പ്രയത്മമെന്ന വിജയമന്ത്രം

hardwork
SHARE

പഠനത്തിൽ പിന്നിലായിരുന്ന ശിഷ്യനോടു ഗുരു പറഞ്ഞു: ഞാൻ പഠിപ്പിക്കുന്നതൊന്നും നിന്റെ തലയിലുറയ്ക്കുന്നില്ല. അതുകൊണ്ട് നീ വീട്ടുജോലികൾ ചെയ്ത് മാതാപിതാക്കളെ സഹായിക്കൂ. ശിഷ്യൻ പിറ്റേന്നുതന്നെ വീട്ടിലെത്തി കാലികളെ മേയ്ക്കാൻ തുടങ്ങി. ദാഹിച്ചപ്പോൾ  കിണറ്റിൽനിന്നു വെള്ളം കോരി. കയറുകെട്ടിയ തൊട്ടിയിലാണു വെള്ളം കോരുന്നത്. ശ്രദ്ധിച്ചു നോക്കിയപ്പോൾ പലതവണ കയറുരഞ്ഞ് കല്ലിന് തേയ്മാനം സംഭവിച്ചിരിക്കുന്നതു കണ്ടു. തൊട്ടടുത്തു നിന്ന സ്ത്രീ  പറഞ്ഞു: കയറിന് കല്ലിനെക്കാൾ കാഠിന്യം കുറവാണെങ്കിലും ദീർഘനാൾ ഭാരവുമായി ആ കല്ലിൽ ഉരസിയതുകൊണ്ടാണ് അവിടെ തേയ്മാനം ഉണ്ടായത്. അപ്പോൾ ശിഷ്യൻ ഗുരുകുലത്തിലേക്കു മടങ്ങി. ഗുരുവിനോടു ചോദിച്ചു: കാഠിന്യമേറിയ കല്ലിൽ കയറിന് അടയാളങ്ങൾ അവശേഷിപ്പിക്കാൻ കഴിയുമെങ്കിൽ നിരന്തരമായി ശ്രമിച്ചാൽ എനിക്കും പഠിക്കാൻ കഴിയില്ലേ. അന്നുമുതൽ അവൻ പഠനം പുനരാരംഭിച്ചു.

പ്രതിഭയെക്കാൾ പ്രധാനമാണു പ്രയത്നം. പാടവംകൊണ്ടു കീഴടക്കാനാകുന്നില്ലെങ്കിൽ പരിശ്രമംകൊണ്ടു മറികടക്കണം. എല്ലാവരും ജന്മംകൊണ്ടു സമർഥരല്ല. എല്ലാ മേഖലകളിലും ഒരേപോലെ വൈഭവമുള്ള ആരും ഉണ്ടാകില്ല. പ്രാവീണ്യമുള്ള രംഗങ്ങളിൽ മികവു പുലർത്തുകയും കഴിവുകുറഞ്ഞ മേഖലകളിൽ മിനിമം ഗാരന്റി ഉറപ്പുവരുത്തുകയുമാണ് പ്രവർത്തനക്ഷമത പുലർത്തുന്നവരുടെ തന്ത്രം. എല്ലാവരും ഒരേ വേഗത്തിൽ എല്ലാം സ്വായത്തമാക്കണമെന്ന ഗുരുക്കന്മാരുടെ നിർബന്ധബുദ്ധിയും എല്ലാ അറിവുകളും ഒരുപോലെ നേടണമെന്ന ശിഷ്യരുടെ വാശിയും അപകടകരമാണ്. 

പഠിതാക്കളുടെ ഗ്രഹണശേഷിക്കനുസരിച്ച് പാഠത്തിന്റെ വിനിമയശൈലി മാറ്റാനറിയുന്നവർക്കു മാത്രമാണ് മികച്ച ഗുരുവാകാൻ കഴിയുക. താൻ പഠിക്കേണ്ടതു തിരഞ്ഞെടുത്തു പഠിക്കാൻ കഴിയുന്നവർക്കു മാത്രമാണ് തങ്ങളർഹിക്കുന്ന സ്ഥലത്തെത്താൻ കഴിയുക. ആയിത്തീരാൻ പറ്റാത്ത കാര്യങ്ങളുടെ പേരിൽ അവഹേളിക്കപ്പെടാതിരിക്കുകയും ആയിത്തീർന്ന എല്ലാക്കാര്യങ്ങളുടെയും പേരിൽ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എത്ര ശിഷ്യന്മാർ തങ്ങൾക്കു മാത്രം അവകാശപ്പെട്ട പാതകൾ സ്വയം വെട്ടിത്തെളിച്ചേനെ.

Content Highlights: Subhadinam, Hardwork

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA