ADVERTISEMENT

എൽഐസി ഓഹരി വിറ്റഴിക്കൽ തുടങ്ങിക്കഴിഞ്ഞു. എയർ ഇന്ത്യ വിൽപന പൂർത്തിയാക്കി. ഇനി ഷിപ്പിങ് കോർപറേഷന്റെ ഊഴമാണ്. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സ്വകാര്യവൽക്കരണ ഫയലിൽ 19 വർഷം മുൻപ്, ഷിപ്പിങ് മന്ത്രിയായിരുന്ന  വി.പി. ഗോയലാണ് ഒപ്പുവച്ചത്.  നടപടികൾ പൂർത്തിയായാൽ, വാണിജ്യ വ്യവസായ മന്ത്രിയായ മകൻ പിയൂഷ് ഗോയൽ ഈ വർഷം സാമ്പത്തികകാര്യ കാബിനറ്റ് സമിതിയുടെ അംഗീകാരത്തിനായി ഇതു സമർപ്പിക്കും. 

പത്തൊൻപതു വർഷം മുൻപ് ഷിപ്പിങ് മന്ത്രി എന്ന നിലയിൽ പിതാവാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുടെ സ്വകാര്യവൽക്കരണം അംഗീകരിക്കുന്ന ഫയലിൽ ഒപ്പുവച്ചത്. ഈ വർഷം നടപടികൾ യഥാസമയം പൂർത്തിയായാൽ വാണിജ്യ, വ്യവസായ മന്ത്രിയായ മകൻ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാമ്പത്തികകാര്യ കാബിനറ്റ് സമിതിയുടെ അംഗീകാരത്തിനു വിൽപന സമർപ്പിക്കും. 

എ.ബി.വാജ്‌പേയി മന്ത്രിസഭയിൽ ഷിപ്പിങ് മന്ത്രിയായിരുന്ന വി.പി.ഗോയലാണ് ഇന്ത്യയിലെയോ വിദേശത്തെയോ സ്വകാര്യ കമ്പനികൾക്കു ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാനുള്ള ശുപാർശ അംഗീകരിച്ചത്. എന്നാൽ, വിറ്റഴിക്കൽ നടപടി നീണ്ടുപോയി. രാജ്യത്ത് ഇന്ധനം, കൽക്കരി, വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെയെല്ലാം ചരക്കുനീക്ക ചുമതലയുള്ള ഏറ്റവും വലിയ കമ്പനിയുടെ വിറ്റഴിക്കൽ പൂർണമാക്കുന്ന തീരുമാനമെടുത്തത് 19 വർഷത്തിനുശേഷം നരേന്ദ്ര മോദി സർക്കാരാണ്. വി.പി.ഗോയലിന്റെ മകനും വാണിജ്യമന്ത്രിയുമായ പിയൂഷ് ഗോയലാണ് ഈ വർഷം ഇതു കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിനായി വയ്ക്കുന്നത്.

പ്രധാനമന്ത്രി വാജ്‌പേയിയും അന്നത്തെ വിറ്റഴിക്കൽ മന്ത്രിയായിരുന്ന അരുൺ ഷൂരിയുമാണ് എയർ ഇന്ത്യയുടെയും ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും വിൽപനയ്ക്കായി അരയുംതലയും മുറുക്കി രംഗത്തിറങ്ങിയത്. ബിസിനസ് എന്നതു സർക്കാരിന്റെ പണിയല്ല എന്നതായിരുന്നു ഇരുവരുടെയും നയം. എന്നാൽ, ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിലേറെയും ഈ നീക്കത്തിന് എതിരായിരുന്നു. സ്വകാര്യവൽക്കരണത്തോടു വിമുഖതയുണ്ടായിരുന്ന വി.പി.ഗോയലിനെ അനുനയിപ്പിക്കാൻ അരുൺ ഷൂരി മുന്നിട്ടിറങ്ങി. സർക്കാരിന്റെ സ്വകാര്യവൽക്കരണ തത്വം സംബന്ധിച്ചു പ്രധാനമന്ത്രി വാജ്‌പേയി തന്നെ നേരിട്ടു ഗോയലിനെ ബോധവൽക്കരിച്ചതോടെ അദ്ദേഹത്തിനു വഴങ്ങേണ്ടിവന്നു. അപ്പൊഴേക്കും വിറ്റഴിക്കൽ ഫയലിനു ധനകാര്യ, നിയമ മന്ത്രാലയങ്ങളുടെയും അനുമതി ലഭിച്ചുകഴിഞ്ഞിരുന്നു. ഷിപ്പിങ് കോർപറേഷന്റെ മുംബൈയിലെ ആസ്ഥാനമന്ദിരം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ എതിർവശമാണു സ്ഥിതി ചെയ്യുന്നത്. ഇതു സ്വകാര്യ കമ്പനിക്കു കൈമാറുന്നത് അന്നു മഹാരാഷ്ട്ര സർക്കാർ എതിർത്തതോടെ കരാർ വഴിമുട്ടി. താമസിയാതെ പൊതുതിരഞ്ഞെടുപ്പുവന്നു. വാജ്‌പേയി സർക്കാർ പരാജയപ്പെടുകയും ചെയ്തു.

10 വർഷം ഭരിച്ച മൻമോഹൻ സിങ് സർക്കാരും സ്വകാര്യവൽക്കരണത്തിനെതിരെ ബഹുതല പ്രതിഷേധങ്ങളെയാണ് അഭിമുഖീകരിച്ചത്. യുപിഎ സർക്കാരിനെ ആദ്യ നാലുവർഷം പുറമേ നിന്നു പിന്തുണച്ച ഇടതുപാർട്ടികൾ വിറ്റഴിക്കലിനെ ശക്തമായി എതിർത്തു. സർക്കാരിനുള്ളിൽ ഇടതുപക്ഷ മനോഭാവമുള്ള മന്ത്രിമാരായിരുന്ന അർജുൻ സിങ്, മണിശങ്കർ അയ്യർ, വയലാർ രവി എന്നിവരും വിയോജിപ്പ് അറിയിച്ചു. ഷിപ്പിങ് മന്ത്രാലയത്തിന്റെ ചുമതലയുള്ള യുപിഎ ഘടകകക്ഷിയായ ഡിഎംകെയും യോജിച്ചില്ല. അതേസമയം, യുപിഎ സർക്കാരിന്റെ കാലത്ത് ഒട്ടേറെ സ്വകാര്യ ഷിപ്പിങ് കമ്പനികളും സ്ഥാപനങ്ങളും വളർന്നുവികസിച്ചു. എങ്കിലും, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഭരണകാലത്ത് ഓരോ ദേശസാൽകൃത ഷിപ്പിങ് കമ്പനികൾകൂടി ലയിപ്പിച്ചു വിപുലമാക്കിയ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ തന്നെ ഏറ്റവും വലിയ സ്ഥാപനമായി മേധാവിത്വം പുലർത്തി തുടർന്നു. ഷിപ്പിങ് കോർപറേഷന് ആകെ 35 കൂറ്റൻ ചരക്കുകപ്പലുകളും എണ്ണടാങ്കറുകളുമുണ്ട്‌. വാർഷിക വിറ്റുവരവ് 24,000 കോടി രൂപയും. 

ചെലവുകൾക്കും ജനക്ഷേമപദ്ധതികൾക്കും സുരക്ഷാസംവിധാനങ്ങൾക്കുമായി കേന്ദ്രസർക്കാരിനു പണം ആവശ്യമാണ്. അതിനാൽ, മോദി സർക്കാരിൽ മുൻപു ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിക്ക് വിറ്റഴിക്കൽ നടപടികളോടു പൂർണ യോജിപ്പായിരുന്നു. ഇപ്പോൾ ധനമന്ത്രിയായ നിർമല സീതാരാമനും വിറ്റഴിക്കലിനെ പൂർണമായി പിന്താങ്ങുന്നു. പക്ഷേ, ആഗോള വിപണിയിൽനിന്നുള്ള പ്രതികരണം പിന്നെയും മന്ദീഭവിച്ചു. ഇത്തവണ ലേലം വീണ്ടും നീട്ടിയതു യുക്രെയ്‌നിലെ റഷ്യയുടെ ആക്രമണം മൂലമാണ്. ഇത്‌ ആഗോള ചരക്കുനീക്കം പ്രതിസന്ധിയിലാക്കി. രണ്ടുവർഷം നീണ്ട കോവിഡ് പ്രതിസന്ധിക്കുശേഷം രാജ്യാന്തര വ്യാപാരം പൂർവസ്ഥിതിയിലേക്കു വന്നുകൊണ്ടിരിക്കെയാണു യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യയുടെ വിറ്റഴിക്കലിനെയും തടസ്സപ്പെടുത്തിയത്‌. 

വലിയ നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആളില്ലായിരുന്നുവെങ്കിൽ, ലാഭകരമായ ഷിപ്പിങ് കോർപറേഷന്റെ കാര്യത്തിൽ സ്വകാര്യ കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ, കോർപറേഷന്റെ കപ്പലുകളും ഓയിൽ ടാങ്കറുകളുമെല്ലാം കുറെയധികം പഴകിയതായതിനാൽ സർക്കാരിനു വിലപേശലിൽ പുറകോട്ടു പോകേണ്ടതായും വന്നു. 

ജവാഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി സർക്കാരുകളുടെ ദേശസാൽക്കരണ നയങ്ങളോടു ശക്തമായ വിയോജിപ്പ് ബിജെപിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘത്തിനുണ്ടായിരുന്നു. തങ്ങൾ അധികാരത്തിലേറിയാൽ സ്വകാര്യവൽക്കരണനയം ആയിരിക്കും സ്വീകരിക്കുകയെന്നു ജനസംഘം പ്രഖ്യാപിച്ചിരുന്നു. അക്കാലത്തു ചണം, തുണി, കൽക്കരി വ്യവസായ രംഗത്തെ പ്രമുഖരെല്ലാം ജനസംഘത്തിന്റെ അനുഭാവികളായിരുന്നു. 

കോൺഗ്രസ് അവരുടെ വ്യവസായങ്ങളെ താമസിയാതെ ദേശസാൽക്കരിക്കുമെന്നും ജനസംഘം മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു. ഇക്കാരണത്താൽ, 1999ൽ എൻഡിഎ അധികാരത്തിലേറിയപ്പോൾ വാജ്‌പേയി സർക്കാർ ആദ്യം ചെയ്തതു വിറ്റഴിക്കൽ വകുപ്പിനു രൂപം നൽകുകയാണ്. നരേന്ദ്ര മോദി സർക്കാരും അതേ സാമ്പത്തിക തത്വശാസ്ത്രമാണു പിന്തുടരുന്നത്. 

ഇപ്പോൾ ബിജെപിക്കു പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ കഴിഞ്ഞ ഏഴു വർഷമായി നരേന്ദ്ര മോദി സർക്കാർ ബദ്ധശ്രദ്ധമായിരിക്കുന്നതു പൊതുമേഖലയെ കഴിയുന്നത്രയും വെട്ടിനിരത്താനാണ്. കോവിഡ് മഹാമാരിക്കു തൊട്ടുപിന്നാലെ, സ്വകാര്യവൽക്കരണത്തിന്റെ ചുമതലയുള്ള ധനമന്ത്രി നിർമല സീതാരാമൻ എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടു. എയർ ഇന്ത്യയുടെ വിൽപനയും പൂർത്തിയാക്കി. അടുത്തതു ഷിപ്പിങ് കോർപറേഷനാണ്.

English Summary: Shipping corp of India privatisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com