പ്രതിഫലം കണ്ണീർ

farmer
മഴയെടുത്ത അന്നം: തുടരെ പെയ്ത വേനൽമഴയിൽ നശിച്ച പത്തനംതിട്ട നിരണം അരിയോടിച്ചാലിലെ നെൽപാടം. ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ
SHARE

നഷ്ടം മാത്രം വിളയുന്ന കൃഷിയിടത്തിൽ എന്തിനു തുടരണമെന്ന ചിന്തയിലാണ് പല കർഷകരും. മൂപ്പെത്തുമ്പോഴേക്കും പ്രകൃതി പിഴുതെറിഞ്ഞേക്കാം. ബാക്കിയുള്ളതെങ്കിലും വിളവെടുക്കാൻ ചെലവ് ചെറുതല്ലതാനും. നഷ്ടത്തിന്റെ കഷ്ടകാലത്ത് സർക്കാരും ഇൻഷുറൻസ് പദ്ധതികളും തുണയില്ല. ഒടുവിൽ വരമ്പിൽതന്നെ ജീവിതങ്ങൾ കരിഞ്ഞുതുടങ്ങിയിരിക്കുന്നു. സർക്കാർ സഹായം കതിരിൽ വളം വയ്ക്കുന്നതാകരുത്. കൃഷിക്കു മാത്രമല്ല, സർക്കാർ ഇടപെടലിനും വേണം സമയം പാലിക്കുന്ന കലണ്ടർ

മുഴുവൻ നശിക്കണം, എന്തെങ്കിലും കിട്ടാൻ

പമ്പിങ് സബ്സിഡി മുതൽ കൃഷിനാശത്തിന്റെ നഷ്ടപരിഹാരംവരെ ഓരോ ആനുകൂല്യത്തിനുമായി നടന്നു മടുത്തവരാണു രജീവ് ഉൾപ്പെടെയുള്ളവർ. ഒടുവിൽ, കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കുറഞ്ഞതിനെതിരെ ഹൈക്കോടതിയിലും പോയി. ആ കേസ് ഇപ്പോഴും കോടതിയിലാണ്. മിക്കവർക്കും പമ്പിങ് സബ്സിഡി കിട്ടിയിട്ടില്ല. കൃഷി മുഴുവൻ നശിക്കാതെ നഷ്ടപരിഹാരം കിട്ടില്ലെന്നാണു നിബന്ധന!ഒരു ലക്ഷം രൂപ വരെ ചെലവഴിച്ചിറക്കിയ പത്തേക്കറിലെ കൃഷി നശിച്ചതിന് ഏകദേശം 18,000 രൂപയാണ് ഇവർക്കു ലഭിച്ചത്. സ്വർണം പണയം വച്ചും കടം വാങ്ങിയും വട്ടിപ്പലിശയ്ക്കെടുത്തും കൃഷിയിറക്കിയവർ കടക്കാരായി.

നെല്ലെന്ന നഷ്ടക്കൃഷി

∙ നെല്ലിൽ 17% വരെ ഈർപ്പം അനുവദനീയമാണ്. 18 ശതമാനമോ അതിലധികമോ ഈർപ്പമുണ്ടെങ്കിൽ സംഭരിക്കാനെത്തുന്ന ഏജന്റുമാർ 10 കിലോഗ്രാം വരെ അധിക നെല്ല് കർഷകരോട് ആവശ്യപ്പെടും. തയാറല്ലെങ്കിൽ നെല്ല് സംഭരിക്കില്ല. പിന്നെ വിലപേശലാകും. ഈർപ്പം അനുസരിച്ച് ഓരോ ക്വിന്റലിലും കുറഞ്ഞത് 3 കിലോഗ്രാം വരെ നെല്ല് അധികമായി വാങ്ങും.  ശരാശരി 25 ക്വിന്റലാണ് ഒരു ഏക്കറിലെ നെല്ലുൽപാദനം. 100 ഏക്കറുള്ള പാടത്ത് 2500 ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 75 ക്വിന്റൽ നെല്ല് വരെ ഇടനിലക്കാർക്കു നൽകേണ്ട സ്ഥിതിയാണ്. ഇങ്ങനെ നൽകുന്ന നെല്ലിനും ക്വിന്റലിന് 200 രൂപ നിരക്കിൽ 15,000 രൂപ വരെ കർഷകർ ചുമട്ടുകൂലി നൽകണം.

∙ നെല്ല് നിറയ്ക്കുന്നതിനുള്ള 600 ഗ്രാം തൂക്കമുള്ള ചാക്കിന്റെ ഭാരമെന്ന നിലയിൽ ഒരു കിലോ നെല്ല്  കുറയ്ക്കും. നെല്ല് വള്ളത്തിൽ എത്തിക്കാനും വള്ളത്തിൽ നിന്നു ലോറിയിൽ കയറ്റാനും വാങ്ങുന്ന കൂലിയിലും ചൂഷണമുണ്ട്.

∙ നെല്ലിലെ ഈർപ്പം പരിശോധിക്കാൻ മോയ്സ്ചർ മെഷീൻ ഉണ്ടെങ്കിലും അതുപയോഗിക്കാൻ ഉദ്യോഗസ്ഥരില്ല. എട്ടിലധികം പാഡി മാർക്കറ്റിങ് ഓഫിസർമാർ വേണ്ടിടത്ത് ഒന്നോ രണ്ടോ പേരേയുള്ളൂ. താൽക്കാലിക ജീവനക്കാരാണു പകരമുള്ളത്. കുട്ടനാട്ടിൽ ഗുണനിലവാര പരിശോധനയ്ക്കു ഫ്ലോട്ടിങ് ലാബ് സ്ഥാപിക്കുമെന്നും മൂന്നു മേഖലകളാക്കി പരിശോധന ഏർപ്പെടുത്തുമെന്നുമുള്ള കൃഷി വകുപ്പിന്റെ പ്രഖ്യാപനം കടലാസിലുണ്ട്.

ഇൻഷുറൻസുണ്ട്, കിട്ടിയാൽ കിട്ടി

പ്രകൃതിദുരന്തം, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ, കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം. എന്നാൽ, ക്ലെയിം ലഭിക്കാൻ കർഷകർ കാത്തിരിക്കേണ്ടത് ഒരു വർഷം വരെ! 

പ്രീമിയം അടച്ചതു മുതൽ 7 ദിവസത്തിനു ശേഷം നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പു പാലിക്കാനും കൃഷി വകുപ്പിനു കഴിഞ്ഞിട്ടില്ല. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 10 കോടിയിലധികം രൂപയാണു കർഷകർക്കു നൽകാനുള്ളത്. ധനവകുപ്പ് പണം അനുവദിക്കുന്നില്ലെന്നതാണു കൃഷിവകുപ്പിന്റെ ന്യായം. സാമ്പത്തിക പ്രതിസന്ധിയാണു കാരണമെന്ന് ധനവകുപ്പ്. തുക അനുവദിച്ചാലുടൻ കർഷകർക്കു നൽകുമെന്നാണ് കൃഷി വകുപ്പിന്റെ ഉറപ്പ്!

പോളിസികൾ മ‌ൂന്നെണ്ണം; പക്ഷേ കാര്യമില്ലല്ലോ

പ്രകൃതി ദുരന്തങ്ങൾ മൂലം വിളനാ‍ശം നേരിടുന്നവർക്കു പ്രധാനമന്ത്രി ഫസൽ ബീമ യോജന, കാലാവസ്ഥാധി‍ഷ്ഠിത വിള ഇൻഷുറൻസ് എന്നീ കേന്ദ്ര ഇൻഷുറൻസ് പദ്ധതികളുണ്ടെങ്കിലും കൂടുതൽ കർഷകരും ചേരുന്നതു സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിലാണ്. ഈ പദ്ധതിയിൽ ക്ലെയിം വിതരണം ചെയ്യുന്നതിലെ കാലതാമസം കാരണം ഇപ്പോൾ പലരും ചേരാൻ മടിക്കുന്നുണ്ട്. ഒരു വർഷത്തിനിടെ അംഗങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികം കുറഞ്ഞു. 2020–21 ൽ 3,23,698 അംഗങ്ങളുണ്ടായിരുന്നു. 2021–22ൽ 2,04,100 ആയി. കുട്ടനാട്ടിൽ മുൻപു കർഷകരുടെ ഇൻഷുറൻസ് പ്രീമിയം പാടശേഖര സമിതി സെക്രട്ടറി ഒരുമിച്ച് അടയ്ക്കുകയായിരുന്നു(ഗ്രൂപ്പ് ഇൻഷുറൻസ്). കഴിഞ്ഞ സീസണിലെ ചില നിബന്ധനകൾ കാരണം പലർക്കും ചേരാനായില്ല. ഇതേത്തുടർന്ന് വീണ്ടും ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ പലരും പുറത്തായി. 

സംഭരിക്കാം; പണം തരില്ല

വിലയിടിവിൽ വലയുന്ന പച്ചക്കറിക്കർഷകരിൽ നിന്നു ഹോർട്ടികോർപ് പോലെയുള്ള ഏജൻസികൾ പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും കർഷകർക്ക് ആവശ്യമുള്ളപ്പോൾ സർക്കാരിൽനിന്നു വില കിട്ടില്ല. കർഷകർ പ്രാദേശിക വിപണികളിൽ കിട്ടുന്ന വിലയ്ക്കു വിൽക്കേണ്ടിവരും.

സർക്കാർ നിശ്ചയിച്ച തറവിലയെക്കാൾ കുറവാണു വിപണിവിലയെങ്കിൽ നഷ്ടം സർക്കാർ നികത്തുമെന്നു വാഗ്ദാനം ചെയ്താണ് കഴിഞ്ഞ വർഷം 16 ഇനം പച്ചക്കറികളുടെ സംഭരണം തുടങ്ങിയത്. ഉൽപന്നങ്ങളുടെ വിപണിവില സംഭരിക്കുന്ന ഏജൻസികളും നഷ്ടം നികത്താനുള്ള തുക കൃഷിവകുപ്പും കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കൃത്യസമയത്തു പണമെത്തുന്നില്ല.

ഡിസംബർ 31 വരെയുള്ള കുടിശിക തീർത്തെന്നാണു കൃഷിവകുപ്പ് പറയുന്നത്. വില കൃത്യസമയത്തു ലഭിച്ചില്ലെങ്കിൽ അടുത്ത വിളയിറക്കാൻ കർഷകർക്കു പണമുണ്ടാകില്ല. സർക്കാർ സംഭരണം ആരംഭിച്ചിട്ടും ഇടനിലക്കാർ വിലസാൻ കാരണമിതാണ്.

നെല്ലു സംഭരണം തുടങ്ങി ഒന്നരപതിറ്റാണ്ടു കഴിഞ്ഞിട്ടും പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. സംഭരണ വില 28 രൂപ. അത്ര മെച്ചമൊന്നുമല്ല. കൊയ്ത്തു തുടങ്ങി ദിവസങ്ങൾ കഴിഞ്ഞാലും സംഭരണത്തിൽ തീരുമാനം ഉണ്ടാകില്ല. എടുത്ത നെല്ലിന്റെ വില സമയത്ത് നൽകാറുമില്ല. സപ്ലൈകോയ്ക്കു നെല്ലളന്ന കൃഷിക്കാർക്കു ലഭിക്കേണ്ട കൈപ്പറ്റു രസീത് (പിആർഎസ്) ഉൾപ്പെടെ കാലതാമസമാണ്.

raghunathan
രഘുനാഥൻ

വെട്ടിയിട്ട വാഴപ്പിണ്ടിപോലെ കർഷകൻ

‘സ്വർണം പണയം വച്ച് മുക്കാൽ ഏക്കറിൽ ആയിരത്തോളം വാഴ വച്ചു. കഴിഞ്ഞ ദിവസത്തെ കാറ്റിനുശേഷം ബാക്കിയുള്ളത് 20 എണ്ണം. 8 മാസം പ്രായമുള്ള കുലച്ച വാഴകളാണ്. ഒന്നര ലക്ഷത്തോളം രൂപ ചെലവായി. ഇപ്പോൾ പച്ചക്കായ കിലോയ്ക്ക് 45 രൂപ വിലയുണ്ട്. കാറ്റു വന്ന് നശിച്ചില്ലായിരുന്നെങ്കിൽ അൽപമൊന്നു കരകയറാമായിരുന്നു–’ വയനാട് ബത്തേരി പുത്തൻകുന്ന് ചിറ്റൂരിൽ കൃഷി നശിച്ച വാഴക്കർഷകൻ രഘുനാഥൻ പറയുന്നു.

വിപണിയിൽ നേന്ത്രക്കായ വില കുതിച്ചുയരുമ്പോഴും കർഷകനു ഗുണമില്ല. കൃഷിനാശവും ഉൽപാദനം കുറഞ്ഞതും വന്യമൃഗശല്യവുമാണു കാരണം. പാട്ടക്കൃഷി ചെയ്യുന്നവർക്കു നഷ്ടപരിഹാരം ലഭിക്കാറില്ല. തൊഴിലാളികളുടെ കൂലിയും വളപ്രയോഗത്തിനുള്ള ചെലവും കൂടുന്നു. ഒരു വാഴക്കുലയ്ക്ക് 600 രൂപയെങ്കിലും കിട്ടിയാലേ കർഷകനു മുതലാകൂ. 10 കിലോഗ്രാം കുലയ്ക്കു പരമാവധി കിട്ടുന്നത് 500 രൂപ മാത്രം.

എവിടെ കാർഷിക കലണ്ടർ?

കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി കർഷകരെ അറിയിക്കാൻ സംവിധാനമില്ല. കുട്ടനാട് പാക്കേജിലെ പ്രധാന നിർദേശമായിരുന്നു കാർഷിക കലണ്ടർ. നടപ്പായില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക് പലവട്ടം ബജറ്റിലുൾപ്പെടെ പ്രഖ്യാപിച്ചു.  നിലമൊരുക്കാനും വിതയ്ക്കാനും കൊയ്യാനുമെല്ലാം സമയക്രമം തയാറാക്കി കൃഷി നടത്തുകയാണു കാർഷിക കലണ്ടറിന്റെ ലക്ഷ്യം.  പല കാരണങ്ങളാൽ പല സമയത്തായാണു കുട്ടനാട്ടിൽ പുഞ്ചക്കൃഷിയും രണ്ടാം കൃഷിയും ഇറക്കുന്നത്.

സംഭരണത്തിൽ ഇനി വേണ്ടത്

∙ സംഭരണപ്പട്ടികയിൽ കൂടുതൽ വിളകൾ ഉൾപ്പെടുത്തുക

∙ വിള ഹോർട്ടികോർപിനു നൽകുന്നതിനൊപ്പം അടിസ്ഥാനവില കർഷകനു ലഭ്യമാക്കുക. നഷ്ടം നികത്താനുള്ള തുകയും വൈകാതെ നൽകുക.

∙ സംഭരണത്തുക ഹോർടികോർപ് ഉൾപ്പെടെയുള്ള ഏജൻസികൾക്കും കൃഷിവകുപ്പിനും യഥാസമയം കൈമാറുക.

∙ ജില്ലാതല വിലനിർണയ സമിതി കൃത്യമായി ഇടപെടുക.

∙ നെല്ലുസംഭരണത്തിനു സ്ഥിരം നടപടി വേണം. ഇടനിലക്കാരുടെ ചൂഷണത്തിനു വഴിവയ്ക്കുന്ന വൈകൽ ഒഴിവാക്കുക 

കുട്ടനാടിന് വേണ്ടത്

∙ കാർഷിക കലണ്ടർ നടപ്പാക്കണം. നവംബർ  ആദ്യവാരത്തിനു മുൻപു പുഞ്ചക്കൃഷി ഇറക്കാനായാൽ വേനൽമഴയുടെ ഭീഷണി കുറയ്ക്കാം. 

∙ കുട്ടനാട‍ിനു യോജിച്ച ഗുണമേന്മയുള്ള വിത്ത് സമയബന്ധിതമായി ലഭിക്കണം.

∙ യോജിച്ച  ഉപകരണങ്ങളും കൊയ്ത്തുയന്ത്രങ്ങളും ലഭ്യമാക്കണം. 

chellamma
ചെല്ലമ്മ

കൃഷി ജീവിതമാക്കി; പക്ഷേ, ജീവിതം...

എന്നെ പ്രസവിച്ചതു പാടത്താ. വളർന്നതും പാടവരമ്പിലും പാടത്തുമായാണ്. ഇപ്പോ വയസ്സ് 70 കഴിഞ്ഞു. ഇപ്പോഴും പാടത്തുതന്നാ, പാട്ടത്തിനാണെന്നുമാത്രം. സ്വന്തമായി ഒരുതുണ്ടു പാടം പോലുമില്ല–’ പത്തനംതിട്ട നിരണം തലവടി കുന്നപ്പടി പറമ്പിൽ ചെല്ലമ്മ, അപ്പർകുട്ടനാട്ടിലെ െചറുകിട കൃഷിക്കാരുടെ പ്രതീകമാണ്. വായ്പയെടുത്തു കൃഷിചെയ്യുകയെന്ന ജീവിതചക്രം തുടർന്നുകൊണ്ടിരിക്കുന്നവർ. 

ഇത്തവണ ഒന്നരയേക്കറോളം പാടത്തു കൃഷിയിറക്കാൻ ചെല്ലമ്മയ്ക്കു ചെലവായത് 35.000 രൂപയാണ്. പലരിൽ നിന്നായി കടംവാങ്ങിയാണു കൃഷിയിറക്കിയത്. മിക്ക ജോലികളും സ്വന്തമായി ചെയ്യും. കൃഷിയില്ലാത്തപ്പോൾ വീട്ടുജോലികൾക്കുപോകും.   ആകെയുള്ള രണ്ടര സെന്റ് ഭൂമിയിലെ കൊച്ചു കൂരയിലാണ് ഭർത്താവും മക്കളും പേരക്കുട്ടികളുമായി 8 പേർ കഴിയുന്നത്. ഭർത്താവ് ഗോപാലൻ വർഷങ്ങളായി വൃക്കരോഗിയാണ്. ഓരോ മാസവും ഡയാലിസിസിനു മാത്രം കുറഞ്ഞത് 8000 രൂപ വേണം. രണ്ടു മക്കൾക്കും കാര്യമായ ജോലിയോ വരുമാനമോ ഇല്ല.  കൃഷിയിറക്കാൻ എന്തു ത്യാഗവും സഹിക്കാൻ തയാർ.  ഇക്കുറി വിതച്ച ഒന്നരയേക്കറിലും വെള്ളംകയറി.  

എന്തു ചെയ്യണമെന്നറിയില്ല, ആരോടു പരാതി പറയണമെന്നും... ചെല്ലമ്മയ്ക്ക് ആകെ അറിയാവുന്നതു പാടം മുങ്ങിയാലും നെല്ലുപോയാലും കൃഷിക്കാർക്കു മാത്രമാണ് നഷ്ടം എന്നാണ്. അതു സഹിച്ചു സഹിച്ചു മരവിച്ചതാണു സ്വന്തം ജീവിതമെന്നും!

pushpa
ജീവനൊടുക്കിയ നിരണം കാണാത്രപറമ്പിൽ രജീവിന്റെ സംസ്കാര സമയത്ത് പൊട്ടിക്കരയുന്ന ഭാര്യ പുഷ്പമ്മ. ചിത്രം: മനോരമ

എരിയുന്നൊരു ചിതയായ്...

പാടത്തിന്റെ കരയിലെ തുണ്ടുഭൂമിയിൽ ചിതയെരിയുന്നുണ്ട്. പക്ഷേ, അതു കത്തുന്നതും പുകയുന്നതും പുഷ്പമ്മയുടെ നെഞ്ചിലാണ്. ആലപ്പുഴ ജില്ലയിലെ എടത്വയിൽനിന്നു വിവാഹം കഴിഞ്ഞു നിരണത്തെത്തിയതു മുതൽ പാടത്തും പറമ്പിലുമെല്ലാം അധ്വാനിച്ചതും ഇല്ലായ്മയും വല്ലായ്മയുമൊക്കെ പങ്കിട്ടതും ഒരുമിച്ചായിരുന്നു. ഇന്നലെ രജീവ് മാത്രം ഒറ്റയ്ക്കൊരു യാത്ര പോയി. കടങ്ങളും ബാധ്യതകളുമുള്ള ലോകത്തു പുഷ്പമ്മയും മക്കളും മാത്രം. കൃഷി നഷ്ടത്തിലായതോടെ ജീവനൊടുക്കിയ നിരണം വടക്കുംഭാഗം കാണാത്രപറമ്പിൽ രജീവ് സരസന്റെ ഭാര്യയാണു പുഷ്പമ്മ.

