ADVERTISEMENT

ആത്മരക്ഷാർഥം ഒരാളെ കൊന്നാൽപോലും നിയമപരിരക്ഷ ഉള്ള രാജ്യത്ത്, ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാൻ കർഷകന് അവകാശമില്ല. വന്യജീവി സംരക്ഷണ നിയമം അവിടെ എതിരാകും. ഈ ജനവിരുദ്ധ നിയമം റദ്ദാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

പുണെയിൽ, കാടിനു നടുവിൽ പ്രതിരോധ വകുപ്പിന്റെ ഗവേഷണ ലാബ് സ്ഥിതിചെയ്യുന്ന മലയോരത്തിനു സമീപമുള്ള അപ്പാർട്മെന്റിന്റെ ഏറ്റവും മുകളിലെ നിലയിലാണ് എന്റെ താമസം. ടെറസിൽനിന്നു നോക്കിയാൽ, ലാബ് മൈതാനത്തിനു ചുറ്റും മയിലുകൾ നൃത്തം ചെയ്യുന്നതും മാനുകൾ ഓടിക്കളിക്കുന്നതും കാട്ടുപന്നികൾ പരക്കംപായുന്നതും കാണാം. വനമേഖലയിൽ പെറ്റുപെരുകുന്ന കാട്ടുപന്നികളുടെ ഇറച്ചി ലാബിലെ ഓഫിസർമാർ ദശകങ്ങളായി പാചകം ചെയ്തു കഴിക്കാറുണ്ടെന്നു മാത്രമല്ല, ഇടയ്ക്കെല്ലാം പന്നിയിറച്ചി എനിക്കും പങ്കുവയ്ക്കാറുണ്ട്. ഈ രീതിയാണ് ലോകത്തിൽ പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള സ്വീഡനും നോർവേയും പിന്തുടരുന്നത്– വ്യക്തമായ ചട്ടങ്ങൾക്കു വിധേയമായുള്ള വേട്ടയാടൽ വിവേകമുള്ളതാണ്. ഈ രാജ്യങ്ങളിൽ മ്ലാവും കലമാനും സുലഭമായതിനാൽ അവിടത്തെ വീടുകളിലെ ഫ്രീസറുകളിൽ എപ്പോഴും അവയുടെ ഇറച്ചിയുണ്ടാവും. 

വേട്ടയാടൽ സംബന്ധിച്ച് ഈ രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ വികേന്ദ്രീകൃതമാണ്. അതായത്, ഓരോ പ്രദേശത്തെയും വന്യജീവി സ്രോതസ്സുകളുടെ സവിശേഷതകൾക്കനുസരിച്ച് തദ്ദേശപങ്കാളിത്തത്തോടെയാണ് അത്തരം ചട്ടങ്ങൾ രൂപീകരിക്കുന്നത്. മറ്റൊരു വസ്തുത, അവിടെ ആത്മരക്ഷയ്ക്കും സ്വത്തുവകകൾ സംരക്ഷിക്കാനും വന്യമൃഗങ്ങളെ നിയമവിധേയമായി കൊല്ലാനാകും എന്നതാണ്.  

നമ്മുടെ രാജ്യത്തു നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം (വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ ആക്ട്–ഡബ്ല്യുഎൽപിഎ) ഉപേക്ഷിച്ച് ഇത്തരമൊരു മാർഗമാണു നാം സ്വീകരിക്കേണ്ടത്. ജനവിരുദ്ധവും പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനം വകുപ്പിന്റെ ചട്ടങ്ങളാണു മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂട്ടുന്നത്. കാട്ടാനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ഓരോവർഷവും രാജ്യത്ത് ആയിരം പേരെങ്കിലും കൊല്ലപ്പെടുന്നുവെന്നാണു മധ്യപ്രദേശിലെ മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡനായ എച്ച്.എസ്.പാബ്ല നൽകുന്ന കണക്ക്; പതിനായിരങ്ങൾക്കു പരുക്കേൽക്കുകയും ചെയ്യുന്നു. 

Madhav-Gadgil
പ്രഫ.മാധവ് ഗാഡ്ഗിൽ

ഇതിനു പുറമേ വന്യമൃഗങ്ങൾ കോടിക്കണക്കിനു രൂപയുടെ വിളകളാണു വർഷംതോറും നശിപ്പിക്കുന്നത്. യഥാർഥത്തിൽ കാട്ടുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലമുള്ള ദുരന്തത്തിന്റെ വ്യാപ്തി ഈ കണക്കുകളെക്കാൾ എത്രയോ വലുതാണ്. വനവുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം എപ്പോഴും അവ്യക്തവും ദുരൂഹവുമാണുതാനും. 

രാജ്യത്തെ വന്യജീവി നിയമത്തിൽ ഏറ്റവും യുക്തിരഹിതമായതു കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. വന്യ സസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നേച്ചർ കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ട്. കാട്ടുപന്നികൾ ഒരുതരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് അവരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ലോകത്തിലെ പല വനമേഖലകളിലും അവ ക്രമാതീതമായി പെരുകിയിരിക്കുന്നു. യൂറോപ്പിലും കാനഡയിലും അവയെ വിളകൾ നശിപ്പിക്കുന്ന ജീവികളുടെ ഇനത്തിലാണു പെടുത്തിയിട്ടുള്ളത്. കാട്ടുപന്നികളെ സംബന്ധിച്ച് ഇന്ത്യയിൽ ആധികാരികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, രാജ്യമെങ്ങുമുള്ള കർഷകർ പറയുന്നതു കാട്ടുപന്നികൾ പെരുകിക്കൊണ്ടിരിക്കുന്നുവെന്നും അവ ഗുരുതര ഭീഷണിയായിക്കഴിഞ്ഞിരിക്കുന്നുവെന്നുമാണ്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല, വനത്തിൽനിന്ന് ഒട്ടേറെ കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിലും പന്നിശല്യമുണ്ട്. മഹാരാഷ്ട്രയിൽ മഴ ഏറ്റവും കുറവായ മാൻ എന്ന സ്ഥലം ഉദാഹരണം.

ഡബ്ല്യുഎൽപിഎയുടെ കീഴിൽ, അപകടകാരികളായ വന്യമൃഗങ്ങൾക്കെതിരെ പ്രതിരോധത്തിനു ജനങ്ങൾക്ക് അവകാശമില്ല. അവരെ കൃഷിയിടങ്ങളിൽനിന്ന് തുരത്തിയോടിക്കാൻ പോലും അധികൃതരുടെ അനുമതി വേണം. എന്നാൽ, ഇന്ത്യൻ പീനൽ കോഡ് 100,103 വകുപ്പുകൾ പ്രതിരോധത്തിനും സ്വത്തുസംരക്ഷണത്തിനുമായി അക്രമിയെ ചെറുക്കാനും കൊല്ലാനും വരെ അനുമതി നൽകുന്നുണ്ട്. എന്താണ് ഈ വകുപ്പുകളുടെ പ്രത്യേകത. 1) അക്രമിയുടെ പ്രവൃത്തികൾ മരണമോ മാരകമായ മുറിവുകളോ ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ അതു പ്രതിരോധിക്കാം. 2) വീടോ വസ്തുവകകളോ കൊള്ളയടിക്കുകയോ അവിടെ അതിക്രമിച്ചു കടക്കുകയോ ചെയ്താലും പ്രതിരോധിക്കാം. 

കാട്ടുപന്നികൾ പലപ്പോഴും ആളുകളെ കൊല്ലാറുണ്ട്. അവ സ്ഥിരമായി കൃഷിഭൂമിയിൽ അതിക്രമിച്ചു കയറുന്നു, വിളകൾ നശിപ്പിക്കുന്നു. 

എന്റെ സുഹൃത്തുക്കളായ വിരമിച്ച മുതിർന്ന പൊലീസ് ഓഫിസറും ഹൈക്കോടതി ജഡ്ജിയും പറഞ്ഞത് ഡബ്ല്യുഎൽപിഎ ഭരണഘടനാപരമായി സാധുതയില്ലാത്ത നിയമമാണെന്നാണ്. ഇത്തരത്തിൽ യുക്തിരഹിതവും അനീതി നിറഞ്ഞതുമായ ചട്ടങ്ങൾ ഉണ്ടാക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ഒരു പ്രത്യേകതയാണെന്നു കൂടി പറയണം. ദേശീയോദ്യാനങ്ങൾക്കും വന്യമൃഗസങ്കേതങ്ങൾക്കും പുറത്തുള്ള എല്ലാ വേട്ടകളെയും മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ല. 

ഒരു കാര്യം വ്യക്തമായി പറയാം, ഇന്ത്യയിലെ നിലവിലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണ്. വന്യജീവി സമ്പത്ത് അടക്കം പ്രകൃതി സ്രോതസ്സുകളെ ഉത്തമമായ രീതിയിൽ പരിപാലിക്കാനുള്ള പകരം വ്യവസ്ഥകൾ കൊണ്ടുവരണം. ഇതാകട്ടെ 1995–96 കാലത്തെ ജനകീയാസൂത്രണ മാതൃകയിൽ പ്രാദേശിക തലത്തിൽ നിയമരൂപീകരണത്തിന് അധികാരം നൽകുന്നതുമാകണം.

(പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ലേഖകൻ)

Content Highlights: Wild boar attack, Prof. Madhav Gadgil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com