ADVERTISEMENT

ഏപ്രിൽ ഫൂൾ ദിനത്തിൽ കമ്പനികളും സർക്കാർ ഏജൻസികൾ പോലും തമാശകളുമായി സമൂഹമാധ്യമങ്ങളിൽ നിറയുന്നു; അവ കുസൃതികളാണെന്നു തിരിച്ചറിഞ്ഞു ചിരിക്കാൻ വേണ്ടത് അൽപം ശ്രദ്ധ!

2015 ഏപ്രിൽ ഒന്നിന് ന്യൂസീലൻഡിലെ ഓക്‌ലൻഡിലുള്ള പ്രമുഖ കാർ ഡീലർ പത്രത്തിൽ ഒരു പരസ്യം നൽകി: ‘ഏപ്രിൽ ഫൂൾസ് ഡേ സ്പെഷൽ. നിങ്ങളുടെ പഴയ കാറുമായി ഞങ്ങളുടെ ഷോറൂമിൽ വരുന്ന ആദ്യത്തെ ആൾക്ക് പുതിയ ബിഎംഡബ്ല്യു കാറുമായി മടങ്ങാം. എക്സ്ചേഞ്ച് ഓഫർ ഏപ്രിൽ ഒന്നിനു മാത്രം.’

മറ്റേതു ദിവസമാണെങ്കിലും ഇങ്ങനെയൊരു പരസ്യം വിശ്വാസ്യതയുള്ള ഒരു കമ്പനിയുടേതായി വന്നാലുള്ള അവസ്ഥ ആലോചിക്കാമല്ലോ? ഷോറൂമിലേക്കുള്ള റോഡിൽ വൻ ട്രാഫിക് ബ്ലോക്ക് ഉറപ്പ്!

പരസ്യം വിശ്വസിച്ച് ആളുകൾ ഇടിച്ചുകയറുമോ എന്നു കരുതി കമ്പനി കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിക്കുക വരെ ചെയ്തു. പക്ഷേ, ഏപ്രിൽ ഫൂളാക്കൽ പരിപാടിയാണെന്നു കരുതി അധികമാരും പഴയ വണ്ടിയുമായി വന്നില്ല.

ആദ്യമെത്തിയത്, ടിയാന മാർഷ് എന്ന സ്ത്രീയാണ്. കബളിപ്പിക്കലാണെന്ന് ഉറപ്പിച്ച്, കമ്പനിക്കാരെ തിരിച്ചൊന്നു ഫൂളാക്കിക്കളയാം എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. കാറിന്റെ ചെറിയ മാതൃകയോ മറ്റോ ആയിരിക്കും തരിക എന്നും അവർ കരുതി. എന്നാൽ, ഷോറൂമിലെത്തിയപ്പോൾ കളിമാറി. അദ്ഭുതമായി. ടിയാന മാർഷിന് കമ്പനി ഒരു പുതുപുത്തൻ ബിഎംഡബ്ല്യു കാ‍ർ ശരിക്കും സമ്മാനിച്ചു! പത്രപ്പരസ്യം അവിശ്വസിച്ച ബാക്കിയുള്ളവരെല്ലാം ഫൂളായപ്പോൾ ടിയാനയ്ക്കു ലോട്ടറിയടിച്ചെന്നു ചുരുക്കം. ബിഎംഡബ്ല്യു തങ്ങളുടെ യുട്യൂബ് ചാനലിൽ ഈ കഥയുടെ വിഡിയോ സ്റ്റോറി പോസ്റ്റു ചെയ്തിട്ടുണ്ട്. റിവേഴ്സ് ഏപ്രിൽ ഫൂൾ പ്രാങ്ക് എന്ന പേരിൽ ഇതു ലോകമാകെ പ്രചരിച്ചു.

ഇൻസ്പെക്ടർ ഒട്ടകവും നൈറ്റ് പട്രോളിങ് മൂങ്ങയും

 നിർദോഷമായ ഫലിതങ്ങളും കബളിപ്പിക്കലുകളുംകൊണ്ട് ജീവിതത്തിൽ സന്തോഷം കൊണ്ടുവരികയെന്നതാണല്ലോ ഏപ്രിൽ ഫൂൾ ദിനത്തിന്റെ ലക്ഷ്യം. ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും വരവോടെ വ്യക്തികൾ പരസ്പരം ‘പണികൊടുത്തിരുന്ന’ ഏപ്രിൽ ഫൂളാക്കൽ പരിപാടിയുടെ സ്വഭാവം തന്നെ മാറി. വൻകിട കമ്പനികളും സർക്കാർ സ്ഥാപനങ്ങളും പോലും ഏപ്രിൽ ഒന്നിന് ആളുകളെ കളിയായി ഫൂളാക്കാൻ തുടങ്ങി. സ്വന്തം  ബ്രാൻഡിന്റെ പ്രചാരണവും ഉപഭോക്താക്കളുമായി അടുപ്പമുണ്ടാക്കലുമൊക്കെയാണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്. 

queens-land

ഓസ്ട്രേലിയയിലെ ക്യൂൻസ്‍ലൻഡ് പൊലീസ് ആണ് ഇത്തവണ ഏറ്റവും രസകരമായ പ്രഖ്യാപനം ട്വിറ്ററിൽ നടത്തിയത്: ‘ഓസ്ട്രേലിയൻ മൃഗശാലയുമായി ചേർന്ന് ഞങ്ങൾ പുതിയ സ്ക്വാഡ് ആരംഭിക്കുകയാണ്: മൃഗപൊലീസ്! ക്യൂൻസ്‍ലൻഡിനു കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കണ്ണുകൾ, കാതുകൾ, ചിറകുകൾ, നഖങ്ങൾ ഏർപ്പെടുത്തുകയാണ് ഇതിലൂടെ!’

ട്വീറ്റ് വൈറലായെന്നു പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും 5 മണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസ് ട്വിറ്ററിൽ തന്നെ അറിയിച്ചു: ‘ഇല്ല, മൃഗങ്ങളെ നമുക്കെല്ലാം ഇഷ്ടമാണ്. പക്ഷേ, അവരല്ല ഞങ്ങളുടെ പുതിയ കുറ്റകൃത്യ വിരുദ്ധ സംഘം. സംഗതി ഏപ്രിൽ ഫൂളാണ്!’

victoria

ക്യൂൻസ്‍ലൻഡുകാർക്കു ചെയ്യാമെങ്കിൽ വിക്ടോറിയക്കാർ പിന്നിലാകാൻ പാടില്ലല്ലോ; ഓസ്ട്രേലിയയിലെ തന്നെ വിക്ടോറിയ സംസ്ഥാനത്തെ പൊലീസ് ഫെയ്സ്ബുക്കിൽ നടത്തിയ പ്രഖ്യാപനം അവർ ഒട്ടകങ്ങളെ സേനയിലേക്കു റിക്രൂട്ട് ചെയ്യുന്നുവെന്നാണ്! ഒട്ടകങ്ങൾ വരുന്നതുകൊണ്ടുള്ള മെച്ചങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ഇവരും കുറച്ചുകഴിഞ്ഞപ്പോൾ കാര്യം ഏപ്രിൽ ഫൂളാണെന്നു വ്യക്തമാക്കി. 

അവിടുത്തെ പൊലീസ് ഇങ്ങനെ കൂളാകുന്നതിന്റെ രസംപിടിച്ച്, നമ്മുടെ പൊലീസ് അവരുടെ സൂപ്പർഹിറ്റായ ഫെയ്സ്ബുക് പേജിൽ എന്തെങ്കിലും കുസൃതികൾ ഒപ്പിച്ചിട്ടുണ്ടോ എന്നു പോയി നോക്കി. ഇല്ല, ട്രോളും തമാശയുമൊക്കെ അവിടെ പതിവാണെങ്കിലും ഏപ്രിൽ ഫൂൾ സ്പെഷ്യൽ പോസ്റ്റുകൾ ഒന്നുമില്ല! 

പഴയ നിറം, പുതിയ നിറം 

അമേരിക്കയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‍വർക്ക് പ്രൊവൈഡർ ആണു ‘ടി മൊബൈൽ’. മജന്ത ആണ് അവരുടെ ബ്രാൻഡ് കളർ. ഇന്നലെ അവർ തങ്ങളുടെ പുതിയ ബ്രാൻഡ് കളർ പുറത്തുവിട്ടു – ന്യൂ മജന്ത. യുട്യൂബിലും ട്വിറ്ററിലും ന്യൂമജന്തയുടെ സവിശേഷതകളും അവ കണ്ടെത്തിയ മാർഗവുമെല്ലാം വ്യക്തമാക്കുന്ന വി‍ഡിയോകളും ട്വീറ്റുകളുമുണ്ട്. നൂറുകണക്കിനു ഗവേഷകർ ആയിരക്കണക്കിനു മണിക്കൂറുകൾ അതിഗഹനമായ ഗവേഷണങ്ങൾ നടത്തിയാണു പുതിയ നിറം കണ്ടെത്തിയതെന്നു വിഡിയോയി‍ൽ പറയുന്നുണ്ട്. 

t-mobile

ഒറ്റ കുഴപ്പമേയുള്ളൂ – നോക്കുന്നവർക്കു പഴയ മജന്തയും ന്യൂമജന്തയും  തമ്മിൽ ഒരു വ്യത്യാസവും തോന്നുന്നില്ല! സമൂഹമാധ്യമങ്ങളിലാകെ ഇതെക്കുറിച്ചുള്ള ചർച്ച നടക്കുന്നു. എന്താ വ്യത്യാസം എന്നു സംശയിക്കുന്നവർക്ക് അതു കണ്ടുപിടിക്കാനുള്ള ഗൈഡ് പോലും കമ്പനി നൽകിയിട്ടുണ്ട്. പക്ഷേ, അതിലെ നിർദേശങ്ങൾ പാലിച്ചാലും വ്യത്യാസമൊന്നും കാണാനില്ല!  ഇത്തവണത്തെ ഏപ്രിൽ ഫൂൾ ദിനത്തിൽ ഏറ്റവും ഹിറ്റായ ക്യാംപെയ്നുകളിലൊന്നാണ് ടി മൊബൈലിന്റേത്.

വൻകിട മൊബൈൽ കമ്പനി ഷവോമിയും ഇത്തവണ രസകരമായ ഏപ്രിൽ ഫൂൾ ‘ലോഞ്ച്’ നടത്തി: പുതിയ ഒരു ടാബ്‌‌ലറ്റ്; ‍കയ്യിൽ പിടിച്ച് ഉപയോഗിക്കാവുന്ന ടാബ് ആണെന്നു കരുതാൻ വരട്ടെ; സാധനം എല്ലാ ശാരീരിക, മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്ന കോൺഫിബൂസ്റ്റ് എന്ന സാങ്കൽപിക ഗുളികയാണ്!  

xiaomi

വെള്ളത്തിൽ കലക്കാവുന്ന ഇൻസ്റ്റന്റ് ബീയർ പൊടിയുമായി രംഗത്തുവന്ന് പ്രമുഖ ബീയർ കമ്പനിയും, സഞ്ചരിക്കുന്ന ശുചിമുറിയും പറക്കുന്ന ടാക്സിക്കാറും അവതരിപ്പിച്ച് ഓൺലൈൻ ടാക്സി സർവീസ് കമ്പനിയും, നായ്ക്കുട്ടികൾക്കുള്ള കാപ്പിക്കട പ്രഖ്യാപിച്ച് പ്രശസ്ത കാപ്പിക്കട ശൃംഖലയും, ഇരുട്ടത്തിരുന്നും കഴിക്കാവുന്ന തിളങ്ങുന്ന ഫ്ലൂറസന്റ് ബർഗർ തയാറാക്കി ജനപ്രിയ ബർഗർ ബ്രാൻഡുമൊക്കെ മുൻ വർഷങ്ങളിൽ നമ്മളെ ഇതുപോലെ ഫൂളാക്കാൻ നോക്കിയിട്ടുണ്ട്! 

ഇത്തരം തമാശകൾ വ്യാജവാർത്തയുടെ പരിധിയിൽ വരില്ലെങ്കിലും കുസൃതിയാണെന്നു മനസ്സിലാക്കാതെ പലരും വിശ്വസിച്ചുപോകാനുള്ള സാധ്യതയുണ്ടെന്നതാണു പ്രശ്നം. ജാഗ്രത പാലിക്കുക; ചിരിയോടെ എന്നതാണു പരിഹാരം!

വസ്തുതകളിലേക്ക് ജാഗ്രതയോടെ ഈ ദിനം

ഇന്നലെ ഏപ്രിൽ ഒന്ന് കുസൃതിയുടെ ദിനമായിരുന്നെങ്കിൽ ഇന്ന് ഏപ്രിൽ 2 ഗൗരവമേറിയ ഒരു ദിനമായി ലോകം ആചരിക്കുന്നു: രാജ്യാന്തര ഫാക്ട്ചെക്കിങ് ദിനം. ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും വ്യാപനത്തോടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വ്യാജവാർത്തകളുടെയും വിവരങ്ങളുടെയും പ്രചാരം. ഇതിനെ നേരിടാൻ – ഇത്തരം വാർത്തകളുടെ യാഥാർഥ്യം കണ്ടെത്താൻ – ലോകമെങ്ങും വസ്തുതാന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മാധ്യമങ്ങളും സന്നദ്ധസംഘടനകളും സർക്കാർ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ ഉൾപ്പെടുന്ന ഇത്തരം ഗ്രൂപ്പുകൾ ചേർന്നുള്ള രാജ്യാന്തര കൂട്ടായ്മയാണ് ഇന്റർനാഷനൽ ഫാക്ട്ചെക്കിങ് നെറ്റ്‍വർക്ക് (ഐഎഫ്സിഎൻ). 2017 മുതൽ ഐഎഫ്സിഎന്നിന്റെ മുൻകയ്യിൽ രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം ആചരിച്ചു വരുന്നു.

വാട്സാപ്പിലും സമൂഹമാധ്യമങ്ങളിലും നമുക്കു കിട്ടുന്ന വിവരങ്ങളുടെ യാഥാർഥ്യമെന്തെന്ന് അന്വേഷിച്ചു കണ്ടെത്തി, വസ്തുതകൾ മാത്രം പങ്കുവയ്ക്കുകയും വ്യാജവിവരങ്ങളെ തള്ളിക്കളയുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഫാക്ട് ചെക്കിങ് ഡേയുടെ പ്രധാന സന്ദേശം.

English Summary: April fools comedy and facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com