഒട്ടേറെ. ഇവരിൽ പലർക്കും ബാങ്ക് അക്കൗണ്ട് ഇല്ല. സൂക്ഷിച്ചുവയ്ക്കുന്ന പണം ഒപ്പമുള്ളവർ കവരുന്നതും പതിവാണ്. ശസ്ത്രക്രിയയ്ക്ക് എത്തുന്നവർക്കു ചെലവിനെക്കുറിച്ചോ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറെക്കുറിച്ചോ കൃത്യമായ വിവരം നൽകാത്ത ക്ലിനിക്കുകളും ആശുപത്രികളുമുണ്ട്. ട്രാൻസ്ജെൻഡറുകളെ സംബന്ധിച്ച സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകാൻ പാഠ്യപദ്ധതിയിലുൾപ്പെടെ നവീകരണം ആവശ്യമാണ്.

കൺവേർഷൻ തെറപ്പികൾ എന്ന പേരിലല്ല പലപ്പോഴും പരിവർത്തന ചികിത്സ നടക്കുന്നത്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇത്തരം ചികിത്സയ്ക്ക് ട്രാൻസ് കമ്യൂണിറ്റിയിൽപെട്ടവർ ഇപ്പോഴും പോകേണ്ടിവരുന്നു. സർക്കാർ സംവിധാനം മാത്രമുണ്ടായാൽ പോരാ, സമൂഹത്തിന്റെ അംഗീകാരം കൂടി ആവശ്യമാണ്‌. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ആക്‌ഷൻ കൗൺസിൽ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.

English Summary: International Transgender Day of Visibility 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com