ഫുൾടാങ്കടിക്കുന്ന വ്യാജൻ!

HIGHLIGHTS
  • പൊതു- സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പു ശ്രമങ്ങൾ പലവിധം
vireal-ioc
SHARE

മഴയുടെ ഇടവേളകൾ വരുന്നുണ്ടെങ്കിലും കൊടുംചൂടുകാലത്തിലൂടെയാണു നമ്മൾ കടന്നുപോകുന്നത്. ഈ ചൂടത്ത് നമ്മുടെ വാഹനങ്ങളുടെ ടാങ്കിൽ ഫുൾ ഇന്ധനമടിച്ചാൽ അതു പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടോ?

വാട്‌സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഇപ്പോൾ പ്രചരിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അറിയിപ്പു പ്രകാരം സംഗതി സത്യമാണ് - പൊട്ടിത്തെറിക്കും!

പക്ഷേ, ശരിയല്ല. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പേരിലുള്ള ഈ അറിയിപ്പു പോസ്റ്റർ വ്യാജമാണ്. അങ്ങനെയൊരു അറിയിപ്പ് അവർ നൽകിയിട്ടില്ല. ഈ പ്രചാരണം ഇത്തവണത്തെ ചൂടുകാലത്തൊന്നും തുടങ്ങിയതല്ല എന്നതാണു സത്യം. വർഷങ്ങളായി ഓരോ വേനൽക്കാലത്തും കറങ്ങാൻ ഇറങ്ങുന്നതാണ് ഈ വ്യാജൻ.

2018 ജൂണിൽ ഇന്ത്യൻ ഓയിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകിയതാണ്. അതിൽ ഇങ്ങനെ പറയുന്നു: വാഹന നിർമാതാക്കൾ കാലാവസ്ഥയടക്കമുള്ള ഘടകങ്ങളെല്ലാം കണക്കിലെടുത്താണു വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നത്. ഇന്ധനടാങ്കിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. കാലാവസ്ഥ ഏതായാലും വാഹന നിർമാതാക്കൾ നിർദേശിച്ചിട്ടുള്ളത്ര അളവിൽ ഇന്ധനം നിറയ്ക്കുന്നതു തീർത്തും സുരക്ഷിതമാണ്. 2018 കഴിഞ്ഞ് 4 വർഷം കടന്നുപോയി. എന്നിട്ടും പഴയ വ്യാജൻ നമ്മുടെ വാട്‌സാപ്പുകളിൽ തിരിഞ്ഞുകളിക്കുന്നു!

ഉത്തരം നൽകിയാൽ ആറായിരം രൂപ!

തപാൽ വകുപ്പ് നൽകുന്ന ആറായിരം രൂപ സബ്‌സിഡി കിട്ടാനുള്ള ചോദ്യാവലി പൂരിപ്പിച്ചു കൊടുത്തോ? കാശു കിട്ടിയോ? വാട്‌സാപ്പിലൂടെ കഴിഞ്ഞ ഏതാനും ദിവസമായി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതിനുള്ള അവസരമുണ്ട്. ലിങ്കിൽ പോയാൽ തുറന്നുവരുന്ന വെബ്‌സൈറ്റിലുള്ള ചോദ്യങ്ങൾക്കു മറുപടി നൽകണം, ഒപ്പം നിങ്ങളുടെ വ്യക്തിവിവരങ്ങളും നൽകണം. ഒത്തുവന്നാൽ 6000 രൂപ പോക്കറ്റിലിരിക്കും - ഇതാണു സന്ദേശം. സംഗതി വ്യാജമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വിവരങ്ങളും അതിലൂടെ പണവും തട്ടാനുള്ള ചൂണ്ടയാണ് ആ മെസേജ്. കൊത്തരുത്. തപാൽ വകുപ്പ് ഇത്തരത്തിൽ ആർക്കും ഒരു സബ്‌സിഡിയും നൽകുന്നില്ല. 

വരുന്ന സന്ദേശത്തിലെ വെബ്‌സൈറ്റ് വിലാസം ഒന്നു ശ്രദ്ധിച്ചാൽ മതി സംഗതി തട്ടിപ്പാണെന്നു വ്യക്തമാകും.

കുബുദ്ധികളുടെ ഫോട്ടോഷോപ്പിങ്

എംപിമാരായ ശശി തരൂരും സുപ്രിയ സുലെയും ലോക്‌സഭയിൽ സംസാരിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നല്ലോ.  ഫാറൂഖ് അബ്ദുല്ല പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ തരൂരിനോടു സുപ്രിയ സംശയം ചോദിക്കുന്നതായിരുന്നു സംഭവം. ഇതിനെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണത്തെക്കുറിച്ചു തരൂർ തന്നെ ട്വിറ്ററിൽ പ്രതികരിക്കുകയും കാര്യം വിശദീകരിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ, ചില കുബുദ്ധികൾ പ്രചരിപ്പിച്ച വ്യാജ ട്വീറ്റ് ഇപ്പോൾ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ കറങ്ങുകയാണ്. ഏപ്രിൽ 23ന് എൻഗേജ്ഡ് ആകുന്ന തനിക്കും സുപ്രിയയ്ക്കും അനുഗ്രഹങ്ങളുണ്ടാകണമെന്നു തരൂർ അഭ്യർഥിക്കുന്നതാണു വ്യാജമായി ഫോട്ടോഷോപ് ചെയ്‌തെടുത്ത ട്വീറ്റിന്റെ ഉള്ളടക്കം. സംഗതി വ്യാജമാണെന്നു സാമാന്യയുക്തി കൊണ്ടുതന്നെ മനസ്സിലാകും. ബന്ധപ്പെട്ടവരും അക്കാര്യം വ്യക്തമാക്കുന്നു.  

ഇത്തരം വ്യാജങ്ങൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണെന്ന കാര്യമാണ് നമ്മൾ മറന്നുകൂടാത്തത്.

English Summary: Fake news about full tank fuel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS