ADVERTISEMENT

പ്രശസ്തനായ ഗുരുവിൽനിന്നു രാജാവ്  യുദ്ധതന്ത്രങ്ങളെല്ലാം പഠിച്ചു. ആരെയും തോൽപിക്കാനുള്ള ശേഷിയുണ്ടെന്നു മനസ്സിലാക്കിയ രാജാവ് ഏറ്റവും പ്രബലമായ രാജ്യത്തെത്തന്നെ ആക്രമിച്ചു. ആദ്യദിനം തന്നെ തോറ്റോടിയ രാജാവ് വനത്തിലൊളിച്ചു. വിശന്നുവലഞ്ഞപ്പോൾ വനാതിർത്തിയിലുള്ള വീടിന്റെ മുന്നിലെത്തി. വീടിനുള്ളിൽ നിലവിളിക്കുന്ന കുട്ടിയെ അമ്മ ശകാരിക്കുകയാണ്. നീ എന്തു വിഡ്ഢിത്തമാണു കാണിച്ചത്. നീ രാജാവിനെപ്പോലെയാകാൻ നോക്കുകയാണ്. 

 വേഷം മാറി അകത്തുകയറിയ രാജാവ് കാര്യമന്വേഷിച്ചു. ആ സ്ത്രീ പറഞ്ഞു: ഇവൻ ചൂടുകഞ്ഞിയുടെ നടുവിൽ കയ്യിട്ടപ്പോൾ കൈ പൊള്ളി. അതുകൊണ്ടു കരയുന്നതാണ്. വശങ്ങളിൽനിന്നു കുറേശ്ശെയെടുത്തു കഴിച്ചിരുന്നെങ്കിൽ കൈ പൊള്ളില്ലായിരുന്നു. ഞങ്ങളുടെ രാജാവും ഇങ്ങനെയാണ്. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഏറ്റവും ശക്തമായ രാജ്യത്തെ ആക്രമിച്ചു. ഇപ്പോൾ ഏതോ കാട്ടിൽ ഒളിവിലാണെന്നാണു കേട്ടത്.  ചെറിയ രാജ്യങ്ങൾ കീഴ്പ്പെടുത്തിയ ശേഷം വലിയ രാജ്യങ്ങളെ ആക്രമിച്ചാൽ പോരായിരുന്നോ. 

വലുതായവയെല്ലാം ഒരിക്കൽ ചെറുതായിരുന്നു. ആനയായാലും ആമയായാലും. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചതും അടുത്ത ഘട്ടത്തിലേക്കു പടിപടിയായി കയറിയതുമാണ് അവരുടെ വലുപ്പത്തിന്റെ ആധികാരികതയ്ക്കു കാരണം. വലുപ്പം നിർണയിക്കുന്നതിലെ ഏറ്റവും അപകടകരമായ തെറ്റാണു താരതമ്യം. ഇന്നലത്തേതിനെക്കാൾ വലുപ്പം ഇന്നുണ്ടാകണമെന്ന ചിന്ത വളർച്ചോന്മുഖവും മറ്റുള്ളവരെക്കാൾ വലുപ്പം തനിക്കുണ്ടാകണമെന്ന ചിന്ത അനാരോഗ്യകരവുമാണ്. അപരനെക്കാൾ വളരാൻ ശ്രമിക്കുന്നവർക്ക് അതിനു കഴിഞ്ഞാലും അവനവനർഹിക്കുന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞെന്നു വരില്ല. ഓരോന്നും വലുതാകുന്നതിന് അതിന്റേതായ സമയം അനുവദിക്കണം. വിത്തിനു വൃക്ഷമാകാൻ ഒരു സമയമുണ്ട്. അതിനു കാത്തിരിക്കാതെ, രണ്ടാം സൂര്യോദയത്തിൽ സർവവ്യാപിയാകാൻ ശ്രമിക്കുന്നവർ ഒന്നുകിൽ അപകർഷതാബോധത്തിൽ അവസാനിക്കും, അല്ലെങ്കിൽ ശത്രുക്കളൊരുക്കുന്ന കെണികളിൽ വീഴും. 

Content Highlights: Subhadinam, career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com