മഹാൻമാരെ മനസ്സിലാകാത്ത മാക്രിപ്പറ്റങ്ങൾ

rupee
SHARE

ക്ലാ,ക്ലാ,ക്ലീ,ക്ലൂ... സുരേഷ് ഗോപി തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന, അല്ല മാക്രി. ഒന്നല്ല, ഒരുപറ്റം. എന്തു നല്ല കാര്യം ചെയ്താലും സുരേഷിനെ ചൊറിയാൻ ചെല്ലുന്ന മാക്രിപ്പറ്റങ്ങൾ. പശ്ചിമഘട്ടത്തിൽനിന്നു മധ്യകേരളത്തിലെ തൃശൂർ ഭാഗത്തേക്കു കുടിയേറിയ പ്രത്യേക ഇനം ചൊറിത്തവളകൾ ആണിതെന്നു സുരേഷ് തന്നെ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ അങ്ങെടുക്കാൻ ചെന്ന സുരേഷിനെ ഓടിച്ചു കുളത്തിൽ ചാടിച്ചതും മറ്റാരുമല്ല. പക്ഷേ, വെള്ളത്തിലും കരയിലും ജീവിക്കുന്ന മാക്രികളെക്കാൾ കേമനായതിനാൽ സുരേഷിനെ ‘തോൽപിക്കാൻ’ തൃശൂരിലെ ചതിയൻ ചന്തുമാർക്കായില്ല. രാജ്യസഭാംഗം എത്ര തിരഞ്ഞെടുപ്പിൽ തോറ്റാലും പേടിക്കാനില്ല. വലയിൽനിന്നു പോയാലും കുളത്തിലുണ്ടാകും.

സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹം കഥാപാത്രമായി ജീവിക്കുകയാണ്. അങ്ങനെ ജീവിച്ചു ജീവിച്ച്, സിനിമയേതാ ജീവിതമേതാ എന്നൊന്നും വലിയ പിടിയില്ല. പോണ പോക്കിൽ ഏതു വോട്ടറെക്കണ്ടാലും പിടിച്ചുനിർത്തി ചോദിക്കും– ‘ഓർമയുണ്ടോ ഈ മുഖം ?’ ഓർമയില്ലെങ്കിലും ഉണ്ടെന്നു പറഞ്ഞേക്കണം. അല്ലെങ്കിൽ അടുത്ത ഡയലോഗ് വരും. ‘ഒരുപാടു മുഖങ്ങളിങ്ങനെ കയറിയിറങ്ങിപ്പോയതല്ലേ, ഓർമ ‍ കാണില്ലെന്നറിയാം’. കലക്ടറേറ്റിനു മുന്നിൽ പൊലീസുമായി ഏറ്റുമുട്ടുന്ന സമരക്കാരെ കോളറിൽ പിടിച്ചുനിർത്തും. ‘കാക്കിയിട്ടവന്റെ നേരെ കയ്യോങ്ങിയാൽ തനിക്കു നോവില്ല’ എന്ന ആക്രോശം കേട്ടു സമരക്കാരൻ കണ്ടം വഴി ഓടും.

