ഭാഷകൊണ്ട് മുറിക്കരുതേ

tharoor-line
SHARE

അവസരങ്ങൾ എത്തിപ്പിടിക്കാനുള്ള ഉപകരണമാണ് ഭാഷ; അടിച്ചമർത്താനുള്ള ആയുധമല്ല. ഇംഗ്ലിഷോ ഹിന്ദിയോ വിദേശഭാഷകളോ ആകട്ടെ, അവ പ്രയോജനപ്പെടുമെങ്കിൽ ജനങ്ങൾ അത് സ്വായത്തമാക്കും. എന്നാൽ, അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കും. അടിച്ചമർത്തൽ എതിർക്കപ്പെടുക തന്നെ വേണം, എപ്പോഴും.

ഹിന്ദിയിലൂടെയുള്ള ആശയപ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് (അത് എത്രപേർ വായിക്കുന്നു എന്നതു വേറെ കാര്യം) ഈയാഴ്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് കേന്ദ്ര സർക്കാർ എട്ടു ലക്ഷം യുഎസ് ‍ഡോളർ (ഇപ്പോഴത്തെ നിരക്കിൽ 6.2 കോടി രൂപ) സംഭാവന ചെയ്ത വാർത്തയെപ്പറ്റി ശക്തമായ പ്രതികരണമൊന്നും എവിടെയും കണ്ടില്ല. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ നിരന്തരം പോരാടുന്ന തെക്കേഇന്ത്യക്കാർ പോലും നികുതിപ്പണത്തിന്റെ ഈ ദുർവ്യയത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരണത്തിനു തുനിഞ്ഞില്ല. ഒരുപക്ഷേ, പത്തു ദിവസം മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷ ബഹുമാനമില്ലാതെ വീണ്ടും ഹിന്ദിയെ ‘ഇണക്കുഭാഷ’യായി വിശേഷിപ്പിച്ചതും തുടർന്ന് ‘അന്നും ഇന്നും എന്നും ഹിന്ദി തന്നെയാണു നമ്മുടെ മാതൃഭാഷയും ദേശീയഭാഷയും’ എന്ന നടൻ അജയ് ദേവ്ഗണിന്റെ അഭിപ്രായ പ്രകടനവുമെല്ലാം കണ്ടും കേട്ടും അവർ മടുത്തിരിക്കണം. ഇത്രയും നാൾ ഹിന്ദി തീവ്രവാദക്കാരോട് അവരുടെ ഈ ഭാഷാഭ്രാന്ത് രാജ്യത്തിന്റെ ഐക്യം അപകടത്തിലാക്കുമെന്നു വിശദീക‌രിച്ചുകൊണ്ടിരുന്നവർ പോലും നിരാശയോടെ ചിന്തിക്കുകയാണ്– ഇവർ ഒരിക്കലും ഒന്നും പഠിക്കില്ല. 

ഇതിനൊക്കെ പുറമേ, ബിജെപി സഖ്യകക്ഷിക്കാരനായ യുപി മന്ത്രി സഞ്ജയ് നിഷാദ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നു– ‘‘ഹിന്ദുസ്ഥാൻ ഹിന്ദി സംസാരിക്കാത്തവരുടെ നാടല്ല. അവർ ഈ രാജ്യംവിട്ട് വേറെ എവിടെയെങ്കിലും പൊയ്ക്കൊള്ളണം’’. ഹിന്ദു രാഷ്ട്രവക്താക്കൾ വിമർശകരോടു പറയുന്നത് ഇതാണ്– ‘‘നിങ്ങൾ പാക്കിസ്ഥാനിലേക്കു പൊയ്ക്കൊള്ളുക’’. ‘ഹിന്ദി രാഷ്ട്രവാദികൾ’ ആഗ്രഹിക്കുന്നതു മറ്റു ഭാഷക്കാർ സ്ഥലം വിടണമെന്നാണ്; ഇന്ത്യ ഹിന്ദിക്കാർക്കായി ഒഴിച്ചിട്ടുകൊണ്ട്.

ഇത്തരം വാദങ്ങൾ എത്രമാത്രം പരിഹാസ്യമാണെന്നു നോക്കുക. രാജ്യത്തെ പകുതിയോളം ജനങ്ങൾ ഹിന്ദി സംസാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നവരല്ല. മറ്റേ പകുതിയിലെ ഹിന്ദിക്കാരിൽ ഉൾപ്പെടുന്നവരോ, യഥാർഥത്തിൽ ഭോജ്പുരിയും അവധിയും മൈഥിലിയും മാർ‌വാഡിയും അതുപോലെയുള്ള ചെറുഭാഷകളും തങ്ങളുടെ മാതൃഭാഷയാണെന്ന് അവകാശപ്പെടുന്നവരും. 

നമ്മുടെ രാജ്യം ഭരിക്കുന്ന അതിവൈകാരിക ഹിന്ദുത്വവാദികൾ ഇന്ത്യയുടെ മനോഹരമായ വൈവിധ്യങ്ങൾ അതിന്റെ സമ്പത്തും ശക്തിയുമാണെന്നു തിരിച്ചറിയുന്നില്ല. അവരുടെ കണ്ണിൽ ഒരു യഥാർഥരാഷ്ട്രത്തിന് ഒറ്റ ദേശീയമതവും ഒറ്റ ദേശീയഭാഷയും വേണം. അതുകൊണ്ടു മുദ്രാവാക്യം:‘ഹിന്ദി–ഹിന്ദു–ഹിന്ദുസ്ഥാൻ’.

ഹിന്ദി അടിച്ചേൽപിക്കുന്നതിനുള്ള നീക്കം അറുപതുകളുടെ മധ്യത്തിൽ വലിയ കലാപങ്ങളിലേക്കു നയിക്കുകയും നൂറുകണക്കിനു പേരുടെ ജീവഹാനിക്കിടയാക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണു ഹിന്ദിക്കും ഇംഗ്ലിഷിനും പ്രാദേശിക ഭാഷയ്ക്കും തുല്യപദവി നൽകിക്കൊണ്ടുള്ള ‘ത്രിഭാഷാ പദ്ധതി’ എന്ന അനുരഞ്ജനം ഉണ്ടായത്. ആ ഫോർമുല പക്ഷേ, സ്വീകരിക്കപ്പെടുന്നതിനെക്കാൾ കൂടുതലും ലംഘിക്കപ്പെടുകയാണുണ്ടായത്. 

ഒരു ഉത്തരേന്ത്യൻ സംസ്ഥാനവും തെന്നിന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നില്ല. കേരളത്തിൽ ഹിന്ദി പ്രചാരസഭയ്ക്ക് അനേകം സ്വീകർത്താക്കൾ ഉണ്ടായെങ്കിലും തമിഴ്നാടാകട്ടെ സർക്കാർ സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കേണ്ടെന്ന നിലപാടെടുത്തു; ഹിന്ദിപഠനം നിർബന്ധമുള്ള ജവാഹർ നവോദയ വിദ്യാലയങ്ങൾക്കു സംസ്ഥാനത്ത് അനുമതി നൽകേണ്ടെന്നു തീരുമാനിക്കുകപോലും ചെയ്തു.

ഫലത്തിൽ ഇന്ത്യയ്ക്കു രണ്ട് ഔദ്യോഗിക ഭാഷകളാണുള്ളത്– ഇംഗ്ലിഷും ഹിന്ദിയും. സംസ്ഥാനങ്ങൾ ഔദ്യോഗിക രേഖകൾ ഇറക്കാൻ അവരവരുടെ ഭാഷകൾ കൂടി ഉപയോഗിച്ച് ഇതിനെ പൂരിപ്പിക്കുന്നു. ഏഴു പതിറ്റാണ്ടായി ഈ അനുര‍‍ഞ്ജന സമ്പ്രദായം ഫലപ്രദമായി നീങ്ങുകയാണ്. പക്ഷേ, ഭാഷാഭ്രാന്തു മൂത്ത നിലവിലെ ഭരണകർത്താക്കൾക്ക് ഈ നല്ലനടപ്പ് പിടിക്കുന്നില്ല.

ഭാഷ എന്നത് അവസരങ്ങൾ എത്തിപ്പിടിക്കാനുള്ള ഉപകരണമാണ്; അടിച്ചമർത്താനുള്ള ആയുധമല്ല. ഇംഗ്ലിഷോ ഹിന്ദിയോ വിദേശഭാഷകളോ ആകട്ടെ, തൊഴിലവസരങ്ങൾക്കും തൊഴിലിലെ ഉന്നതിക്കും പ്രയോജനപ്പെടുമെങ്കിൽ ജനങ്ങൾ അവ  സ്വായത്തമാക്കും. എന്നാൽ ആരെങ്കിലും അവ അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ അവർ അതിനെ എതിർക്കും. അടിച്ചമർത്തൽ എതിർക്കപ്പെടുക തന്നെ വേണം, എപ്പോഴും.

ഇഷ്ടമില്ലാത്തവരെ ഹിന്ദി വിഴുങ്ങാൻ നിർബന്ധിച്ചാൽ അതു സാരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇപ്പോൾത്തന്നെ, വിവിധ മതവിശ്വാസികൾ സമാധാനപരമായ സഹവർത്തിത്വത്തോടെ ജീവിക്കുന്നതിനു തുരങ്കം വയ്ക്കാൻ വാശി കാണിക്കുകയാണു കേന്ദ്ര സർക്കാർ. അവിശ്വാസത്തിന്റെയും അതിവൈകാരികതയുടെയും അരങ്ങിലേക്ക് ഭാഷയെക്കൂടി വലിച്ചിട്ടാൽ ഇന്ത്യയെ കീറിമുറിക്കുകയാവും ഫലം.

അമേരിക്കക്കാരുടെ മനോഹരമായ ഒരു പ്രയോഗമുണ്ട്– ‘പൊട്ടാത്ത പാത്രം വിളക്കിച്ചേർക്കേണ്ട കാര്യമില്ല’. നന്നായി പ്രവർത്തിക്കുന്ന യന്ത്രത്തിന് അറ്റകുറ്റപ്പണി ആവശ്യമില്ല. വിവിധ മാതൃഭാഷകൾ സംസാരിക്കുന്ന ഇന്ത്യക്കാർ ഇവിടെ ഐക്യപ്പെട്ടു മുന്നേറുകയാണ്. അതുകൊണ്ട് ബഹുമാനപ്പെട്ട അമിത് ഷാ, അജയ് ദേവ്ഗൺ, സഞ്ജയ് നിഷാദ്, നിങ്ങൾ പരസ്പരം ഹിന്ദിയിൽ സംസാരിച്ചോളൂ, ബാക്കിയുള്ള ‍ഞങ്ങളെ വെറുതേ വിട്ടേക്കൂ.

English Summary: Shashi Tharoor on Hindi Controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA