ADVERTISEMENT

താത്വിക അവലോകനത്തിന്റെ കാര്യത്തിൽ സിപിഎമ്മിന്റെ ‘സന്ദേശം കുമാരപിള്ളസാറാണ്’ മൊറാഴ ഗോവിന്ദൻമാഷ്. ‘സന്ദേശം ’സിനിമയിൽ ശങ്കരാടിയുടെ കുമാരപിള്ള സാർ വേഷം പാർട്ടികളുടെ അന്തർധാര വെളിപ്പെടുത്തി നടത്തുന്ന താത്വിക അവലോകനം മലയാളിക്കു മറക്കാനാവില്ല. അതുപോലെ എത്രയോ സഖാക്കളെ പാർട്ടി ക്ലാസെടുത്ത് നമ്മുടെ ഗോവിന്ദൻമാഷ് മയക്കിയിരിക്കുന്നു. പകലന്തിയോളം പണിയെടുത്തു തിരിച്ചു ബസിറങ്ങുമ്പോൾ തെക്കേലെ ഷാപ്പോ, മാഷിന്റെ ക്ലാസോ എന്ന ചോദ്യമാണു പല പ്രവർത്തകരും നേരിട്ടിരുന്നത്. മാഷിന്റെ ക്ലാസിലിരുന്നു മയങ്ങിയാണു കണ്ണൂരിൽ പലരും വെള്ളമടി തന്നെ നിർത്തിയത്. അല്ലാതെ തന്നെ മയങ്ങാമെങ്കിൽ പിന്നെന്തിനു ബിവറേജിൽ ക്യൂ നിൽക്കണമെന്നും കാശു മുടക്കണമെന്നുമാണ് അവരൊക്കെ ചിന്തിച്ചത്. എടുത്ത ക്ലാസിന്റെ കണക്കുവച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിതന്നെ ആകേണ്ടിയിരുന്ന മാഷിനെ മദ്യമന്ത്രിയാക്കിയത് ഈ ഒറ്റക്കാരണം കൊണ്ടാണ്. 

പച്ചവെള്ളം ചവച്ചുകുടിക്കുന്ന പച്ചമനുഷ്യനാണു പച്ചവെള്ളം മിക്സ് ചെയ്യുന്ന വകുപ്പിന്റെ മന്ത്രിയായത്. ആ മാഷ് ആദ്യമായൊരു മദ്യനയം അവതരിപ്പിക്കുമ്പോൾ ബ്രാണ്ടിയിൽ സോഡ പോലുമൊഴിക്കാൻ മറന്നാണു മലയാളികൾ കണ്ണും നട്ടിരുന്നത്. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ആളാണ്. ഏതൊക്കെ വൈരുധ്യങ്ങൾ ബ്ലെൻഡ് ചെയ്യണമെന്നു നല്ല തിട്ടവുമുണ്ട്. കേരളം നിക്ഷേപസൗഹൃദമാക്കുന്നതിനു മദ്യം ഒഴിച്ചുകൂടാൻ വയ്യാത്ത വസ്തുവാണെന്ന മദ്യാധിഷ്ഠിത നിക്ഷേപവാദ സിദ്ധാന്തമാണു മദ്യനയത്തിലൂടെ മാഷ് അവതരിപ്പിച്ചത്. ഐടി പാർക്കുകളിൽ മുഴങ്ങുന്ന ‘ചിയേഴ്സ്’ മുദ്രാവാക്യം ലോകമെങ്ങും അലയടിക്കും. ‘വിസ്കിയുണ്ടോ സഖാവേ, ഒരു സോഡയെടുക്കാൻ’ എന്ന് ഓരോ ടെക്കിയും പരസ്പരം ചോദിക്കും. ഒരു കുപ്പിക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് അവർ തല പുകയ്ക്കുമ്പോൾ സർവരാജ്യ കമ്പനികളും കേരളത്തിൽ സംഘടിക്കും. നോക്കുകൂലിയും കൈക്കൂലിയും പണിമുടക്കും ഒരുമിച്ചു നോക്കിയിട്ടും നടക്കാതെപോയ നിക്ഷേപസൗഹൃദ കേരളം മാഷിന്റെ ഈ തിയറിയിൽ യാഥാർഥ്യമാകും.

വീര്യം കൂടിയ സിദ്ധാന്തങ്ങൾ മാത്രം പഠിപ്പിച്ചുപോന്ന മാഷിനു വീര്യമില്ലാത്ത മദ്യത്തോടു പണ്ടേ പ്രതിപത്തിയില്ല. മണ്ടയിൽ മണ്ഡരി പിടിച്ച തെങ്ങിനെ മണ്ട നിറയെ ബുദ്ധിയുള്ള സൈദ്ധാന്തികർ എന്തിനു ഗൗനിക്കണം!. കള്ളു ബോർഡിന്റെ കടയ്ക്കൽ തന്നെ കത്തിവച്ചത് അതുകൊണ്ടാണ്. നാടു നന്നാകണമെങ്കിൽ കള്ളവും ചതിയുമില്ലാതിരുന്നാൽ മാത്രം മതിയെന്നാണു മാവേലിപോലും പറഞ്ഞിട്ടുള്ളത്. കള്ളു വേണ്ടെന്നു പറഞ്ഞിട്ടില്ല. എന്നാൽ, ഇതു മാവേലിനാടല്ല. പഴയ കേരളവുമല്ല. പിണറായി നാടും നവകേരളവുമാണ്. അക്കാര്യം കുറഞ്ഞപക്ഷം സിപിഐയും അവരുടെ തൊഴിലാളി സംഘടനയുമെങ്കിലും മനസ്സിലാക്കണം.

മാഷ് മദ്യമന്ത്രി മാത്രമല്ല, തദ്ദേശമന്ത്രി കൂടിയാണ്. ആയിരം കോഴിക്ക് അരക്കാട അഥവാ ആയിരത്തിന് അഞ്ചു തൊഴിൽ എന്നതാണു പഞ്ചായത്ത് വകുപ്പിന്റെ ലക്ഷ്യം. കള്ളിനെ പ്രോത്സാഹിപ്പിച്ചാൽ ചെത്തുന്നവനും വിൽക്കുന്നവനും മാത്രമേ തൊഴിൽ കിട്ടൂ. വിദേശമദ്യമാണെങ്കിൽ, മദ്യം, സോഡ, അച്ചാർ, മിക്സ്ചർ എന്നിങ്ങനെ എത്ര തൊഴിൽ മേഖലകളാണു തുറക്കുന്നത്.! ഐടി പാർക്കിൽ അടിച്ചുപൂസായി ജോലിക്കെത്തുന്നവരെ കമ്പനി പിരിച്ചുവിടുകയും പുതിയ ആളെ നിയമിക്കുകയും ചെയ്യും. പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്ന് ഇതിലും പച്ചയായെങ്ങനെ പറഞ്ഞുകൊടുക്കും. 

‘അകവെളിവുണ്ടെങ്കിലും അനങ്ങാൻ വയ്യ’ എന്നൊരു പ്രയോഗം വഴിയിൽ കിടക്കുന്ന മുഴുക്കുടിയന്മാരെക്കുറിച്ചു കോട്ടയം പ്രദേശങ്ങളിലുണ്ട്. പുറത്തു നടക്കുന്നതൊക്കെ അറിയുന്നുണ്ട്, അതിനെതിരെ കക്ഷി ഉള്ളിൽ ആഞ്ഞടിക്കുന്നുമുണ്ട്. പക്ഷേ, ആകെയങ്ങ് ആടിക്കുഴഞ്ഞതിനാൽ പ്രതികരണം പുറത്തു കേൾപ്പിക്കാനുള്ള ശേഷി നാവിനും ശരീരത്തിനുമില്ല. കോട്ടയം ജില്ലക്കാരനായ കാനം സഖാവിന് ഈ പ്രയോഗം അറിയാത്തതല്ല. 

രണ്ടാം പിണറായി സർക്കാരിൽ ഏതാണ്ട് ഈ അവസ്ഥയിലാണു സിപിഐ. ലോകായുക്ത ഭേദഗതി ഓർഡിനൻസ് വന്നപ്പോഴും പാർട്ടിക്ക് അകവെളിവുണ്ടായിരുന്നു. പല നേതാക്കളും ‘ഗർർർ...’ എന്നു മുരളുകയും ചെയ്തു. ഗർജനമാണ് ഉദ്ദേശിച്ചതെങ്കിലും അതൊരു ഏമ്പക്കമായി ഉള്ളിലൊതുങ്ങി. മദ്യനയത്തിലും സംഭവിച്ചതു മറ്റൊന്നല്ല. ഞാനും മുതലയമ്മാച്ചനും കൂടി ആനയെ പിടിച്ചെന്നാണു തുടർഭരണം വന്നപ്പോൾ സിപിഐ പറഞ്ഞിരുന്നത്. മുതലയമ്മാച്ചന്റെ വഴി ‘തനി വഴി’യെന്ന് മുയൽക്കുട്ടികൾക്ക് ഇനിയും മനസ്സിലായിട്ടില്ല. 

ഊഞ്ഞാലാട്ടത്തിന്റെ അന്തർധാരകൾ

പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. പൂജ്യമൊരു ദേശീയ സ്വത്തായതിനാൽ എവിടെ എടുത്തുപയോഗിക്കാനും ദേശീയ പാർട്ടിയായ കോൺഗ്രസിന് അവകാശമുണ്ട്. കേരളത്തിൽ 50 ലക്ഷം പേരെ പാർട്ടി അംഗങ്ങളാക്കുമെന്നു പ്രഖ്യാപിച്ചതും ആ അവകാശത്തിന്റെ പുറത്താണ്. അവസാന ദിവസമായപ്പോൾ നാലരലക്ഷം പേരെയാണു ഡിജിറ്റൽ അംഗങ്ങളാക്കിയത്. ബാക്കി നാൽപത്തഞ്ചര ലക്ഷമെവിടെ എന്നു ചോദിക്കരുത്. പൂജ്യത്തിനു വിലയില്ല എന്നറിയാവുന്നവർ വെറുതേ ചോദ്യം ചോദിച്ചു വില കളയരുത്. നാലും മൂന്നും ഏഴുപേർ നടത്തിയ ജാഥയ്ക്കും ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യമേ വിളിച്ചിട്ടുള്ളൂ. റാങ്ക് പട്ടികയിലുള്ളവരെല്ലാം ഇന്നു സമരരംഗത്താണ്. കെപിസിസിയുടെ പുനഃസംഘടനാ പട്ടികയിലുള്ളവരെല്ലാം കൂടി നിയമനം കിട്ടാത്തതിന്റെ പേരിൽ ഒരു സമരത്തിനിറങ്ങിയാൽ ചിലപ്പോൾ ലക്ഷം തികയ്ക്കാനായേക്കും. 

കോൺഗ്രസ് പോലെയല്ല ഐഎൻടിയുസി. അവർ പണ്ടേ സെമി കേഡറാണ്. അതുകൊണ്ടാണ് ഐഎൻടിയുസി പ്രസിഡന്റിനു കേഡർ പാർട്ടിയായ സിപിഎമ്മിനോടു വല്ലാത്തൊരിഷ്ടം. സിഐടിയുവിനു പിറക്കാതെ പോയ ഐഎൻടിയുസി പ്രസിഡന്റാണു ചന്ദ്രശേഖരൻ. കശുവണ്ടിയുടെ ചുന വീണിട്ടും നിറയാത്ത ചന്ദ്രശേഖരന്റെ കണ്ണുകൾ കരീമിനുവേണ്ടി കലങ്ങിയത് അതുകൊണ്ടാണ്. കശുമാവിൻചോട്ടിൽ ഓടിക്കളിച്ചും ഊഞ്ഞാലാടിയുമൊക്കെ നടന്ന കളിക്കൂട്ടുകാരാണ്. ഊഞ്ഞാലൊന്നു ബാലൻസ് തെറ്റിയാൽ പിടിക്കാൻ കളിക്കൂട്ടുകാരനേയുള്ളൂ. ഈ ട്രേഡ് യൂണിയൻ അന്തർധാരയൊക്കെ കോൺഗ്രസുകാർക്കറിയുമോ?

ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകാഹാര സംഘടനയല്ലെന്നാണു സതീശൻ പറഞ്ഞത്. എല്ലായിടത്തും ഭരണം പോയതിനാൽ സ്വന്തം അണികൾക്കു കഞ്ഞിയും വെള്ളവും കൊടുക്കുന്നതു തന്നെ കഷ്ടിച്ചാണ്. പിന്നെങ്ങനെ പോഷകാഹാരം കൊടുക്കുമെന്നേ സതീശൻ ചോദിച്ചുള്ളൂ. തള്ള ചവിട്ടിയാൽ പിള്ളയ്ക്കു കേടില്ലെന്നാണ്. പക്ഷേ, നാഭിക്കാണു ചവിട്ടെങ്കിൽ ഏതു പിള്ളയ്ക്കും കൊള്ളും. അതാണു വി.ഡി.സതീശന്റെ ചവിട്ടുകിട്ടിയപ്പോൾ ഐഎൻടിയുസിക്കു വേദനിച്ചത്. ആ വേദനയാണു ചങ്ങനാശേരിയിലെ ഐഎൻടിയുസിക്കാർ തീർത്തത്. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തപ്പോൾ പോലും സതീശന്റെ പേരുപറഞ്ഞ് ഇത്രയും മുദ്രാവാക്യം അവർ വിളിച്ചിട്ടില്ല. പേരല്ലാതെ, ബാക്കി വിളിച്ചതൊന്നും പറയാൻ കൊള്ളില്ലെന്നു മാത്രം. പോഷകാഹാര സംഘടനയല്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് നടപടിയെടുക്കാനും പറ്റില്ല. 

