എങ്ങോട്ടു തിരിഞ്ഞാലും നികുതി; തിരികെയെന്തു കിട്ടും

Tax
പ്രതീകാത്മക ചിത്രം
SHARE

ജനങ്ങളിൽനിന്നു നികുതി പിരിച്ചു ഭരണം നടത്തുന്ന സർക്കാരിന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കടമയുമില്ലേ. അതല്ലേ ജനാധിപത്യ സർക്കാരിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത്

സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ സ്വീകരിക്കുമ്പോഴും എല്ലാവരും സർക്കാരിനു നികുതി കൊടുക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ വിലയേറുമ്പോൾ നികുതിയും ഉയരും. പലപ്പോഴായി അറിഞ്ഞും അറിയാതെയും ഉൽപന്നത്തിന്റെ വിലയ്ക്കൊപ്പം നൽകുന്ന നികുതി പലരും അറിയുന്നോ ഓർക്കുന്നോ ഇല്ല. ഒരു ശരാശരി കേരളീയൻ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്ന നികുതി കണക്കൂ കൂട്ടിയെടുത്താൽ അത് എത്രത്തോളം വരും? ഏകദേശം 9,380 രൂപ. അതായത്, 30,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ അയാളുടെ ശമ്പളത്തിന്റെ 30 ശതമാനത്തോളം തുക സർക്കാരിന് വിവിധ നികുതികളായി നൽകുന്നുണ്ട്.

ഇതിനു പുറമേ, ദിവസം രണ്ടു പെഗ് വീതം മദ്യം കഴിക്കുന്ന സ്വഭാവമുള്ളയാൾ മദ്യത്തിന്റെ നികുതിയിനത്തിൽ മാത്രം 4000 രൂപയിലേറെയാണു മാസം സർക്കാരിനു നൽകുന്നത്. രാഷ്ട്ര നിർമാണത്തിൽ അറിഞ്ഞും അറിയാതെയും നമ്മളെല്ലാം പങ്കാളികളാകുകയാണ്. അതിനാൽ തിരികെ സർക്കാരിൽ നിന്ന് അടിസ്ഥാന സൗകര്യങ്ങളും ആനുകൂല്യങ്ങളും സുരക്ഷയും ചികിൽസയും ഒക്കെ ലഭിക്കാൻ ഓരോ പൗരനും അവകാശമുണ്ട്.

സർക്കാർ സംവിധാനങ്ങളുടെ നടത്തിപ്പുചെലവിനു നികുതിപ്പണം ധൂർത്തടിക്കാൻ മടിയുള്ളതായി നമ്മൾ കാണുന്നില്ല. കൈ കാലിട്ടടിക്കുന്ന സാധാരണക്കാര നെ കൈപിടിച്ചുയർത്താനും ഈ പണം നേരാംവണ്ണം ഉപയോഗിക്കേണ്ടതല്ലേ...

പുരസ്കാരങ്ങൾ  ഇല്ലായിരുന്നെങ്കിൽ...

കോവിഡ് മൂലം കേരളത്തിലെ നാടകരംഗം മുഴുവൻ നിശ്ചലമായപ്പോൾ പ്രദീപ് മാളവിക പിടിച്ചു നിന്നത് ‘പുരസ്കാരങ്ങൾ’ കൊണ്ടാണ്. വൈക്കം മാളവിക നാടക സമിതിയുടെ സാരഥിയും നടനുമാണു പ്രദീപ്. വടയാർ തൃവേലിക്കുന്ന് തടത്തിൽ വീട്ടിലെ മുറികൾ നിറയെ പ്രദീപിനു കിട്ടിയ പുരസ്കാരങ്ങളാണ്. കഴിഞ്ഞ ലോക്ഡൗണിനു തൊട്ടുമുൻപ് ആലപ്പുഴയിൽ ചിത്രീകരണം ആരംഭിച്ച തമിഴ് സിനിമയുടെ ആവശ്യത്തിനു പുരസ്കാരങ്ങളെല്ലാം  കൊണ്ടുപോയി. 1970ൽ ലഭിച്ചതു മുതൽ 2020ലെ സംഗീത നാടക അക്കാദമി പുരസ്കാരം വരെ അതിലുണ്ടായിരുന്നു. അഞ്ഞൂറിലേറെ അവാർഡുകൾ. വാടകയിനത്തിൽ പ്രദീപിനു പതിനായിരം രൂപ കിട്ടി.

കോവിഡും പിന്നാലെയെത്തിയ വിലക്കയറ്റവും കലാകാരന്മാരുടെ ജീവിതവും തകർത്തെന്നു പ്രദീപ്. 10 ലക്ഷം ചെലവഴിച്ച് നാടകം തയാറാക്കി. കോവി‍ഡ് വന്നതോടെ എല്ലാം തകർന്നു. 5 ലക്ഷം രൂപ കടത്തിലായി. നാടകാവതരണം വീണ്ടും തുടങ്ങിയെങ്കിലും ബുക്കിങ് പകുതിയോളമായെന്ന് അദ്ദേഹം പറഞ്ഞു.

adikesav
പ്രദീപ് മാളവിക, ആദികേശവൻ

കടാശ്വാസ കമ്മിഷൻ വേണം: എസ്.ആദികേശവൻ

വ്യഥയോടെ മാത്രം വായിക്കാൻ സാധിക്കുന്ന ഈ പരമ്പര വെളിവാക്കുന്നത് വരുമാന ഇടിവ്, വിലക്കയറ്റം, താങ്ങാനാവാത്ത കടഭാരം എന്നിവ മൂലം വലിയൊരു വിഭാഗം ജനം നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട് എന്നു തന്നെയാണ്. ഈ സാഹചര്യത്തിൽ ചെറുകിട കടങ്ങളുടെ കാര്യത്തിലെങ്കിലും കടാശ്വാസ കമ്മിഷനെ നിയമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

ഇന്ത്യയ്ക്കാകമാനം മാതൃകയാവുകയും ഒരു പരിധിവരെയെങ്കിലും കർഷകരെ സഹായിക്കുകയും ചെയ്ത കാർഷിക കടാശ്വാസ കമ്മിഷൻ ആക്ട് കൊണ്ടുവന്ന കേരളത്തിന്  അതിനു കഴിയണം. 10 ലക്ഷം രൂപ വരെ കടമുള്ള കുടുംബങ്ങൾക്ക് ആശ്വാസമേകാൻ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള നിയമം പെട്ടെന്നു കൊണ്ടുവരാനായാൽ വായ്പ കൊടുത്തവർക്കും എടുത്തവർക്കും സ്വീകാര്യവും ന്യായയുക്തവുമായ ഒത്തുതീർപ്പു വ്യവസ്ഥ തയാറാക്കാൻ അതുപകരിക്കും. 2006ലെ ആക്ടിന്റെ ചുവടുപിടിച്ചാവാം ഇതിന്റെ രൂപകൽപന.

∙ വീട്/ സ്ഥലം എന്നിവ ആസ്തിയായി ഉള്ള കുടുംബങ്ങൾക്കു കാലാവധി നീട്ടിക്കൊടുത്തും പലിശയിനത്തിൽ ഇളവുകൾ ചെയ്തും ഉത്തരവിറക്കാൻ കമ്മിഷന് അധികാരം ഉണ്ടാവണം.

∙ ആസ്തികൾ ഇല്ലാത്തവർക്ക്, അല്ലെങ്കിൽ ഭാരിച്ച ചികിത്സച്ചെലവുകൾ അടക്കമുള്ളവ നേരിടുന്നവർക്ക് കടാശ്വാസം വിധിക്കാനും ഈ വ്യവസ്ഥയ്ക്കു സാധിക്കണം. 

∙ കാർഷിക കടാശ്വാസ നിയമം പോലെ  സിവിൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തവയായിരിക്കണം ഈ കമ്മിഷന്റെ തീർപ്പുകൾ.

വലിയ കടങ്ങളുടെ പരിഹാരമായി ഐബിസി (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് -നിർധനത്വ നിയമം) പോലുള്ള വ്യവസ്ഥകൾ ആവാം എന്നുണ്ടെങ്കിൽ അവശത അനുഭവിക്കുന്നവരുടെ ചെറുകിട കടത്തിന് എന്തുകൊണ്ട് ഇങ്ങനെയൊരു സംവിധാനം ആയിക്കൂടാ?

(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണ്. അഭിപ്രായം വ്യക്തിപരം) 

സർക്കാരിനേ രക്ഷിക്കാനാകൂ

അനിയന്ത്രിതമായ വിലക്കയറ്റവും കോവിഡ് സൃഷ്ടിച്ച പ്രശ്നങ്ങളും മൂലം കടക്കെണിയിൽ അകപ്പെട്ടവരുടെയും ജീവിതത്തിന്റെ വെളിച്ചം മങ്ങിയവരുടെയും അനുഭവകഥകളാണ് കഴിഞ്ഞദിവസങ്ങളിലായി ഈ പരമ്പരയിൽ അവതരിപ്പിച്ചത്. ദുരിതകഥകൾ നമുക്കുചുറ്റും ഇനിയുമേറെയുണ്ട്. ചിരിക്കുന്ന എത്രയോ മുഖങ്ങൾക്കു പിന്നിൽ ആശങ്കപ്പെടുന്ന മനസ്സുകളുണ്ട്. അഞ്ചോ പത്തോ ലക്ഷം രൂപ അടിസ്ഥാന ജീവിതാവശ്യങ്ങൾക്കായി വായ്പയെടുത്തെന്ന ‘കുറ്റത്തിന്’ ദുരിതജീവിതം ശിക്ഷയായി കിട്ടിയവർ. അവരെ സഹായിക്കാനായില്ലെങ്കിൽ ഭരണം, ധനകാര്യം, ബജറ്റ് തുടങ്ങിയ പദങ്ങൾക്ക് എന്തർഥം. സർക്കാരിന്റെ ഇടപെടൽ വഴിയല്ലാതെ ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയില്ല. 

(പരമ്പര അവസാനിച്ചു)

തയാറാക്കിയത്: വി.ആർ.പ്രതാപ്, പിങ്കി ബേബി. 

ഏകോപനം: എ.ജീവൻകുമാർ

വിലകൊണ്ട് മുറിവേറ്റ് കേരളം-1: തീവിലയിൽ പൊള്ളുന്ന കേരളം; ശ്വാസംമുട്ടിച്ച് വരുമാന നഷ്ടവും

വിലകൊണ്ട് മുറിവേറ്റ് കേരളം-2: ചെലവ് കൂടി, വരുമാനം കൂടുന്നില്ല; കച്ചിത്തുരുമ്പിലും രക്ഷയില്ലാതെ ജനം

വിലകൊണ്ട് മുറിവേറ്റ് കേരളം-3: കോവിഡിനു മുൻപ് മാസവരുമാനം 30,000 രൂപ; ഇപ്പോൾ ചെലവ് മാത്രം, വായ്പ ആരടയ്ക്കും?

വിലകൊണ്ട് മുറിവേറ്റ് കേരളം-4: തളിർക്കുന്നില്ല പ്രതീക്ഷ, പച്ച പിടിക്കാതെ ജീവിതം; കടുത്ത നിരാശയിൽ കർഷകർ

English Summary: How Much Do People Pay in Taxes in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA