ADVERTISEMENT

ഓട്ടോറിക്ഷ മുതൽ കണ്ടെയ്നർ ലോറികൾ വരെ ഓടിക്കുന്ന ഡ്രൈവർമാർ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ സൂചകങ്ങളാണ്. അവരുടെ ഓട്ടമാണ് നാടിന്റെ ചലനത്തിന്റെ തെളിവ്. അവർക്കു ജോലി കുറയുന്നു എന്നു വന്നാൽ നാട്ടിൽ അത്രകണ്ട് പ്രവർത്തനങ്ങൾ കുറയുന്നു, വളർച്ച കുറയുന്നു എന്നാണർഥം. പക്ഷേ, ആ ജോലിയുടെ മഹത്വം അറിയേണ്ടവർ അറിയുന്നുണ്ടോ...

വരുമാനം നേർപകുതി; ചെലവോ?

കാസർകോട് മംഗൽപാടി ചെറുഗോളിയിലെ കൊറഗപ്പ പൂജാരി ലോറി ക്ലീനറായിട്ടാണു ജീവിതം തുടങ്ങിയത്. സ്വയം പരിശീലനത്തിലൂടെ ഡ്രൈവറായി. മുംബൈയിലുൾപ്പെടെ ചരക്കു ലോറികളിൽ ഡ്രൈവറായിരുന്നു. 5 വർഷം മുൻപു സ്വന്തം ലോറി വാങ്ങി. ലോറി ഉടമയും ഡ്രൈവറുമായി ഇരട്ട റോളിൽ നീങ്ങുന്ന ജീവിതം. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ളവ മംഗളൂരു- കാസർകോട് പാതയിലെ മൊത്തവ്യാപാര കടകളിലേക്ക് എത്തിക്കുന്നതാണു പ്രധാന ട്രിപ്.

കോവിഡ്കാലം വരുത്തിയ ദുരിതത്തിൽനിന്നു പിടിച്ചുകയറുമ്പോഴാണു ഡീസൽ, പാചകവാതകം തുടങ്ങി എല്ലാറ്റിനും വില കുതിക്കുന്നത്. ഭവനവായ്പയുടെ കുടിശിക എപ്പോഴും ആധി. നിത്യോപയോഗ സാധനങ്ങളുടെ വില വർധന, യാത്രച്ചെലവ്, മക്കളുടെ വിദ്യാഭ്യാസച്ചെലവ് തുടങ്ങി കടുത്ത ജീവിതഭാരമാണു കൊറഗപ്പയുടെ ചുമലിൽ.

ലോറി വാങ്ങുന്നതിനു ബാങ്കിൽനിന്ന് 5 വർഷം മുൻപ് എടുത്ത 2.5 ലക്ഷം രൂപയിൽ ആദ്യ 3 വർഷവും കൃത്യമായി പ്രതിമാസം 7300 രൂപ വീതം തിരിച്ചടച്ചിരുന്നു. എന്നാൽ, ഇപ്പോൾ വീട് നിർമിക്കാൻ എടുത്ത വായ്പ പ്രതിമാസം 8000 രൂപ വീതം അടയ്ക്കുന്നത് പല മാസവും കുടിശികയായി.

അന്നു വരുമാനം 30,000 രൂപ

കോവിഡ് തുടങ്ങുന്നതിനു മുൻപ് ആഴ്ചയിൽ 5 ലോഡ് വരെ പോയിരുന്നു. അന്നു മംഗളൂരുവിൽ നിന്നു കാസർകോട് വരെ 50 കിലോമീറ്റർ ഓടി ഒരു ലോഡ് എത്തിച്ചാൽ ലോറി വാടക 5500 രൂപ കിട്ടിയിരുന്നു. ഇതിൽ നിന്ന് ലോഡിങ് ചാർജായി 250 രൂപയും അൺലോഡിങ്ങിന് ചാക്ക് ഒന്നിന് 6 രൂപ നിരക്കിൽ 1200 രൂപയും നൽകണം. ഡീസലിനു ചെലവ് 2000 രൂപ. 3 മാസത്തേക്കു വാഹന നികുതി 3600 രൂപ. സംസ്ഥാനാന്തര നികുതി 550 രൂപ, ടോൾ ചാർജ് 200 രൂപ, 3 മാസത്തേക്ക് ക്ഷേമനിധി 1200 രൂപ. മാസവരുമാനമായി ലഭിച്ചിരുന്നത് ഏകദേശം 30,000 രൂപ.

ഇന്ന് 15,000 രൂപ

02
കാസർകോട് മംഗൽപാടി സ്വദേശി കൊറഗപ്പ പൂജാരി.

2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 3 ലോഡ്‌ മാത്രമായി ചുരുങ്ങിയപ്പോൾ ലോറിയുടെ നികുതിപോലും അടയ്ക്കാൻ കഴിയാത്ത സ്ഥിതിയായി. ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങി കുടിശികയായി പലിശ കയറുമെന്ന ആശങ്കയും. കോവിഡ് മാറി ചരക്കുനീക്കം സാധാരണഗതിയിലായപ്പോൾ തിരിച്ചടിയായി ഇന്ധന വിലവർധനയെത്തി. ഓട്ടം കിട്ടുന്നതും കുറഞ്ഞു. ഇപ്പോൾ ആഴ്ചയിൽ  കിട്ടുന്നത് ശരാശരി 4 ലോഡ്. ഡീസൽ ചെലവ് ഒരു ട്രിപ്പിന് 2300 രൂപയായി വർധിച്ചു. ലോഡിങ്ങിന് 300 രൂപ, അൺലോഡിങ് ഒരു ചാക്കിനു നിരക്ക് 7 രൂപയായി. ലോഡിന് 1400 രൂപ. മൂന്നുമാസത്തെ വാഹന നികുതി 440 രൂപ കൂടി വർധിച്ച് 4040 ആയി. ടോൾ പിരിവ് 20 രൂപ കൂടി 220 ആയി. ക്ഷേമനിധി 1200 രൂപ, സംസ്ഥാനാന്തര നികുതി 550 രൂപ. ഒടുവിൽ മാസം കയ്യിൽ കിട്ടുന്നത് 15,000 രൂപയായി കുറഞ്ഞു. മുൻപത്തേതിന്റെ നേർപകുതി.

അമ്മ, ഭാര്യ, കോളജ് വിദ്യാർഥി ഉൾപ്പെടെ 2 മക്കൾ എന്നിവർക്കെല്ലാം ഈ വരുമാനമാണ് ആശ്രയം. നികുതി ഇനത്തിലും മറ്റുമായി സർക്കാർ വൻതുക പിടിക്കുമ്പോൾ കോവിഡ് ലോക്ഡൗൺ കാലത്ത് ക്ഷേമനിധിത്തുക അടയ്ക്കൽ ഒഴിവാക്കിയതാണ് സർക്കാർ നൽകിയ ഏക ആശ്വാസം. ഇതു തന്റെ മാത്രം അനുഭവമല്ലെന്ന് കൊറഗപ്പ പൂജാരി പറയുന്നു. മറ്റു ലോറി ഡ്രൈവർമാരുടെയും ലോറി ഉടമകളുടെയും സ്ഥിതി വ്യത്യസ്തമല്ല.

ഇവർ, പേരു പറയാനാകാത്തവർ

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നൊക്കെ  വിളിക്കുന്ന എറണാകുളത്തെ ഡ്രൈവർസമൂഹത്തിന്റെ ചില പ്രതിനിധികളെ കാണാം

സിഎൻജി വാഹനം വാങ്ങിയിട്ടും...

‘സ്വന്തമായി ബസ് ഉണ്ടായിരുന്നു. പറവൂരിലെ മോശമല്ലാത്ത കലക്‌ഷൻ ലഭിക്കുന്ന റൂട്ടിലായിരുന്നു സർവീസ്. കോവിഡ് വന്ന് ഓട്ടം നിർത്തിയതോടെ കഷ്ടകാലം തുടങ്ങി. പിന്നീട് സർവീസ് തുടങ്ങിയെങ്കിലും ഡീസലിനു വില കയറിയതോടെ ഇന്ധനച്ചെലവു കഴിഞ്ഞ് ജീവനക്കാർക്കു ദിവസക്കൂലിപോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നൊന്നും നോക്കിയില്ല, ബസ് വിറ്റു, ഇപ്പോൾ ഈ കാറോടിക്കുവാണ്. ഡീസൽ വിലയ്ക്ക് ടാക്സി ഓട്ടം മുതലാകില്ലെന്നു മനസ്സിലായതുകൊണ്ടാണ് സിഎൻജി വാഹനം വാങ്ങിയത്. ഇപ്പോ സിഎൻജിക്ക് ഒരുമാസം കൊണ്ട് 9 രൂപ കൂടി. ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല’– കൊച്ചി സിറ്റിയിലെ ഓൺലൈൻ ടാക്സി ഡ്രൈവറുടെ വാക്കുകൾ. അല്ലലില്ലാതെ ജീവിച്ചൊരു കുടുംബത്തിന്റെയും മക്കളുടെയും താൽപര്യമോർത്ത് അദ്ദേഹം പേരു വെളിപ്പെടുത്തുന്നില്ല.

03

ജീവിതം തള്ളിനീക്കാൻ 24 മണിക്കൂറും ജോലി

ഇനി മറ്റൊരാളെ പരിചയപ്പെടാം. സ്വദേശം തെക്കൻ ജില്ലയിലാണ്. യഥാർഥ പേര് പറഞ്ഞാൽ അത് ഇദ്ദേഹത്തിന്റെ നിലവിലുള്ള ഉപജീവനമാർഗത്തെ ബാധിക്കുമെന്നതിനാൽ നമുക്കു ജിബിൻ എന്നു വിളിക്കാം. 20 വർഷമായി കൊച്ചിയിൽ ടാക്സിയോടിക്കുകയായിരുന്നു ജിബിൻ. ഭാര്യയും രണ്ടു മക്കളുമൊത്ത് തൃപ്പൂണിത്തുറയ്ക്കടുത്ത് വാടകവീട്ടിൽ താമസം. ട്രാവൽസ് കമ്പനികൾക്കു വേണ്ടിയാണ് ഓടിയിരുന്നത്. കോവിഡ്കാലത്ത് ഓട്ടം പൂർണമായും ഇല്ലാതായി. ഒരു വരുമാനവുമില്ലാതെ കാറിന്റെ മാസഅടവും വീട്ടുവാടകയും കുടുംബത്തിന്റെ ചെലവും മാസങ്ങളോളം നടത്തേണ്ടി വന്നതോടെ, കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നു. മാസത്തവണ മുടങ്ങിയാൽ കാർ നഷ്ടപ്പെടുമെന്നതിനാൽ ഭാര്യയുടെ സ്വർണം പണയംവച്ച് തവണ അടച്ചു.

നിയന്ത്രണങ്ങൾ കുറഞ്ഞതോടെ വീണ്ടും വാഹനം ഓടിക്കാൻ തുടങ്ങിയെങ്കിലും വല്ലപ്പോഴും ഒരു ഓട്ടം എന്നതായിരുന്നു സ്ഥിതി. മാസ വരുമാനത്തിൽ 10,000 രൂപയുടെ വരെ കുറവു വന്നതോടെ ഭാര്യ ചെറിയ തയ്യൽ ജോലികൾ ചെയ്തു. ഡീസൽ വില നൂറിന് അടുത്തെത്തിയതോടെ ഓട്ടം കിട്ടിയാലും പിടിച്ചുനിൽക്കാൻ കഴിയാതായി. അതോടെ ടാക്സി ഒതുക്കി സെക്യൂരിറ്റി ജോലിക്ക് ഇറങ്ങി. രണ്ടു കുട്ടികളുടെ പഠനവും വീട്ടുവാടകയും അടക്കമുള്ള കാര്യങ്ങൾ ഈ വരുമാനംകൊണ്ടു മാത്രം മുന്നോട്ടു പോകില്ലെന്നു മനസ്സിലായതോടെ പകൽ ഒരു സ്ഥാപനത്തിലും രാത്രി മറ്റൊരു സ്ഥാപനത്തിലുമായി 24 മണിക്കൂറും ജോലി ചെയ്യുകയാണ് ഇപ്പോൾ. 24 മണിക്കൂർ ജോലി ചെയ്യാൻ ഒരു ഏജൻസിയും അനുവദിക്കില്ല. അതാണ് യാഥാർഥപേര് മറച്ചുവയ്ക്കാനുള്ള കാരണം.

21 പേരും വീണുപോയി; ഇനി ഒരാൾ മാത്രം

കൊച്ചി നഗരത്തിലെ പനമ്പള്ളിനഗർ ടാക്സി സ്റ്റാൻഡിൽ കോവിഡ്കാലത്തിനു മുൻപ് 22 ഇടത്തരം കാറുകളാണുണ്ടായിരുന്നത്. ഓരോ മാസവും വിനോദസഞ്ചാരികളുടേതടക്കം എല്ലാവർക്കും നല്ലൊരു തുകയ്ക്ക് ഓട്ടവും കിട്ടിയിരുന്നു. സമീപത്തെ ഫ്ലാറ്റുകളിലെയും വീടുകളിലെയും ഓട്ടം മാത്രം മതിയായിരുന്നു ഒരു വിഷമവുമില്ലാതെ ഒരു മാസം കടന്നുപോകാൻ. കോവിഡ് വന്നതോടെ ഓട്ടം പൂർണമായും ഇല്ലാതായി. മാസം രണ്ടോ മൂന്നോ വിനോദസഞ്ചാരികളുടെ ഓട്ടം മാത്രം ലഭിച്ചാൽ പോലും എല്ലാ ചെലവും കഴിഞ്ഞ് തുക മിച്ചം പിടിക്കാമായിരുന്നു. ടൂറിസ്റ്റുകളുടെ ഓട്ടത്തിന്റെ തുകയ്ക്കു പുറമേ, അവർ കയറുന്ന എല്ലാ സ്ഥാപനങ്ങളിൽനിന്നും ഡ്രൈവർമാർക്കു ടിപ് ലഭിച്ചിരുന്നു.

ഇന്ന് ഈ സ്റ്റാൻഡിൽ ഒരു കാർ മാത്രം ബാക്കിയുണ്ട്, കോവിഡിനു മുൻപുതന്നെ വായ്പ അടവു തീർന്നതുകൊണ്ട് ആ കാറുടമ പിടിച്ചുനിൽക്കുന്നു.

ഇടത്തരം ടാക്സി കാറുകളിൽ മുൻപ് 1000 രൂപയ്ക്കു ഡീസൽ അടിച്ചാൽ മൂവായിരം രൂപയ്ക്കു വരെ ഓടാൻ കഴിഞ്ഞിരുന്നു. ഇപ്പോഴത് 1500 രൂപയായി കുറഞ്ഞു. നിരക്കുവർധന നടപ്പാക്കുമ്പോൾ ഇതു രണ്ടായിരം രൂപ വരെ എത്തിയേക്കുമെങ്കിലും മൂന്നു വർഷം മുൻപത്തെക്കാൾ ടയർ ഒന്നിന് രണ്ടായിരം രൂപ വരെ കൂടി. മറ്റു സ്പെയർ പാർട്സുകൾക്കും 30% വരെ വില വർധിച്ചു. അതിനാൽ നിരക്കു കൂട്ടിയാലും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. 

എല്ലാ ചെലവുകളും കഴിഞ്ഞശേഷം ദിവസം 1000 രൂപയെങ്കിലും മിച്ചം പിടിക്കാൻ മുൻപു കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ നിത്യച്ചെലവു പോലും നടന്നുപോകാത്ത അവസ്ഥയാണ് ടാക്സി ഡ്രൈവർമാർക്ക്. ശരാശരി 12,000 രൂപ വരെ വരുന്ന പ്രതിമാസ വായ്പ തിരിച്ചടവു നടത്താൻ മറ്റു ജോലികൾക്കു പോകുകയാണു പലരും. വാഹനം വിറ്റ് കടം ഒഴിവാക്കാൻ ശ്രമിച്ചാൽതന്നെ ടാക്സി വാഹനം വാങ്ങാൻ ആരുമില്ല. എറണാകുളത്തു മാത്രം ആയിരക്കണക്കിനു ടാക്സി വാഹനങ്ങളാണു വിൽക്കാൻ കഴിയാതെ കിടക്കുന്നത്. ഓൺലൈൻ ടാക്സി ഓടിക്കുന്നവരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഇന്ധനച്ചെലവു കഴിഞ്ഞ് 200 രൂപ പോലും മിച്ചം പിടിക്കാൻ കഴിയാത്ത അവസ്ഥയാണു പലർക്കും.

കൃഷി ടൂറിസം: കഴുത്തൊപ്പം കടം

ജീവിതം പച്ചപിടിക്കാൻ കൃഷി മാത്രം പോരാ എന്നു തിരിച്ചറിഞ്ഞപ്പോഴാണ് ടി.ആർ.രാജപ്പൻ കൃഷി ടൂറിസത്തിലേക്കു തിരിഞ്ഞത്. പെരുമ്പാവൂർ കോടനാട് പാണംകുഴിയിൽ വീടിനോടു ചേർന്ന മൂന്നര ഏക്കറിൽ 2015ൽ ഹരിത ബയോപാർക്ക് നിർമിച്ചു. ഇതുവരെയുള്ള സമ്പാദ്യം, സർക്കാർ സഹായം, വായ്പ എന്നിവയൊക്കെ വിനിയോഗിച്ചു. ഒരേക്കർ കൃത്രിമ വനത്തിൽ കുട്ടികളുടെ പാർ‌ക്ക്, വളർത്തു പക്ഷികൾ, മത്സ്യങ്ങൾ, വിവിധയിനം തൈകൾ. ടൂറിസം കേന്ദ്രങ്ങളോട് അടുത്ത സ്ഥലമായിരുന്നതിനാലും അഗ്രി ടൂറിസം നെറ്റ്‌വർക്കിൽ ഉൾപ്പെട്ടതിനാലും സഞ്ചാരികളെത്തി. 1,85,000 രൂപ അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതിന് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) നൽകി. മീൻ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിൽനിന്നു സൗജന്യമായി ലഭിച്ചു. പോളിഹൗസ് നിർമാണത്തിന് സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ (എസ്എച്ച്എം) 3 ലക്ഷം രൂപ സബ്സിഡി നൽകി. സംരംഭം ഭേദപ്പെട്ട രീതിയിൽ നടത്തിവന്നപ്പോഴാണു പ്രളയം, കോവിഡ്, വിലക്കയറ്റം എന്നിവ ഒന്നിനു പിറകെ ഒന്നായി എത്തിയത്. 

01
അലങ്കാരക്കോഴിയുമായി ടി.ആർ.രാജപ്പൻ

2018ലെ പ്രളയത്തിൽ രാജപ്പന് ആകെയുണ്ടായ നഷ്ടം 8 ലക്ഷം രൂപ. സർക്കാർ സഹായങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ല. പെരിയാറിനു സമീപത്തെ ഫാമിൽ വെള്ളം കയറിയതോടെ ലോകത്തെ വലുപ്പം കൂടിയ ശുദ്ധജല മത്സ്യങ്ങളായ അരാപൈമ(2), അലിഗേറ്റർ ഗാർ (7) എന്നിവ നഷ്ടപ്പെട്ടു. അരാപൈമ ഒരെണ്ണത്തിന് ഒരു ലക്ഷം രൂപവരെയും അലിഗേറ്റർ ഗാറിന് 25,000 രൂപ വരെയും വിലവരും. 21 ഇനം അലങ്കാര മത്സ്യങ്ങളും പെരിയാറിലേക്ക് ഒഴുകിപ്പോയി. വിളവെടുക്കാറായ 2000 കിലോഗ്രാം വളർത്തുമീനുകളും പ്രളയത്തിൽ നശിച്ചു. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച പോളി ഹൗസും തകർന്നു. വിളവെടുക്കാറായ വിളകളും പച്ചക്കറികളും പ്രളയം കവർന്നു. കടം വാങ്ങി വീണ്ടും ഫാമിൽ മുടക്കി. കോവിഡും ലോക്ഡൗണും എത്തിയതോടെ വീണ്ടും നഷ്ടം കൂടി. സഞ്ചാരികൾ എത്താതായി. വരുമാനം നിലച്ചു. വീണ്ടും പണം വായ്പ എടുത്ത് നാടൻ ഭക്ഷണശാല ആരംഭിച്ചു. ഭാര്യയും മക്കളും ഒപ്പം നിന്നു. കോവിഡ്കാലത്ത് ബാങ്കിൽ നിന്നെടുത്ത കാർഷികവായ്പ തിരിച്ചടയ്ക്കാനായി ഭാര്യ സിന്ധുവിന്റെ സ്വർണം വിറ്റു. 

കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ സന്ദർശകർ വന്നു തുടങ്ങി. 15 ലക്ഷം രൂപ ബാങ്ക് വായ്പ ഉണ്ട്. ഇതിന്റെ പലിശ അടയ്ക്കണം.

40 രൂപ മാത്രമാണു പ്രവേശന ഫീസ്. അതുയർത്തിയാൽ സഞ്ചാരികൾ കുറയും. ഫാം സന്ദർശിക്കാൻ എത്തുന്നവർ എന്തെങ്കിലുമൊക്കെ വാങ്ങുന്നതാണ് ആശ്വാസം. പക്ഷേ, മിക്ക സന്ദർശകരുടെയും പോക്കറ്റ് കാലി ആയതിനാൽ സാധനങ്ങൾ വാങ്ങുന്നതു കുറഞ്ഞു. പോളി ഹൗസ് പുനർനിർമിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ സബ്സിഡി നിർത്തിയതു തിരിച്ചടിയായി. പക്ഷിത്തീറ്റയ്ക്ക് 60% വില കൂടി. മീൻ തീറ്റയ്ക്ക് 30 ശതമാനവും. ഇതിനു പുറമേ നല്ലൊരു തുക കറന്റ് ചാർജ് ഇനത്തിലും മാറ്റിവയ്ക്കണം. ഇതോടെ ഫാം നടത്താനുള്ള ചെലവ് ഇരട്ടിയിലധികം വർധിച്ചു. ഒരു ദിവസം 2000 രൂപ വരുമാന നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്. ഒപ്പം കടവും വർധിക്കുകയാണ്.

സഹായം നേരിട്ടെത്തിക്കണം

ജോസ് സെബാസ്റ്റ്യൻ (തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗം)

വിലക്കയറ്റം കാരണമുള്ള ദുരിതം ഇത്രമാത്രം കഠിനമായത് മിക്കവരുടെയും വരുമാനം പൂർണമായി നിലയ്ക്കുകയോ കുറയുകയോ ചെയ്തതിനാൽ കൂടിയാണ്. ഇത്തരത്തിൽ വലിയ തിരിച്ചടി നേരിട്ട വിഭാഗങ്ങളെ പ്രത്യേകം കണ്ടെത്തി വേണം പരിഹാരനടപടികൾ സ്വീകരിക്കാൻ. അവർക്കു വരുമാനം ഉറപ്പാക്കാനുള്ള പദ്ധതികൾക്കു സർക്കാർ മുൻഗണന നൽ‌കണം. എന്നാൽ, അതിനു കഴിയാത്ത ദൗർഭാഗ്യകരമായ അവസ്ഥയിലാണിപ്പോൾ സംസ്ഥാന സർക്കാർ. 

sebastian
ജോസ് സെബാസ്റ്റ്യൻ

കഴിഞ്ഞ ശമ്പള പരിഷ്കരണം വഴി വർഷം 46,671 കോടിയായിരുന്ന ശമ്പളച്ചെലവ്  71,235 കോടിയിലേക്ക് ഉയർന്നു. ഇതു ജനസംഖ്യയിൽ 4% പേർക്കു മാത്രമാണു പ്രയോജനപ്പെടുന്നത്. മറ്റു സാധാരണക്കാരുടെ കാര്യമോ? 

പരമാവധി വരുമാനം വർധിപ്പിച്ച് ആ പണം സാധാരണക്കാരിലേക്ക് എത്തിക്കുകയാണു വിലക്കയറ്റം നേരിടാൻ അടിയന്തരമായി സർക്കാർ ചെയ്യേണ്ടത്. 25,000 കോടി രൂപയെങ്കിലും അധികം സമാഹരിക്കാനുള്ള യജ്ഞത്തിനു സർക്കാർ തുടക്കം കുറിക്കണം. ക്ഷേമപെൻഷൻ 1,600 രൂപയിൽനിന്ന് 1,800 രൂപയായി വർധിപ്പിക്കണം. ഏറ്റവും ദുരിതം അനുഭവിക്കുന്ന 25 ലക്ഷം കുടുംബങ്ങൾക്ക് 6 മാസം കൊണ്ട് 27,500 രൂപ വീതം എത്തിക്കുന്ന പദ്ധതി നടപ്പാക്കണം. 

ആദ്യമാസം 10,000 രൂപ, തുടർന്നുള്ള 2 മാസം 5,000 രൂപ വീതം, അവസാന 3 മാസം 2,500 രൂപ വീതം എന്നിങ്ങനെ നൽകാം. ഓട്ടോറിക്ഷ, ഗുഡ്സ് ഓട്ടോറിക്ഷ, ടാക്സി എന്നീ സർവീസുകളെ ആശ്രയിച്ചു ജീവിക്കുന്നവരിൽനിന്ന് സത്യവാങ്മൂലം വാങ്ങിയ ശേഷം അവർ നിറയ്ക്കുന്ന ഓരോ ലീറ്റർ ഇന്ധനത്തിനും 10 രൂപ വീതം തിരികെ നൽകുന്ന പദ്ധതി നടപ്പാക്കാം. ഹോം ഡെലിവറി ജീവനക്കാർക്കും ഇൗ സബ്സിഡി നൽകാം. ചെറുകിട കച്ചവടക്കാർ അടക്കമുള്ള സ്വയം തൊഴിൽ, സൂക്ഷ്മ സംരംഭകർക്ക് 25,000 രൂപയുടെ ഗാരന്റിരഹിത ദീർഘകാല പ്രവർത്തന മൂലധനം അനുവദിക്കാം. പലിശയില്ലാത്തതോ കുറഞ്ഞ പലിശ ഇൗടാക്കുന്നതോ ആയ ഇൗ വായ്പയ്ക്ക് 5 വർഷത്തെ തിരിച്ചടവു കാലാവധി അനുവദിക്കാവുന്നതുമാണ്.

തയാറാക്കിയത്: നഹാസ് പി.മുഹമ്മദ്, ഷെല്ലി മാത്യു. ഏകോപനം: എ.ജീവൻകുമാർ

English Summary: keralites worried about impact of price hike on daily life, Episode-3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com