ഇപ്പോൾ ഇവിടെ നടക്കുന്നത് പാർട്ടിക്ക് ചേരാത്തത്

HIGHLIGHTS
  • നമുക്ക് എന്തുകിട്ടും എന്നതാണ് ഇന്നത്തെ മുദ്രാവാക്യം
pirappankod murali
പിരപ്പൻകോട് മുരളി
SHARE

സ്വന്തം പ്രസ്ഥാനം ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന വേദന സിപിഎമ്മിന്റെ  മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി മുൻ അംഗവുമായ  പിരപ്പൻകോട് മുരളി തുറന്നു പറയുന്നു. 1996ലെ വാമനപുരം തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രമുഖ നേതാവ് കോലിയക്കോട് കൃഷ്ണൻനായർ  തനിക്കെതിരെ നടത്തിയ നീക്കങ്ങൾ വെളിപ്പെടുത്തിയ പിരപ്പൻകോട് മുരളി കൂടുതലായി മനസ്സു തുറക്കുന്നു 

പാർട്ടി അംഗത്വമുണ്ട് എന്നതുകൊണ്ട് കമ്യൂണിസ്റ്റ് ആകില്ല

? തുറന്നു പറച്ചിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളിൽ ആശങ്കയില്ലേ? അച്ചടക്ക നടപടിയെ ഭയക്കുന്നില്ലേ. 

‘പാർട്ടി അച്ചടക്കം പാലിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ, പക്ഷേ പാർട്ടി ഉണ്ടെങ്കിലേ അച്ചടക്കത്തിനു പ്രസക്തിയുള്ളൂ’ എന്നു പിളർപ്പിനെ ന്യായീകരിക്കാനായി എകെജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഈ പാർട്ടിയെ ഉപയോഗിച്ച് ഉപജീവനം നടത്തുകയും സ്വകാര്യതാൽപര്യത്തിനു വിനിയോഗിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഇനിയും പറയും. പി.ഭാസ്കരൻ മാഷ് എന്നോടു പറഞ്ഞ ഒരു കാര്യം കൂട്ടിച്ചേർക്കട്ടെ. കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം ഇല്ല എന്നതുകൊണ്ട്  ആരും കമ്യൂണിസ്റ്റ് അല്ലാതാകുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുണ്ട് എന്നതുകൊണ്ട് ആരും കമ്യൂണിസ്റ്റ് ആകുന്നുമില്ല.

? ഉള്ളിൽ അടക്കിയിരുന്ന ചില കാര്യങ്ങൾ തുറന്നുപറയാൻ താങ്കൾ തയാറാകുന്നു. എന്താണ് ആ തീരുമാനത്തിനു പിന്നിൽ. 

ഞാൻ രാഷ്ട്രീയത്തിൽ വന്നത് പ്രത്യേക ലക്ഷ്യത്തോടെയല്ല. രക്തത്തിൽ അലിഞ്ഞതാണ് എന്റെ കമ്യൂണിസ്റ്റ് ബോധം. വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി പ്രസ്ഥാനത്തിന്റെ വിശ്വാസപ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുവെന്നു തോന്നിയപ്പോൾ അതു പൊട്ടിത്തെറിച്ചു. ഒരു ഘട്ടം വരെ ആ പൊട്ടിത്തെറി മനസ്സിൽ വച്ചു. പറയാവുന്ന രീതിയിൽ പറയാൻ പിന്നീടു തീരുമാനിച്ചു. 

? സിപിഎം അംഗമാണെങ്കിലും നേതൃനിരയിൽ ഇപ്പോഴില്ല. ആ സ്വാതന്ത്ര്യവും ഈ തുറന്നുപറച്ചിലിനു കാരണമല്ലേ. 

2018ലെ തൃശൂർ സമ്മേളനം നടക്കുന്നതു വരെ ഞാൻ പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് അവിടെ ഒഴിവാക്കിയതു നീതിയുക്തമായ തീരുമാനമായി തോന്നിയില്ല.‘നിങ്ങൾക്ക് 80 വയസ്സായി, അതുകൊണ്ട് ഒഴിവാകണം’ എന്ന് എന്നോടു പറഞ്ഞു. 74 വയസ്സേ ആയിട്ടുള്ളൂവെന്ന് ഞാൻ മറുപടി നൽകി. അപ്പോൾ ‘നിങ്ങൾ പ്രവർത്തിക്കുന്നില്ല’ എന്നു കാരണം മാറ്റി. ‘ഈ പ്രായത്തിലും ഏറ്റവും ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നു’ എന്നാണ് എന്നെപ്പറ്റി  തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറഞ്ഞിരുന്നതെന്ന് ഓർമിപ്പിച്ചു.‘ നിങ്ങൾക്കു താൽപര്യമില്ലാത്ത രാഷ്ട്രീയ പ്രവർത്തനശൈലിയാണ് എന്റേതെന്നു മനസ്സിലായി. അങ്ങനെയെങ്കിൽ ഒഴിവാക്കിക്കൊള്ളൂ’ എന്നും കയ്യോടെ  പറഞ്ഞു. 

? ഒരേസമയം രാഷ്ട്രീയ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും ആയതു രണ്ടിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ. 

എഴുത്തും നാടകവും സാംസ്കാരിക നായകന്മാരുമായുള്ള സൗഹൃദവും എന്റെ ചക്രവാളം വികസിപ്പിച്ചുവെന്നതു ശരിയാണ്. പക്ഷേ അത്രയും ഈ പാർട്ടിയിൽ ഞാൻ ഒറ്റപ്പെട്ടു. പലർക്കും അസൂയ തന്നെയായിരുന്നു. അവനു രാഷ്ട്രീയം കളിച്ചാൽ പോരാ, നാടകവും കളിക്കണം എന്ന മനോഭാവമാണ് പലരിലും വളർന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ എങ്കിലും ‘പിരപ്പൻകോട് മുരളി’ എന്ന പേര് ദിവസവും ഉച്ചഭാഷിണിയിലൂടെ മുഴങ്ങും. ഞാൻ അറിയാതെ ഒരു അംഗീകാരം വന്നുകൊണ്ടിരുന്നു. അതോടെ എതിർപ്പും ശക്തിപ്പെട്ടു. എനിക്ക് ഒരു യോഗം തരാതിരിക്കാം, എന്നെ അംഗീകരിക്കാതിരിക്കാം, ഒന്നിനും കൊള്ളാത്തവനാണെന്നു പറയാം, നാടകവും മറ്റുമായി നടക്കുകയാണെന്നു പുച്ഛിക്കാം.

75 വയസ്സ് പിന്നിടുന്നവരെ ഒഴിവാക്കി  ചെറുപ്പക്കാർക്ക് അവസരം നൽകാനുള്ള തീരുമാനം വൈരനിര്യാതനത്തിന് ആയിക്കൂടാ. പകരം വവരുന്നവർ അർഹതയുള്ളവരും ആയിരിക്കണം. 

പിരപ്പൻകോട് മുരളി

? രാഷ്ട്രീയ ഭാഗ്യാന്വേഷിയായി മാറാൻ സാംസ്കാരിക പശ്ചാത്തലം തടസ്സമായോ.

ത്യജിക്കുന്നവരാണ് പണ്ടു രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നത്. എകെജിയും ഇഎംഎസും വിഎസും നായനാരും എം.എൻ.ഗോവിന്ദൻനായരും എല്ലാം ത്യജിച്ചിട്ടു വന്നതാണ്. ഇതിൽ നിന്ന് എന്തു ലഭിക്കുമെന്നു കരുതിയവരാണ് പിന്നീടു വന്നവരിൽ കൂടുതലും. ആശയപരമായുള്ള താൽപര്യം കൊണ്ടാണ് ഞാൻ പാർട്ടിയുടെ ഭാഗമായത്. പാർട്ടിക്ക് എന്നെ വേണ്ടെങ്കിൽ എന്തു ചെയ്യാനാണ്? ഏതെങ്കിലും സ്ഥാപനത്തിന്റെ  ചെയർമാൻ ആകുക, കാർ കിട്ടുക, അലവൻസ് എഴുതിയെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ എനിക്കു താൽപര്യവുമില്ല. 

? തിരുവനന്തപുരത്തെ ചേരിതിരിവിനെക്കുറിച്ചു ജില്ലാ സെക്രട്ടറിയായിരിക്കെ താങ്കൾ വിശദമായി ജില്ലാ സമ്മേളനത്തിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ. 

വളരെ മോശം സാഹചര്യമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി, പാർട്ടി അല്ലാതായിത്തീർന്ന ഘട്ടം. ഇഎംഎസ് സർക്കാരിന്റെ 50 വർഷം അന്ന് ആഘോഷിക്കാൻ തീരുമാനിച്ചു. ഒഎൻവി ചെയർമാനും ഞാൻ സെക്രട്ടറിയുമായ സമിതിയാണ് എല്ലാം ഭംഗിയായി നടത്തിയത്. കഴിഞ്ഞപ്പോൾ പക്ഷേ എന്നെ കുറ്റപ്പെടുത്തി. എനിക്കു രാഷ്ട്രീയം ഇല്ലെന്നായിരുന്നു പാർട്ടിയുടെ കണ്ടെത്തൽ. ഒഎൻവിയെ ചെയർമാനാക്കിയത് അതുകൊണ്ടാണത്രേ. അതിലും പ്രയാസം ഉണ്ടാക്കിയത് അഴിമതി നടത്തി എന്ന ആക്ഷേപമാണ്. ജില്ലാ സമ്മേളനത്തിൽ മുഴുവൻ കണക്കും ഞാൻ അവതരിപ്പിച്ചു. ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല, ഗ്രൂപ്പിനെയും പറയുന്നില്ല. ഇതിനകത്തുള്ള ഓരോരുത്തർക്കും ഓരോ താൽപര്യമാണ്. വഴങ്ങിയില്ലെങ്കിൽ സെക്രട്ടറി ആയിരിക്കാൻ കഴിയില്ല. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിത്തരണം, ഏതെങ്കിലും ബ്രാഞ്ചിൽ പോയി ഇരുന്നു കൊള്ളാമെന്നു പിണറായി വിജയനെ കണ്ടു  പറ‍ഞ്ഞു ‘അതൊന്നും ശരിയാകില്ല, ആളുകൾ പല അഭിപ്രായങ്ങൾ പറയും, നിങ്ങൾ ധീരമായി നേരിടണമെന്ന്’ ഒരു പാർട്ടി സെക്രട്ടറി പറയേണ്ട രീതിയിൽ തന്നെ പിണറായി എന്നോടു പറഞ്ഞു. രണ്ടാം തവണയും ജില്ലാ സെക്രട്ടറിയായി ഉറപ്പിച്ചു നിർത്തിയതു പിണറായിയാണ്. അല്ലെങ്കിൽ ആ ജില്ലാ സമ്മേളനത്തോടെ രാഷ്ട്രീയം അവസാനിപ്പിക്കുമായിരുന്നു. മനസ്സുകൊണ്ട് മടുത്തുപോയി. 

? വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ ടി.എൻ.സീമ പരാജയപ്പെട്ടപ്പോൾ താങ്കൾക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടായല്ലോ.

യഥാർഥത്തിൽ തിരഞ്ഞെടുപ്പ് സെക്രട്ടറി ആയിരുന്ന ജില്ലാ കമ്മിറ്റി അംഗം ബി.എസ്.രാജീവിനെ ഉന്നമിട്ടു നടത്തിയ നീക്കമായിരുന്നു അത്. രാജീവിനെ പാർട്ടിയിൽ  നിന്നു പുറത്താക്കാനായിരുന്നു ശ്രമം. അതു ശരിയല്ലെന്നു ഞാൻ വിചാരിച്ചു. രാജീവും ഞാനും ടി.എൻ.സീമയും വിജയകുമാറും കൂടിയിരുന്ന് ആലോചിച്ച കാര്യങ്ങൾ മാത്രമേ അവിടെ നടപ്പാക്കിയിട്ടുള്ളൂ. തോറ്റതോടെ രാജീവ് എല്ലാം കുഴപ്പത്തിലാക്കിയെന്നു സീമ പരാതിപ്പെട്ടു. ഒടുവിൽ  ഉദ്ദേശിച്ച നടപടി അയാൾക്കെതിരെ എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് എന്നെക്കൂടി കരുവാക്കി.

? വാമനപുരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താങ്കൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നാണല്ലോ കോലിയക്കോട് കൃഷ്ണൻ നായർ ആരോപിക്കുന്നത്. 

ഞാൻ പറഞ്ഞതിനു പാർട്ടി രേഖയുണ്ട്. അന്നു കഴക്കൂട്ടം, വർക്കല, വാമനപുരം, പാറശാല  മണ്ഡലങ്ങളിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വച്ചു. കമ്മിഷൻ റിപ്പോർട്ട് പാർട്ടിയുടെ പക്കലുണ്ട്. കോലിയക്കോടിനെ പാർട്ടിയിൽ വച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. സിപിഎമ്മിൽ നിന്നു പുറത്താക്കാൻ ജില്ലാകമ്മിറ്റി തീരുമാനിച്ചതാണ്. പാർട്ടിയിലെ ആ ‘ഉന്നത ബന്ധം’  ഉപയോഗിച്ച് അയാൾ രക്ഷപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ പുറത്താക്കൽ  ‘പരസ്യശാസന’ ആയി സംസ്ഥാന കമ്മിറ്റി ഇളവു ചെയ്തു. രേഖകളിൽ ഇതെല്ലാം ഉള്ള നിലയ്ക്ക് എങ്ങനെയാണു പച്ചക്കള്ളം ആകുന്നതെന്ന് അറിയില്ല. 

? പാർട്ടിയിലെ വിഎസ് പക്ഷത്തിന്റെ ഭാഗമായിരുന്ന താങ്കൾ ഇപ്പോഴുന്നയിക്കുന്ന പരസ്യ വിമർശനങ്ങൾ പാർട്ടിക്ക് അകത്തു പറഞ്ഞിട്ടുണ്ടോ. 

പറയേണ്ട സ്ഥലത്ത് കൃത്യമായി പറഞ്ഞിട്ടുണ്ട്.‘നിങ്ങളുടെ കാര്യം കട്ടപ്പുകയാകും’ എന്നു ചില നേതാക്കൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

? പിണറായി–കോടിയേരി ദ്വന്ദം മാതൃകയാണെന്നാണല്ലോ പുതിയ തലമുറ പറയുന്നത്. 

പുതിയ ആളുകൾക്കും പുതിയ പാർട്ടിക്കും മാതൃകയാണ്. ഇപ്പോഴത്തെ പാർട്ടി അതാണ്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി.പി.നാരായണന്റെ ബന്ധു ഗൾഫിലേക്ക് അയയ്ക്കാമെന്നു പറഞ്ഞ് ആരിൽ നിന്നോ പണം വാങ്ങിയിട്ട് അതു ചെയ്തില്ലെന്ന പരാതിയുടെ പേരിൽ നാരായണനെതിരെ നടപടിയെടുത്ത പാർട്ടിയിലാണ് ഇതെല്ലാം നടക്കുന്നത്. നമുക്ക് എന്തു കിട്ടും എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി എന്തെങ്കിലും നേടാത്തവർ വിഡ്ഢികളാണെന്ന ചിന്താഗതിയാണുള്ളത്. 75 വയസ്സ് പിന്നിടുന്നവരെ ഒഴിവാക്കി ചെറുപ്പക്കാർക്ക് അവസരം നൽകാനുള്ള തീരുമാനം വൈരനിര്യാതനത്തിന് ആയിക്കൂടാ. പകരം വരുന്നവർ അർഹതയുള്ളവരും ആയിരിക്കണം.

? വിഭാഗീയത അവസാനിച്ചെന്നും ഇപ്പോൾ ഐക്യം ആണെന്നുമാണല്ലോ പാർട്ടി അവകാശപ്പെടുന്നത്.

അഭിപ്രായ വ്യത്യാസം ഉള്ളവരെല്ലാം പുറത്തുപോയാൽ വിഭാഗീയത ഇല്ലല്ലോ. വ്യത്യസ്ത അഭിപ്രായം ഇല്ലെങ്കിൽ പിന്നെയെല്ലാം ഏകകണ്ഠം തന്നെ. 

English Summary: Interview with Former MLA Pirappancode Murali

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA