ADVERTISEMENT

കയ്യിൽ ഒരു തേങ്ങയുമായി ഒരു കുട്ടി പിതാവിന്റെ കൈ പിടിച്ച് ആനയുടെ അടുത്തേക്കു പോകുന്നു. കുട്ടി തേങ്ങ കൊടുത്തതും ആന അസ്വസ്ഥനായി കുട്ടിയെ തുമ്പിക്കൈകൊണ്ടു പിടിക്കാൻ ശ്രമിക്കുന്നു. പിതാവ് കുട്ടിയെ കഷ്ടിച്ചു രക്ഷിച്ച് ഓടി മാറുന്നു – ഈ വിഡിയോ നമ്മളിൽ മിക്കവരുടെയും വാട്സാപ്പിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്നിട്ടുണ്ടാകും; അതുകണ്ട് കുട്ടിയും പിതാവും രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിച്ചിട്ടുമുണ്ടാകും.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയതിനു പിന്നാലെ അതെച്ചൊല്ലി വ്യാപകമായ വ്യാജപ്രചാരണമുണ്ടായി, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. കേരളത്തിലെ മലപ്പുറത്തു മുസ്‍ലിം സമുദായത്തിൽപ്പെട്ടവർ ആനയ്ക്കു മാംസം കൊടുക്കാൻ ശ്രമിച്ചപ്പോൾ ആന ഇടഞ്ഞു എന്ന കുറിപ്പോടെയാണു വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്.

വിഡിയോ ശ്രദ്ധിച്ചാൽ തന്നെ കുട്ടിയുടെ കയ്യിലിരിക്കുന്നതു തേങ്ങയാണെന്നു വ്യക്തമാണ്. മാത്രമല്ല, ഈ വിഡിയോയിലെ കുട്ടിയുടെ പിതാവ് നബീൽ കുഞ്ഞാപ്പു സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പ്രൊഫൈലിൽ വിശദമായ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ നബീൽ ഇപ്പോൾ സൗദി അറേബ്യയിലാണു ജോലി ചെയ്യുന്നത്. മാസങ്ങൾക്കു മുൻപു നാട്ടിലുണ്ടായിരുന്നപ്പോൾ വീടിനടുത്ത് ആനയെ കാണാൻ പോയതാണു നബീലും കുഞ്ഞും. ആദ്യം നബീൽ ആനയ്ക്ക് ഒരു തേങ്ങ നൽകുന്നതു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണാം. തനിക്കും കൊടുക്കണമെന്നു പറഞ്ഞു മകൻ നിർബന്ധം പിടിച്ചപ്പോഴാണ് രണ്ടാമതും തേങ്ങയുമായി പോകുന്നത്. അപ്പോഴാണ് ആന ഇടഞ്ഞത്. വിഡിയോയിൽ കാര്യങ്ങൾ വ്യക്തമാണെങ്കിലും തെറ്റായ വ്യാഖ്യാനത്തോടെ ഇതു പ്രചരിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം സമൂഹത്തിൽ വിദ്വേഷം പരത്തുക എന്നതു മാത്രമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

musk
മസ്ക്കിന്റെ പേരിലുള്ള വ്യാജ ട്വീറ്റ്.

മസ്ക്കിന്റെ തമാശകളും ചില വ്യാജന്മാരും!

സമൂഹമാധ്യമമായ ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകമെങ്ങും തരംഗമുയർത്തിയ വാർത്ത. 3.67 ലക്ഷം കോടി രൂപയാണു മസ്ക് ട്വിറ്റർ സ്വന്തമാക്കാൻ ചെലവഴിക്കുന്നത്. (സിൽവർലൈൻ പദ്ധതിക്കു സർക്കാർ പ്രതീക്ഷിക്കുന്ന ചെലവ്  64,000 കോടി രൂപയെന്നു ഡിപിആറിൽ പറയുന്നതുമായി താരതമ്യപ്പെടുത്തിയാൽ മസ്ക് വാരിയെറിയുന്ന പണത്തിന്റെ വലുപ്പം മനസ്സിലാകും!)

ലോകത്തെ ഏറ്റവും വലിയ ധനികനാണെങ്കിലും മസ്ക് ഒരു തമാശക്കാരനുമാണ്. ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകും കക്ഷി. ട്വിറ്റർ ഏറ്റെടുത്തതോടെ അതുമായി ബന്ധപ്പെട്ട് പല തമാശകളും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. അടുത്തതായി ഞാൻ കോക്കകോള വാങ്ങാൻ പോകുന്നുവെന്നും അതിൽ കൊക്കെയ്ൻ തിരികെക്കൊണ്ടുവരുമെന്നും ആയിരുന്നു അതിലൊന്ന്.

എന്നാൽ, ട്വിറ്റർ ഏറ്റെടുക്കൽ വാർത്തയിൽ നിറഞ്ഞതോടെ മസ്ക്കിന്റേതെന്ന പേരിൽ വ്യാജ ട്വീറ്റുകളും പ്രചരിക്കാൻ തുടങ്ങി. അവയിൽ ഒന്ന് ഇങ്ങനെ: ട്വിറ്റർ ഞാൻ വാങ്ങി, അതു ഡിലീറ്റ് ചെയ്യാൻ പോകുന്നു. അടുത്തതു ഫെയ്സ്ബുക്. പുറത്തുപോകൂ ജീവിതം ആസ്വദിക്കൂ!

മറ്റൊന്ന്: ഇനി ഞാൻ ഫെയ്സ്ബുക് വാങ്ങി അതു ഡിലീറ്റ് ചെയ്യാൻ പോകുന്നു. ഹഹ!  ഈ രണ്ടു ട്വീറ്റും ഫോട്ടോഷോപ്പിൽ കൃത്രിമമായി തയാറാക്കിയതാണ്. അവിടെയും തീ‍ർന്നില്ല. യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്നു പുറത്താക്കിയിരുന്നല്ലോ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇല്ലെന്നു വന്നപ്പോൾ അനുകൂലികളോടു കലാപമുണ്ടാക്കാൻ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു എന്നാരോപിച്ചായിരുന്നു സ്ഥിരമായുള്ള നിരോധനം. 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന @realDonaldTrump അടക്കം അദ്ദേഹത്തിന്റെ അക്കൗണ്ടുകളൊന്നും 2021 ജനുവരി മുതൽ ട്വിറ്ററിൽ ഇല്ല.

എന്നാൽ, മസ്ക് ട്വിറ്റർ ഏറ്റെടുത്ത വാർത്ത വന്നതിനു പിന്നാലെ ട്രംപിന്റെ അക്കൗണ്ട് തിരികെ എത്തിയതായി പ്രചാരണം തുടങ്ങി. നിരോധനം നീക്കിയതിനു സുഹൃത്തായ ഇലോൺ മസ്ക്കിനു നന്ദി പറഞ്ഞുകൊണ്ടും മസ്ക്കിനെ അഭിനന്ദിച്ചുകൊണ്ടുമൊക്കെയുള്ള ട്വീറ്റുമായാണു തിരിച്ചുവരവത്രേ. ട്രംപിന്റെ പേരിലുള്ള ഈ ‘മടങ്ങിവരവു’ ട്വീറ്റും വ്യാജമായി ഫോട്ടോഷോപ് ചെയ്തുണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ നിരോധനം ട്വിറ്റർ പിൻവലിച്ചിട്ടില്ലെന്നു മാത്രമല്ല, പിൻവലിച്ചാലും താനിനി തിരിച്ചുവരുന്നില്ലെന്നു ട്രംപ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ട്വിറ്ററിനു ബദലായി ട്രംപ് തന്നെ തുടങ്ങിയ ട്രൂത്ത്സോഷ്യൽ എന്ന സമൂഹമാധ്യമത്തിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്. അതു നിലവിൽ ഐഫോണിൽ മാത്രമേ കിട്ടൂ. ഇന്ത്യയിൽ വന്നിട്ടുമില്ല.

ജോലിയല്ല, പണികിട്ടും!

ഈയാഴ്ചയിലെ സർക്കാർ അറിയിപ്പുകൾ:

∙ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ): വ്യാജ ഇ മെയിലുകൾ വഴി എഐഎയിൽ ജോലി ലഭിച്ചുവെന്നും നിശ്ചിത ഫീ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകൾ അയയ്ക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം മെയിലുകൾ എഐഎ അയയ്ക്കാറില്ല.

∙ റെയിൽവേ മന്ത്രാലയം: റെയിൽവേ റിക്രൂട്മെന്റ് ബോർഡ് വിവിധ തസ്തികകളിലേക്കു കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് –2 നടത്തുന്നുവെന്നു കാണിച്ചുള്ള നോട്ടിസ് തട്ടിപ്പുകാർ വ്യാജമായി പലർക്കും അയയ്ക്കുന്നുണ്ട്. റെയിൽവേ അത്തരം നോട്ടിസ് പുറത്തുവിട്ടിട്ടില്ല. സൗത്ത് വെസ്റ്റേൺ റെയി‍ൽവേയുടെ പേരിൽ മറ്റൊരു വ്യാജ റിക്രൂട്മെന്റ് നോട്ടിസും പ്രചാരത്തിലുണ്ട്.

∙ പ്രസ് ഇൻഫർമേഷൻ ബ്യൂറോ: കേന്ദ്ര സർക്കാർ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുന്നുവെന്ന പേരിൽ റജിസ്ട്രേഷനുള്ള ലിങ്ക് സഹിതം എസ്എംഎസ് പ്രചരിക്കുന്നു. സർക്കാരിന് ഇങ്ങനെയൊരു പദ്ധതിയില്ല.

Content Highlights: VIReAL, Elon musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com