‘കൃഷിയാരുന്നു അണ്ണന് എല്ലാം. അതിനുവേണ്ടിയാ ജീവിച്ചതും ഇപ്പോ മരിച്ചതും. രാവിലെക്കൂടി പാടത്തുപോയി വെള്ളം തേകിയിട്ടു വന്നതാ. ആ ചെളിയോടെയാ....’ വാക്കുകൾ കണ്ണുനീർ കവരുന്നു. രോഗങ്ങളെ വകവയ്ക്കാതെയാണു പുഷ്പമ്മ രജീവിനൊപ്പം പാടത്തു ജോലിക്കു പോയിരുന്നത്. 

കടംവാങ്ങി കൃഷിയിറക്കുക... വീണ്ടും കടം വാങ്ങുക.. ആറു മാസത്തെ കൃഷിയിലൂന്നിയാണ് അപ്പർ കുട്ടനാടിന്റെ സാമ്പത്തിക താളം. അതു തെറ്റിയാൽ....

sunu
സുനു

അധ്വാനം മുഴുവൻ വെള്ളത്തിൽ മുങ്ങി

പ്രവാസം ഉപേക്ഷിച്ച്, ഉള്ള പണം കൊടുത്ത് 4 ഏക്കർ നിലം വാങ്ങിയതാണ് ആലപ്പുഴ ജില്ലയിലെ എടത്വ മൂന്നുതൈക്കൽ സുനു. തരിശുകിടന്ന പാടം പാട്ടത്തിനെടുത്തും കൃഷിയിറക്കി. മണലാരണ്യത്തിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവൻ കൃഷിയിൽ മുങ്ങിപ്പോയെന്നു മാത്രമല്ല, ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ പോലും കഴിയുന്നില്ല. കഴിഞ്ഞ പുഞ്ച സീസണിലെ വെള്ളപ്പൊക്കത്തിൽ 9.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായ സുനുവിനു സർ‍ക്കാർ നൽകിയ നഷ്ടപരിഹാരം 85,000 രൂപ.  ഇപ്പോൾ റവന്യു റിക്കവറി നേരിടുകയാണ്. വട്ടിപ്പലിശയ്ക്കു വാങ്ങിയ പണവും കൊടുത്തിട്ടില്ല. എടത്വ മാങ്കുഴി പാടത്ത് ഇത്തവണ ഇറക്കിയ കൃഷി വേനൽമഴയിൽ നശിച്ചു. ഏക്കറിന് 25 ക്വിന്റൽ ലഭിക്കേണ്ട സ്ഥാനത്ത് 10 ക്വിന്റൽ പോലും ലഭിക്കില്ല. ചെലവായ 4 ലക്ഷത്തിൽ പകുതിപോലും കിട്ടുമെന്നു പ്രതീക്ഷയില്ല.

ഇതു കുട്ടനാട്ടിലെ ഒരു കർഷകന്റെ കഥ. 8 ദിവസത്തെ വേനൽമഴയിൽ മാത്രം ആലപ്പുഴ ജില്ലയിൽ 68 കോടി രൂപയുടെ കൃഷിനഷ്ടമാണുണ്ടായത്. കേരളത്തിൽ ആകെ 300 കോടിയിലേറെ രൂപയുടെ നഷ്ടം. തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളിൽ കർഷകനു കാലിടറുമ്പോൾ താങ്ങായി നിൽക്കാൻ സർക്കാരിനു കഴിയാത്തതെന്തുകൊണ്ട്?

തയാറാക്കിയത്: രമേഷ് എഴുത്തച്ഛൻ, എസ്.വി.രാജേഷ്,  ശ്രീദേവി നമ്പ്യാർ, എം.എ.അനൂജ്, ഷിന്റോ ജോസഫ്

English Summary: Farmer suicide Kerala; Crop loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA