ADVERTISEMENT

∙വിനീത് ശ്രീനിവാസൻ: ഉച്ചത്തിൽ ഇംഗ്ലിഷ് സംസാരിക്കുന്നവരെ പല മലയാളികൾക്കും പേടിയാണ്. എനിക്കും പേടിയാണ്. അതെന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. ഈസ്റ്റിന്ത്യാ കമ്പനി കേരളത്തിൽ വന്ന് നമ്മളെ ഭരിക്കാൻ കാരണം മലയാളികൾക്ക് ഇംഗ്ലിഷിനോടുള്ള പേടികൊണ്ടാണെന്നു തോന്നിയിട്ടുണ്ട്. 

∙ടി.ഡി.രാമകൃഷ്ണൻ: ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഫാഷിസം പഴയ രീതിശാസ്ത്രങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. നിരന്തരമായി അതിന്റെ തന്ത്രങ്ങളും പ്രവർത്തന പദ്ധതികളും മാറ്റിക്കൊണ്ടിരിക്കുന്നു. അതു പലപ്പോഴും ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും ഒരുപക്ഷേ സമാധാനത്തിന്റെ പോലും വേഷമണിഞ്ഞാണ് മുന്നിൽ വരുന്നത്. 

∙ ടി.പത്മനാഭൻ: മഹാകാവ്യങ്ങൾക്കുള്ള സ്ഥാനമാണ് ഇന്നു പലരും നോവലിൽ കാണുന്നത്. എല്ലാ എഴുത്തുകാരും നോവലെഴുതാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? എഴുത്തുകാരനായി അംഗീകാരം നേടണമെങ്കിൽ നോവൽ എഴുതണം എന്ന തോന്നൽ കൊണ്ടാണ്. അതുകൊണ്ട് എല്ലാവരും വാരിവലിച്ച് നോവൽ എഴുതുകയാണ്. 

∙ കെ.പി.രാമനുണ്ണി: നിലപാടുകൾ ഉണ്ടാകുന്ന സമയത്താണ് ഒരു എഴുത്തുകാരൻ ഉണ്ടാകുന്നത്. അല്ലെങ്കിൽ അയാൾ എഴുത്തുപണിക്കാരൻ മാത്രമാണ്.

∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: ഗാന്ധി ദണ്ഡിസമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വടി പിടിച്ചു മുന്നോട്ടു നയിച്ച കുട്ടി ഇപ്പോഴത്തെ പ്രധാനമന്ത്രിയാണ് എന്ന തരത്തിൽകൂടി പ്രചാരണം വന്നിരിക്കുന്നു. ഇത്തരം കളവുകൾക്കും യാഥാർഥ്യത്തിനും ഇടയിൽ പെട്ടുപോകുമ്പോൾ കഥയെഴുത്തുകാരൻ എന്തുചെയ്യും? അവരുടെ ഭാവനയെപ്പോലും വെല്ലുവിളിക്കുകയാണ് ഇത്തരക്കാരുടെ കളവുകൾ.  

∙ പി.ഇ.ഉഷ: സ്ത്രീകൾക്ക് അനുകൂലമായ നിയമസംവിധാനങ്ങളെ ആസൂത്രിതമായി തകർക്കുന്ന രീതി നിലനിൽക്കുന്നു. ഗാർഹികപീഡന വിരുദ്ധനിയമവും സ്ത്രീധന നിരോധന നിയമവും ഒക്കെ ചെന്നുപെട്ട അവസ്ഥ അതാണ്. ആ നിയമങ്ങൾ അലമാരയിൽ വച്ച പാവക്കുട്ടി പോലെയായി. കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു പാവക്കുട്ടിക്കു പ്രസക്തിയില്ലല്ലോ. 

∙ അമൽ നീരദ്: എനിക്കു നാട്ടിൻപുറത്തെക്കുറിച്ചു നൊസ്റ്റാൾജിയ ഒന്നുമില്ല. വരത്തൻ എന്ന സിനിമയിൽ നൊസ്റ്റാൾജിയ എന്നതിന്റെ മലയാളം ഗൃഹാതുരത്വം എന്നു പറയുമ്പോൾ ദൈവമേ അതു പറയാൻ തന്നെ എന്തു ബുദ്ധിമുട്ടാണ് എന്നു പറയുന്നത് എന്റെ തന്നെ ഒരു ട്രോൾ ആണ്. 

∙ ഡോ.സി.പി.രാജേന്ദ്രൻ: ഇന്ത്യയിൽ ഏതാണ്ട് 45% യുവാക്കൾ സ്മാർട് ഫോണിനോടുള്ള അമിതാസക്തി എന്ന മാനസികരോഗത്താൽ വലയുകയാണെന്നാണു റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ വഴിയുള്ള കൃത്രിമത്വം നിറഞ്ഞ പ്രചാരണങ്ങളും അസത്യങ്ങളും സത്യാനന്തരലോകത്തെ സൃഷ്ടിച്ചിരിക്കുന്നു. ഈ അവസ്ഥ ജനാധിപത്യമൂല്യങ്ങളെത്തന്നെ ഇല്ലാതാക്കുകയും ഏകാധിപതികൾക്കു വളരാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നു. 

∙ സേതു: തുടക്കംമുതലേ സേതു എന്ന ചുരുക്കപ്പേരിൽ എഴുതിത്തുടങ്ങിയെങ്കിലും, ആ പേരിൽതന്നെ കുറച്ചൊക്കെ അറിയപ്പെടാൻ തുടങ്ങിയെങ്കിലും ഓർമയിൽ നിൽക്കാൻ പറ്റിയ കുറച്ചുകൂടി നീളമുള്ള ഏതെങ്കിലും പേരായിരിക്കും നല്ലതെന്നു പിന്നീട് പലരും സൂചിപ്പിക്കാൻ തുടങ്ങി. പക്ഷേ, ഒരു ചെറിയ മനുഷ്യനായ എനിക്ക് ഒരു ചെറിയ പേരുതന്നെ മതിയെന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. അല്ലെങ്കിലും പേരിനെക്കാൾ ഉള്ളടക്കമല്ലേ പ്രധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com