സർക്കാർ അറിയണം കർഷക സങ്കടം

HIGHLIGHTS
  • കാട്ടുപന്നിഭീഷണി നേരിടാൻ കേന്ദ്ര തീരുമാനം വൈകിക്കൂടാ
wild-boar
SHARE

കാലം തെറ്റിയ കാലാവസ്ഥ കൊണ്ടും യാഥാർഥ്യത്തിനു നിരക്കാത്ത പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനങ്ങൾ കൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണു മലയോര കർഷകർ. വെല്ലുവിളികൾ മറികടന്നു കൃഷി ചെയ്യുന്ന വിളകൾ കാട്ടുപന്നികൾ നശിപ്പിച്ചുതുടങ്ങിയതോടെ നട്ടെല്ലു തകർന്ന അവസ്ഥയിലുമായി ഇവർ. ഈ സാഹചര്യത്തിലാണ് കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി തേടി കർഷകർ സർക്കാരിനെ സമീപിച്ചത്. പരിസ്ഥിതി വിദഗ്ധർ ഉൾപ്പെടെ അനുകൂല നിലപാട് സ്വീകരിക്കുകയും വിഷയത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടും ഈ ആവശ്യത്തിനുമേൽ തീരുമാനമെടുക്കാതെ അടയിരിക്കുകയാണ് കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം.

പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ എല്ലാവരും ചെവികൊടുക്കുന്ന പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ തന്നെ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നു കഴിഞ്ഞദിവസം ആവശ്യപ്പെടുകയുണ്ടായി. ഓരോ പ്രദേശത്തെയും വന്യജീവി സ്രോതസ്സുകളുടെ സവിശേഷതകൾക്കനുസരിച്ച് തദ്ദേശ പങ്കാളിത്തത്തോടെ വേട്ടയാടൽ അനുവദിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മ്ലാവിനെയും കലമാനെയും വെടിവയ്ക്കാൻ അനുവദിക്കുന്ന സ്വീഡൻ–നോർവേ മാതൃകയും അദ്ദേഹം ഓർമിപ്പിക്കുന്നു.

മ്ലാവിനെയും കലമാനെയും വെടിവയ്ക്കാൻ അനുമതി വേണമെന്നു കേരളത്തിലെ കർഷകർ ആവശ്യപ്പെടുന്നില്ല. പക്ഷേ, ലക്ഷക്കണക്കിനു രൂപയുടെ കൃഷി നശിപ്പിക്കുകയും ഒന്നര വർഷത്തിനിടെ 23 പേരുടെ ജീവനെടുക്കുകയും ചെയ്ത കാട്ടുപന്നികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത് അത്രമേൽ ഗത്യന്തരമില്ലാത്ത സാഹചര്യത്തിലാണ്. മലയോരങ്ങളിൽ മാത്രമല്ല, നഗരപ്രദേശങ്ങളിൽ വരെ ഇപ്പോൾ കാട്ടുപന്നി ആക്രമണമുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു സംസ്ഥാന സർക്കാർ കർഷകർക്കൊപ്പം നിൽക്കുന്നുണ്ടെങ്കിലും കേന്ദ്രം പൂർണമായും മുഖം തിരിച്ചുനിൽക്കുകയാണ്.

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചു വെടിവയ്ക്കാൻ അനുമതി നൽകണമെന്ന കേരളത്തിന്റെ ശുപാർശ മൂന്നു തവണ കേന്ദ്രം തള്ളി. സംസ്ഥാനം സ്വന്തം നിലയ്ക്കു നൽകിയ അനുമതി ഒരു വർഷത്തേക്കുകൂടി നീട്ടിയിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ 2200 കാട്ടുപന്നികളെ വെടിവച്ചതായാണു കണക്ക്. അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കു കൂടി നൽകി, നടപടികളിലെ കാലതാമസം ഒഴിവാക്കാനും സംസ്ഥാനം ശ്രമിക്കുന്നു. 

ഇത്തരം നീക്കങ്ങളെല്ലാം ആശാവഹമാണെങ്കിലും വന്യജീവി സംരക്ഷണ നിയമത്തിലെ (1972) ഷെഡ്യൂളുകളുടെ പൊളിച്ചെഴുത്തു മാത്രമാണ് ആത്യന്തിക പരിഹാരം. ഒരുപരിധി വരെ സംരക്ഷണമുള്ള മൂന്നാം ഷെഡ്യൂളിലാണ് ഇപ്പോൾ കാട്ടുപന്നികൾ. പകരം അഞ്ചാം ഷെഡ്യൂളിലേക്കു മാറ്റിയാൽ മാത്രമേ ക്ഷുദ്രജീവിയായി കണക്കാക്കി നടപടിയെടുക്കാനാകൂ. സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോഴാണ് ഇക്കാര്യത്തിൽ കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം അനുമതി നൽകാറുള്ളത്. എന്നാൽ, കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അർഹിക്കുന്ന പ്രാധാന്യം കൽപിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണു കർഷകർ.

തോക്ക് ലൈസൻസ് ഉള്ളവർക്കു വനം വകുപ്പിന്റെ മുൻകൂർ അനുമതിയോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരമാണ് ഇപ്പോഴുള്ളത്. കേരളത്തിൽ എത്ര കർഷകർക്കു തോക്ക് ലൈസൻസുണ്ട് ? കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലെത്തിയാൽ, കർഷകർ ആദ്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ തേടിയിറങ്ങണം. പിന്നെ തോക്ക് ലൈസൻസുള്ളയാളെ കണ്ടെത്തണം. ഒടുവിൽ വെടിവയ്ക്കാനൊരുങ്ങുമ്പോഴേക്കും കാട്ടുപന്നികൾ കുത്തിമറിച്ച ക‍ൃഷിയിടം മാത്രം ബാക്കിയുണ്ടാകും. ഇതുസംബന്ധിച്ച കേസിൽ കക്ഷി ചേർന്ന കർഷകർക്കെല്ലാം കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി ഹൈക്കോടതി നൽകിയിരുന്നു. ഈ അനുമതി സംസ്ഥാനത്തെ എല്ലാ കർഷകർക്കും ലഭ്യമാക്കി സർക്കാരിനു നടപടിയെടുക്കാവുന്നതേയുള്ളൂ.

കോവിഡ് കാല പ്രശ്നങ്ങളിൽനിന്നും കടക്കെണിയിൽനിന്നും കർഷകർ ഇപ്പോഴും മുക്തരായിട്ടില്ല. സ്വന്തം മണ്ണിൽ അവർ ചൊരിയുന്ന വിയർപ്പു വെറുതെയാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കർഷകരുടെ വോട്ട് വാങ്ങുന്ന ഓരോ രാഷ്ട്രീയ കക്ഷിക്കുമുണ്ട്. വനത്തിനു ചുറ്റും നിലവാരമില്ലാത്ത സോളർ വേലിയും കിടങ്ങും മതിലും തീർത്ത് കോടികൾ കൊള്ളയടിച്ച് ഇനിയാരെയും പറ്റിക്കാനാകുമെന്നു തോന്നുന്നില്ല. കർഷകരുടെ നിലനിൽപാണ് രാജ്യത്തിന്റെ നിലനിൽപെന്നു മനസ്സിലാക്കി, അനുകൂല നടപടികളെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും തയാറാകണം.

English Summary: Wild boar menace Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA