ADVERTISEMENT

കോവിഡ് പ്രതിസന്ധിയിൽനിന്നു കേരള ടൂറിസം ഉണരുകയാണെന്നതിന്റെ സാക്ഷ്യപത്രമായി മാറി ഇന്നലെ കെ‍ാച്ചിയിൽ കൊടിയിറങ്ങിയ കേരള ട്രാവൽ മാർട്ട്. 69 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ 1240 വാണിജ്യ പ്രതിനിധികൾ; ഏകദേശം 55,000 വാണിജ്യ കൂടിക്കാഴ്ചകൾ. നാലു ദിനം നീണ്ട മാർട്ട് ചർച്ച ചെയ്തതു കേരളത്തിന്റെ അനന്തമായ ടൂറിസം സാധ്യതകളെക്കുറിച്ചും നേരിടേണ്ട വെല്ലുവിളികളെക്കുറിച്ചുമാണ്. 

കോവിഡ് പല രാജ്യങ്ങളുടെയും സ്വസ്ഥത കെടുത്തി ഇപ്പോഴും തുടരുന്നതിനാൽ വിദൂര ദേശങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വരവു സാധാരണ നിലയിലെത്താൻ ഇനിയും സമയമെടുത്തേക്കാം. അതുകൊണ്ടുതന്നെ അയൽരാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിനു നാം ഇപ്പോൾ മുൻഗണന നൽകണം. വെറും കാഴ്ചയല്ല പുതിയ കാലത്തിന്റെ സഞ്ചാരികൾ ആഗ്രഹിക്കുന്നത്. അതതു നാടുകളുടെ ജീവിതം അറിയാനും അനുഭവിക്കാനും ഇഷ്ടപ്പെടുന്നവരാണ് അവർ. അതുതന്നെയാണു കേരളത്തിന്റെ വലിയ സാധ്യതയും. പ്രകൃതിയുടെ മോഹിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം സാംസ്കാരികത്തനിമയും ഗ്രാമ്യജീവിതത്തിന്റെ നേരനുഭവങ്ങളും സമ്മാനിക്കാൻ നമുക്കു കഴിയും. 

ട്രാവൽ മാർട്ട് പ്രദർശന ഹാളിൽ ഒരുക്കിയ കൃത്രിമ തോടും മുള കൊണ്ടു നിർമിച്ച ചങ്ങാടവും ഒട്ടേറെ പ്രതിനിധികളെ ആകർഷിക്കുകയുണ്ടായി. വെറുതേ ഒന്നു ചുറ്റിക്കറങ്ങിയാൽ പോലും മനസ്സു നിറയ്ക്കുന്ന എത്രയോ കാഴ്ചകളും അനുഭവങ്ങളും കേരളത്തിനു സമ്മാനിക്കാൻ കഴിയുമെന്നതിന്റെ മുദ്രകളാണ് അവയെല്ലാം. സാഹസിക ടൂറിസം, ഉത്തരവാദിത്ത ടൂറിസം, ആയുർവേദം, പാചകപ്പെരുമ തുടങ്ങി വറ്റാത്ത കലവറകളാണു നമുക്കുള്ളതെന്നു ട്രാവൽ മാർട്ട് ലോകത്തോടു വിളിച്ചുപറഞ്ഞു.   

വനങ്ങളും മലകളും ജലാശയങ്ങളും സമ്പന്നമാക്കിയ നമ്മുടെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് ഏറെ അനുയോജ്യമാണ്. സർഫിങ്, പാരാഗ്ലൈഡിങ്, കനോയിങ്, റാഫ്റ്റിങ്, പാരാസെയ്‌ലിങ്, ട്രെക്കിങ്, മോട്ടർ ബൈക്ക് റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കു സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യം. ഇടുക്കിയിലും മലബാർ മേഖലയിലും സാധ്യതകളേറെയാണ്. ഗ്രാമീണ ജീവിതാനുഭവങ്ങൾക്ക് ഊന്നൽ നൽകുന്ന പാക്കേജുകളാണ് നമ്മുടെ ഉത്തരവാദിത്ത ടൂറിസം മിഷൻ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ഒരു പ്രദേശത്തെ സംസ്കാരം, ജീവിതശൈലി, ഭക്ഷണം, പരിസ്ഥിതി എന്നിവയുമായി അടുത്തിടപഴകാനുള്ള അവസരം സഞ്ചാരികൾക്കു ലഭ്യമാക്കുന്നു. നമ്മുടെ വള്ളംകളി പാരമ്പര്യത്തെയും മത്സരവീര്യത്തെയും പരിചയപ്പെടുത്തുന്ന കേരള ടൂറിസത്തിന്റെ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) പവിലിയൻ ശ്രദ്ധേയമായി. പുതുതായി ആരംഭിച്ച കാരവൻ ടൂറിസം മേളയിൽ പുതുമകൊണ്ടു വേറിട്ടുനിന്നു. 

കേരളമെന്ന മനോഹര ദേശത്തെ ആഗോള വിനോദസഞ്ചാര മേഖലയ്ക്കു മുന്നിൽ തിളക്കത്തോടെ അവതരിപ്പിക്കാൻ ആരംഭിച്ചതാണ് ട്രാവൽ മാർട്ട്. ഇതിന്റെ ഈ 11–ാം പതിപ്പ് ആഭ്യന്തര, വിദേശ ടൂർ ഓപ്പറേറ്റർമാരുടെ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഈ സ്വീകാര്യത സമീപഭാവിയിൽതന്നെ കേരളത്തിന്റെ ടൂറിസം ഖജനാവിലേക്കു മുതൽകൂട്ടുമെന്നും പ്രതീക്ഷിക്കാം. അതിനു പക്ഷേ, കോവിഡ് അനന്തര കാലവും സാങ്കേതികവിദ്യകളുടെ വിസ്ഫോടനവും കണക്കിലെടുത്തു നമ്മുടെ ടൂറിസം വ്യവസായം സ്വയം നവീകരിക്കേണ്ടതുണ്ട്.

രാജ്യാന്തര വിമാനത്താവളങ്ങൾ, തുറമുഖം, ട്രെയിൻ – ബസ്– മെട്രോ സർവീസുകൾ... എല്ലാമുണ്ടു നമുക്ക്. പക്ഷേ, കൊച്ചിയിൽ വന്നിറങ്ങുന്ന ഒരു സഞ്ചാരിക്കു മൂന്നാറിലോ വയനാട്ടിലോ എത്താൻ എത്ര മണിക്കൂർ റോഡിലൂടെ സഞ്ചരിക്കണം? എത്രയെത്ര ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കണം? വീതികുറഞ്ഞ മലയോരപാതകളിൽ മുന്നിൽ വലിയവാഹനങ്ങളുണ്ടെങ്കിൽ വലഞ്ഞതുതന്നെ. ഇത്തരം കുരുക്കുകൾ യാത്രക്കാരെ മടുപ്പിക്കുകയേയുള്ളൂ. നമ്മുടെ വിനോദസഞ്ചാരമേഖലയുടെ സമഗ്രവികസനം സാധ്യമാക്കാൻ സർക്കാരും ടൂറിസം ഏജൻസികളും കൂടുതൽ കാര്യക്ഷമതയോടെ മുന്നിൽനിൽക്കണം. 

കോവിഡ് അനന്തര കേരളത്തിന്റെ വലിയ സമ്പദ്പ്രതീക്ഷ കൂടിയായ ടൂറിസം മേഖല ഉയർന്നുപറക്കാൻ എത്രയുംവേഗം ബഹുമുഖ നടപടികൾ ഉണ്ടാകണമെന്ന് കേരള ട്രാവൽ മാർട്ട് ഓർമിപ്പിക്കുന്നു.

Content Highlights: Kerala Travel mart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com