തൃശൂരാണു വിഹാര കേന്ദ്രം. അവിടുത്തെ ഏറ്റവും തലയെടുപ്പുള്ള കൊമ്പൻ താൻ തന്നെയെന്നു വിശ്വസിക്കുന്നു. കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണ്. എന്നാൽ, തൃശൂരു കണ്ടതിനു ശേഷം സ്വന്തം നാടായ കൊല്ലമേ വേണ്ട. വീട്ടിലേക്കൊരു കിലോ ഉള്ളി മേടിക്കണമെങ്കിൽ പോലും തൃശൂർ മാർക്കറ്റിലേ പോവൂ. രാജ്യസഭയിലെ അവസാനത്തെ പ്രസംഗത്തിൽ പോലും തൃശൂരിലെ ആനക്ഷാമത്തെക്കുറിച്ചാണ് ആശങ്കപ്പെട്ടത്. എങ്ങനെയെങ്കിലും തൃശൂരിന്റെ ഭാരം കുറയ്ക്കണം, അങ്ങെടുക്കണം. തൃശൂരുകാരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണു റിസർവ് ബാങ്കിനു കത്തുകൊടുത്തു നോട്ടുകെട്ടുകൾ എത്തിച്ചത്. ഒന്നാന്തരം നോട്ടടിച്ചു തരുന്ന പാർട്ടിക്കാർ തൃശൂരിലുണ്ടെന്ന് അറിയാഞ്ഞല്ല. എന്നാൽ ഒരുത്തന്റെയും സേവനം തേടാതെയാണ് അദ്ദേഹം നോട്ടുമായെത്തിയത്. ഒരു രൂപയുടെ ഒരുലക്ഷം നോട്ടുകൾ. ആറ്റിൽ കളഞ്ഞാലും അളന്നു കളയണമല്ലോ. വോട്ടിനു നോട്ട് സുരേഷിന്റെ രീതിയല്ല. തൃശൂരിൽ മൊത്തം ഒരു ലക്ഷം വോട്ടർമാർ അല്ലതാനും.

നോട്ട് നിരോധിച്ചാലും ചീത്ത. വിതരണം ചെയ്താലും ചീത്ത. ഇത് ഇരട്ടത്താപ്പാണ്. സുരേഷ് കൊടുത്ത നോട്ടിലെ തല മോദിജിയുടേതല്ല. കൊടുത്തതു വല്ല വാക്സീൻ സർട്ടിഫിക്കറ്റുമാണെങ്കിൽ പോരേ ‘മ്ലേച്ഛൻമാരേ’ ഈ വിവാദമൊക്കെ?

കൈ നീട്ടിയതു മാത്രമല്ല, പിടിക്കാനായി കാലു നീട്ടിയതും വിവാദമാക്കി. അവസരം കിട്ടിയാൽ കാലുവാരുന്ന രാഷ്ട്രീയത്തിൽ ഇത്ര ധൈര്യമായി കാലു നീട്ടിക്കൊടുക്കാൻ ചില്ലറ ധൈര്യം പോരാ. പറഞ്ഞ വാക്കും നീട്ടിയ കാലും തിരിച്ചെടുക്കുന്ന ശീലം പണ്ടേ സുരേഷിനില്ല.

കൈനീട്ടം മാത്രമല്ല, കൈ നീട്ടിയുള്ള സല്യൂട്ടും ദൗർബല്യമാണ്. കമ്മിഷണർ മുതൽ ഐജിവരെയായി ‘ജീവിച്ച’യാൾക്ക് ഐപിഎസ് പെൻഷനില്ലെങ്കിലും ഒരു സല്യൂട്ടെങ്കിലും കിട്ടണ്ടേ ? ഇതിനെയൊക്കെ വിമർശിക്കുന്നവരെ മരത്തവളകളെന്നു തന്നെ വിളിക്കണം. കൂപമണ്ഡൂകങ്ങൾ എന്നു വിളിച്ചാലും തെറ്റില്ല. ഈ തൃശൂരു റൗണ്ടിനുള്ളിൽ കിടക്കുന്ന സിപിഎം ഗഡികൾ വല്ലവരും ഉത്തരേന്ത്യ കണ്ടിട്ടുണ്ടോ ! ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ നോട്ടുമാലയും കാലുപിടിത്തവും ചെരിപ്പു തുടയ്ക്കലുമൊന്നും അറിയാത്ത മ്ലേച്ഛൻമാർ!

വിഷു കർഷകരുടെ ആഘോഷമാണ്. വിഷുക്കൈനീട്ടം കൊടുത്തുകൊണ്ടു തന്നെ കർഷകരുടെ പിതാസ്മരണ നടത്തിയതോടെ ആഘോഷം പൂർണമായി. ദേ പോയി, ദാ വന്നു എന്ന മട്ടിൽ കർഷകനിയമം തിരിച്ചുവരുമെന്ന വിശ്വാസം സുരേഷിനുണ്ട്. കർഷക സമരക്കാരെ വിശേഷിപ്പിക്കാനും ‘മ’ പ്രയോഗങ്ങളേയുള്ളൂ. ‘മ’ കഴിഞ്ഞുള്ള ഭാഗം പൂരിപ്പിക്കാത്തതിനാൽ മാക്രികളെന്നാണോ, മണ്ട ശിരോമണികളെന്നാണോ, അതോ മറ്റു വല്ലതുമാണോ ഉദ്ദേശിച്ചതെന്നറിയില്ല.

രാജ്യസഭാ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് ഇനി പാർട്ടി അധ്യക്ഷ സ്ഥാനത്ത് ഒരു കൈ നോക്കാം. ഒരു സുര മാറുമ്പോൾ മറ്റൊരു സുര. അതിനുള്ള ഡയലോഗും ആക്‌ഷനുമൊക്കെയാണ് ഈ കാണുന്നതൊക്കെയെന്നു ചിലർ പറയും. കേരളത്തിലെ ബിജെപിയുടെ രീതിവച്ച് ക്ലൈമാക്സിൽ സുരേഷിന്റെ കാര്യം ‘ഗോപി’യാകാനും സാധ്യതയുണ്ട്.

ആനത്തലയോളം ആനന്ദപരിശീലനം

ജനാധിപത്യത്തി‍ൽ പൗരന്മാരുടെ തുല്യതയെക്കുറിച്ച് മഹാനായ ലെനിൻ ഉദ്ബോധിപ്പിച്ചത് ആരു മറന്നാലും കേരളത്തിലെ സിഐടിയുക്കാർ മറക്കില്ല. മന്ത്രി, കമ്പനി ചെയർമാൻ തുടങ്ങിയ ബൂർഷ്വാ പദവികളൊന്നും അവർ വകവയ്ക്കുന്ന പ്രശ്നമേയില്ല. മുഖ്യമന്ത്രി പിണറായി വിജയനു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ‘മിനിസ്റ്റർ’ എന്നോ ‘സഖാവ്’ എന്നോ വിളിക്കാം. പ്രായത്തിൽ മൂപ്പനായതു കൊണ്ടു മന്ത്രിസഭയിലെ മറ്റംഗങ്ങൾക്കു ‘കൃഷ്ണൻകുട്ടിയേട്ടൻ’ എന്നും വിളിക്കാം. പക്ഷേ വൈദ്യുതി ബോർഡിലെ സിഐടിയു നേതാവ് മന്ത്രിയെ ‘ഹലോ, മിസ്റ്റർ കൃഷ്ണൻകുട്ടി’ എന്നേ സംബോധന ചെയ്യൂ. ഫോണിൽ അദ്ദേഹം മന്ത്രിയുടെ പേര് ‘സേവ്’ ചെയ്തിരിക്കുന്നത് ‘കെ.കുട്ടി’ എന്നു മാത്രമാണ്. ‘വിജയൻ വിളിച്ചു’ എന്ന് ഒരു ദിവസം പറഞ്ഞപ്പോൾ സമര സഖാക്കൾ കരുതിയത് പട്ടത്ത് ചായപ്പീടിക നടത്തുന്ന വിജയൻ ചായ കൊണ്ടു വരാനായി വിളിച്ചുവെന്നാണ്. പിണറായി വിജയനെയാണ് ഉദ്ദേശിച്ചതെന്ന് കുറച്ചു കഴിഞ്ഞാണ് അവർക്കു മനസ്സിലായത്.

സമഭാവനയിലാണ് നേതാവ് വിശ്വസിക്കുന്നത്. വലുപ്പച്ചെറുപ്പമൊന്നും ടിയാന് വിഷയമല്ല. ബോർഡ് യോഗം‌ ചേരുമ്പോൾ ചെയർമാൻ സ്ഥലത്തില്ലെങ്കിൽ ആ കുറവ് അദ്ദേഹം ഉടൻ നികത്തും. ചെയർമാന്റെ കസേര ഒഴിഞ്ഞുകിടക്കുന്നത് അദ്ദേഹത്തിനു സഹിക്കാനാകില്ല; അതിൽ കയറി ഇരിക്കും. മെയിൻ സ്വിച്ച് ഓഫായാൽ മൊത്തം ഇരുട്ടാകുമല്ലൊ. അതുകൊണ്ട് എവിടെയും ‘മെയിൻ’ ആകാൻ സദാ സന്നദ്ധനാണ്.

മൂപ്പിളമയിലൊന്നും വിശ്വസിക്കാത്തത് കക്ഷി മാത്രമല്ല. സസ്പെൻഷനിലായ നേതാവിനു പിന്തുണയുമായി സമരപ്പന്തലിലെത്തിയ സിഐടിയു സംസ്ഥാന നേതാവ് ചോദിക്കുന്നത് ‘ആരാണ് മന്ത്രി’, ‘ആരാണ് ചെയർമാൻ’ എന്നാണ്. മന്ത്രിപ്പണി കഴിഞ്ഞാൽ ചിറ്റൂരിലെ സ്വന്തം കൃഷി തോട്ടത്തിലേക്കാണ് മന്ത്രി ഓടുന്നതെന്ന് അദ്ദേഹം കണ്ടെത്തി. അവിടെ ഒരു പ്രത്യേക തരം കമുക് മന്ത്രി വികസിപ്പിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. അതിൽ കൊതുമ്പിനു മുകളിലാണത്രെ കൊച്ചങ്ങ വിളയുന്നത്. വിളയാതെ പഴുക്കുന്ന ഇനങ്ങളെക്കുറിച്ച് ഇഎംഎസ് അക്കാദമിക്കായി പ്രത്യേക പ്രബന്ധം തയാറാക്കിയിട്ടുള്ള സഖാവ് ഇത്തരം കാര്യങ്ങളിൽ പെട്ടെന്നു സുചിന്തിതമായ നിഗമനങ്ങളിലെത്തും. അതുകൊണ്ടാണ് അദ്ദേഹത്തെ ‘മഹാനായി’ മന്ത്രി വിശേഷിപ്പിച്ചത്. തൊഴിലാളി വർഗ നേതാവിനെ ‘ഉപരി വർഗത്തിൽ പെട്ടയാളായി’ മന്ത്രി ഉയർത്തിക്കാട്ടിയത് പക്ഷേ കടുപ്പമായിപ്പോയി.

കെഎസ്ഇബി നേതാവും സിഐടിയു നേതാവുമൊക്കെ ആരെയാണു മാതൃകയാക്കേണ്ടതെന്ന കാര്യത്തിൽ സംശയം വേണ്ട. സിഐടിയു സംസ്ഥാന പ്രസിഡന്റായ ആനത്തലവട്ടം സഖാവിനെയല്ലാതെ മറ്റാരെ ? കൊച്ചിയിലെ സിപിഎം സംസ്ഥാന സമ്മേളനത്തിനു രക്ത പതാക ഉയർത്തിയത് സഖാവായിരുന്നു. ലോകത്ത് ശാന്തിയും സമാധാനവും കളിയാടുന്നത് ഈ പതാക മൂലമാണെന്നാണ് സഖാവ് അവിടെ വച്ചു കാച്ചിയത്. തിരിച്ചു തലസ്ഥാനത്തെത്തി ആദ്യം ചെയ്തത് കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും വാട്ടർ അതോറിറ്റിയിലും സിഐടിയുവിന്റെ കൊടി കുത്തുകയാണ്. 

ഈ ഭൂമിയെ സ്വർഗഭൂമിയാക്കാൻ‍ ചെങ്കൊടിക്കേ കഴിയൂവെന്നു കൊച്ചിയിൽ സഖാവ് പറഞ്ഞതു കേട്ട ഗതാഗത മന്ത്രി ആന്റണി രാജു പുളകിതനായിപ്പോയിരുന്നു.  പക്ഷേ ഉഗ്രരൂപിയായി മാറിയ ആനത്തലവട്ടം തനിക്കെതിരെ പൊടുന്നനെ ഗർജിക്കുന്നതാണ് അവിടെയിരുന്നു മന്ത്രി ടിവിയിൽ കണ്ടത്. തനിക്കു മുൻപേ ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ശശീന്ദ്രൻ മന്ത്രിയെ നേരെ ഫോണെടുത്ത് വിളിച്ചു വിഷമം പറഞ്ഞു. ഇതിലപ്പുറം താൻ കേട്ടിട്ടുണ്ടെന്നാണ് അദ്ദേഹം സമാധാനിപ്പിച്ചത്. ‘വേറെ പണിയൊന്നും ഇല്ലല്ലോ, വകുപ്പ് നേരാംവണ്ണം ഭരിക്ക്’ എന്നായിരുന്നുവത്രെ ആനത്തലവട്ടത്തിൽനിന്ന് അദ്ദേഹത്തിന് അന്നു കിട്ടിയ ഉപദേശം. അന്നത്തെ എംഡി തച്ചങ്കരിയെ തവിടുപൊടിയാക്കിയതും ഈ ആനന്ദ വചനങ്ങളായിരുന്നു. ആ തലവട്ടത്തിൽനിന്ന് ഒഴിഞ്ഞുനിന്നാൽ തന്നെ പ്രശ്നങ്ങൾ നല്ല നിലയിൽ തീർക്കാനാകുമെന്നു ശശീന്ദ്രൻ മന്ത്രിക്ക് ഉറപ്പുണ്ട്.

75 വയസ്സ് പിന്നിട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും കമ്മിറ്റിയിൽനിന്നും ഒഴിവായതിനാൽ ആനത്തലവട്ടം അൽപം ഫ്രീ ആണ്. ഒന്നിനും കൊള്ളാത്ത ഈ മന്ത്രിമാർക്കും ഐഎഎസുകാർക്കും ഒരു പരിശീലന അക്കാദമി തന്നെ നമുക്കു തുടങ്ങിയാൽ എന്തെന്ന നിർദേശം സഹ സിഐടിയുക്കാർക്കു മുന്നിൽ വച്ചിരിക്കുകയാണത്രെ അദ്ദേഹം.

‘ഒരു പ്രയോജനവും ഇല്ലാത്ത മൂന്നക്ഷരമുള്ള ഐഎഎസ് വാലും’ പിടിച്ചു നടക്കുന്നത് എന്തിനാണെന്നു ട്രാൻസ്പോർട്ട് എംഡിയോട് ചോദിച്ച കെഎസ്ആർടിസി യൂണിയൻ നേതാവാകും കോഴ്സ് ഡയറക്ടർ. പട്ടം വൈദ്യുതി ഭവനിൽനിന്ന് അശോക് ഐഎഎസ് ദൂരേക്കു തെറിപ്പിച്ച യൂണിയൻ നേതാക്കളാണ് മുഖ്യ ഫാക്കൽറ്റി. അവരെ തിരിച്ച് തിരുവനന്തപുരത്തു പെട്ടെന്നു കുടിയിരുത്താൻ അതേയുള്ളൂ ഒരു മാർഗം!

സ്റ്റോപ്പ് പ്രസ്

എന്നെ ഞാനാക്കുന്നതിൽ കരുണാകരൻ കഴിഞ്ഞാൽ പങ്കുള്ളത് സോണിയ ഗാന്ധിക്ക്: കെ.വി.തോമസ്.

ഹാവൂ, അപ്പോൾ ‘സോണിയ പ്രിയങ്കരി ’ എന്ന പുസ്തകം ഇനി മാറ്റിയെഴുതേണ്ടി വരില്ല.

Content Highlights: Suresh Gopi vishu kaineetam, KSEB Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS