മഹിന്ദ പതനം; തന്ത്രങ്ങൾ പിഴച്ച് രാജപക്സെ കുടുംബം

SRI LANKA-POLITICS-UNREST-ECONOMY
കൊളംബോയിൽ പ്രക്ഷോഭകരും സർക്കാർ അനുകൂലികളും ഏറ്റുമുട്ടിയപ്പോൾ. സമരക്കാരുടെ ടെന്റുകൾ വ്യാപകമായി തീവച്ചു നശിപ്പിച്ചു. ചിത്രം: എഎഫ്‌പി
SHARE

ശ്രീലങ്കയിൽ അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള മഹിന്ദയുടെ ശ്രമത്തിനു ദയനീയ പരാജയം. 13 വർഷം മുൻപൊരു മേയിൽ കൊണ്ടാടപ്പെട്ട മഹിന്ദ രാജപക്സെ മറ്റൊരു മേയിൽ വീണുപോയിരിക്കുന്നു. ജനത്തിന്റെ പ്രതിഷേധം പിടിച്ചുനിർത്താനാകാത്തവിധം രൂക്ഷം

പതിമൂന്നു വർഷം മുൻപ് ഇതുപോലെയൊരു മേയ് മാസത്തിലാണ് മഹിന്ദ രാജപക്സെ ലങ്കയുടെ കരുത്തനായി കൊണ്ടാടപ്പെട്ടത്. വൻ നേട്ടങ്ങളുമായി വിജയം കണ്ട രാഷ്ട്രീയ നേതാവായി അന്ന് – 2009ൽ – മഹിന്ദയെ ജനം നെഞ്ചിലേറ്റി. ശ്രീലങ്കയിലെ ഭൂരിപക്ഷമായ സിംഹളക്കാർ തെരുവുകളായ തെരുവുകളിലെല്ലാം കിരിബാത്ത് എന്ന പാൽച്ചോറ് (തേങ്ങാപ്പാലിൽ വേവിച്ച ചോറ്) വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു. സിംഹമുദ്രയുള്ള ലങ്കൻ പതാക എല്ലാ തെരുവുകളിലും ഉയർന്നു പാറി. 

ഇപ്പോഴിതാ മറ്റൊരു മേയ് മാസത്തിൽ, ലങ്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രധാനമന്ത്രിയായി പുറത്തുപോകേണ്ടി വന്നിരിക്കുന്നു. ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച വീരനായകനായി വാഴ്ത്തപ്പെട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സെയാകട്ടെ, ആ ദ്വീപുരാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ടവനായും മാറി. 

ശ്രീലങ്കയിൽ ചരിത്രം ആവർത്തിച്ചിരിക്കുന്നു. ഇത്തവണ, അതു പക്ഷേ രാജപക്സെ കുടുംബത്തിന്റെ ദുരന്തം കുറിക്കുന്നതാണെന്നു മാത്രം. അധികാരത്തിൽ തുടരാനും പ്രതിസന്ധി പരിഹരിക്കാനുമായി രാജപക്സെ കുടുംബം പയറ്റി നോക്കിയ സകല രാഷ്ട്രീയ തന്ത്രങ്ങളും ദയനീയമായി പരാജയപ്പെട്ടു. തെരുവിലിറങ്ങിയ ജനം പിന്മാറാൻ കൂട്ടാക്കാതെ നിശ്ചയദാർഢ്യത്തോടെ സമരം ചെയ്തു. 

ബുദ്ധമത  കേന്ദ്രമായ അനുരാധപുരയിൽ മഹിന്ദ രാജപക്സെയെ ജനക്കൂട്ടം ചോദ്യം ചെയ്തത് എതിർപ്പിന്റെ പരകോടിയായി ചരിത്രം കുറിച്ചു. ഇതൊന്നും മഹിന്ദ ഒരു കാലത്തും പ്രതീക്ഷിച്ചതല്ല. 

പ്രതിഷേധത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ

സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുമായി ഇടഞ്ഞതിനെത്തുടർന്നുള്ള കോലാഹലങ്ങൾക്കിടെയാണു മഹിന്ദയുടെ പാർട്ടിക്കാരനായ എംപി അമരകീർത്തി അതുകോറല സ്വയം വെടിവച്ചു മരിച്ചത്. അതു കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണു ബുദ്ധ ക്ഷേത്രത്തിൽ പോയ എംപി സനത് നിഷാന്തയുടെ വീടിനു പ്രതിഷേധക്കാരി‍ൽ ചിലർ തീവച്ചത്. 2019ൽ ഗോട്ടബയ രാജപക്സെ പ്രസിഡന്റായി സത്യവാചകം ചൊല്ലി അധികാരമേറ്റത് ഇവിടെ വച്ചായിരുന്നു. ബുദ്ധ ദേശീയതയെ തലോടുന്ന പ്രതീകാത്മക നടപടി. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയും ഒപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും മോശമാകുകയും ചെയ്തതോടെ രാജിയല്ലാതെ മഹിന്ദയ്ക്കു രക്ഷയില്ലെന്നു വന്നു. ജനങ്ങൾക്കു വേണ്ടി എന്തു ത്യാഗം സഹിക്കാനും തയാറെന്നാണു സ്ഥാനമൊഴിയുംമുൻപു മഹിന്ദ അനുയായികളോടു പറഞ്ഞത്.  

മഹിന്ദ രാജിവയ്ക്കുമെന്ന് ഇന്നലെ രാവിലെ തന്നെ സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ശ്രീലങ്ക പൊതുജന പെരമുന പാർട്ടി അനുയായികൾക്കിടയിലും സംസാരമുണ്ടായിരുന്നു. ടെംപിൾ ട്രീസ് വസതിക്കുമുന്നിൽ അനുയായികൾ തടിച്ചുകൂടി പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. ഏതാനും മണിക്കൂറിനുള്ളിൽ, അനുയായികൾ ഗോൾഫേസിലേക്കു നടന്നുചെന്ന് അവിടെയുണ്ടായിരുന്ന പ്രതിഷേധക്കാരെ ആക്രമിക്കാൻ തുടങ്ങി.  ഈ അക്രമസംഭവങ്ങളുടെ പേരിൽ‍ മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്ന നിലപാടാണ് ജാഫ്ന എംപി എം.എ. സുമന്തിരന്. ‘ പ്രതിഷേധക്കാർക്കിടയിലേക്ക് മഹിന്ദ അക്രമികളെ പറഞ്ഞുവിടുകയായിരുന്നു. ഇതിൽ നിയമം ഇടപെടണം. അക്രമരഹിതമായി ജനകീയ പ്രതിഷേധം മാസങ്ങളായി ഇവിടെ തുടർന്നു വന്നത് ലോകം കണ്ടു വിസ്മയിച്ചതാണ്. അത് അക്രമത്തിനു വഴിമാറിക്കൂടാ. അക്രമം അരുത്’ – സുമന്തിരൻ ജനങ്ങളോട് അപേക്ഷിച്ചു. 

തകിടം മറിഞ്ഞ് ലങ്ക, പോരാട്ടം കഠിനം

മഹിന്ദയുടെ രാജിയും പ്രതിഷേധക്കാർക്കുനേരെയുണ്ടായ അക്രമസംഭവങ്ങളും എല്ലാം വീണ്ടും തകിടം മറിച്ചിരിക്കുകയാണ്. രാജപക്സെക്കൂട്ടത്തെ അധികാരത്തിൽനിന്നു തുരത്താനുള്ള പോരാട്ടം ഇനി കൂടുതൽ കഠിനമാകും. ‘ശ്രീലങ്ക കനത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽപ്പെട്ടിരിക്കുന്നു. ഉടനെയൊന്നും ഒരു വഴിതെളിയുമെന്നു തോന്നുന്നില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ജനങ്ങൾക്കു സമാധാന അന്തരീക്ഷം ഒരുക്കാനും കെൽപുള്ള ഒരു രാഷ്ട്രീയ നേതാവും ഇവിടെയില്ല’ – രാഷ്ട്രീയ നിരീക്ഷകനായ നിലന്ദൻ മഹാദേവ ജാഫ്നയിൽനിന്ന് ‘ദ് വീക്കി’നോടു പറഞ്ഞു. 

സാമ്പത്തിക പ്രതിസന്ധി രൂപം കൊണ്ടു തുടങ്ങിയ 2022 ഫെബ്രുവരിയിൽത്തന്നെ രാജപക്സെമാരിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടിരുന്നു. വീട്ടുസാധനങ്ങളും ഇന്ധനവും വാങ്ങാൻ വരിനിന്നു മടുത്ത ജനം പ്രതിഷേധസമരങ്ങളിലേക്കു തിരിഞ്ഞു രാജിക്കായി മുറവിളി കൂട്ടി. മുഖം രക്ഷിക്കാനായി പ്രസിഡന്റ് ഗോട്ടബയ സഹോദരങ്ങളായ ചമൽ രാജപക്സെയെയും ബേസിൽ രാജപക്സെയെയും മന്ത്രിസഭയിൽനിന്നു നീക്കി.

രാഷ്ട്രീയ പരിഹാരം ഉടനൊന്നും സാധ്യമല്ലെന്നു വന്നാൽ ലങ്കയിൽ ഇനിയും നേതാക്കൾ ക്രൂരമായി കയ്യേറ്റം ചെയ്യപ്പെടുമെന്നാണു കൊളംബോയിലെ ആക്ടിവിസ്റ്റുകളും നിരീക്ഷകരും കരുതുന്നത്. രാജിവയ്ക്കാനോ എക്സിക്യൂട്ടീവ് അധികാരം ഉപേക്ഷിക്കാനോ ഗോട്ടബയയ്ക്ക് ഉദ്ദേശ്യമില്ലെന്നും കേൾക്കുന്നു. ‘ സമവാക്യങ്ങൾ ഒത്തുവന്നാൽ ഇടക്കാല സർക്കാരുണ്ടാകും. കാരു ജയസൂര്യയെ പ്രധാനമന്ത്രിയാക്കാനുള്ള നിർദേശം ഉയർന്നു കേൾക്കുന്നുണ്ട്’– നിലന്ദൻ മഹാദേവ പറഞ്ഞു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ദേശീയ സർക്കാർ ആശയവുമായി മുന്നോട്ടു പോകുമോയെന്നറിയാൻ സിംഹളക്കാർക്ക് ആകാംക്ഷയുണ്ട്. നിർദേശം പ്രേമദാസ നേരത്തേ അംഗീകരിച്ചതായിരുന്നു. ഇനി ഇടക്കാല സർക്കാർ വന്നെങ്കിൽത്തന്നെയും ഗോട്ടബയ അധികാരത്തിൽ കാണും. പ്രസിഡന്റ് അധികാരമേറ്റ് രണ്ടര വർഷത്തിനുള്ളിൽ പാർലമെന്റ് പിരിച്ചുവിടാ‍ൻ ശ്രീലങ്കൻ ഭരണഘടന അനുവദിക്കുന്നില്ല. 

ഇതിനിടെ, ലോക ബാങ്കിൽനിന്നു വായ്പയെടുക്കാനുള്ള ലങ്കൻ ശ്രമവും തുലാസിലാണ്. 1948ൽ സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇത്ര വലിയ പ്രതിസന്ധി ആദ്യമാണെന്നു ധനമന്ത്രി അലി സാബ്രി മേയ് 4നു പാർലമെന്റിൽ പറഞ്ഞിരുന്നു. ഇന്നലത്തെ അക്രമസംഭവങ്ങളും മഹിന്ദയുടെ രാജിയുമെല്ലാം ലോകബാങ്കുമായി തുടർചർച്ചകൾ വീണ്ടും വൈകിപ്പിക്കും. അതു രാജ്യത്തെ തള്ളിവിടുന്ന പ്രതിസന്ധിയുടെ ആഴം അപകടകരമാം വിധം വലുതായിരിക്കും.

English Summary: Sri Lanka crisis; Fall of Mahinda Rajapaksa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS