ADVERTISEMENT

വിലക്കയറ്റം കാരണം നിത്യച്ചെലവുകൾ കുതിച്ചുയരുമ്പോൾ വരുമാനവും ഉയരണമെന്നാണ് ഏവരും ആഗ്രഹിക്കുക. പക്ഷേ, അതു സംഭവിക്കുന്നില്ല. ചെലവു ചുരുക്കി എങ്ങനെയും പിടിച്ചുനിൽക്കാനാണ് അടുത്തശ്രമം. ചെലവു ചുരുക്കൽ സാധാരണജനത്തിന്റെ മാത്രം കടമയാണല്ലോ! 

എങ്ങനെ വിളമ്പും ഭക്ഷണം?

സുൾഫിക്കറിനെ ഓർമയുണ്ടോ? സുൾഫിക്കറിനെ മറന്നാലും സുൾഫിക്കറിന്റെ ഹോട്ടലിനെ അത്രപെട്ടെന്നു മറക്കാൻ കഴിയില്ല. ഒരൊറ്റ രാത്രികൊണ്ട് അധികൃതരും സമൂഹവും പിച്ചിച്ചീന്തിയെറിഞ്ഞത് ഈ യുവാവിന്റെ ജീവിതമായിരുന്നു.

2020 മാർച്ച് അഞ്ച്. കോഴിക്കോട് രാമനാട്ടുകര അരീപ്പറമ്പിൽ അലി മൻസിലിൽ എ.പി.സുൾ‍ഫിക്കർ അലി രാമനാട്ടുകര വൈദ്യരങ്ങാടിയിൽ നടത്തിയിരുന്ന ‘മലബാർ പ്ലാസ’ എന്ന ഹോട്ടലിൽ, അന്നു രാത്രി കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ കണ്ണൂർ സ്വദേശി വന്നുകയറി. ഭക്ഷണം കഴിക്കാൻ 14 മിനിറ്റ് ചെലവഴിച്ചു. കണ്ണൂർ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതായി അറിവു ലഭിച്ചതോടെ ജില്ലാ ഭരണകേന്ദ്രമായ കലക്ടറേറ്റിൽ ആകെ ബഹളം. റൂട്ട് മാപ് തയാറാക്കൽ. സമ്പർക്കപ്പട്ടിക. എല്ലാവർക്കും വീട്ടുതടങ്കലിനു സമാനമായ ക്വാറന്റീൻ. 

പിറ്റേദിവസം ആരോഗ്യവകുപ്പ് അധികൃതരും പൊലീസുമടക്കമുള്ള വൻസന്നാഹം ഹോട്ടലിനുമുന്നിൽ കുതിച്ചെത്തി. ചുറ്റും കയറുവലിച്ചു കെട്ടി. ഹോട്ടൽ അടപ്പിച്ചു. 

കോവിഡ് രോഗി കയറിയെന്ന കാരണത്താൽ ആ ഒരൊറ്റ ദിവസം കൊണ്ട് സുൾഫിക്കറിന്റെ മലബാർപ്ലാസ അടച്ചുപൂട്ടി. നാട്ടിലെ ഹോട്ടലുകളെല്ലാം തുറന്നെങ്കിലും മലബാർപ്ലാസ തുറക്കാനുള്ള ശ്രമങ്ങൾ അന്നു വിജയം കണ്ടില്ല. പിന്നീട് രണ്ടുതവണ തുറന്നെങ്കിലും ലാഭമുണ്ടാക്കാനായില്ല. ഒടുവിൽ സുൾഫിക്കർ ഹോട്ടൽ മറ്റൊരാൾക്കു വാടകയ്ക്കു കൊടുത്തു. 

sulfikar
സുൾഫിക്കർ

ഇതിനിടെ നികുതി സംബന്ധമായി 1.65 കോടിയുടെ പിഴയും ഇൻകംടാക്സ് വകുപ്പ് സുൾഫിക്കറിന്റെ മേൽ ചുമത്തിയിരുന്നു. ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 35 ലക്ഷം തിരിച്ചടയ്ക്കാൻ നിർദേശിച്ചു. കടംവാങ്ങിയും മറ്റുമായി 17 ലക്ഷം രൂപ സുൾഫിക്കർ അടച്ചു. ബാക്കിത്തുക കുടിശിക.

കച്ചിത്തുരുമ്പിലും രക്ഷയില്ല

40 വയസ്സാണു സുൾഫിക്കറിന്. ജീവിതം മുന്നോട്ടുകൊണ്ടുപോകണം. ഒൻപതുമാസം മുൻപ് ഒരു പിടിവള്ളി കണ്ടെത്തി. ഫറോക്ക് ചുങ്കത്തെ ഒരു ചെറിയ ആശുപത്രിയുടെ കന്റീൻ വാടകയ്ക്കെടുത്തു നടത്തിപ്പു തുടങ്ങി. 

ഇത്തവണ വിലക്കയറ്റത്തിന്റെ രൂപത്തിലാണു സുൾഫിക്കറിനെത്തേടി ദുരിതകാലം എത്തിയത്. ഒൻപതുമാസം മുൻപ് ഒരു പൊറോട്ട വിറ്റിരുന്നത് 10 രൂപയ്ക്കാണ്. അന്ന്് ഒരു ചാക്ക് മൈദയ്ക്ക് 840 രൂപയായിരുന്നു. ഒരു പെട്ടി പാചകഎണ്ണയ്ക്ക് 760 രൂപയായിരുന്നു. 

ഇന്നും സുൾഫിക്കർ ഒരു പൊറോട്ട വിൽക്കുന്നത് 10 രൂപയ്ക്കാണ്. ഇപ്പോൾ ഒരു ചാക്ക് മൈദയുടെ വില 1770 രൂപ. ഒരു പെട്ടി പാചക എണ്ണയുടെ വില 2000 കടന്നു. പെരുംജീരകത്തിന് ഇപ്പോൾ കിലോയ്ക്ക് 400 രൂപയാണു വില. പാൽവിലയും കൂടുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, തക്കാളിക്കും ഉള്ളിക്കുമൊഴികെ എല്ലാ സാധനങ്ങൾക്കും ആഴ്ചതോറും വിലയുയരുകയാണ്. കന്റീൻ നടത്തിപ്പിനു ലൈസൻസ് തുക 3500 രൂപയായി നഗരസഭ വർധിപ്പിച്ചു. നാട്ടുകാരെ പിഴിഞ്ഞൂറ്റാതെ എങ്ങനെ ഭക്ഷ്യസാധനങ്ങളുടെ വിലവർധിപ്പിക്കുമെന്ന ആലോചനയിലാണു സുൾഫിക്കർ ഇപ്പോൾ. 

തന്റേതല്ലാത്ത കാരണങ്ങളാൽ വേട്ടയാടപ്പെട്ട ജീവിതമാണു തന്റേതെന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു സുൾഫിക്കർ. ഭക്ഷണത്തിനു കൊള്ളവില ഈടാക്കേണ്ടെന്നു തീരുമാനിക്കുന്ന ഏതു റസ്റ്ററന്റ് നടത്തിപ്പുകാർക്കും മനസ്സിലാകും സുൾഫിക്കറിന്റെ അവസ്ഥ.

ഹോം ഡെലിവറി ‘ഡെയ്‌ലി വറി’!

കേരളത്തിൽ ഹോം ഡെലിവറി ബിസിനസ് വ്യാപകമായിട്ട് ഏതാണ്ട് 3 വർഷമായി. ആകർഷകമായ ഇൻസെന്റീവുകളാണ് ചെറുപ്പക്കാരെ അതിലേക്ക് ആകർഷിച്ചത്. രാവിലെ മുതൽ രാത്രി വരെയുള്ള ഓട്ടമാണ് അവരുടെ പോക്കറ്റ് നിറയ്ക്കുന്നത്. എത്ര ഓടുന്നുവോ അത്രയും പണം കിട്ടും. ആദ്യകാലത്ത് ആകർഷകമായ ജോലിയായിരുന്നെങ്കിലും ഇപ്പോൾ അതല്ല സ്ഥിതിയെന്നു ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ‘മാർക്കറ്റ് പിടിച്ചെ’ന്നുറപ്പായപ്പോൾ കമ്പനികൾ  ആനുകൂല്യങ്ങൾ കുറയ്ക്കുകയാണ്. വരുമാനക്കണക്കും അതിലെ കുറവും പുറത്തുപറഞ്ഞാൽ പണി പോകും. അതിനാൽ പേരു വെളിപ്പെടുത്തരുതെന്ന മുന്നറിയിപ്പോടെയാണു തിരുവനന്തപുരത്തെ ഹോം ഡെലിവറി ബോയ് ദുരിതാവസ്ഥ വിവരിച്ചത്. 

delivery

3 വർഷം മുൻപ് ഒരു ദിവസം 250 രൂപയ്ക്കു പെട്രോൾ അടിച്ചാൽ മതിയായിരുന്നു. രാവിലെ 7 മുതൽ രാത്രി 10 വരെ 30 ഓർഡർ എടുക്കാം. 75 രൂപയായിരുന്നു അന്നു പെട്രോൾ വില. അതേ സ്ഥാനത്ത് ഇന്ന് 400 രൂപയ്ക്കുമേൽ ദിവസം പെട്രോൾ അടിക്കണം. 20 ഓർഡറേ പരമാവധി എടുക്കാൻ സാധിക്കൂ. ചെലവു കൂടി. വരുമാനം കുറയുകയും ചെയ്തു. തുടർച്ചയായ യാത്ര കാരണം ഇടയ്ക്കിടെ വണ്ടിക്ക് അറ്റകുറ്റപ്പണിയും വേണ്ടിവരും. മാസത്തിൽ 1500 രൂപയെങ്കിലും ആ ഇനത്തിൽ ചെലവാകും. എൻജിൻ ഓയിൽ 300 രൂപയിൽ നിന്ന് 350 രൂപയായി. 

5 കിലോമീറ്ററിനുള്ളിലാണു പാഴ്സൽ‌ കൊടുക്കുന്നതെങ്കിൽ 25 രൂപയാണു മുൻപു കമ്പനി തന്നിരുന്നത്. 25 കിലോമീറ്ററിൽ കൂടുതലെങ്കിൽ കിലോമീറ്ററിന് 5 രൂപ വീതവും കിട്ടിയിരുന്നു. ഹോട്ടലിൽ കാത്തിരിക്കുന്ന ഓരോ മിനിറ്റിനും ഒരു രൂപയും നൽകുമായിരുന്നു. മഴ പെയ്താൽ 25 രൂപ അധികവും തരും. ഇതൊക്കെക്കണ്ടാണ് ഒട്ടേറെപ്പേർ ഇൗ മേഖലയിലേക്കു വന്നത്. 

എന്നാൽ, ഇന്ന് അതല്ല സ്ഥിതി. കഴിഞ്ഞ ജനുവരിയിൽ പുതിയ റേറ്റ് കാർഡ് വന്നതോടെ 25 കിലോമീറ്ററിനുള്ളിലെ സേവനത്തിനുള്ള ഫീസ് 20 രൂപയാക്കി കുറച്ചു. അതു തന്നെ ചിലപ്പോൾ മുന്നറിയിപ്പില്ലാതെ 16 രൂപ വരെയാക്കി കുറയ്ക്കും. ഭക്ഷണം എടുക്കാനായി ഹോട്ടലിൽ എത്തുന്നതു വരെയുള്ള യാത്രയ്ക്കു നൽകിയിരുന്ന പ്രതിഫലവും വെട്ടി. അവിടെ കാത്തിരിക്കുന്ന സമയത്തിനും ഇപ്പോൾ പണമില്ല. 

ആഴ്ചയിൽ നിശ്ചിത തുകയിലേറെ സമ്പാദിക്കുന്നവർക്ക് 1500 രൂപ ഇൻസെന്റീവ് നൽകിയിരുന്നതും ഇപ്പോഴില്ല. ഹോം ഡെലിവറി ജീവനക്കാർ ബാഗിൽ ചുമക്കുന്ന ഭക്ഷണത്തിനു വർഷാവർഷം വില കുതിച്ചുയരുകയാണ്. ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കു നൽകിയിരുന്ന ഒട്ടേറെ സൗജന്യങ്ങൾ ഇപ്പോൾ ഹോം ഡെലിവറി കമ്പനികൾ നിർത്തലാക്കി. അധിക ഫീസും ഈടാക്കിത്തുടങ്ങി. എന്നാൽ, ഹോം ഡെലിവറി ജീവനക്കാരുടെ വരുമാനം ഉയരേണ്ടതിനു പകരം താഴുകയാണ്. 

‘പട്ടിണി കിടക്കാനും വേണം 200 രൂപ’

ആലപ്പുഴ ബീച്ച് വാർഡ് ഇടമുക്കിൽ ജോൺ പീറ്റർ (67) കടലിൽ പോകുന്ന മത്സ്യത്തൊഴിലാളിയാണ്. വിലക്കയറ്റത്തിന്റെ ഭീകരാവസ്ഥ അനുഭവിച്ചറിയുകയാണ് അദ്ദേഹം.

john-peter
മത്സ്യത്തൊഴിലാളിയായ ജോൺ പീറ്റർ ബോട്ടിനു സമീപം.

ഞങ്ങൾ താമസിക്കുന്ന വട്ടയാൽ കടപ്പുറത്തുനിന്ന് 15 കിലോമീറ്റർ അപ്പുറം പുറക്കാട് കടപ്പുറത്ത് 20 പേർക്കു ജോലിക്കു പോകാൻ കഴിഞ്ഞ വർഷം ട്രാവലർ വാടകയ്ക്കെടുത്തപ്പോൾ 3500 രൂപയാണു കൊടുത്തത്. ഇപ്പോഴത്തെ വാടക 4000 രൂപ. ഇക്കണക്കിന്, ജൂൺ – ഓഗസ്റ്റ് സീസണിൽ പണിക്കു പോകുമ്പോൾ 4500 രൂപയെങ്കിലും കൊടുക്കേണ്ടി വരും.

മണ്ണെണ്ണ ഉപയോഗിച്ചു പ്രവർത്തിക്കുന്ന 9.9 എച്ച്പി എൻജിന് 129 ലീറ്ററും 15 എച്ച്പി എൻജിന് 136 ലീറ്ററും വീതം മണ്ണെണ്ണ ലീറ്ററിന് 13 രൂപ പ്രകാരം 2016 വരെ കിട്ടിയതാണ്. പെർമിറ്റ് മണ്ണെണ്ണയുടെ വില മൂന്നു മാസം മുൻപ് 45 രൂപയായിരുന്നു. ഒരാഴ്ച മുൻപ് 53 രൂപയായി. ഇപ്പോൾ 83 രൂപ കവിഞ്ഞു. 115 രൂപയാകുമെന്നും കേൾക്കുന്നു.

പെർമിറ്റ് മണ്ണെണ്ണ തന്നെ ഒരു തമാശയാണ്. പലപ്പോഴും കിട്ടാറില്ല. കിട്ടുന്നതു തികയുകയുമില്ല. അതുകൊണ്ട് കരിഞ്ചന്ത സജീവം. പെർമിറ്റ് മണ്ണെണ്ണ വില 53 രൂപയായിര‍ുന്നപ്പോൾ കരിഞ്ചന്തയിലെ വില 115 രൂപ. പെർമിറ്റ് മണ്ണെണ്ണയുടെ വില കൂടുമ്പോൾ കരിഞ്ചന്തയിൽ ഇരട്ടിയോളമാകും. കരിഞ്ചന്തയെ ആശ്രയിക്കാതെ കടലിൽ പോകാനാകില്ല.

25–30 പേർ കയറുന്ന വള്ളം 25– 30 ലക്ഷം രൂപ മുതൽമുടക്കുള്ളതാണ്. ഒരു തവണ പണിക്കു പോകാൻ 3 വർഷം മുൻപ് 3000 രൂപയാണു ചെലവായിരുന്നതെങ്കിൽ ഇപ്പോൾ 10,000– 12,000 രൂപ വരെയായി. 

മണ്ണെണ്ണ, പെട്രോൾ, ഓയിൽ, യാത്രക്കൂലി, ഭക്ഷണം തുടങ്ങിയവയാണു പ്രധാന ചെലവുകൾ. കോവിഡ് നിയന്ത്ര‌ണകാലത്തു പണിക്കു പോകാൻ അനുവദിച്ചിരുന്നില്ല. അന്നു ദാരിദ്ര്യത്തിലായിരുന്നു. അന്നു തുടങ്ങിയ സാമ്പത്തിക പ്രയാസം ഇപ്പോഴും തുടരുന്നു. കടുത്ത വറുതിയിലാണു കടപ്പുറം. 

മൂന്നുനാലു വർഷത്തിനുള്ളിൽ ചെലവ് ഇരട്ടിയിലേറെ വർധിച്ചു. ഓരോ തവണയും മത്സ്യത്തൊഴിലാളി സംഘത്തിൽനിന്നു വായ്പ എടുക്കും. ആധാരം പണയപ്പെടുത്തിയാണു വായ്പയെടുക്കുന്നത്. തുക കൂടുതൽ കിട്ടാൻ മറ്റു തൊഴിലാളികളുടെ കൂടി ആധാരം വാങ്ങിവയ്ക്കും. പണിക്കു പോയി മീൻ വിറ്റു കിട്ടുന്നതിൽനിന്നു വായ്പ അടയ്ക്കാനുള്ള തുക കിട്ടാറില്ല. അതുകൊണ്ടു വായ്പ തിരിച്ചടവു മുടങ്ങി. ജീവിതകാലം മുഴുവൻ കടക്കെണിയിലാണെന്ന ബോധത്തിലാണു ജീവിക്കുന്നത്. 

ഇപ്പോൾ പട്ടിണി കിടക്കാ‍ൻപോലും 200 വേണമെന്ന സ്ഥിതിയിലാണ്. ഫോൺ റീചാർജ് ചെയ്യാനും ശുദ്ധജലം വിലയ്ക്കു വാങ്ങാനും ആണ് 200 രൂപ. സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല.

ഓട്ടം പിഴച്ച് ഓട്ടോ; നെട്ടോട്ടമോടി സിറാജ് 

നഗരമായാലും നാട്ടിൻപുറമായാലും സാധാരണക്കാരുടെ ഇഷ്ടവാഹനമാണ് ഓട്ടോറിക്ഷ. പക്ഷേ, ഓട്ടോത്തൊഴിലാളികൾ നേരിടുന്നത് അതികഠിനമായ  പ്രതിസന്ധിയെന്ന് കണ്ണൂർ താഴെചൊവ്വയിലെ ഡ്രൈവർ കെ.സിറാജ്

siraj
കെ.സിറാജ്

കോവിഡിനു മുൻപ് നിത്യച്ചെലവു നടത്തി പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ സ്ഥിതി വളരെ ദയനീയമാണ്. ഓട്ടം കിട്ടിയാലും ഇല്ലെങ്കിലും ഓട്ടോറിക്ഷയുടെ ഉടമയ്ക്ക് ദിവസവും 250 രൂപ നൽകണം. കോവിഡ് സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങൾ വ്യാപകമായതും കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കും കാരണം ഓട്ടം വളരെ കുറവാണ്. മുതലാളിക്കു തുക കൊടുത്തു കഴിഞ്ഞാൽ പിന്നെയൊന്നും ബാക്കിയുണ്ടാകാത്ത സ്ഥിതി. 

കോവിഡ് നിയന്ത്രണങ്ങൾ കർശനമായ കാലത്തെല്ലാം ഓട്ടം നന്നേ കുറവായിരുന്നു. പൊലീസിന്റെ കർശന നടപടികളും വലച്ചു. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഇന്ധന വിലവർധന കാരണം എത്ര ഓടിയാലും മിച്ചമില്ലാതായി. നിത്യോപയോഗ സാധനങ്ങളുടെ വിലയും അടിക്കടി കൂടിയതോടെ കുടുംബബജറ്റും താളംതെറ്റി. പലചരക്കു കടയിൽ വരെ കടം പറഞ്ഞാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. 

വീടു നിർമിച്ച വകയിലും മറ്റും സാമ്പത്തിക ബാധ്യതകളുണ്ട്. മുൻപ് സ്വന്തം ഓട്ടോറിക്ഷയായിരുന്നു ഓടിച്ചിരുന്നത്. കടബാധ്യതകൾ വർധിച്ചപ്പോൾ ഓട്ടോറിക്ഷ വിറ്റ് ഗൾഫിലേക്കു പോയി. അതും ശരിയാകാതെ വന്നപ്പോൾ തിരിച്ചെത്തി ഓട്ടോയെത്തന്നെ അഭയം പ്രാപിക്കുകയായിരുന്നു.  അധ്വാനത്തിനൊത്ത വരുമാനം ലഭിക്കുന്ന ഏതെങ്കിലും ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ സിറാജ്. 

തയാറാക്കിയത്: വി.ആർ.പ്രതാപ്, എൻ.പി.സി.രംജിത്, എം.എ.അനൂജ്, വി.മിത്രൻ.  

ഏകോപനം: എ. ജീവൻകുമാർ

English Summary: keralites worried about impact of price hike on daily life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com