ADVERTISEMENT

രാജ്യസഭയിൽ നിന്നു പടിയിറങ്ങിയ എ.കെ. ആന്റണി സുദീർഘമായ പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക്

അധികാരത്തിന്റെ ഉന്നതപദവികളിലിരിക്കുമ്പോഴും ഒറ്റമുണ്ടിന്റെ ലാളിത്യവും അതിലെ അതേ വെൺമയുള്ള ആദർശവുമാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ.കെ. ആന്റണി. ഡൽഹിയിലെ ശൈത്യകാലത്ത് കേരളത്തിൽ നിന്നുള്ള നേതാക്കൾ ചിലപ്പോഴെങ്കിലും പാന്റ്സിലേക്കു കയറും; അപ്പോഴും ഒറ്റമുണ്ട് മുറുക്കിയുടുത്ത് ആന്റണി നടക്കും. പാർലമെന്റിലെ ഇടനാഴികളിൽ സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്ന ആന്റണി, പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച് ഇന്നലെ രാജ്യസഭയിൽ നിന്നു പടിയിറങ്ങി. ഡൽഹി ജീവിതത്തിനു വിരാമമിട്ട് ആന്റണി കേരളത്തിലേക്കു മടങ്ങുന്നു. 

‘പ്രതിരോധം’ തീർത്ത് 

കുറച്ചേ സംസാരിക്കൂ; അതു സത്യമാകണമെന്നും നിർബന്ധമുണ്ട് – കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റിലും ആന്റണി സ്വീകരിച്ച വഴിയിതാണ്. രാജ്യസഭയിൽ വാക്ശരങ്ങൾ കൊണ്ട് എതിരാളിയെ നിശ്ശബ്ദമാക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. പകരം കണക്കുകളും യാഥാർഥ്യങ്ങളും അക്കമിട്ടു നിരത്തി പ്രസംഗിച്ചു. 

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് റഫാൽ യുദ്ധവിമാന ഇടപാട് വിവാദം കത്തിനിന്ന കാലം. രാജ്യസഭയിൽ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി നേരിടാൻ ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ളവരെയും പ്രതിരോധ മേഖലയിലെ സാങ്കേതികവശങ്ങൾ നിരത്തി ഇടപാടിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടാൻ ആന്റണിയെയും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രംഗത്തിറക്കി. രാജ്യത്ത് ഏറ്റവുമധികം കാലം പ്രതിരോധ മന്ത്രിയായിരുന്നയാൾ എന്ന പെരുമയിൽ നിന്നാർജിച്ചെടുത്ത അനുഭവസമ്പത്തു കൊണ്ടാണ് ആന്റണി അന്ന് കേന്ദ്രത്തിനു നേരെ നിരന്തരം ചോദ്യങ്ങളുന്നയിച്ചത്. 

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ നേരിടുക ഭരണപക്ഷത്തിന് എളുപ്പമായിരുന്നെങ്കിലും കണക്കുകളും സാങ്കേതികവശങ്ങളും ചൂണ്ടിക്കാട്ടിയുള്ള ആന്റണിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പലപ്പോഴും അവർ മൗനം പാലിച്ചു; അവയ്ക്കു മറുപടി നൽകാതെ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നമിട്ടു. റഫാൽ വിഷയത്തിൽ കേന്ദ്രത്തെ കടന്നാക്രമിക്കാൻ അദ്ദേഹം തുടർച്ചയായി വാർത്താസമ്മേളനങ്ങളും നടത്തി. 

കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങൾ അതിരുകടക്കുമ്പോൾ, മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങുക പാർലമെന്റിലെ പതിവു കാഴ്ചയാണ്. അത്തരം നടുത്തള ബഹളങ്ങളിൽ നിന്ന് വിട്ടുനിന്ന ചുരുക്കം നേതാക്കളുടെ കൂട്ടത്തിലാണ് ആന്റണിയുടെ സ്ഥാനം. 

രാജ്യസഭയിൽ

27 വർഷം നീളുന്നതാണ് ആന്റണിയുടെ രാജ്യസഭാ കാലം. 1985ലാണ് ആദ്യ രാജ്യസഭാ പ്രവേശം. 1991ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1993 – 95 കാലത്ത് പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായി. 2004ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആന്റണിയെ സോണിയ ഡൽഹി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. 2005ൽ വീണ്ടും രാജ്യസഭയിലേക്ക്. 

അഴിമതി നിഴൽപോലെ പിന്തുടരുന്ന പ്രതിരോധ വകുപ്പിനെ നയിക്കാനുള്ള ദൗത്യവും സോണിയ ആന്റണിയെ ഏൽപിച്ചു. 2006ലെ കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയിൽ നട്‍വർ സിങ്ങിനെ നീക്കി പ്രണബ് മുഖർജിയെ വിദേശകാര്യ മന്ത്രിയാക്കി. പ്രണബിനു പകരം ആന്റണി പ്രതിരോധ മന്ത്രിയായി. ആന്റണിയുടെ സത്യസന്ധതയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു 89,000 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല അദ്ദേഹത്തെ ഏൽപിക്കാനുള്ള തീരുമാനം. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രതിരോധ മന്ത്രിപദം വഹിച്ചയാൾ എന്ന റെക്കോർഡുമായാണ് 2014ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 2 ഘട്ടങ്ങളിലായി 6 വർഷവും 7 മാസവും രണ്ടാഴ്ചയും പ്രതിരോധ മന്ത്രിയായിരുന്ന ജഗ്ജീവൻ റാമിന്റെ റെക്കോർഡ് ആണ് ആന്റണി തകർത്തത്. 

അഴിമതിമുക്തം

അഴിമതി ഭയന്ന് പ്രതിരോധ, ആയുധ ഇടപാടുകളിൽ നിന്ന് അകലം പാലിച്ചു, തീരുമാനങ്ങളെടുക്കുന്നതിൽ  കാലതാമസം വരുത്തി തുടങ്ങിയ ആക്ഷേപങ്ങൾ ബിജെപി ഉയർത്തിയെങ്കിലും പ്രതിരോധ സേനകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ ആന്റണി സുപ്രധാന പങ്കുവഹിച്ചു. പാക്ക്, ചൈന അതിർത്തികളോടു ചേർന്ന് യുദ്ധവിമാനങ്ങൾക്കിറങ്ങാവുന്ന എയർസ്ട്രിപ്പുകളടക്കമുള്ള സൗകര്യങ്ങളൊരുക്കാനും നേതൃത്വം നൽകി. 

ആയുധ ഇടപാടുകളിൽ അഴിമതിക്കാരായ മധ്യസ്‌ഥരുടെ പങ്ക് ഒഴിവാക്കാനും ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും യോഗ്യതാ നിർണയത്തിനു വിദഗ്‌ധ സമിതിയെ നിയമിക്കാനും നടപടി സ്വീകരിച്ചു. ബജറ്റിൽ പ്രതിരോധത്തിനുള്ള തുക വർധിപ്പിക്കാനും മുൻകയ്യെടുത്തു. 

2013ൽ കിഴക്കൻ ലഡാക്കിലെ ഡെപ്സങ്ങിൽ അതിക്രമിച്ചു കയറിയ ചൈനീസ് സേനയിൽ നിന്ന് പ്രതിരോധ, നയതന്ത്ര മാർഗങ്ങളിലൂടെ മൂന്നാഴ്ചയ്ക്കുള്ളിൽ ഇന്ത്യ സ്വന്തം പ്രദേശം തിരിച്ചുപിടിച്ചപ്പോഴും പ്രതിരോധ മന്ത്രാലയത്തിന്റെ തലപ്പത്ത് ആന്റണിയായിരുന്നു. 

സൗഹൃദം മാത്രം

രാഷ്ട്രീയത്തിൽ തനിക്കു സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും മതി; ശിങ്കിടികളെയും ആശ്രിതരെയും വേണ്ട എന്ന് എക്കാലവും നിലപാടെടുത്തയാളാണ് ആന്റണി. 

കോൺഗ്രസിന്റെ യോഗങ്ങൾക്കായി എഐസിസി ആസ്ഥാനത്തേക്കെത്തുമ്പോൾ, ആന്റണിയുടെ മുഖത്ത് നേർത്തചിരി പതിവാണ്. നേതാക്കളോടെല്ലാം സൗഹൃദം പങ്കിട്ട്, വിശേഷങ്ങൾ ചോദിച്ച് അദ്ദേഹം നടന്നുനീങ്ങും. പ്രവർത്തക സമിതി യോഗങ്ങളിൽ സോണിയയ്ക്കടുത്താണ് ആന്റണിയുടെ ഇരിപ്പിടം. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തിയ തീപ്പൊരി നേതാവിൽ നിന്ന് ഗാന്ധി കുടുംബത്തിന്റെ, പ്രത്യേകിച്ച് സോണിയയുടെ ഏറ്റവും വിശ്വസ്തൻ എന്ന മേൽവിലാസത്തിലേക്കാണ് കാലം ആന്റണിയെ എത്തിച്ചത്. 

പാർട്ടി കാര്യങ്ങളിൽ സോണിയ വിശ്വാസമർപ്പിച്ച ചുരുക്കം നേതാക്കളിലൊരാളാണ് ആന്റണി. പാർട്ടി യോഗങ്ങളിൽ ആന്റണി ദീർഘ പ്രസംഗങ്ങൾ നടത്താറില്ല; പകരം ചുരുങ്ങിയ വാക്കുകളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഉറച്ചശബ്ദത്തിൽ പ്രകടിപ്പിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പദമൊഴിഞ്ഞപ്പോൾ, പാർട്ടിയെ പിടിച്ചുനിർത്താൻ ഇടക്കാല പ്രസിഡന്റാവണമെന്ന ആന്റണിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സോണിയ ആ പദവി ഏറ്റെടുത്തത്. പ്രതിസന്ധി ഘട്ടത്തിൽ ഗാന്ധി കുടുംബത്തിനല്ലാതെ മറ്റാർക്കും കോൺഗ്രസിനെ നയിക്കാനാവില്ലെന്നും അദ്ദേഹം നിലപാടെടുത്തു. തലമുറ മാറ്റത്തിന്റെ പേരിൽ മുതിർന്ന നേതാക്കളിൽ പലരെയും ഒരുപരിധി വരെ തഴഞ്ഞ രാഹുൽ, പക്ഷേ, ആന്റണിയുടെ വാക്കിനെ ബഹുമാനിച്ചു. 

1984ലാണ് പാർട്ടിയുടെ ഏറ്റവും ഉന്നതമായ പ്രവർത്തക സമിതിയിൽ ആന്റണി അംഗമായത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രവർത്തക സമിതിയംഗമായ നേതാവ് എന്ന പെരുമയും ആന്റണിക്കു സ്വന്തം. 

പ്രിയ ‘പ്രസിഡന്റ് ’

ആന്റണി നാട്ടിലേക്കു മടങ്ങുമ്പോൾ, കോൺഗ്രസ് നേതാക്കളുടെ ഒരു പതിവിനും മാറ്റം വരും. ഡൽഹി യാത്രകളിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ സ്ഥിരം സന്ദർശന ഇടമാണ് ജന്തർ മന്തറിൽ ആന്റണിയുടെ ഒൗദ്യോഗിക വസതി. ആവശ്യങ്ങളും പരാതികളും പരിഭവങ്ങളുമെല്ലാം അവർ അദ്ദേഹത്തിനു മുന്നിൽ തുറന്നുപറയും. 

ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള സീനിയർ നേതാക്കൾ ‘എകെ’ എന്നാണു വിളിക്കുക. അടുത്ത തലമുറയിൽപ്പെട്ടവർക്ക് ആന്റണി ‘പ്രസിഡന്റാണ്’. അദ്ദേഹം കെപിസിസി പ്രസിഡന്റായിരുന്ന കാലത്തിന്റെ ഓർമയ്ക്ക് അവരിൽ പലരും ‘പ്രസിഡന്റേ’ എന്നാണ് ഇന്നും ആന്റണിയെ വിളിക്കുന്നത്. ‘പ്രിയ പ്രസിഡന്റ്’ എന്നു വിശേഷിപ്പിച്ചാണ് ആന്റണിക്കുള്ള കത്തുകൾ പോലും അവർ എഴുതുന്നത്. യുവ തലമുറയിൽപ്പെട്ടവർക്ക് അദ്ദേഹം ആന്റണി സാർ ആണ്. സോണിയ ഗാന്ധിയുൾപ്പെടെയുള്ള ഹൈക്കമാൻഡ് നേതാക്കൾക്ക് ആന്റണിജി. 

ദേശീയ നേതൃത്വത്തിന്റെ മറ്റൊരു പേരാണെങ്കിലും ആരാണ്, എന്താണ് ഹൈക്കമാൻഡ് എന്ന് കോൺഗ്രസിലെ തന്നെ പലരും ചിലപ്പോൾ സംശയം ചോദിക്കാറുണ്ട്. ഹൈക്കമാൻഡിലെ അവിഭാജ്യ ഘടകമായ ആന്റണിയുടെ കാര്യത്തിൽ പക്ഷേ, അത്തരം ആശയക്കുഴപ്പങ്ങളില്ല. കേരളത്തിലെ കോൺഗ്രസുകാർക്ക് ആന്റണി ഹൈക്കമാൻഡ് അല്ല; അവരിലൊരാളാണ്; അവർക്കൊപ്പം ആന്റണി ഇനി കേരളത്തിൽ.

പാർലമെന്ററി കാലം

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പിസിസി പ്രസിഡന്റ്, 1977ൽ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, രാജ്യത്ത് ഏറ്റവുമധികം കാലം കേന്ദ്ര പ്രതിരോധ മന്ത്രിപദം വഹിച്ചയാൾ, കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രവർത്തക സമിതിയംഗമായ വ്യക്തി; റെക്കോർഡുകൾ ഒട്ടേറെയുണ്ട് എ.കെ. ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തിൽ.

1970: ആദ്യമായി നിയമസഭയിലേക്ക് (ആകെ 5 തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു)

1977 – 1978: കേരള മുഖ്യമന്ത്രി  

1985 – 1995; 2005 – 2022: രാജ്യസഭാംഗം (5 തവണ രാജ്യസഭയിൽ)

1993 – 1995: കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി

1995 – 1996: കേരള മുഖ്യമന്ത്രി

1996 – 2001: പ്രതിപക്ഷ നേതാവ്‌

2001 – 2004: കേരള മുഖ്യമന്ത്രി

2006 – 2014: കേന്ദ്ര പ്രതിരോധ മന്ത്രി 

1984 – ഇതുവരെ: കോൺഗ്രസ് പ്രവർത്തക സമിതിയംഗം 

 

English Summary: AK Antony bids goodbye to electoral politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com