അപരജീവിതം അളക്കുമ്പോൾ...

eye
SHARE

രാജാവ് മട്ടുപ്പാവിൽ വിശ്രമിക്കുമ്പോൾ ചിലന്തി വലകെട്ടുന്നതു ശ്രദ്ധയിൽപെട്ടു. പക്ഷേ, എത്രതവണ ശ്രമിച്ചിട്ടും ചിലന്തിക്കു നൂലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല. രാജാവ് സ്വയം പറഞ്ഞു. ഇത്തരം ജീവികളൊക്കെ എന്തിനു ജന്മമെടുത്തതാണ്. ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ഇവയെക്കൊണ്ടുണ്ടാകുമോ. 

മാസങ്ങൾക്കുശേഷം ശത്രുസൈന്യം രാജ്യം ആക്രമിച്ചു. തോറ്റോടിയ രാജാവിനു ഗുഹയിൽ ഒളിക്കേണ്ടിവന്നു. അവിടെയും ചിലന്തി വല നെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മണിക്കുറുകൾക്കു ശേഷമാണ് ശത്രുസൈന്യം ആ ഗുഹയുടെ മുന്നിലെത്തുന്നത്. പൊട്ടാത്ത ചിലന്തിവല വാതിൽക്കൽ കണ്ടപ്പോൾ ആ ഗുഹയിൽ ആരും കയറിയിട്ടുണ്ടാകില്ല എന്നുറപ്പിച്ചു ശത്രുസൈന്യം തിരിച്ചുപോയി.

അവനവന്റെ മൂശയിൽ അപരജീവിതം അളന്നെടുക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്ന ചില അബദ്ധങ്ങളും അപകടങ്ങളുമുണ്ട്. സ്വന്തം അഹന്തയിൽ നിന്നു മാത്രമേ മറ്റു ജീവിതങ്ങളെ നിരീക്ഷിക്കൂ, അനാദരവോടെയും അവഹേളനത്തോടെയുമാകും അപരിചിതരോട് ഇടപെടുക, വിഭിന്നമായവയെ അംഗീകരിക്കാൻ തയാറാകില്ല. ഓരോ ജീവിതത്തിനും അതിന്റേതായ തിരക്കഥകളും തിക്താനുഭവങ്ങളും തേയ്മാനങ്ങളുമുണ്ടാകും. പുറത്തുനിൽക്കുന്നവർക്ക് അജ്ഞാതമായ അത്തരം ലോകത്തെ സ്വന്തം അനുഭവങ്ങളുമായി മാത്രം താരതമ്യപ്പെടുത്തി വിലയിരുത്തുമ്പോഴാണ് അന്യരുടെ ജീവിതങ്ങൾ അടിസ്ഥാനരഹിതമാണെന്നു തോന്നുന്നത്. പ്രാണനുള്ളവയ്ക്കെല്ലാം അതതിന്റേതായ ചൂടും വെളിച്ചവുമുണ്ട്. 

ലോകത്തെ പ്രകാശിപ്പിക്കാനുള്ള വഴിവിളക്കാകുന്നില്ലെങ്കിലും സ്വയം ചലിക്കാനുള്ള റാന്തൽവിളക്കുണ്ട് ഓരോരുത്തരുടെയും കയ്യിൽ. സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ എത്ര സൂക്ഷ്മനിരീക്ഷണം നടത്തിയാലും പൂർണചന്ദ്രനെപ്പോലും കാണാനാകില്ല. ഇരുളാരംഭിച്ചാൽ അദൃശ്യമായിരുന്ന ചന്ദ്രശോഭ എത്ര ആകർഷകവും ആവശ്യവുമായിരുന്നു എന്നു മനസ്സിലാകും. അവരവർ പ്രസക്തരായിരിക്കുന്ന സ്ഥലത്തുവച്ച് എല്ലാവരെയും കണ്ടുമുട്ടാൻ സാധിച്ചാൽ അദ്ഭുത പ്രവർത്തകർ തിങ്ങിനിറഞ്ഞ ലോകം ദർശിക്കാൻ കഴിയും.

Content Highlights: Subhadinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA