ADVERTISEMENT

സുവ്യക്തമായ നിയമത്തിന്റെയും അതിനെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിന്റെയും ആനുകൂല്യം പ്രയോജനപ്പെടാതെ, ആശങ്കയിൽ വലയുകയാണ് പഠനവെല്ലുവിളിയടക്കമുള്ള ഭിന്നശേഷി നേരിടുന്ന ഒട്ടേറെ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും. വ്യാഴാഴ്ച ആരംഭിച്ച എസ്എസ്എൽസി പരീക്ഷ എഴുതാൻ നിയമപ്രകാരമുള്ള പരീക്ഷാനുകൂല്യം ‘പതിനൊന്നാം മണിക്കൂറിൽ’ മാത്രം ലഭിച്ച വിദ്യാർഥികളാണു പരീക്ഷാസമ്മർദത്തിനിടയിൽ ഈ കടുത്ത പരീക്ഷണത്തെക്കൂടി നേരിടുന്നത്.  

ബുദ്ധിശക്തി പരിശോധനയിൽ (ഐക്യു) ബോർഡർലൈൻ ഇന്റലിജൻസ് സ്കോർ (70 മുതൽ 84 വരെ) ഉള്ള വിദ്യാർഥികൾക്കുകൂടി സ്ക്രൈബിന്റെ (എഴുത്തുസഹായി) സേവനവും അധിക സമയവും അനുവദിച്ച് പെ‍ാതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറുടെ ഉത്തരവിറങ്ങിയതു പരീക്ഷയുടെ തൊട്ടുതലേന്നു മാത്രമാണ്. അതിനാൽതന്നെ ഇവരിൽ നൂറുകണക്കിനു പേർക്ക് ആദ്യ പരീക്ഷയ്ക്ക് ആ പ്രയോജനം ലഭിക്കാതെ പോയി. പല ജില്ലകളിലും ഇതെച്ചൊല്ലി രക്ഷിതാക്കളും സ്കൂൾ അധികൃതരും തമ്മിൽ തർക്കവുമുണ്ടായി.  

ഈ വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷാനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞ മാസം 23 വരെ തീ തിന്നുകയായിരുന്നു. നിയമപ്രകാരം അവർക്ക് ഇതിന് അർഹതയുണ്ടെന്നും ഉടൻ പ്രാബല്യത്തോടെ അനുവദിക്കണമെന്നും സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവിറക്കിയത് അന്നാണ്. എന്നാൽ, ഇതു സംബന്ധിച്ച അഡീഷനൽ ഡയറക്ടറുടെ ഉത്തരവിറങ്ങിയത് ഒരാഴ്ച വൈകി, 30നു മാത്രമാണ്. ഐക്യു സ്കോർ 70നും 84നും ഇടയിലാണെന്നു കാണിക്കുന്ന ഐക്യു സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടെങ്കിൽ സ്ക്രൈബിന്റെ സേവനവും അധികസമയവും അനുവദിക്കാമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. 

സ്ക്രൈബിനെ അനുവദിക്കാൻ മാസങ്ങൾക്കു മുൻപുതന്നെ അപേക്ഷിച്ചവരാണ് ഈ കുട്ടികളുടെ മാതാപിതാക്കൾ. അന്നു നിരസിക്കപ്പെട്ട അപേക്ഷകൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിവേണം സ്ക്രൈബിനെ അനുവദിക്കാനെന്നും 30ന് ഇറങ്ങിയ ഉത്തരവിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കു നിർദേശമുണ്ടായി. ഭിന്നശേഷി കമ്മിഷണറുടെ ഉത്തരവുണ്ടായതിന്റെ തൊട്ടടുത്ത ദിനങ്ങളിൽ തന്നെ ഈ ഉത്തരവും ഇറങ്ങിയിരുന്നെങ്കിൽ എല്ലാ കുട്ടികൾക്കും 31നു നടന്ന ആദ്യ പരീക്ഷയ്ക്കുതന്നെ സ്ക്രൈബിനെയും അധിക സമയവും ലഭിക്കാനുള്ള അവസരമൊരുക്കാൻ കഴിയുമായിരുന്നു. ഉത്തരവിലെ ചില വാക്കുകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണു പല ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരും സ്കൂൾ അധികൃതരോടും വിദ്യാർഥികളുടെ രക്ഷിതാക്കളോടും തടസ്സമായി പറഞ്ഞത്. 

ബോർഡർലൈൻ ഇന്റലിജൻസ് വിഭാഗത്തിൽപെടുന്നവരാണെന്ന പരിശോധനാ സർട്ടിഫിക്കറ്റ് ആദ്യ അപേക്ഷയ്ക്കൊപ്പംതന്നെ വിദ്യാർഥികളിൽ ഭൂരിഭാഗവും ഹാജരാക്കിയിരുന്നു. സർട്ടിഫിക്കറ്റ് ഇല്ലാത്തവരാകട്ടെ കൂടുതൽ വലഞ്ഞു. ഉത്തരവു നേരത്തേ ഇറക്കിയിരുന്നെങ്കിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ ഇവർക്കു സമയം ലഭിക്കുമായിരുന്നു. ഉത്തരവിൽ മെഡിക്കൽ ബോർഡിന്റെ കാര്യം പരാമർശിച്ചതു കാര്യങ്ങൾ സങ്കീർണമാക്കി. പല സർക്കാർ ആശുപത്രികളിലും മെഡിക്കൽ ബോർഡ് കൂടുന്നതുതന്നെ മാസത്തിലൊരിക്കലോ അതിലധികമോ ഇടവേളയിലാണെന്നതു വിദ്യാഭ്യാസ അധികൃതർക്കും അറിയാത്തതല്ല. കൃത്യമായ പരിശോധനാ സർട്ടിഫിക്കറ്റ് കയ്യിലുള്ള ചിലർക്കുപോലും ഉത്തരവിലെ അവ്യക്തതയുടെ പേരിൽ ആനുകൂല്യം നിഷേധിക്കപ്പെട്ടുവെന്ന പരാതികളുണ്ട്. 

ഐക്യു സ്കോർ 85നു മുകളിലുള്ള വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ എഴുത്തു സഹായിയെയും വ്യാഖ്യാതാവിനെയും അധികസമയവും അനുവദിക്കപ്പെടുമ്പോൾ അവരെക്കാൾ സ്കോർ കുറഞ്ഞ  കുട്ടികൾക്ക് ആ അവകാശം നിഷേധിക്കുന്നതിനു ന്യായീകരണമില്ല. ഇക്കാര്യം മലയാള മനോരമ സമീപകാലത്തു പ്രസിദ്ധീകരിച്ച ‘ഇങ്ങനെ ചെയ്യരുത് ഈ മക്കളോട്’ എന്ന പരമ്പരയിൽ വ്യക്തമാക്കിയിരുന്നു. 

ഉത്തരവിൽ അടിയന്തരമായി വ്യക്തത വരുത്തേണ്ടതുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെ ആശയക്കുഴപ്പം ഒഴിവാക്കാനും അർഹതപ്പെട്ട കുട്ടികൾക്കെല്ലാം ഉത്തരവിന്റെ പ്രയോജനം ലഭിക്കാനും വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ടിടപെടണം. അടുത്ത പരീക്ഷ ആറിനാണു നടക്കുന്നത്. അന്നുമുതലെങ്കിലും ഈ കുട്ടികൾക്കു സർക്കാർ ഉത്തരവിന്റെ പ്രയോജനം ലഭിക്കട്ടെ.

 

English Summary: SSLC exam help for differently abled students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com