പ്രതിരോധയാത്രയ്ക്കിടെ പ്രതിരോധം പാളിയാൽ...

‘യാ രഹ്നാ ഹേ, യേ ചൽനാ ഹേ’ എന്നാണു കേരളത്തിലെ ബിജെപിക്കാർ മോദിജിയോടു ചോദിച്ചുകൊണ്ടേയിരിക്കുന്നത്. സിൽവർലൈനിന്റെ കാര്യത്തിൽ ‘നിക്കണോ, പോണോ’ എന്നു മോദിജി പറയാത്തതുകൊണ്ട് നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിലാണു സുരേന്ദ്രർജിയും മുരളീധർജിയും മറ്റനേകം ജീകളും. യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലെ യുവമിഥുനങ്ങളെപ്പോലെയാണു ഡൽഹിയിലെ കൂടിക്കാഴ്ചയിൽ പിണറായിയും മോദിജിയും പൂച്ചെണ്ടു കൈമാറുകയും പുടവ പുതയ്ക്കുകയും ചെയ്തത്. സിൽവർലൈനിൽ മോദിജിയുടെ ഉള്ളിലിരിപ്പ് എന്തെന്നു മഷിയിട്ടു നോക്കിയിട്ടും കേരളത്തിലെ ബിജെപിക്കാർക്കു പിടികിട്ടുന്നില്ല. മുരളീധർജിയാകട്ടെ തിരുവനന്തപുരത്തു പ്രതിരോധയാത്ര നടത്തി നിക്കറു കീറുകയും ചെയ്തു. പണ്ട് ആർഎസ്എസ് ശാഖയിൽ നിക്കറിട്ടു കസർത്തു കാണിച്ചതിന്റെ അനുഭവപരിചയത്തിലാണു പിടിച്ചുനിൽക്കാനായത്. 

സിൽവർലൈനിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ വേണ്ടി കയറിച്ചെന്നതു സിപിഎം കൗൺസിലറുടെ വീട്ടിലായിപ്പോയി. നരിമടയിൽ കൊണ്ടുപോയി തലവച്ചു കൊടുത്തിട്ട് സോറി പറഞ്ഞാൽ നരി കേൾക്കില്ലല്ലോ. മോദിജിക്കു സിന്ദാബാദ് വിളിപ്പിക്കാൻ പോയ മുരളീധർജിയുടെ ചെവിയിൽ കയറി വീട്ടുകാർ പിണറായിക്കു സിന്ദാബാദ് വിളിച്ചു. സെൻസസ് എടുക്കാൻ വില്ലേജിൽനിന്നു വന്നതാണെന്നും മീറ്റർ റീഡിങ്ങിനു കെഎസ്ഇബിയിൽനിന്നു വന്നതാണെന്നുമൊക്കെ പറഞ്ഞാണു പലയിടത്തുനിന്നും ബോധവൽക്കരണ ജിക്കാർ തടിതപ്പിയത്. 

ഇങ്ങേര് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതിയെന്നാണു സ്നേഹപ്പാരക്കാരായ ബിജെപിക്കാർ അടക്കം പറഞ്ഞത്. വിദേശകാര്യ വകുപ്പാണു കയ്യിലുള്ളതെങ്കിലും പ്രാദേശിക വകുപ്പാണു താൽപര്യം. സ്കൂളിന്റെ പടിവരെ കൊണ്ടുവിട്ടാലും കണ്ണുതെറ്റുമ്പോൾ വീട്ടിലേക്കു തിരിച്ചോടുന്ന വികൃതിപ്പിള്ളേരെപ്പോലെയാണ്. ഡൽഹിക്കു വിമാനം കയറ്റി വിട്ടാലും ഓഫിസിൽ കയറാതെ അടുത്ത വിമാനത്തിനു തിരിച്ചുപോരും. 

സ്റ്റോപ് പ്രസ്

1967ൽ സിപിഐ മന്ത്രിമാർക്കെതിരെ ഏറ്റവും രാഷ്ട്രീയ വഞ്ചന നടത്തിയതും അതിനു നേതൃത്വം നൽകിയതും ഇഎംഎസ് ആയിരുന്നുവെന്നും സിപിഐയെ തകർക്കുകയായിരുന്നു ഉദ്ദേശ്യമെന്നും സിപിഐ പ്രസിദ്ധീകരണമായ നവയുഗം. 55 വർഷം കഴിഞ്ഞാണെങ്കിലും സത്യം പറയാൻ ധൈര്യം വേണം.

English Summary: Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com