ADVERTISEMENT

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എത്തുമ്പോൾ യുഡിഎഫിലും എൽഡിഎഫിലുമുണ്ട് മാറ്റങ്ങൾ. 15 വർഷമായി തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിച്ചിരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും പകരം നേതൃസ്ഥാനത്ത് സതീശനും സുധാകരനും. എൽഡിഎഫിൽ വിജയരാഘവനുപകരം കൺവീനറായി ഇ.പി.ജയരാജനും. തന്ത്രങ്ങളൊരുക്കി ഒപ്പം മന്ത്രി പി.രാജീവും. ഈ നേതൃത്വങ്ങളുടെ ഭാഗ്യപരീക്ഷണത്തിനും സർക്കാരിന്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണത്തിനും തൃക്കാക്കര വേദിയാകും

അവിസ്മരണീയമായ വർണക്കാഴ്ചകൾ വീണ്ടും സമ്മാനിച്ച് തൃശൂർ പൂരം ഉപചാരം ചൊല്ലി പിരിഞ്ഞതേയുള്ളൂ. അയൽ ജില്ലയിലെ തൃക്കാക്കരപ്പൂരത്തിൽ ചെറുപൂരങ്ങളുടെ വരവായിട്ടുണ്ട്. ചില രാഷ്ട്രീയ കുടമാറ്റങ്ങൾ അതിനിടയിൽതന്നെ കേരളത്തിന്റെ ശ്രദ്ധ ആകർഷിച്ചും കഴിഞ്ഞു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ തൃക്കാക്കരയിൽ കോൺഗ്രസുകാരെ സംബന്ധിച്ച പ്രകടമായ മാറ്റം എന്താണ്? ഉത്തരം ഉടനെ വരും. പി.ടി.തോമസ് കടന്നുപോയി; അദ്ദേഹത്തിന്റെ പിൻഗാമിയായി ഭാര്യ ഉമ തോമസ് സ്ഥാനാർഥിയായി. അതിലും വലിയ ശരി എന്നു കരുതാവുന്ന മറ്റൊരു ഉത്തരമുണ്ട്. കഴിഞ്ഞ 15 വർഷമായി തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ നയിച്ചിരുന്ന നേതൃത്വം തൃക്കാക്കരയോടെ മാറി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ ഉമ്മൻ ചാണ്ടി– രമേശ് ചെന്നിത്തല ദ്വയമാണു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പടക്കപ്പലിന് അമരക്കാരായിരുന്നത്. ഇന്നു മുന്നണിയുടെ പടനായകർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമാണ്. പുതിയ നേതൃത്വത്തിന്റെ ആദ്യ യുദ്ധഭൂമിയാണു തൃക്കാക്കര. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ‘ചിന്തൻ ശിബിര’ത്തിനു ശേഷം തൃക്കാക്കര കേന്ദ്രീകരിക്കുകയാണ് എന്നതു ശരി. പക്ഷേ, പട നയിക്കുന്നത് അവരല്ല, കോൺ‍ഗ്രസുകാരുടെ ഭാഷയിൽ ‘വിഡിയും കെഎസും’ ആണ്. ആ പുതിയ നേതൃത്വത്തിന്റെ ‘ലിറ്റ്മസ് ടെസ്റ്റ്’കൂടിയാണ് തൃക്കാക്കര. 

കണ്ണൂർ പോരാളികൾ നേർക്കുനേർ

തൃക്കാക്കരപ്പൂരം എത്തിയപ്പോൾ ഇടതു നേതൃത്വത്തിലുമുണ്ടു ചില കുടമാറ്റങ്ങൾ. കോടിയേരി ബാലകൃഷ്ണൻ അവധിയിലായിരുന്നതിനാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് എ.വിജയരാഘവനായിരുന്നു സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറി. എൽഡിഎഫ് കൺവീനർ കൂടിയായിരുന്ന വിജയരാഘവൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായി ഡൽഹിയിലേക്കു പ്രവർത്തനം വീണ്ടും മാറ്റിയതോടെ കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ മുന്നണി തലപ്പത്തേക്കു വന്നു. തൃക്കാക്കരയിൽ പാർട്ടിയുടെ മുഖ്യ സംഘടനാചുമതലയും അദ്ദേഹത്തിനു തന്നെ. അതുവഴി, കണ്ണൂരിലെ മല്ലന്മാരും ചിരവൈരികളുമായ കെ.സുധാകരനും ജയരാജനും തൃക്കാക്കരയിൽ നേർക്കുനേർ നിൽക്കുന്നു. 

ഏതു തിരഞ്ഞെടുപ്പിലും പാർട്ടി അണികൾക്കും പ്രവർത്തകർക്കും ആത്മവിശ്വാസം നിറഞ്ഞ സാന്നിധ്യമായ കോടിയേരി, അമേരിക്കയിൽ ചികിത്സയിലാണ്. ചികിത്സയും വിശ്രമവും നീണ്ടാൽ നേതൃത്വത്തിലേക്കു വന്ന ശേഷം കോടിയേരിക്കു മാറിനിൽക്കേണ്ടി വരുന്ന ആദ്യ തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. യുഎസിൽനിന്നു തന്നെ ചികിത്സ കഴിഞ്ഞെത്തിയ പിണറായി വിജയന് അതോടെ അധിക ഉത്തരവാദിത്തമാകും. 

ആകെ ഉണ്ടായിരുന്ന നേമവും അടിയറവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ പൂജ്യരായ ബിജെപിയിലാണ് ഒരു മാറ്റവും സംഭവിക്കാത്തത് എന്നതു കൗതുകകരം. നേതൃത്വം മാറണമെന്ന വൻ മുറവിളി ഉയർന്നിട്ടും പി.കെ.കൃഷ്ണദാസ് പക്ഷത്തിന്റെ കൊണ്ടുപിടിച്ച നീക്കങ്ങൾ നടന്നിട്ടും കെ.സുരേന്ദ്രൻ അമരത്തു കുലുങ്ങാതെ തുടരുന്നു. 2021ൽ പാർട്ടിയെ നയിച്ച വി.മുരളീധരൻ– കെ.സുരേന്ദ്രൻ അച്ചുതണ്ട് തന്നെയാണു കേരള ബിജെപിയുടെ നിയന്ത്രണം കയ്യാളുന്നത്. എറണാകുളത്തും തൃശൂരിലുമായി പലതവണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുതിർന്ന നേതാവ് എ.എൻ. രാധാകൃഷ്ണനെയാണ് അവർ തൃക്കാക്കരയിൽ സ്ഥാനാർഥിയായി കണ്ടെത്തിയതും. 

പോര് കൊഴുപ്പിക്കാൻ പതിവുശൈലി വിട്ട്

എറണാകുളം ജില്ലയിൽനിന്ന് കേരള രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളാകാൻ കഴിയുന്ന രണ്ടു ഭാവിവാഗ്ദാനങ്ങളെ 2001ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ ‘മലയാള മനോരമ’ അവതരിപ്പിച്ചിരുന്നു. പറവൂർ– കളമശേരി വിഭാഗങ്ങൾ എന്ന പോലെ അവരാണ് തൃക്കാക്കരപ്പൂരത്തിൽ മുഖാമുഖം നിൽക്കുന്നത്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ പി.രാജീവും. രണ്ടു മുന്നണികളുടെയും സ്ഥാനാർഥികളെ നിശ്ചയിച്ച ഇവർ തന്നെയാണു തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും മുഖ്യപങ്ക് വഹിക്കുന്നത്. മുന്നണികളുടെ പോര് ദിവസവും കൊഴുപ്പിക്കുന്നതും ഇവർ തന്നെ. 

അപ്രതീക്ഷിതവും ധീരവുമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതിനു പകരം ആരെയും അസ്വസ്ഥരാക്കാത്ത സുരക്ഷിതപാത ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സ്വീകരിക്കുന്നുവെന്ന പരാതി അവരോടു തന്നെ നിരന്തരം ഉന്നയിച്ചിരുന്നയാളാണു സതീശൻ. 

ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയത്തെ തന്ത്രജ്ഞതയോടെ കൈകാര്യം ചെയ്യുക എന്ന പതിവുശൈലി വിട്ട് രാഷ്ട്രീയം ഉരുത്തിരിയേണ്ടത് എങ്ങനെയായിരിക്കണമെന്നു നമ്മൾ തന്നെ നിശ്ചയിക്കണമെന്ന വാദമാണ് അദ്ദേഹം മുന്നോട്ടു വച്ചിരുന്നത്. 

അജൻഡ സ്വയം സൃഷ്ടിക്കണമെന്ന ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിത്വത്തിനു പിന്നിൽ ബാഹ്യശക്തികളാണെന്ന ആരോപണം സതീശൻ ഉന്നയിച്ചത്. സഭയും സ്ഥാനാർഥിയും തമ്മിലെ ബന്ധം ദ്യോതിപ്പിച്ച സതീശന്റെ ആക്രമണോത്സുകത സംബന്ധിച്ച് ചില മുറുമുറുപ്പുകൾ കോൺഗ്രസിൽ ഉയർന്നെങ്കിലും തന്റെ ആരോപണം ചർച്ചാവിഷയമാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 

സർക്കാരാണു നിങ്ങളുടെ മുഖ്യശത്രുവെങ്കിൽ സ്ഥാനാർഥിയെ നിർത്തി സർക്കാർ വിരുദ്ധ വോട്ടുകൾ ചിതറിപ്പിക്കണോയെന്ന സതീശന്റെ ചോദ്യം പോർക്കളത്തിൽ നിന്നു പിൻവാങ്ങാനുള്ള ട്വന്റി20 തീരുമാനത്തെയും സ്വാധീനിച്ചു. 

തൃക്കാക്കര പോലെ ഉള്ളം കയ്യിലുള്ള മണ്ഡലം തന്നെ രണ്ടാം പിണറായി സർ‍ക്കാരിന്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണത്തിനു വേദിയായതും പ്രതിപക്ഷ നേതാവിന് ഒരു തരത്തിൽ ഭാഗ്യമാണ്. ഇപ്പറഞ്ഞതെല്ലാം കൊണ്ടുതന്നെ ജയിച്ചു വരേണ്ടതു കോൺഗ്രസിലെ പുതിയ നേതൃത്വത്തിന് അനിവാര്യമാണ്;   അട്ടിമറി ഇ.പി.ജയരാജനും പി.രാജീവിനും ലോട്ടറി അടിക്കുന്നതു പോലെയുമാണ്.

Content Highlights: Thrikkakkara Byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com