‘സഹതാപം ഏറ്റുവാങ്ങുന്നതിൽപരം എന്ത് അപമാനമാണ് സഹിക്കാനുള്ളത്?’

vachakamela
പ്രിയ എ.എസ്, റോസി തമ്പി
SHARE

∙ ബോസ് കൃഷ്ണമാചാരി: കലാനിരൂപണങ്ങൾ മനുഷ്യർക്കു വായിച്ചാൽ മനസ്സിലാകാത്ത വിധത്തിലാണ്. അതു വായിക്കുമ്പോൾ എനിക്കു ചിരി വരാറുണ്ട്. നമ്മൾ എഴുതുന്നത് ആളുകൾക്കു മനസ്സിലാവുന്നില്ല എന്നതിനർഥം നമ്മൾ എഴുതിയതു നമുക്കു മനസ്സിലായിട്ടില്ല എന്നാണ്. കല എത്ര ലളിതമായ ഒരു സംഗതിയാണ്. അതിനെപ്പറ്റി എഴുതുമ്പോൾ എന്തിനാണ് ഈ കടുകട്ടി?

∙ ഹമീദ് ചേന്ദമംഗലൂർ: മാർക്സിസ്റ്റ് ആശയങ്ങളെക്കാൾ മതാശയങ്ങളാൽ ഭരിക്കപ്പെടുന്ന ഒട്ടേറെപ്പേർ ഇന്നു സിപിഎം പോലുള്ള കമ്യൂണിസ്റ്റ് പാർട്ടികളിൽ ഉണ്ട്. മാർക്സിസവും തങ്ങൾ വിശ്വസിക്കുന്ന മതവും തമ്മിൽ ആശയതലത്തിലോ അല്ലാതെയോ സംഘർഷം ഉണ്ടാകുമ്പോൾ അത്തരക്കാർ മാർക്സിസത്തോടൊപ്പമല്ല, മതത്തോടൊപ്പമാണു നിൽക്കുക. 

∙ സാറാ ജോസഫ്: എന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചതു സാറാ ജോസഫ് എന്ന പേരിലായിരുന്നില്ല. കാർത്തിക എന്ന പേരിലായിരുന്നു. അക്കാലത്ത് എനിക്കു തൂലികാനാമങ്ങളോടു വലിയ പ്രിയമായിരുന്നു. കാർത്തികയാണ് എന്റെ നക്ഷത്രം. കുറേയേറെ ആലോചിച്ചശേഷം കാർത്തിക തൂലികാനാമമാക്കാൻ തീരുമാനിച്ചു.

∙ കൽപറ്റ നാരായണൻ: ഞാനാരാണെന്നു നിനക്കറിയണോ എന്നു ചോദിച്ച് നെഞ്ചുവിടർത്തി, മാംസപേശികൾ പെരുപ്പിച്ച്, മുണ്ടുമാടിക്കുത്തി നിൽക്കുന്ന വ്യക്തിയുടേതുപോലെ ലഘുവായ ‘ഞാനെ’ ഞാൻ മറ്റൊരാളിലും കണ്ടിട്ടില്ല. അതാണ് ആണത്തത്തിന്റെ പ്രകടനപത്രികയെങ്കിൽ മരിച്ചുപോയ നടൻ ജയന്റെ ബെൽബോട്ടം പാന്റുപോലെ കാലഹരണം വന്നിട്ടുണ്ടതിന്.

∙ പി.എ.മുഹമ്മദ് റിയാസ്: കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും കുടുംബത്തിനു പുറത്തും ഓരോ മനുഷ്യരുടെ കാര്യത്തിലും അദ്ദേഹം (പിണറായി വിജയൻ) വച്ചു പുലർത്തുന്ന ശ്രദ്ധ കണ്ടുപഠിക്കേണ്ടതാണ്. ഏതു രാഷ്ട്രീയ പാർട്ടിയിലും പെട്ടവരാകട്ടെ, അവരുടെ പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഇടപെടൽ ആർക്കും മാതൃകാപരമാണ്. പുറത്തു ചിത്രീകരിക്കുന്നപോലെ ഒന്നുമല്ല അതൊന്നും.

∙ അഷ്ടമൂർത്തി: ഞാൻ നല്ല പ്രസംഗകനല്ല എന്ന്‌ ഇതിനിടയിൽ അതു കേട്ടിട്ടുള്ളവർക്കൊക്കെ അറിയാം. ഇനി അഥവാ അതു സഹിക്കാൻ തയാറായാണു ക്ഷണിക്കുന്നതെങ്കിൽ വരാനും പോവാനുമുള്ള ടാക്‌സിക്കൂലിയും ഒരു ദിവസത്തെ പണിക്കൂലിയും തരണം. രണ്ടു മാസത്തിനുള്ളിൽ എഴുപതു തികയുകയാണ്‌. പണ്ടത്തെപ്പോലെ ബസിൽ തൂങ്ങിപ്പിടിച്ചു യാത്രചെയ്‌തു വേദികളിൽ എത്താൻ ഇനി എന്നെക്കൊണ്ടാവില്ല.

നമുക്ക് എല്ലാവർക്കും തന്നെ എളുപ്പമുള്ള കാര്യങ്ങൾ ചെയ്യാനാണു പൊതുവേ ഇഷ്ടം. സ്വയം പന്തമാകുന്നതിനെക്കാൾ എളുപ്പം മെഴുകുതിരി കത്തിക്കാനും ചങ്ങലക്കണ്ണിയാകാനും ആണ്. അതുകൊണ്ട് അത്തരം പ്രതിഷേധങ്ങൾക്കോ ചർച്ചകൾക്കോ ഞാൻ പോകാറില്ല.- പ്രിയ എ.എസ്.

പുരുഷ പീഡനകഥകൾക്കു കിട്ടുന്ന വിലകുറഞ്ഞ സഹതാപത്തിന്റെ ഇരകളാണ് ഇന്നു സ്ത്രീകൾ എന്നു പലപ്പോഴും തോന്നാറുണ്ട്. അതൊരുതരം കെണിയാണ്. മറ്റുള്ളവരുടെ സഹതാപം ഏറ്റുവാങ്ങുന്നതിൽപരം എന്ത് അപമാനമാണ് ഒരാൾക്കു സഹിക്കാനുള്ളത്?-റോസി തമ്പി

Content Highlights: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA