‘മെയ്ക് ഇൻ ഇന്ത്യ’യല്ല, ഇത് ‘ബ്രേക്ക് ഇൻ ഇന്ത്യ’; ചീറ്റുന്നു, വിദ്വേഷവിഷം

shashi-tharoor
ഡൽഹി ജഹാംഗിർപുരിയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നു (ഫയൽചിത്രം).
SHARE

‘മെയ്ക് ഇൻ ഇന്ത്യ’ എന്ന നയനിലപാട് പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്ര സർക്കാർ ഇപ്പോൾ ‘ബ്രേക്ക് ഇൻ ഇന്ത്യ’യുമായി തിരക്കിലാണ്. നിസ്സാര രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി നമ്മുടെ രാഷ്ട്രശരീരത്തിൽ ഭരണകക്ഷി കുത്തിവയ്ക്കുന്ന വിഷം നമ്മുടെ സമൂഹത്തെയും വിഷലിപ്തമാക്കുന്നു. നീതിയുടെ തുലാസിനു പകരം ബുൾഡോസർ പ്രതിഷ്ഠിക്കപ്പെടുന്നു. 

മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഗുജറാത്തിലും നടന്ന സമാന സംഭവങ്ങൾക്കു ശേഷം ഈയിടെ ഡൽഹി ജഹാംഗിർപുരിയിലെ വീടുകളും കടകളും ഇടിച്ചു നിരത്തിയതു  രാജ്യത്തെ മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിതമായ പ്രതികാരനടപടികൾ വീണ്ടും ശ്രദ്ധയിലേക്കു കൊണ്ടുവന്നിരിക്കുകയാണ്. മുസ്‌ലിം പള്ളിക്കു സമീപത്തുകൂടി രാമനവമി ഘോഷയാത്ര കടന്നുപോയപ്പോഴുണ്ടായ കലാപശ്രമത്തിനു മറുപടിയായാണ് ഇടിച്ചുനിരത്തൽ എന്നാണു വിശദീകരണം.

എന്നാൽ, ഇതു സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയതായി ഒരു സൂചനയുമില്ല. കുറ്റക്കാർ ആരെന്നു കണ്ടെത്താനുള്ള വിചാരണയോ കോടതിവിധിയോ ഉണ്ടായിട്ടില്ല. മാത്രവുമല്ല, നമ്മുടെ നിയമസംവിധാനത്തിൽ കല്ലേറിനുള്ള ശിക്ഷയായി ഇടിച്ചുനിരത്തൽ എവിടെയും ചൂണ്ടിക്കാണിച്ചിട്ടുമില്ല. പ്രതികാരം നടപ്പാക്കാനുള്ള ആവേശത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഒരു വിധവ വച്ച വീടും ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽനിന്നു പാട്ടത്തിനെടുത്ത കടകളും തകർത്തുവാരുകയായിരുന്നു. ‘മെയ്ക് ഇൻ ഇന്ത്യ’ എന്ന നയനിലപാട് പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്ര സർക്കാർ പകരം ‘ബ്രേക്ക് ഇൻ ഇന്ത്യ’ യുമായി തിരക്കിലാണ്. 

വടക്കേ ഇന്ത്യയിലെങ്ങും ഈ പ്രാകൃതത്വം അരങ്ങേറുകയാണ്. ഭൂരിഭാഗവും മുസ്‌ലിംകൾ ഇരകളാക്കപ്പെട്ട കലാപങ്ങളിലേക്കു നയിച്ച മുസ്‌ലിംവിരുദ്ധ റാലികളുടെ പരമ്പര തന്നെ കഴിഞ്ഞ വർഷങ്ങളിലുണ്ടായി. ഗോസംരക്ഷകരെന്ന സ്വയം പ്രഖ്യാപിത വിശേഷണവുമായി ഇറങ്ങിത്തിരിക്കുന്ന ആൾക്കൂട്ടം മുസ്‌ലിംകളെ ആക്രമിച്ചു കൊല്ലുന്ന സംഭവങ്ങൾ പൊടുന്നനെ വർധിച്ചു. ഗോമാംസം കടത്തിയെന്നും കഴിച്ചുവെന്നുമൊക്കെയുള്ള കുറ്റങ്ങൾ ചാർത്തിയാണ് ഈ ആൾക്കൂട്ടക്കൊലകൾ. ജനക്കൂട്ടം മുസ്‌ലിംകളെ മർദിക്കുകയും ഹൈന്ദവ മുദ്രാവാക്യങ്ങൾ നിർബന്ധിപ്പിച്ചു വിളിപ്പിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങളുമുണ്ടായി. സ്വയം പ്രഖ്യാപിത ഹിന്ദു മതനേതാക്കൾ മുസ്‌ലിംകളെ ബലാൽസംഗത്തിനും വംശഹത്യയ്ക്കും ഇരയാക്കണമെന്ന ആഹ്വാനം നടത്തുന്നു. ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങൾകൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുകയാണ്– അവയിൽ ഭൂരിഭാഗവും, ബിജെപി കടിഞ്ഞാണിൽ കളിക്കുന്ന വാട്സാപ് ഗ്രൂപ്പുകൾ മുസ്‌ലിംകൾക്കും അവരുടെ മതവിശ്വാസത്തിനും അവരുടെ ഇന്ത്യൻ ചരിത്രത്തിനും എതിരായ വിദ്വേഷവിഷം പരത്തുന്നവയും. പോയകാലത്തെ മുസ്‌ലിം അധിനിവേശ ശക്തികളും ഭരണാധികാരികളും ചെയ്തുവെന്നു പ്രചരിപ്പിക്കപ്പെടുന്ന യഥാർഥവും സാങ്കൽപികവുമായ പാപങ്ങളുടെ കുറ്റം ആ സമൂഹത്തിന്റെ പുറത്തു മൊത്തമായി ചാർത്തിക്കൊടുക്കുകയാണ്. 

delhi-jahangirpuri

ഒരു ഭാഗത്തു വലതുപക്ഷ തീവ്രവാദികളുടെ രക്തമുറയിക്കുന്ന ഭാഷയിലുള്ള മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങൾ അലയടിക്കുന്നു. മറുവശത്ത്, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ആവേശപ്രതികരണം നൽകിയെന്നും പാക്ക് ഗാനങ്ങൾ ആസ്വദിച്ചുവെന്നും മറ്റുമുള്ള നിസ്സാര ആരോപണങ്ങൾ ഉയർത്തി പൊലീസ് മുസ്‌ലിം വിദ്യാർഥികളെ രാജ്യദ്രോഹ– ഭീകരവാദ കുറ്റങ്ങൾ ചാർത്തി കുരുക്കിയിടുന്നു. ഹിജാബിന്റെയും ഹലാൽ ഭക്ഷണത്തിന്റെയും ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിയുടെയും പേരിൽ തട്ടിക്കൂട്ട് വിവാദങ്ങൾ ഉയർത്തി നമ്മുടെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കുന്നു.

മുൻ സർക്കാരുകൾ സാമുദായിക വികാരപ്രകടനങ്ങൾ തണുപ്പിക്കാനും സമുദായങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പിക്കാനും ഇന്ത്യയുടെ നാനാത്വവും ബഹുസ്വരതയും പ്രോൽസാഹിപ്പിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്താനും (നികുതി ഇളവുകൾ ഉൾപ്പെടെ) ഉള്ള ശ്രമങ്ങളിലേർപ്പെട്ടെങ്കിൽ, ബിജെപി അതിന്റെ അസഹിഷ്ണുത മുറ്റിയ ഭൂരിപക്ഷ ഹിന്ദു പ്രത്യയശാസ്ത്രത്തിൽ നിന്ന് അണുവിട പിൻവാങ്ങുന്നില്ല. ഭരണകൂടവുമായി അടുപ്പമുള്ള നേതാക്കൾ സ്ഥിരമായി മുസ്‌ലിം ന്യൂനപക്ഷത്തെയും മുൻസർക്കാ‌രുകളുടെ ‘പ്രീണന’ത്തെയും അപഹസിക്കുകയും മുസ്‌ലിംകളെ ഹൈന്ദവധർമത്തിനു ഭീഷണിസൃഷ്ടിക്കുന്ന പൈശാചിക ശക്തികളായി ചിത്രീകരിക്കുകയും ചെയ്യുന്നു. 

Shashi Tharoor
ശശി തരൂർ എംപി.

അനുദിനം വളരുന്ന ഈ മുസ്‌ലിംവിരുദ്ധ പ്രകടനങ്ങൾക്കു പിന്നിലെ ഉന്നം കണ്ടുപിടിക്കാൻ പ്രയാസമില്ല– തിരഞ്ഞെടുപ്പുകൾക്കുമുൻപ് പൊതു അഭിപ്രായം ധ്രുവീകരിക്കാൻ വേണ്ടി പൈശാചികഭാവം ചാർത്തപ്പെട്ട ഒരു എതിർപക്ഷത്തെ സൃഷ്ടിക്കുക, മഹാഭൂരിപക്ഷം ഹിന്ദുക്കളെയും ഹൈന്ദവ വർഗീയ നിലപാടുകൾക്കു പിന്നിൽ അണിനിരത്തുക. എന്നാൽ, കേരളത്തിൽനിന്നു വ്യത്യസ്തമായി ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലുള്ള മുസ്‌ലിംകൾ കടുത്ത ദാരിദ്ര്യത്തിലും അവഗണനയിലുമാണ്. ഭരണ– ഉദ്യോഗസ്ഥ തലങ്ങളിൽ അവരുടെ പ്രാതിനിധ്യം വളരെക്കുറവും ജയിലുകളിലടയ്ക്കപ്പെട്ടവരുടെ എണ്ണം നേരെ തിരിച്ചുമാണ്. ആകാർ പട്ടേലിന്റെ, അടുത്തിടെയിറങ്ങിയ ‘നമ്മുടെ ഹിന്ദു രാഷ്ട്രം’ എന്ന പുസ്തകത്തിൽ ഈ കണക്കുകൾ കൃത്യമായി നിരത്തുന്നുണ്ട്. ഇന്ത്യൻ ജനതയുടെ 15% വരുന്ന മുസ്‌ലിംകൾക്കു കേന്ദ്ര– സംസ്ഥാന സർക്കാർ ഉദ്യോഗങ്ങളിൽ വെറും 4.9 % മാത്രമാണു പ്രാതിനിധ്യം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മേഖലകളിൽ അതു 3.2 ശതമാനവും പാരാമിലിറ്ററി സർവീസുകളിൽ 4.6 ശതമാനവും ലോക്സഭയിൽ അഞ്ചു ശതമാനവും മാത്രം. ഇന്ത്യാചരിത്രത്തിൽ ഒരൊറ്റ മുസ്‌ലിം എംപി പോലുമില്ലാതെ രണ്ടു പ്രാവശ്യം ഭരണപക്ഷത്തിരുന്ന ഒരേയൊരു പാർട്ടി ബിജെപിയാണ്. ഇന്ത്യയിൽ ഇന്ന് ഒറ്റ മുസ്‌ലിം മുഖ്യമന്ത്രിയില്ല. 15 സംസ്ഥാനങ്ങളിൽ ഒറ്റ മുസ്‌ലിം മന്ത്രിയുമില്ല.

നിസ്സാര രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി നമ്മുടെ രാഷ്ട്രശരീരത്തിൽ ഭരണകക്ഷി കുത്തിവയ്ക്കുന്ന ഈ വിദ്വേഷത്തിന്റെ വിഷം നമ്മുടെ സമൂഹത്തെയും വിഷലിപ്തമാക്കുകയാണ്. നീതിയുടെ തുലാസിനു പകരം ബുൾഡോസർ പ്രതിഷ്ഠിക്കപ്പെടുന്നു. മാനസികമായി തകർന്നിരിക്കുന്ന ഒരു സമുദായത്തെ ഭൗതികമായിക്കൂടി അടിച്ചമർത്തുകയാണു തിരഞ്ഞുപിടിച്ചുള്ള ഈ ഇടിച്ചുനിരത്തലുകൾ. ഈ സർക്കാരിന്റെ ബുൾഡോസറുകൾ നമ്മുടെ മനസ്സാക്ഷിയെക്കൂടി ഇടിച്ചുനിരത്താൻ നാം അനുവദിച്ചുകൂടാ.

Content Highlights: Shashi Tharoor Special Column, India, Make in India, BJP, Congress, Bulldozer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA