തിരഞ്ഞെടുക്കാൻ വൈകരുത്

decision
SHARE

വിശന്നുവലഞ്ഞാണു കഴുതയുടെ നടപ്പ്. ദിവസങ്ങളായി ആഹാരം കഴിച്ചിട്ട്. കൊയ്ത്തു കഴിഞ്ഞ വയലിലൂടെ നടക്കുമ്പോൾ രണ്ടിടങ്ങളിൽ കച്ചി കൂട്ടിയിട്ടിരിക്കുന്നതു കണ്ടു. സന്തോഷംകൊണ്ട് തുള്ളിച്ചാടിയ കഴുതയ്ക്ക് ഏത് ആദ്യം തിന്നണമെന്ന കാര്യത്തിൽ സംശയമായി. കുറെ നേരം രണ്ടിടത്തും ചെന്നു കച്ചിയുടെ മണവും സൗന്ദര്യവും നോക്കി നടന്നു. പെട്ടെന്ന് ഒരുപറ്റം ആളുകൾ വന്നു കച്ചി മുഴുവനും തലയിലേറ്റി നടന്നകന്നു. 

തീരുമാനമില്ലായ്മയിൽ തകർന്നടിഞ്ഞതാണു താളംതെറ്റിയ മിക്ക ജീവിതങ്ങളും. തിരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ന്യൂനത തെറ്റായതിനെ തിരഞ്ഞെടുക്കുന്നു എന്നതല്ല, എന്തു തിരഞ്ഞെടുക്കും എന്നറിയാതെ കുഴങ്ങുന്നതാണ്. തിരഞ്ഞെടുത്തതു തെറ്റാണെങ്കിൽ അപകടം മനസ്സിലാകുമ്പോൾ തിരുത്താൻ കഴിയും. ഒന്നും തിരഞ്ഞെടുക്കാനറിയില്ലെങ്കിൽ തുടങ്ങിയേടത്തുതന്നെ നിൽക്കുകയേ മാർഗമുള്ളൂ. സ്വന്തം തീരുമാനങ്ങൾ ഇല്ലാത്തവർമറ്റുള്ളവരുടെ തീരുമാനങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരും, എല്ലാവരും ഉപേക്ഷിച്ചവ സ്വീകരിക്കണം, വന്നു ചേരുന്നവയ്ക്കെല്ലാം വിരുന്നൊരുക്കണം. സ്വന്തമായ തീരുമാനങ്ങളുള്ളവരുടെ ജീവിതത്തിൽ ആരും കൈകടത്തില്ല, അവർക്ക് ഉൾബോധത്തിനനുസരിച്ചു പ്രവർത്തിക്കാനറിയാം, തത്സമയ പ്രതികരണത്തിനു സാധിക്കും. ജീവിതം നിശ്ചലമായിപ്പോയവരുടെ ആത്മകഥ പരിശോധിച്ചാൽ വർഷങ്ങൾക്കു മുൻപ് അവരെത്തിച്ചേർന്ന വഴിത്തിരിവുകളിൽതന്നെ അവരിപ്പോഴും നിൽക്കുന്നതു കാണാം. തീരുമാനമില്ലായ്മയും ഒരു തീരുമാനമാണ്, മുന്നോട്ടില്ല എന്ന തീരുമാനം. 

സ്വന്തം കാര്യങ്ങളിൽ തീർപ്പില്ലാത്തത് അവനവന്റെ നൈപുണികളെയും ബുദ്ധിയെയും അവഹേളിക്കലാണ്. മറ്റുള്ളവരുടെ കാര്യങ്ങളിൽ തീരുമാനമില്ലാത്തത് അവരുടെ സ്വപ്നങ്ങളെയും സാഹചര്യങ്ങളെയും നിന്ദിക്കലാണ്. മുന്നിൽ വരുന്ന അപേക്ഷകൾ നിരസിച്ചാൽ അപേക്ഷകർക്കു മറ്റുവഴികൾ തേടാനുള്ള അവസരമെങ്കിലും ലഭിക്കും. മാറ്റിവച്ച്, പ്രതീക്ഷകൾ നൽകിയാൽ കാത്തിരുന്നു തുരുമ്പിക്കുകയേയുള്ളൂ. വളർച്ചയുടെ ഓരോ ഘട്ടത്തിലും തീരുമാനമെടുത്തു ശീലിക്കേണ്ടതുണ്ട്. 

Content Highlights: Subhadinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA