ഷിഗെല്ലയ്ക്കെതിരെയും ആയുധം വൃത്തി

HIGHLIGHTS
  • മാലിന്യസംസ്കരണത്തിന് അടിയന്തരപ്രാധാന്യം
shigella-1248
ഫയൽചിത്രം
SHARE

കേ‍ാഴിക്കോട്, കാസർകോട് ജില്ലകളിൽ ഷിഗെല്ല രോഗം കണ്ടെത്തിയിരിക്കുന്നത് ആശങ്കയ്ക്കു വാതിൽ തുറന്നിരിക്കുകയാണ്. മലിനസാഹചര്യങ്ങളിൽ പകരുന്ന ഈ ഗുരുതരരോഗത്തിനെതിരെ അങ്ങേയറ്റത്തെ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. മലിനീകരണത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാതെ കേരളത്തിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവോടെ നാം മുന്നോട്ടുനീങ്ങണമെന്ന ഓർമപ്പെടുത്തൽകൂടി ഷിഗെല്ലയുടെ വീണ്ടുംവരവിലുണ്ട്. 

വൃത്തിഹീനമായ സാഹചര്യത്തിൽനിന്നോ വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയോ ഷിഗെല്ല ബാക്ടീരിയ ഉള്ളിലെത്താം. മനുഷ്യവിസർജ്യം വെള്ളത്തിൽ കലരാത്തവിധം ശുചിമുറികൾ നിർമിച്ചാൽത്തന്നെ ഷിഗെല്ല ഉൾപ്പെടെയുള്ള പല രോഗങ്ങളും ഒരു പരിധിയോളം നിയന്ത്രിക്കാമെന്നിരിക്കെ, അതിനുവേണ്ട പദ്ധതികൾ നടപ്പാക്കുന്നതിലുള്ള അമാന്തം നിർഭാഗ്യകരമാണ്. പൊതുശുചിമുറികളുടെ എണ്ണത്തിൽ കേരളം വളരെ പിന്നിലാണെന്നതു പോകട്ടെ, ഉള്ളവയിൽ മിക്കതും വൃത്തിയായി സൂക്ഷിക്കാത്തതിനാൽ അവ ഉപയോഗിക്കാൻ ജനങ്ങൾ മടിക്കുകയുമാണ്. പ്രതീക്ഷയോടെ പലയിടത്തും സ്ഥാപിച്ച ഇ ടോയ്‌ലറ്റുകൾ വേണ്ടവിധം പരിപാലിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുമില്ല. 

രാജ്യത്തെ വൃത്തിയുടെ പെരുമപ്പട്ടികയിൽ ആദ്യ ഇരുനൂറിൽ സംസ്ഥാനത്തെ ഒരു നഗരം പോലുമില്ലെന്ന യാഥാർഥ്യത്തിനു മുന്നിൽനിന്നുവേണം നാം ശുചിത്വകേരളത്തിലേക്കുള്ള വഴി തിരയാൻ. കോവിഡ്കാലം മാലിന്യസംസ്കരണത്തെയും ബാധിച്ചിരുന്നുവെന്നതു യാഥാർഥ്യമാണ്. ഇനിയും കോവിഡിന്റെ പേരു പറഞ്ഞു മാലിന്യക്കൂമ്പാരങ്ങളെ വെറുതേ നോക്കിയിരിക്കാൻ പാടില്ല. ശുചിത്വമില്ലായ്മ വിളിച്ചുവരുത്തുന്ന രോഗപ്പെരുപ്പം കേരളത്തിലെ ആശുപത്രികളിലെ പതിവുകാഴ്ചയായിക്കഴിഞ്ഞു. ശുചിത്വബോധമുള്ളവരെന്നു പകൽ നടിക്കുകയും ഇരുളിന്റെ മറവിൽ വഴിയോരത്തും നദികളിലുമൊക്കെ വീട്ടുമാലിന്യം തള്ളുകയും ചെയ്യുന്നവർ നമ്മുടെ പൗരബോധത്തെത്തന്നെ പരിഹസിക്കുന്നുണ്ട്. ആശുപത്രിമാലിന്യങ്ങൾപോലും നാടിന്റെ നെഞ്ചിലേക്കു വലിച്ചെറിയാൻ മടിയില്ലാത്തവർ ഇവിടെയുണ്ട്.

ശാസ്ത്രീയമായ മാലിന്യശേഖരണവും സംസ്കരണവുമാണ് ഏക പോംവഴിയെന്ന് അറിയാമെങ്കിലും മുന്നിട്ടിറങ്ങാൻ ഉത്തരവാദപ്പെട്ടവർ ഇല്ലാത്തതാണു പലയിടത്തും കാര്യങ്ങൾ കൈവിട്ടുപോകാൻ കാരണം. പ്രതിദിനം കേരളം പുറന്തള്ളുന്ന ആയിരക്കണക്കിനു ടൺ മാലിന്യത്തിൽ വലിയ പങ്കും തദ്ദേശസ്‌ഥാപനങ്ങളുടെ പിടിപ്പുകേടുകൊണ്ടു സംസ്‌കരിക്കപ്പെടാതെ പലയിടത്തും കൂമ്പാരങ്ങളായി കിടക്കുകയാണ്. ചുരുക്കം ചില തദ്ദേശസ്ഥാപനങ്ങൾ ഒഴിച്ചുനിർത്തിയാൽ നമ്മുടെ ഭൂരിഭാഗം കോർപറേഷനുകളും നഗരസഭകളും മാലിന്യസംസ്കരണത്തിന്റെ കാര്യത്തിൽ പരാജയപ്പെടുന്നതു കേരളത്തിനു മുന്നിലുണ്ട്. ഇതാണോ നാം സ്വപ്നം കാണുന്ന നവകേരളം?

വയനാട്ടിലെ ബത്തേരി നഗരസഭയുടേതുപോലുള്ള നല്ല മാതൃകകൾ മറ്റു തദ്ദേശസ്ഥാപനങ്ങളും കണ്ടുപഠിക്കേണ്ടതാണ്. ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാലിന്യസംസ്കരണ പദ്ധതികൾ കാലത്തിന്റെ ആവശ്യമാണ്. എന്നാൽ, അതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനാകില്ല. മാലിന്യ സംസ്കരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ നമുക്കു കഴിയണം. സന്നദ്ധ സംഘടനകളും യുവജന കൂട്ടായ്മകളും വിദ്യാർഥികളുമൊക്കെ ഈ ദൗത്യത്തിൽ ഒന്നിച്ച് അണിനിരക്കുകയും വേണം.

കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ മധ്യപ്രദേശിലെ ഇൻഡോർ ഒന്നാം സ്ഥാനത്തു തുടരുന്നതു വൃത്തി ആ നാട്ടിലെ ജനങ്ങളുടെ ശീലവും മനോഭാവവുമായി മാറിയതുകൊണ്ടാണ്. കേരളത്തിലെ ഏതു നഗരത്തെയുംകാൾ ജനസംഖ്യയുള്ള, വിസ്തൃതി കൂടിയ, മാലിന്യത്തോതേറിയ ഇൻഡോർ വ‍ൃത്തിയുടെ മാതൃകാപാഠങ്ങൾ രാജ്യത്തിനുമുൻപിൽ വയ്ക്കുന്നു. ഗുജറാത്തിലെ ഡാഷ് ബോർഡ് മോഡൽ പഠിക്കാൻ കേരളത്തിൽനിന്നു പോയതുപോലെ, ശുചിത്വത്തിന്റെ വിജയമുദ്രകൾതേടി ഗൗരവമുള്ള ഒരു യാത്ര ഇൻഡോറിലേക്കും ആകാവുന്നതാണ്.

കേരളത്തിൽ പാർപ്പുറപ്പിച്ചിരിക്കുന്ന രോഗങ്ങളെയും മടങ്ങിവരുന്ന രോഗങ്ങളെയും പുതിയ രോഗങ്ങളെയും തടയാൻ മാലിന്യസംസ്കരണത്തിന്റെ കാര്യത്തിൽ അടിയന്തര നടപടികളാണു വേണ്ടത്. കോവിഡ് ഇതിനകമുണ്ടാക്കിയ മഹാനഷ്ടങ്ങളിൽനിന്നു കരകയറാൻ നാം ക്ലേശിക്കുന്ന സാഹചര്യത്തിൽ, ഷിഗെല്ല പോലുള്ള മറ്റു പകർച്ചവ്യാധികൾകൂടി പടികടന്നു വന്നാൽ കേരളം വല്ലാത്ത ദുരവസ്ഥയിലാവും പതിക്കുക.

Content Highlights:  Shigella causes, Symptoms, Treatment, prevention

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA