ADVERTISEMENT

രാത്രിജീവിതത്തിലേക്കും നീളട്ടെ കെഎസ്ആർടിസി 

കൽപറ്റ നാരായണൻ (എഴുത്തുകാരൻ)

യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചു വണ്ടിയോടിക്കാൻ കെഎസ്ആർടിസി ശീലിക്കണം. ഇതിനായി ഒരു സർവേ നടത്താം. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാഹനങ്ങൾ ആവശ്യമുള്ള റൂട്ടിൽ കൂടുതൽ വണ്ടി ഓടിക്കണം. കേരളത്തിന്റെ ജീവിതം രാത്രിയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ പകൽ പോലെ രാത്രിയും വണ്ടിയോടിക്കണം. കൂടുതൽ പേർ ആശ്രയിക്കും എന്നുറപ്പാണ്. അതു കെഎസ്ആർടിസിയുടെ വരുമാനം ഇരട്ടിയാക്കും. 

നിലനിൽപിനെ തന്നെ ബാധിക്കും എന്നായതോടെ ജീവനക്കാരുടെ പെരുമാറ്റമൊക്കെ നന്നായിട്ടുണ്ട്. ഇതു കുറെക്കൂടി മെച്ചപ്പെടുത്താം. വണ്ടിയിൽ ആളു കയറിയില്ലെങ്കിലും കുഴപ്പമില്ല എന്ന മനോഭാവം ജീവനക്കാർ മാറ്റേണ്ടതുണ്ട്. ഏതെങ്കിലും സ്വകാര്യബസ് മുന്നിൽ കയറിക്കോട്ടെ എന്നു ചോദിച്ചാൽ കെഎസ്ആർടിസി ജീവനക്കാർ അതിന് അനുവദിക്കുന്നതു പലപ്പോഴും കാണാറുണ്ട്. മുന്നിൽ പോകുന്ന സ്വകാര്യ ബസ് യാത്രക്കാരെ മുഴുവനെടുത്തു പോയി പിന്നാലെ കാലിയടിച്ചു പോകുന്ന കെഎസ്ആർടിസി എന്തായാലും നല്ല കാഴ്ചയല്ല. 

യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തു വണ്ടി നിർത്തിക്കൊടുക്കുന്ന സമ്പ്രദായം വന്നാൽ കൂടുതൽ ആളുകൾ കെഎസ്ആർടിസിയെ ആശ്രയിക്കും. നിശ്ചയിച്ച സമയത്തു കൃത്യമായി വണ്ടിയോടിക്കാനും തയാറാകണം.

തൊഴിലാളികൾ വിചാരിച്ചാലേ രക്ഷിക്കാനാകൂ

സി.എൻ.വിജയകൃഷ്ണൻ (സഹകരണ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്)

കെഎസ്ആർടിസിക്ക് ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാകില്ല. കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ ഇനി തൊഴിലാളികൾ വിചാരിച്ചാലേ നടക്കൂ. 

സർക്കാരിൽനിന്ന് എല്ലാക്കാലവും ശമ്പളവും പെൻഷനും നൽകാൻ കഴിയുമെന്നു തോന്നുന്നില്ല. അതിനാലാണു തൊഴിലാളികൾ തന്നെ നടത്തുന്ന രൂപത്തിലേക്കു മാറണമെന്നു പറയുന്നത്. ഇന്ത്യൻ കോഫി ഹൗസ് മാതൃകയിൽ തൊഴിലാളികളുടെ സഹകരണ സംഘമുണ്ടാക്കി നടത്തിപ്പ് അവരെ ഏൽപിക്കുകയാണ് ഏറ്റവും നല്ല വഴി. 

കേരളത്തിന്റെ വടക്ക്, മധ്യം, തെക്ക് എന്നു വിഭജിച്ചു വിവിധ ജില്ലകൾ ഉൾപ്പെടുത്തി മൂന്നു തൊഴിലാളി സഹകരണ സംഘങ്ങൾ രൂപീകരിക്കുക. സർക്കാർ അവർക്കു തുടർച്ചയായ 10 വർഷം 500 കോടി രൂപ വീതം ഓഹരി അനുവദിക്കുക. ഇതിനു പുറമേ തൊഴിലാളികളിൽ നിന്നും ഓഹരി സ്വരൂപിക്കുക. വിരമിക്കുമ്പോൾ തൊഴിലാളികൾക്ക് അവരുടെ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഓഹരി വിഹിതം തിരിച്ചു നൽകാം. കേരള ബാങ്ക് മുഖേന 500 കോടി രൂപ കാഷ് ക്രെഡിറ്റ് ആയി നൽകുന്നതും പരിഗണിക്കാം.

തൊഴിലാളികൾ ഉൾപ്പെടുന്ന ഭരണസമിതിയായിരിക്കണം ഭരണം നടത്തേണ്ടത്. ആസ്തികൾ, ബസുകൾ, പെട്രോൾ പമ്പുകൾ അടക്കം എല്ലാ കാര്യങ്ങളും കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ആദ്യത്തെ 10 ദിവസത്തെ വരുമാനം സ്പെയർ പാർട്സ്, അറ്റകുറ്റപ്പണികൾ, പിന്നീടുള്ള 10 ദിവസത്തെ വരുമാനം ഡീസൽ അടക്കമുള്ള കാര്യങ്ങൾക്ക്, അടുത്ത 10 ദിവസത്തെ വരുമാനം പിഎഫ്, ശമ്പളം തുടങ്ങിയ ആവശ്യങ്ങൾക്കുമായി മാറ്റിവയ്ക്കണം. ലാഭകരമായി വണ്ടിയോടിക്കുന്ന റൂട്ടിലെ ജീവനക്കാർക്ക് സ്പെഷൽ ബത്ത അനുവദിക്കുകയും വേണം. 

സ്വയംഭരണത്തിന് അവസരമൊരുക്കണം 

ഡോ.ബി.എ. പ്രകാശ് (സാമ്പത്തിക വിദഗ്ധൻ)

സ്വയംഭരണ അധികാരമുള്ള പൊതുമേഖലാ സ്ഥാപനത്തിനു സ്വയംഭരണം നടത്താൻ സ്വാതന്ത്ര്യം ഇല്ലെന്നതാണു കെഎസ്ആർടിസിയിലെ സ്ഥിതി. സർക്കാരുകളുടെ താൽപര്യം സംരക്ഷിക്കാനുള്ള ഉപകരണമായി അതു മാറിയിരിക്കുന്നു. സർക്കാരിൽ നിന്നു ധനസഹായം വാങ്ങി എക്കാലവും സ്ഥാപനം നിലനിർത്താമെന്നു ട്രേഡ് യൂണിയനുകൾ കരുതുന്നു. മാനേജ്മെന്റ് നയങ്ങൾക്കു തുടർച്ചയില്ലാത്തതും പരസ്പരവിരുദ്ധമായ പരിഷ്കാരങ്ങളും നന്നാക്കാൻ ശ്രമിക്കുന്ന എംഡിമാരെ പുകച്ചു പുറത്താക്കലും സ്ഥിരംപരിപാടിയാണ്. ഈ സ്ഥിതി മറികടക്കാൻ അസാധാരണ നടപടികൾ വേണ്ടിവരും.

∙ വരുമാന വർധന ലക്ഷ്യമാക്കി ലാഭകരമായ ദീർഘദൂര സർവീസുകൾ നടത്തണം. ജില്ലയിലെ പ്രധാന റൂട്ടുകൾ, ജില്ലകളെ ബന്ധിപ്പിക്കുന്ന റൂട്ടുകൾ, കേരളത്തിൽനിന്ന് പുറത്തേക്കുള്ള ദീർഘദൂര റൂട്ടുകൾ എന്നിവയിലെ സർവീസുകൾ വർധിപ്പിക്കണം. 

∙ വരുമാനം കുറഞ്ഞ സർവീസുകളിൽനിന്നു പടിപടിയായി പിന്മാറണം. പകരം സ്വകാര്യ ബസുകൾക്ക് ഈ റൂട്ടുകളിൽ സർവീസ് നടത്താനുള്ള അന്തരീക്ഷമുണ്ടാക്കണം.

∙  വിദ്യാർഥികളുടെ യാത്രാനിരക്ക് മുതിർന്നവരുടെ യാത്രക്കൂലിയുടെ 50 ശതമാനമാക്കണം. ബിപിഎൽ കുടുംബങ്ങളിലെ വിദ്യാർഥികളുടേത് 25 ശതമാനമാക്കണം.

∙ ഗ്രാമപ്രദേശങ്ങളിലെ വരുമാനമില്ലാത്ത സർവീസ് തുടരണമെങ്കിൽ പ്രാദേശിക സർക്കാരുകളുടെ ധനസഹായം വേണമെന്നു വ്യവസ്ഥ ചെയ്യണം

∙ പ്രയോജനമില്ലാതെ കിടക്കുന്ന ആസ്തി വിറ്റ് പകുതി കടമെങ്കിലും അടച്ചു തീർത്തു ബാധ്യത കുറയ്ക്കണം

∙ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കണം. ഒരു ബസിന് 8.3 ജീവനക്കാർ എന്ന ഇന്നത്തെ അനുപാതം മാറ്റണം.

∙ നയപരമായ കാര്യങ്ങളിലൊഴികെയുള്ള സർക്കാർ ഇടപെടൽ അവസാനിപ്പിക്കണം

∙ പൊതുമേഖലാ സ്ഥാപനം ഭരിച്ചു കഴിവു തെളിയിച്ചവരെ എംഡിയായി നിയമിക്കണം, ട്രേഡ് യൂണിയൻ പ്രതിനിധികളെയും ബോർഡിൽ ഉൾപ്പെടുത്തണം.

∙ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു പ്രത്യേക സർവീസ് നടത്തി വരുമാനം വർധിപ്പിക്കാം

പൊടിപിടിച്ചു കിടക്കുന്നത് നൂറിലേറെ റിപ്പോർട്ടുകൾ

സി.കെ. ഗുപ്തൻ  (മുൻ എംഡി, കെഎസ്ആർടിസി )

കെഎസ്ആർടിസി നന്നാക്കാനായി വിദഗ്ധർ എഴുതിയ നൂറിലേറെ റിപ്പോർട്ടുകൾ ഹെഡ് ഓഫിസിൽ പൊടിപിടിച്ചു കിടക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ സുശീൽ ഖന്നയുടെ റിപ്പോർട്ടും. എംഡിയായിരുന്ന കാലത്ത് ഈ റിപ്പോർട്ടുകൾ ഒക്കെ ഞാൻ മറിച്ചു നോക്കിയിട്ടുണ്ട്. ഒന്നും നടപ്പായിട്ടില്ല. നടപ്പാക്കാൻ ആരും സമ്മതിക്കുകയില്ല എന്നതു തന്നെ കാരണം. അതിന്റെ ഫലമായാണ് കെഎസ്ആർടിസി ഇന്നത്തെ സ്ഥിതിയിലെത്തിയത്. 

∙ മാനേജ്മെന്റ് ശ്രേണിയിൽ കേഡർ സംവിധാനം കൊണ്ടുവരികയാണ്   ആദ്യം ചെയ്യേണ്ടത്. എം.കെ.കെ.നായർ എഫ്എസിടിയിൽ എന്താണോ ചെയ്തത്, അതു കെഎസ്ആർടിസിയിൽ നടപ്പാക്കണം. 

∙ ഓരോ മന്ത്രിസഭാ യോഗത്തിലും സ്ഥലംമാറ്റം പേടിച്ചിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കു പകരം വിദഗ്ധരെ കെഎസ്ആർടിസിയുടെ തലപ്പത്തു കൊണ്ടു വരണം. 

∙ ഓരോ ഷെഡ്യൂളും ശാസ്ത്രീയമായി പഠിച്ചു സമയക്രമം മാറ്റി ലാഭകരമാക്കാൻ കഴിയണം. 

∙ കോർപറേഷനെ രക്ഷപ്പെടുത്താനുള്ള നല്ല നിർദേശങ്ങളോട് ഇനിയെങ്കിലും യൂണിയനുകൾ സഹകരിക്കണം.

∙ നല്ല റോഡുകൾ ഇല്ലാതെ പുതിയ ബസ് ഓടിച്ചിട്ടു കാര്യമില്ല. വേഗം കട്ടപ്പുറത്താകും. പുതിയ ബസുകൾ നല്ല റോഡുകളിലേ ഓടിക്കൂ എന്നു നിബന്ധന വയ്ക്കണം.

∙ ജോലി ചെയ്താൽ അവസാന പ്രവൃത്തി ദിവസം ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെന്റാണു നിർവഹിക്കേണ്ടത്.

∙ സൗജന്യ പാസ് സമ്പ്രദായം നിർത്തണം. വിദ്യാർഥികളുടെ യാത്രക്കൂലി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രക്ഷാകർതൃ സംഘടന ഏറ്റെടുക്കണം

∙ 3–5 വർഷത്തിനിടയിൽ ബസ് ലേലം ചെയ്യണം. അറ്റകുറ്റപ്പണി നടത്തി ഓടിക്കുന്നതു ലാഭകരമാകില്ല

∙ പൊതുസമൂഹത്തെ ആകർഷിക്കുന്ന തരത്തിൽ കെഎസ്ആർടിസിയെ പുനഃസംവിധാനം ചെയ്യണം.

∙ പോരായ്മകൾ ഉടൻ പരിഹരിക്കാൻ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തണം, സംഘടനാ പ്രതിനിധികളെ വിശ്വാസത്തിലെടുക്കണം.

ആസൂത്രണം കൃത്യമെങ്കിൽ രക്ഷപ്പെടാൻ വഴിയുണ്ട്

ഡോ.ബി.ജി.ശ്രീദേവി (മുൻ ഡയറക്ടർ, നാറ്റ്പാക് )

കൃത്യമായ ആസൂത്രണവും നിയന്ത്രണങ്ങളുമുണ്ടെങ്കിൽ കെഎസ്ആർടിസിയെ ബാധ്യതയിൽ നിന്നു കരകയറ്റാൻ കഴിയും. അതിനു സർക്കാർ നൽകുന്ന സഹായം പ്രധാനമായും ചെലവു കുറയുന്ന ദീർഘകാല പദ്ധതിക്കായിരിക്കണം.

∙ ഇലക്ട്രിക് ബസ് വാങ്ങുക. പ്രതിദിന ഇന്ധനച്ചെലവ് കിലോമീറ്ററിന് 30 രൂപയിൽ നിന്ന് 7 രൂപയാകും. 3000 ബസ് ഘട്ടം ഘട്ടമായി മാറ്റിയാൽ പ്രതിദിനം 1.76 കോടി രൂപ ഡീസൽ ഇനത്തിൽ ലാഭിക്കാം. പ്രതിമാസം 52 കോടി രൂപയുടെ കുറവുണ്ടാകും. 

∙ 3200 രൂപയുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കണം. (ഘട്ടം ഘട്ടമായി മാസം 53 കോടി). ഇതുവഴി പ്രതിമാസം 30 കോടി രൂപ കെഎസ്ആർടിസിക്കു ലാഭിക്കാം.

∙ കൂടാതെ നിരക്കു പരിഷ്കരണം, ചെലവുചുരുക്കൽ, മറ്റു പരിഷ്കാരങ്ങൾ എന്നിവയിലൂടെ പ്രതിദിനം ഒരു കോടി രൂപ കലക്‌ഷൻ വർധന ലഭിക്കും - പ്രതിമാസം 30 കോടി.

∙ ഇപ്രകാരം പ്രതിമാസം 110 കോടി രൂപ സ്ഥിരമായി എല്ലാ മാസവും ലഭിക്കുന്ന രീതിയിൽ കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കണം. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി 5000 കോടി നൽകിയാൽ ഒരിക്കലും കെഎസ്ആർടിസിക്കു മാറ്റം വരില്ല.

∙ ഡീസൽ നികുതി, ജിഎസ്ടി എന്നീ ഇനങ്ങളിൽ കെഎസ്ആർടിസി നൽകുന്ന 30– 40 കോടി രൂപ തൽക്കാലത്തേക്കു കെഎസ്ആർടിസിക്കു സാമൂഹിക പ്രതിബദ്ധതാ സേവനത്തിനായി തിരികെ നൽകുക. ഇതുവഴി 5 വർഷംകൊണ്ട് കെഎസ്ആർടിസി സ്വയം പര്യാപ്തമാകും.

ഡിജിറ്റൽവൽക്കരണം വേണം

കുഞ്ചെറിയ പി.ഐസക്  (മുൻ വൈസ് ചാൻസലർ, സാങ്കേതിക സർവകലാശാല )

ഈ അവസ്ഥയിൽ സർക്കാർ സംവിധാനത്തിനു കെഎസ്ആർടിസിയെ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന അപ്രിയമായ സത്യം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. എയർ ഇന്ത്യയെ ടാറ്റയെ ഏൽപിച്ചതുപോലെ ഒരു സ്വകാര്യവൽക്കരണം കെഎസ്ആർടിസിയിൽ വരണം. ആദ്യഘട്ടമെന്ന നിലയ്ക്ക് 50 ശതമാനമെങ്കിലും സ്വകാര്യവൽക്കരണം വന്നാൽ അതിന്റെ ഗുണവും ദോഷവും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബോധ്യമാകും.  

∙ കെഎസ്ആർടിസിയുടെ സ്വത്തുക്കൾ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിയണം. വൃത്തിയും വെടിപ്പും സ്വീകാര്യതയും പ്രഫഷനലിസവുമുണ്ടെങ്കിൽ സ്വകാര്യ വ്യക്തികൾ കടന്നുവരും. ഹോട്ടലുകളും ഓഫിസ് സമുച്ചയങ്ങളുമായി കെഎസ്ആർടിസി കെട്ടിടങ്ങൾ മാറും. വരുമാനം വർധിക്കും. 

∙ എത്രയോ സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഈ വാടക  നൽകി, കെഎസ്ആർടിസിയുടെ കെട്ടിടത്തിലേക്ക് ഈ സ്ഥാപനങ്ങളെ മാറ്റാനാകും

∙ പൂർണമായ ഡിജിറ്റൽവൽക്കരണം നടപ്പാക്കണം. മനുഷ്യവിഭവശേഷി ഉപയോഗം മുതൽ ഷെഡ്യൂളിങ് വരെ ഡിജിറ്റലാകണം. വലിയ സ്ഥാപനങ്ങളെല്ലാം ഡിജിറ്റലായിക്കഴിഞ്ഞിട്ടും കെഎസ്ആർടിസിയിൽ അതുണ്ടായിട്ടില്ല

∙ ടൈം മാനേജ്മെന്റ് ഏതു ഗതാഗത സംവിധാനത്തിന്റെയും വിജയത്തിൽ പ്രധാന ഘടകമാണ്. ഒരു സ്ഥലത്ത് എത്തുന്ന സമയം നിശ്ചയിച്ചാൽ കൃത്യസമയത്ത് എത്താനാകണം. അല്ലെങ്കിൽ യാത്രക്കാർ മറ്റു മാർഗം തേടും. 

∙ കൂടുതൽ വൈവിധ്യവൽക്കരണം വേണം. പക്ഷേ അതു പേരിനു വേണ്ടിയാകരുത്. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാകണം. കാർഷിക ഉൽപന്നങ്ങളുടേത് ഉൾപ്പെടെയുള്ള ചരക്കുനീക്കത്തിന്റെ സാധ്യത ഉപയോഗിക്കണം. 

റൂട്ടുകൾ കൈവിടരുത് 

ദേവദാസൻ പുന്നത്ത് (റിട്ട. ഇൻസ്പെക്ടർ, കെഎസ്ആർടിസി)

കേരളത്തിലെ പൊതുഗതാഗത രംഗത്ത് കെഎസ്ആർടിസിയുടെ വിഹിതം ഇപ്പോൾ 15 ശതമാനത്തിൽ താഴെ മാത്രമാണ്. കെഎസ്ആർടിസി വ്യാവസായിക അടിസ്ഥാനത്തിലാണോ പൊതു ആവശ്യത്തിനാണോ ഓടിക്കുന്നത് എന്നതു സംബന്ധിച്ചു സർക്കാരിനെങ്കിലും കൃത്യമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികൾ ആവിഷ്കരിക്കണം.

കെഎസ്ആർടിസിക്കു സ്വന്തമായി സർവീസ് നടത്താവുന്ന ദേശസാത്കൃത റൂട്ടിൽ പോലും 300 കിലോമീറ്റർ വരെ സ്വകാര്യ ബസുകൾ പാരലൽ സർവീസ് നടത്തുന്നു. നിയമവിരുദ്ധമായി സർവീസ് നടത്തുന്ന സ്വകാര്യ കോൺട്രാക്ട് വാഹനങ്ങളും പാരലൽ സർവീസുകളും വേറെ. ഇവയെല്ലാം കെഎസ്ആർടിസിയുടെ വരുമാനം ഇടിക്കുകയാണ്. ഇതിനൊക്കെ പരിഹാരം വേണം. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംരക്ഷിക്കപ്പെടണം. 

English Summary: Crisis in Kerala RTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com