ADVERTISEMENT

രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷമാകുമ്പോൾ നമ്മുടെ ജനാധിപത്യവും ആ പ്രായത്തിന്റെ പക്വത കൈവരിക്കേണ്ടതാണെങ്കിലും പല കാര്യങ്ങളിലും അങ്ങനെയല്ലെന്നു വർത്തമാനകാലം നമ്മോടു പറയുന്നു. ജനാധിപത്യസംവിധാനത്തിൽ, രാഷ്ട്രപുരോഗതിക്കെന്നതുപോലെ ബഹുസ്വരത നിലനിർത്തുന്നതിനും അഭിപ്രായസ്വാതന്ത്ര്യം പരമപ്രധാനമാണ്. ഈ അഭിപ്രായസ്വാതന്ത്ര്യത്തെ തോന്നിയപോലെ വ്യാഖ്യാനിക്കുമ്പോൾ, എതിർസ്വരങ്ങൾക്കു വിലങ്ങു വീഴുമ്പോൾ, മങ്ങലേൽക്കുന്നതു നമ്മുടെ മഹനീയ ജനാധിപത്യത്തിനാണ്. പുനഃപരിശോധന വഴി സർക്കാർ തീരുമാനമെടുക്കുംവരെ രാജ്യദ്രോഹ വകുപ്പു പ്രയോഗിക്കുന്നതു മരവിപ്പിക്കാൻ ഇടക്കാല ഉത്തരവിലൂടെ നൽകിയ നിർ‍ദേശം അതുകെ‍ാണ്ടുതന്നെ സമീപകാലത്ത് സുപ്രീം കോടതിയിൽനിന്നുണ്ടായ ഇടപെടലുകളിൽ ചരിത്രപരമായി തലയെടുപ്പുള്ളതാകുന്നു. 

രാജ്യതാൽപര്യവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ മറ്റു പല നിയമങ്ങളും നിലവിലുള്ളപ്പോൾ എന്തിനുമേതിനും രാജ്യദ്രോഹത്തിന്റെ ചാപ്പ കുത്തുന്നതാണ് പരമോന്നത കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഭരിക്കുന്നവർക്കെതിരായ വിയോജന ശബ്ദങ്ങളെ രാജ്യത്തിനുതന്നെ എതിരായതെന്നു മുദ്രകുത്താൻവരെ പ്രഹരശേഷിയുള്ള, 152 വർഷമായി ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമായ വകുപ്പാണു താൽക്കാലികമായെങ്കിലും കോടതി മരവിപ്പിച്ചിരിക്കുന്നത്. 124 എ വകുപ്പുപ്രകാരം 2014–’21 കാലയളവിൽ രാജ്യത്തു 442 കേസുകളെടുത്തിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ 206 കേസുകളിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം നൽകിയിട്ടുള്ളത്. കുറ്റക്കാരെന്നു വിധിച്ചതാകട്ടെ എട്ടുപേരെ മാത്രവും. സർക്കാർ ഇതര സംഘടനകൾ നടത്തിയ പഠനത്തിൽ ആകെ കേസുകൾ ഇതിലുമധികമാണ്.

അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധനയിലാകുമെങ്കിലും രാജ്യദ്രോഹം സംബന്ധിച്ച 124എ വകുപ്പിനു തൽക്കാലം പ്രാബല്യമില്ലെന്നാണ് ഇന്നലെ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഊന്നിപ്പറഞ്ഞത്. ഈ വകുപ്പുപ്രകാരം പുതുതായി കേസെടുക്കാനോ നിലവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളിൽ നടപടി തുടരാനോ കഴിയില്ല. പുനഃപരിശോധന പൂർത്തിയാകുന്നതുവരെ നിയമം ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതനുസരിച്ചു പ്രവർത്തിക്കുമെന്നു കരുതുന്നതായും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലിലുള്ളവർക്കു ജാമ്യം തേടി കോടതിയെ സമീപിക്കാമെന്നു വാക്കാൽ പറയുകയും ചെയ്തു. 

ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹ വകുപ്പ് ബ്രിട്ടിഷുകാർ ഉൾപ്പെടുത്തിയത് 1870ൽ ആണ്. എന്നാൽ, വിമർശനസ്വഭാവമുള്ള അഭിപ്രായപ്രകടനങ്ങൾ ബ്രിട്ടനിൽ പിന്നീടു കുറ്റകരമല്ലാതാക്കി. ജനാധിപത്യമെന്നാൽ, ജനങ്ങളുടെ തുറന്ന ചർച്ചകളിലൂടെയുള്ള സർക്കാരാണെന്നും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഏതു ജനാധിപത്യ സമൂഹത്തിന്റെയും അടിസ്ഥാനമാണെന്നും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഭിപ്രായസ്വാതന്ത്ര്യക്കേസിൽ (റൊമേഷ് ഥാപ്പറും മദ്രാസ് സർക്കാരും തമ്മിൽ – 1950) സുപ്രീം കോടതി വ്യക്തമാക്കിയതാണ്. 124എ വകുപ്പ് ഭരണഘടനാപരമായി ശരിയെന്ന് 1962ൽ സുപ്രീം കോടതി വിധിച്ചെങ്കിലും ഈ വകുപ്പു പ്രയോഗിക്കുന്നതിന് അന്നു വ്യക്തമായ മാർഗരേഖ നൽകിയിരുന്നു. പക്ഷേ, മാർഗരേഖ പാലിക്കപ്പെടുന്നില്ലെന്നും നിയമവാഴ്ചയെന്ന േപരിൽ 124എയുടെ ദുരുപയോഗമാണു നടക്കുന്നതെന്നും കോടതി പിന്നീടു വിലയിരുത്തി. 

ഈ വകുപ്പു കാലഹരണപ്പെട്ടില്ലേ എന്നു കഴിഞ്ഞ വർഷംതന്നെ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചിരുന്നു. ബ്രിട്ടിഷുകാർ ഇന്ത്യ ഭരിച്ചകാലത്ത് സ്വാതന്ത്ര്യസമരസേനാനികളെ നിശ്ശബ്ദരാക്കാൻ കൊണ്ടുവന്ന വകുപ്പിനു ജനാധിപത്യ ഇന്ത്യയിൽ എന്തു പ്രസക്തിയെന്ന ചോദ്യവും അദ്ദേഹം ഉയർത്തുകയുണ്ടായി. ഈ വകുപ്പ് രാഷ്ട്രീയ ആയുധമാണെന്ന് 1922ൽ രാജ്യദ്രോഹത്തിനു ബ്രിട്ടിഷുകാരുടെ ശിക്ഷ നേരിട്ട മഹാത്മാഗാന്ധിതന്നെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷവും, മാറിമാറിവന്ന സർക്കാരുകളും അവയുടെ അധികാര സംവിധാനങ്ങളും 124എ വകുപ്പിനെ പലപ്പോഴും രാഷ്ട്രീയ ആയുധമായിത്തന്നെ ഉപയോഗിക്കുന്നുവെന്നതാണ് ഇന്ത്യൻ അനുഭവം. 

നിയമം ദുരുപയോഗിക്കപ്പെടുന്നു എന്നു സമ്മതിച്ച്, പുനഃപരിശോധനയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം അറിയിച്ച കേന്ദ്ര സർക്കാരിൽനിന്നു പക്ഷേ, വ്യത്യസ്തമായ അഭിപ്രായമാണ് ഇന്നലെയുണ്ടായത്. 124എ മരവിപ്പിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി വ്യക്തതയോടെ സംസാരിച്ചെങ്കിലും സർക്കാർ എതിർക്കുകയായിരുന്നു.

രാജ്യസ്നേഹം ആരുടെയെങ്കിലും കുത്തകയല്ല എന്നതുപോലെതന്നെ പ്രസക്തവും പ്രധാനവുമാണു രാജ്യദ്രോഹത്തിന്റെ വ്യാഖ്യാനം അധികാര താൽപര്യങ്ങൾക്കു വിട്ടുകൊടുക്കാനാവില്ല എന്നതും. അതേസമയം, ഇപ്പോഴുണ്ടായ വിലക്കിന്റെ പേരിൽ, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ദേശീയ സുരക്ഷാ നിയമം പോലെയുള്ളവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും കോടതി മുന്നിൽ കാണണം. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു വ്യക്തമായ മാർഗനിർദേശം കോടതിയിൽനിന്നു തുടർന്നും ഉണ്ടാകുകയും വേണം.

English Summary: Supreme court; Sedition law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com